അടഞ്ഞ ശബ്ദവും അനുഗ്രഹമായി, കാലം കരുതിവെച്ച ചിത്രം; കലാരഞ്‌ജിനിയെ പ്രശംസിച്ച ശാരദക്കുട്ടി
സഹോദരിമാരായ ഉർവശിയും കല്പനയും മൂന്ന് പതിറ്റാണ്ട് സിനിമ അടക്കിവാണപ്പോഴും താരതമ്യേന നിശബ്ദയായ കലാരഞ്‌ജനിയുടെ മോഹിനിയാട്ടത്തിലെ പ്രകടനം ഓർക്കുമ്പോൾ തന്നെ ചിരി ഉണർത്തുന്നു
കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ എത്തിയ സൈജു കുറുപ്പ് ചിത്രം ഭരതനാട്യം 2: മോഹിനിയാട്ടം, പ്രേക്ഷകരെയാകെ തിയേറ്ററിത്തിൽ ആർത്തു ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ കലാരഞ്‌ജനിയുടെ പ്രകടനത്തെ പ്രശംസിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ചിത്രം കണ്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും കലാരഞ്‌ജിനിയുടെ പ്രകടനം ഓർക്കുമ്പോൾ വിസ്മയമാണെന്ന് ശാരദക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. സഹോദരിമാരായ ഉർവശിയും കല്പനയും മൂന്ന് പതിറ്റാണ്ട് സിനിമ അടക്കിവാണപ്പോഴും താരതമ്യേന നിശബ്ദയായ കലാരഞ്‌ജനിയുടെ മോഹിനിയാട്ടത്തിലെ പ്രകടനം ഓർക്കുമ്പോൾ തന്നെ ചിരി ഉണർത്തുന്നു.
സായ്‌കുമാറിന്റെ അദൃശ്യസാന്നിധ്യം ചിത്രത്തിന്റെ ആദ്യാവസാനം വരെ കാണാവുന്നതാണ്. മോഹിനീശ്വരീദേവിക്ക് മിക്‌സ്ചറും സംഭാരവുമാണ് പ്രധാന നേർച്ച എന്ന് നിശ്ചയിക്കുന്ന രംഗത്തിലൊക്കെ സായികുമാറിൻ്റെ തനി ഫ്രോഡത്തരം പ്രകടമാക്കാൻ പ്രാപ്തമായ ആ ശബ്ദവും കണ്ണും മുഖവും മനസ്സിൽ വന്നു.
കലാരഞ്ജിനി ചെയ്യുന്ന സരസ്വതിയമ്മ എന്ന കഥാപാത്രത്തിന് അവരുടെ അടഞ്ഞ ശബ്ദം പോലും വലിയ അനുഗ്രഹമായി. തേങ്ങാമുറിയും കയ്യിൽ പിടിച്ച് നിൽക്കുന്ന ഒറ്റ സീൻ മതി അഭിനയത്തിൽ ഉർവ്വശിയുടെ ചേച്ചിയാണവർ എന്ന് തലകുലുക്കി സമ്മതിക്കാൻ. കുന്തിരിക്കം പുകച്ച് നടക്കുന്ന സീനൊക്കെ ഓർമയിൽ കൂടി ചിരി ഉണർത്തും. കലാരഞ്ജിനി തന്നെ ചിത്രത്തിൻ്റെ ഹൈലൈറ്റ്. എന്തൊരു കുസൃതിയാണവരുടെ നോക്കിലും ചലനങ്ങളിലും.
ജഗദീഷിനെ കുറിച്ച് പ്രത്യേകിച്ച് പറയാനില്ല. കുറെ കാലമായി അദ്ദേഹം തൻ്റെ സ്ഥിരം ചിരിക്കൂട്ടായിരുന്ന നടന്മാരെ ഒക്കെ പിന്നിലാക്കി വ്യത്യസ്തഭാവങ്ങളിൽ പടർന്നാടുകയാണല്ലോ.
