Writer - razinabdulazeez
razinab@321
ന്യൂഡൽഹി: കുവൈത്തിൽ യോഗയുടെ പ്രചാരണത്തിന് നൽകിയ സംഭാവനകൾക്ക് രാജകുടുംബാംഗം ശൈഖ അലി അൽ ജാബിർ അസ്സബാഹിനെ ഇന്ത്യൻ സർക്കാർ പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. പത്മശ്രീ ലഭിക്കുന്ന ആദ്യ കുവൈത്ത് പൗരയാണ് ശൈഖ അലി അൽ ജാബിർ അസ്സബാഹ്. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു രാഷ്ട്രപതി ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു. കുവൈത്തും ഇന്ത്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ബഹുമതിയെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മിഷാൽ മുസ്തഫ അൽ-ഷമാലി പറഞ്ഞു. ഈ പുരസ്‌കാരം വ്യക്തിപരമായ അഭിമാനം നൽകുന്നതാണെന്നും യോഗയോടും ഫിറ്റ്‌നസിനോടുമുള്ള തന്റെ അഭിനിവേശം കുവൈത്തും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക വിനിമയങ്ങളെ വളർത്തിയെന്നും ശൈഖ പറഞ്ഞു. കുവൈത്തിലെ യോഗാ പ്രചരണത്തിന് നേതൃത്വം നൽകുന്ന ദാറാത്മ യോഗ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയാണ് ശൈഖ അലി. അറബി പദമായ 'ദാർ' അഥവാ വീട് എന്ന് അർഥം വരുന്ന വാക്കും സംസ്‌കൃത പദമായ ' ആത്മ ' അഥവാ ആത്മാവ് എന്ന വാക്കും കൂട്ടുിച്ചേർത്താണ് ദാറാത്മ എന്ന പേര് നൽകിയത്.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിൽ വെച്ച് ശൈഖയുമായി കൂടിക്കാഴ്ച നടത്തുകയും യുവജനങ്ങൾക്കിടയിൽ യോഗ കൂടുതൽ പ്രചാരത്തിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. യോഗയോടും ഫിറ്റ്നസ്സിനോടുമുള്ള അവരുടെ താൽപ്പര്യത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. കുവൈത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ശൈഖ, യമൻ അഭയാർത്ഥികൾക്കും യുദ്ധത്തിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കും വേണ്ടിയുള്ള ധനസമാഹരണ പരിപാടികളിലും മുൻപന്തിയിലായിരുന്നു.