കൊച്ചി: നിര്‍മാതാവ് മുരളി കുന്നുംപുറത്തിന്‍റെ ആരോപണങ്ങളിൽ പ്രതികരണവുമായി ‘സുമതി വളവ്’ ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു ശശിശങ്കർ.തനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയ വ്യക്തിയാണ് ഉണ്ണി മുകുന്ദനെന്നും, ഉണ്ണി മുകുന്ദൻ തന്റെ സിനിമ ചെയ്യാൻ സമ്മതിക്കില്ല എന്ന് പറഞ്ഞത് മുരളി കുന്നുംപുറം ആണെന്നും ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഉണ്ണി മുകുന്ദന് പങ്കുണ്ടെന്ന് തനിക്ക് സംശയമുണ്ടെന്നും വിഷ്ണു സുമതി വളവ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സംവിധാനം ചെയ്തതും വിഷ്ണുവാണ്.
"എനിക്ക് സംവിധാനം അറിയില്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന. പിന്നെ എന്തിനാണ് ചേട്ടാ സുമതി വളവ് 2 ചെയ്യാൻ എന്നെ വിളിക്കുന്നത്? എന്റെ ഒരു സുഹൃത്തിന്റെ കയ്യിൽ ഒരു ഐഡിയ കേട്ടപ്പോൾ എന്നെയും ആ സുഹൃത്തിനെയും വൈറ്റിലയിലെ ഓഫിസിൽ വിളിച്ചു വരുത്തി അഡ്വാൻസ് തന്നത് എന്തിനാണ്? ആദ്യം ചെയ്ത പടത്തിന്റെ തന്നെ പ്രതിഫലം കിട്ടിയിട്ടില്ല. എനിക്ക് തന്ന പണം ശരിക്കും പോസ്റ്റ് പ്രോഡക്ഷന് ചെലവായതാണ്. അതാണ് എന്റെ ശമ്പളമായി അദ്ദേഹം കാണിച്ചിരിക്കുന്നത്. സിനിമയിൽ നിന്ന് സാമ്പത്തികമായി ഞാനൊന്നും നേടിയിട്ടില്ല. ഇപ്പോൾ കുറച്ച് ചീത്തപ്പേര് ആയി." വിഷ്ണു പറയുന്നു.
"മാളികപ്പുറം എന്റെ ആദ്യ സിനിമ ആയിരുന്നു. എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയ വ്യക്തിയാണ് ഉണ്ണി മുകുന്ദൻ. അങ്ങനെയല്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. ആ ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവരും അതുപോലെ എന്നെ പിന്തുണച്ചിട്ടുണ്ട്. ഞാനും ഉണ്ണിയും തമ്മിലുള്ള പ്രശ്നം എന്താണെന്നു വച്ചാൽ, ഒന്നു രണ്ട് അഭിപ്രായവ്യത്യാസങ്ങൾ വന്നപ്പോൾ ഞാനത് വേണ്ട എന്ന് തീർത്തു പറഞ്ഞു. ഞാനങ്ങനെ നോ പറയുമെന്ന് അദ്ദേഹം വിചാരിച്ചില്ല.
ആ അഭിപ്രായവ്യത്യാസം ഇപ്പോഴും അദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. മറ്റുള്ളവർ പറഞ്ഞാണ് ഇതെല്ലാം അറിയുന്നത്. നേരിട്ട് പോയി ഞാൻ ചോദിച്ചിട്ടില്ല. ഉണ്ണി മുകുന്ദൻ നിന്റെ പടം ചെയ്യാൻ സമ്മതിക്കില്ല എന്നു പറഞ്ഞത് മുരളി ചേട്ടനാണ്. അത് ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപാണ്. ഇപ്പോൾ കാണിക്കുന്ന ഈ കാര്യങ്ങൾ ആരുടെ പിന്തുണ കൊണ്ടാണെന്ന് ആർക്കും ഊഹിക്കാൻ കഴിയുന്നതാണ്. എനിക്ക് ഇക്കാര്യം ഉറപ്പിച്ചു പറയാൻ കഴിയില്ല. എന്നാൽ ഉണ്ണി മുകുന്ദന് ഇതിൽ പങ്കുണ്ടെന്ന് എനിക്ക് സംശയം ഉണ്ട്." എന്നാണ് വിഷ്ണു പറഞ്ഞത്.
തന്നെ എല്ലാവരും ചതിച്ചുവെന്നും അമിതമായ കടബാധ്യത കാരണം താൻ ആത്മഹത്യയുടെ വക്കിലാണെന്നും പലിശക്കാരെ പേടിച്ച് സ്വന്തം വീട്ടിൽ നിന്നുപോലും ഇറങ്ങി ഓടേണ്ടി വന്നുവെന്നും വ്യവസായി കൂടിയായ മുരളി കുന്നുപുറം കഴിഞ്ഞ ദിവസം വീഡിയോയിലൂടെ ആരോപിച്ചിരുന്നു. വിജേഷ് പാണത്തൂർ, ഉണ്ണി, അഭിലാഷ് പിള്ള, വിഷ്ണു എന്നിവരെ വിശ്വസിക്കരുതെന്നും ഇവരൊക്കെ ചേർന്നാണ് തന്റെ ജീവിതം ഈ നിലയിലാക്കിയതെന്നും പറയുന്നു. നദികളിൽ സുന്ദരി യമുന’, ‘സുമതി വളവ്’ അടക്കമുള്ള സിനിമകളിലൂടെ ഏകദേശം ഒൻപത് കോടിയുടെ നഷ്ടമാണ് തനിക്കുണ്ടായതെന്നും ജീവനൊടുക്കുകയല്ലാതെ മറ്റു വഴികളിലെന്നും മുരളി കൂട്ടിചേർത്തു. ബിസിനസിൽ ഒരുപാട് ചതികൾ പറ്റി. ടൈൽസ് ദുബൈയിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഒക്കെ കയറ്റി അയച്ചിട്ട് മലയാളികൾ വഴി ഒരുപാട് പൈസ കിട്ടാനുണ്ടായി.
ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ ഈ രണ്ടാളും കള്ളം പറഞ്ഞ് തന്റെ അടുത്ത് വന്നു. അസിസ്റ്റന്റ് ഡയറക്ടറാണെന്ന് വിശ്വസിപ്പിച്ചാണ് ‘നദികളിൽ സുന്ദരി യമുന‘ സിനിമ എടുപ്പിച്ചത്. ഇവരുടെ ഇടപെടലുകൾ തന്നെ ചതിക്കുഴിയിലാക്കിയെന്നും രണ്ടരക്കോടിയോളം രൂപയുടെ ബാധ്യതയിലേക്ക് തന്നെ തള്ളിവിട്ടെന്നുമാണ് മുരളിയുടെ ആരോപണം.