Writer - റസിൻ അബ്ദുൽ അസീസ്
razinab@321
കുവൈത്ത് സിറ്റി: കുവൈത്തിന് നേര ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇറാന്റേത് ക്രൂരമായ നടപടിയാണെന്നും കുവൈത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന ഏത് നീക്കങ്ങൾക്കും പൂർണ പിന്തുണ നൽകുമെന്നും റൂബിയോ അറിയിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽഅഹ്മദ് അൽ സബാഹുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രതികരണം. പശ്ചിമേഷ്യയിൽ ഉയർന്നു വരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരേണ്ടതിന്റെ പ്രാധാന്യവും മന്ത്രിമാർ ചർച്ച ചെയ്തു.
അമേരിക്കയും കുവൈത്തും തമ്മിലെ വർഷങ്ങളായുള്ള നയതന്ത്ര ബന്ധം കൂടിക്കാഴ്ചയിൽ വിലയിരുത്തിയതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാഷ്ട്രീയം, പ്രതിരോധം, നിക്ഷേപം, സംസ്‌കാരം എന്നീ പ്രധാന മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കാനും നേതാക്കൾ തീരുമാനിച്ചു. ഇരു രാജ്യങ്ങളുടെയും പൊതുവായ താൽപര്യങ്ങൾ മുൻനിർത്തി വിവിധ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും ധാരണയായി.