ടിം കുക്ക് സ്ഥാനമേറ്റപ്പോള്‍ ആപ്പിളിൻ്റെ ഓഹരിവില 13 ഡോളര്‍; പടിയിറങ്ങുമ്പോള്‍ വളര്‍ന്നത് 20 മടങ്ങ്
15 വര്‍ഷത്തിന് ശേഷം കുക്ക് പടിയിറങ്ങുമ്പോള്‍ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ ആപ്പിളിൻ്റെ മൂല്യം നാല് ട്രില്യണ്‍ ഡോളറാണ്
ന്യൂയോര്‍ക്ക്: ആഗോള ടെക് ഭീമനായ ആപ്പിളിന്റെ സിഇഒ സ്ഥാനത്തുനിന്ന് പടിയിറങ്ങുകയാണെന്ന് ടിം കുക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. ആപ്പിളിനെ സാമ്പത്തികമായി വന്‍ ഉയര്‍ച്ചയിലേക്ക് നയിച്ചാണ് ടിം കുക്ക് പദവിയില്‍ നിന്ന് ഒഴിയുന്നത്. ആഗസ്റ്റ് വരെയാകും കുക്ക് ആപ്പിളില്‍ സിഇഒ പദവിയിലുണ്ടാവുക. സ്ഥാനമൊഴിഞ്ഞാലും അദ്ദേഹം കമ്പനിയുടെ എക്‌സിക്യൂട്ടിവ് ചെയര്‍മാനായി തുടരുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.
15 വര്‍ഷം മുമ്പ് 2011ലാണ് ടിം കുക്ക് ആപ്പിളിന്റെ സിഇഒ ആകുന്നത്. സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ആരോഗ്യകാരണങ്ങളാല്‍ മാറിനിന്ന സാഹചര്യത്തിലായിരുന്നു ഇത്. അന്ന് ആപ്പിളിന്റെ ഓഹരിവില 13 ഡോളറായിരുന്നു (ഓഹരി വിഭജനം അഡ്ജസ്റ്റ് ചെയ്തുള്ള നിരക്ക്). കമ്പനിയുടെ ആകെ മൂല്യം 350 ബില്യണ്‍ ഡോളറും. ടിം കുക്കിന്റെ നേതൃത്വത്തില്‍ ആപ്പിള്‍ കാഴ്ചവെച്ചത് മികച്ച പ്രകടനമായിരുന്നു. വെല്ലുവിളിക്കാന്‍ ഒരു എതിരാളി പോലുമില്ലാത്ത രീതിയില്‍ ആപ്പിള്‍ വളര്‍ന്നു. ഉത്പന്ന നിര വികസിപ്പിച്ചു. സാങ്കേതികമായി ഏറെ മുന്നോട്ടുപോയി. ഒടുവില്‍ 15 വര്‍ഷത്തിന് ശേഷം കുക്ക് പടിയിറങ്ങുമ്പോള്‍ ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ ആപ്പിളിന്റെ മൂല്യം നാല് ട്രില്യണ്‍ ഡോളറാണ്. ഓഹരിവിലയാകട്ടെ 13 ഡോളറില്‍ നിന്ന് 273 ഡോളറിലേക്ക് വളര്‍ന്നു. 20 മടങ്ങ് നേട്ടമാണുണ്ടാക്കിയത്. ആപ്പിളിന്റെ പ്രകടന സ്ഥിരതയും നിക്ഷേപകര്‍ കമ്പനിയില്‍ കാണിക്കുന്ന വിശ്വാസവും തെളിയിക്കുന്നതായി ഇത്.
2020ല്‍ കോവിഡ് സമയത്ത് ആപ്പിളിന്റെ ഓഹരിവില 60-70 ഡോളറായിരുന്നു. എം സീരീസ് പ്രൊസസ്സറുകള്‍ ഉള്‍പ്പെടുത്തിയ മാക് ബുക്ക് സീരീസുകള്‍ വിപണി കീഴടക്കിയപ്പോള്‍ ആപ്പിളിന്റെ ഓഹരിയും കുതിച്ചു. 2021ല്‍ 150 ഡോളറിലേക്ക് വളര്‍ന്നു. ആപ്പിള്‍ ആഗോളവിപണികളിലേക്ക് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച 2021-25 കാലഘട്ടത്തില്‍ ഓഹരി വന്‍ കുതിപ്പുണ്ടാക്കി. ടിം കുക്കിന്റെ സമ്പാദ്യത്തിലും ഇത് വന്‍ വളര്‍ച്ചയുണ്ടാക്കി. 2.9 ബില്യണ്‍ ഡോളറാണ് നിലവില്‍ കുക്കിന്റെ സമ്പത്ത്. ആപ്പിളിന്റെ 30 ലക്ഷം ഓഹരികളാണ് കുക്കിന്റെ കൈവശമുള്ളത്.
ടിം കുക്കിന്റെ പിന്‍ഗാമിയായി ആപ്പിളിന്റെ സിഇഒ പദവിയിലേക്കെത്തുന്നത് നിലവില്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിങ് സീനിയര്‍ വൈസ് പ്രസിഡന്റായ ജോണ്‍ ടെര്‍നസാണ്. സെപ്തംബര്‍ ഒന്നിനാണ് അദ്ദേഹം സ്ഥാനം ഏറ്റെടുക്കുക. 2001ല്‍ ആപ്പിളിന്റെ ഭാഗമായ ജോണ്‍ ടെര്‍നസ് രണ്ട് പതിറ്റാണ്ടായി ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക് കമ്പ്യൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഉത്പന്നങ്ങളുടെ വികസനത്തില്‍ മുന്‍നിരയിലുണ്ട്.