സൈജു കുറുപ്പും ബേബി ജീനും വിനയ് ഫോർട്ടും ശ്രീജാ രവിയും സുരാജ് വെഞ്ഞാറമ്മൂടും പേരറിയുന്നവരും അറിയാത്തവരുമായ ഓരോരുത്തരും മനസ്സിൽ നിന്ന് മായാത്ത മുഖങ്ങളായി.
ചിത്രത്തിൻ്റെ ഇടവേളയിൽ കലാരഞ്ജിനിയുടെ ശബ്ദത്തിൽ തന്നെ കേട്ട, 'പുകവലി ആരോഗ്യത്തിന് ഹാനികര'മെന്ന പരസ്യം, കൂടെയുള്ള 4 വയസ്സുകാരൻ കുഞ്ഞുണ്ണിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് ശാരദക്കുട്ടി കുറിച്ചു. Whispering voice ൽ cigarette smoking ad ചെയ്ത മോഹിനിയാട്ടത്തിലെ Aunty യെ കാണണമെന്നാണിപ്പോൾ വഴക്ക്.
യൂട്യൂബിൽ കലാരഞ്ജിനിയുടെ അഭിമുഖം കാണിച്ച് ഞാൻ സമാധാനിപ്പിച്ചു. Search Kalaranjini , type kalaranjini എന്ന് പറഞ്ഞ് നടപ്പാണിപ്പോൾ. കലാരഞ്ജിനിയുടെ ഫോൺ നമ്പർ കിട്ടിയാൽ സംസാരിപ്പിക്കാമെന്ന് ഞാൻ വാക്കു കൊടുത്തിട്ടുണ്ട്.
സാംവിധായകൻ കൃഷ്ണദാസ് മുരളിക്കും ടീമിനും നന്ദി , സ്‌നേഹം.
എത്രനാൾ കൂടിയാണൊരു പക്കാ എൻ്റർടെയ്‌നർ മൂവി കാണുന്നത്. കൊടും വയലൻസ് രംഗമൊക്കെ ഓർത്താൽ ഞെട്ടിപ്പോകും എന്നത് സത്യം. എങ്കിലും മതവികാരമൊന്നും വ്രണപ്പെടുത്താതെ തന്നെ യാഥാർഥ്യങ്ങളുടെ നേർക്കുള്ള പരിഹാസപ്പെരുമഴയാണ് മോഹിനിയാട്ടം എന്നും അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.
തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ലിനി മറിയം ഡേവിഡ്, അനുപമ ബി നമ്പ്യാർ എന്നിവരാണ്.
ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്. ഛായാഗ്രഹണം : ബബ്ലു അജു. ചിത്രസംയോജനം : ഷഫീഖ് വി. ബി. സംഗീതം : ഇലക്ട്രോണിക് കിളി. കലാസംവിധാനം : ദിൽജിത് എം. ദാസ്. ശബ്ദസംവിധാനം : ധനുഷ് നായനാർ. ശബ്ദമിശ്രണം : വിപിൻ നായർ. വസ്ത്രാലങ്കാരം : സുജിത് മട്ടന്നൂർ. ചമയം : മനോജ് കിരൺരാജ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ : സാംസൺ സെബാസ്റ്റ്യൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സൽമാൻ കെ. എം, പ്രൊഡക്ഷൻ കൺട്രോളർ : ജിതേഷ് അഞ്ചുമന, സ്റ്റിൽസ് : വിഷ്ണു എസ്. രാജൻ, മോഷൻ പോസ്റ്റർ : ഡോട്ട് VFX സ്റ്റുഡിയോ, പിആർ ഓ : എ. എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈൻ : യെല്ലോ ടൂത്ത്, മീഡിയ പ്ലാനിങ് & കോൺടെന്റ് ഡിസൈൻ : പപ്പറ്റ് മീഡിയ.