കുവൈത്തിൽ ആരോഗ്യ പ്രവർത്തകരുടെ സർട്ടിഫിക്കറ്റ് പരിശോധനാ സംവിധാനം വിപുലീകരിക്കുന്നു

മേഖലയിൽ ഉയർന്ന പ്രൊഫഷണൽ നിലവാരം ഉറപ്പാക്കുന്നതിനാണ് നടപടി

Update: 2025-04-22 11:39 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യാൻ അപേക്ഷിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സർട്ടിഫിക്കറ്റുകളും രേഖകളും പരിശോധിക്കുന്ന സംവിധാനം വിപുലീകരിക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഭരണപരമായ കാര്യക്ഷമതയും ആരോഗ്യമേഖലയിലെ ഉയർന്ന പ്രൊഫഷണൽ നിലവാരവും ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

പുതിയ സംവിധാനത്തിലൂടെ അപേക്ഷകരുടെ അക്കാദമിക് യോഗ്യതകൾ, തൊഴിൽ പരിചയം, പ്രൊഫഷണൽ ലൈസൻസുകൾ, നല്ലനടപ്പ്, ക്രിമിനൽ പശ്ചാത്തലം എന്നിവ കൂടുതൽ കാര്യക്ഷമമായി പരിശോധിക്കാൻ കഴിയും. നേരത്തെ നിലവിലുണ്ടായിരുന്ന സംവിധാനങ്ങൾ ശക്തിപ്പെടുത്തിയാണ് പുതിയ നടപടി. ഡോക്ടർമാർ, ഡെന്റിസ്റ്റുകൾ, നഴ്‌സുമാർ, മറ്റ് അനുബന്ധ ആരോഗ്യ വിഭാഗങ്ങളിലെ ജീവനക്കാർ എന്നിവരുൾപ്പെടെ എല്ലാത്തരം ആരോഗ്യ പ്രവർത്തകരുടെയും രേഖകൾ സുരക്ഷിതവും സമഗ്രവുമായ ചട്ടക്കൂടിൽ വിലയിരുത്തുന്നതാണ് ലക്ഷ്യം.

പരിഷ്‌കരിച്ച സംവിധാനം ഇലക്ട്രോണിക് ഹെൽത്ത് ലൈസൻസിംഗ് പ്ലാറ്റ്ഫോമുമായി പൂർണ്ണമായി സംയോജിപ്പിച്ചിട്ടുണ്ട്. ലൈസൻസിംഗ് നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും വിവരങ്ങളുടെ കൃത്യത വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉയർന്ന യോഗ്യതയുള്ള പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഇത് നടപടിക്രമങ്ങളിൽ വ്യക്തതയും നീതിയും ഉറപ്പാക്കും.

മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് ഹെൽത്ത് ലൈസൻസിംഗ് പ്ലാറ്റ്ഫോം വഴി നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി എല്ലാ രേഖകളും സമർപ്പിക്കണമെന്ന് എല്ലാ അപേക്ഷകരോടും അഭ്യർത്ഥിച്ചു. ആരോഗ്യ സേവനങ്ങളുടെ ഗുണമേന്മ ഉയർത്തുന്നതിനും ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുമുള്ള വിപുലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ നടപടികളെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News