മുംബൈ: റിതേഷ് ദേശ്മുഖ് ഛത്രപതി ശിവാജിയായി അഭിനയിക്കുന്ന ചിത്രമാണ് രാജാ ശിവാജി. ബിഗ് ബജറ്റിലൊരുക്കുന്ന ചരിത്ര സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഈയിടെ മുംബൈയിൽ നടന്നിരുന്നു. ചടങ്ങിനിടെ ഛത്രപതിയാകാൻ നടത്തിയ വർഷങ്ങൾ നീണ്ട പരിശ്രമങ്ങളെയും കഷ്ടപ്പാടുകളെയും കുറിച്ച് റിതേഷ് പറയുമ്പോൾ വികാരധീനയാകുന്ന ഭാര്യയും നടിയുമായ ജെനീലിയ ഡിസൂസയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്‍റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നമായ ചിത്രത്തിന് പിന്നിലെ വെല്ലുവിളികളെക്കുറിച്ച് റിതേഷ് സംസാരിക്കുമ്പോൾ ജെനീലിയ അടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു. സ്വപ്ന പദ്ധതിയുടെ തുടക്കം മുതൽ കൂടെ നിന്ന തന്‍റെ ടീമിനോട് നന്ദി പറഞ്ഞുകൊണ്ടാണ് റിതേഷ് സംസാരിച്ചു തുടങ്ങിയത്. ചരിത്രത്തെ ഒട്ടും ചോർന്നുപോകാതെയും കൃത്യതയോടെയും അവതരിപ്പിക്കാൻ നേരിട്ട സമ്മർദങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. ഇതിനിടയിലാണ് വേദിയിൽ റിതേഷിനൊപ്പം നിന്നിരുന്ന ജെനീലിയ വികാരധീനയായത്.
ജെനീലിയ കരയുന്നത് കണ്ടപ്പോൾ റിതേഷ് തന്‍റെ പ്രസംഗം ഒരു നിമിഷം നിർത്തി. ജെനീലിയ നൽകിയ പിന്തുണയെയും സാന്നിധ്യത്തെയും അദ്ദേഹം നന്ദിയോടെ സ്മരിച്ചപ്പോൾ സദസും ഒന്നടങ്കം ആ വികാരനിർഭരമായ നിമിഷത്തിന് സാക്ഷിയായി.
മറാത്ത സാമ്രാജ്യത്തിന്‍റെ സ്ഥാപകനായ ശിവാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന രാജാ ശിവാജിയുടെ സംവിധാനം ചെയ്യുന്നത് റിതേഷ് തന്നെയാണ്. ചിത്രത്തിന്‍റെ തിരക്കഥയിലും റിതേഷ് പങ്കാളിയാണ്. ഇന്ത്യൻ സിനിമയിലെ തന്നെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സഞ്ജയ് ദത്ത്, അഭിഷേക് ബച്ചൻ, വിദ്യ ബാലൻ, മഹേഷ് മഞ്ജരേക്കർ, ഭാഗ്യശ്രീ, സച്ചിൻ ഖേദേക്കർ, ഫർദീൻ ഖാൻ, ജിതേന്ദ്ര ജോഷി, അമോൽ ഗുപ്‌തെ എന്നിവർക്കൊപ്പം ജെനീലിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൽമാൻ അതിഥി വേഷത്തിലെത്തുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
മറാത്ത സാമ്രാജ്യത്തെ തകർക്കാൻ ശ്രമിച്ച ശക്തികൾക്കെതിരെയുള്ള പോരാട്ടം, ശിവാജി മഹാരാജിന്‍റെ നേതൃപാടവം, യുദ്ധങ്ങൾ എന്നിവയാണ് ചിത്രത്തിന്റെ കാതൽ. മഹാരാഷ്ട്ര ദിനമായ മേയ് 1-ന് ചിത്രം തിയറ്ററുകളിലെത്തും. മറാത്തിക്ക് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.