മൂന്ന് വർഷത്തിനകം കുവൈത്തിലെ ഗവൺമെന്റ് ഇടപാടുകൾ പേപ്പർ രഹിതമാകും
ഗൂഗിൾ ക്ലൗഡിന്റെ അംഗീകൃത വിതരണക്കാരായ ആഗോള ടെലികോം കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്
കുവൈത്ത് സിറ്റി: മൂന്ന് വർഷത്തിനുള്ളിൽ സർക്കാർ ഇടപാടുകളിൽ നിന്ന് പേപ്പർ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വൻകിട പദ്ധതിയുമായി കുവൈത്ത് സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി. ഇതിന്റെ ഭാഗമായി 99,92,000 കുവൈത്ത് ദിനാർ മൂല്യമുള്ള പദ്ധതി കരാർ പ്രാഥമിക ഓഡിറ്റിങിനും മേൽനോട്ടത്തിനുമായി ഏജൻസി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോക്ക് സമർപ്പിച്ചു.
ഗൂഗിൾ ക്ലൗഡിന്റെ അംഗീകൃത വിതരണക്കാരായ ആഗോള ടെലികോം കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് വർഷത്തെ കാലാവധിയുള്ള ഈ പദ്ധതിക്ക് ഏകദേശം 3,24,23,000 യു.എസ് ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കുവൈത്തിന്റെ സമഗ്രമായ ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് പദ്ധതി. സുതാര്യവും പരസ്പരം ബന്ധിപ്പിക്കപ്പെട്ടതുമായ ഒരു സർക്കാർ സംവിധാനം കെട്ടിപ്പടുക്കുക എന്ന ദേശീയ വികസന ലക്ഷ്യത്തിന് ഇത് വലിയ പിന്തുണയേകും. എല്ലാ ഭരണപരമായ നടപടികളും ഡിജിറ്റൈസ് ചെയ്യുന്നതിലൂടെ ഫയലുകളും പേപ്പർ ഇടപാടുകളും പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. വിവിധ സർക്കാർ സേവനങ്ങളെ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുന്നതിനും സുരക്ഷിതമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നതിനും പദ്ധതി സഹായകരമാകും.
കരാറിൽ എന്തെങ്കിലും തരത്തിലുള്ള വിശദീകരണങ്ങൾ ആവശ്യമെങ്കിൽ ഓഡിറ്റ് ബ്യൂറോ ഔദ്യോഗികമായി മറുപടി ആവശ്യപ്പെടും. അല്ലാത്തപക്ഷം ബ്യൂറോ തങ്ങളുടെ അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കും. ആഗോള ടെലികമ്മ്യൂണിക്കേഷൻ ദാതാക്കളുമായി നേരിട്ട് കരാറിൽ ഏർപ്പെടുന്നതിനായി സെൻട്രൽ ഏജൻസി ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയുള്ള അംഗീകാരവും ഇതിനകം നേടിയിട്ടുണ്ട്.