ട്രംപിൻ്റെ ഓരോ തീരുമാനവും മുന്‍പേ അറിഞ്ഞ് കോടികള്‍ കൊയ്യുന്നവര്‍ ആരാണ്? ഇന്‍സൈഡര്‍ ട്രേഡിങ് ആരോപണം കടുക്കുന്നു
ട്രംപിൻ്റെ സമീപകാലത്തെ ഓരോ പ്രഖ്യാപനത്തിന് മുന്‍പും വിപണിയില്‍ നടന്നത് കോടികളുടെ അസാധാരണ ഇടപാട്
വാഷിങ്ടണ്‍ ഡിസി: ഇറാന്‍ യുദ്ധമുള്‍പ്പെടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ണായകമായ പല പ്രഖ്യാപനങ്ങള്‍ക്കും തൊട്ടു മുൻപ് ഓഹരി വിപണിയില്‍ സംശയകരമായ വന്‍ ഇടപാടുകള്‍ നടക്കുന്നുവെന്ന ആരോപണം കടുക്കുന്നു. യുഎസ് പ്രസിഡന്റെന്ന നിലയില്‍ ട്രംപിന്റെ ഓരോ പ്രസ്താവനയും ലോക വിപണികളെയും എണ്ണ-സ്വര്‍ണ വിലകളെയും കാര്യമായി ബാധിക്കാറുണ്ട്. ട്രംപിന്റെ പല പ്രഖ്യാപനങ്ങള്‍ക്കും തൊട്ടുമുൻപായാണ് മുന്‍കൂട്ടി കണ്ടെന്നവണ്ണം വിപണിയിലെ ഇടപാടുകള്‍ നടക്കുന്നത്. ഇതാണ് സംശയങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നത്.
ഇതുസംബന്ധിച്ച് ബിബിസി നടത്തിയ പഠനത്തില്‍, ട്രംപ് വിദേശ നയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക പ്രസ്താവനകള്‍ നടത്തുന്നതിന് മണിക്കൂറുകള്‍ക്കോ മിനിറ്റുകള്‍ക്കോ മുമ്പ് വിപണിയില്‍ അസാധാരണമായ ഇടപാടുകള്‍ നടക്കുന്നതായാണ് കണ്ടെത്തിയത്. ട്രംപിന്റെ രണ്ടാമൂഴത്തിലെ ഓരോ നിര്‍ണായക പ്രസ്താവനകളിലും, ട്രൂത്ത് സോഷ്യലിലെ പോസ്റ്റുകളിലും ഇത്തരം ഇടപാടുകള്‍ നടക്കുന്നതായാണ് ബിബിസി ലേഖനത്തില്‍ പറയുന്നത്. നിരവധി വിപണികളിലെ ഡാറ്റ പരിശോധിച്ചാണ് ബിബിസിയുടെ നിഗമനം. ഇതില്‍, വിപണിയെ ബാധിച്ച ട്രംപിന്റെ ഓരോ പ്രസ്താവനക്കും തൊട്ടുമുമ്പ് ഇടപാടുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവുണ്ടായതായാണ് കണ്ടെത്തിയത്.
പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്ത രഹസ്യ വിവരങ്ങള്‍ ഉപയോഗിച്ച് ആളുകള്‍ വാതുവെപ്പ് നടത്തുന്ന നിയമവിരുദ്ധമായ ഇന്‍സൈഡര്‍ ട്രേഡിങ്ങിന്റെ രീതിയാണ് ഇതില്‍ കാണുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ട്രംപിന്റെ തീരുമാനങ്ങള്‍ വിപണിയില്‍ ഇടപെടുന്ന പല വന്‍കിടക്കാര്‍ക്കും നേരത്തെ അറിയാന്‍ സാധിക്കുന്നുവോ എന്ന ചോദ്യം സാഹചര്യം സങ്കീര്‍ണമാക്കുന്നുണ്ട്.
മാര്‍ച്ച് ഒന്‍പതിലെ ട്രംപിന്റെ പ്രഖ്യാപനം
ബിബിസി പരിശോധിച്ച പ്രസ്താവനകളിലൊന്ന് ട്രംപ് മാര്‍ച്ച് ഒന്‍പതിന് നടത്തിയതാണ്. 'ഇറാനിലെ യുദ്ധം പൂര്‍ത്തിയാവാറായി' എന്നാണ് അന്ന് ട്രംപ് സിബിഎസ് ന്യൂസിന് നല്‍കിയ ഫോണ്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്. യുദ്ധം ആരംഭിച്ച് ഒന്‍പതാം നാള്‍ ആയിരുന്നു ഇത്. യുദ്ധത്തിന്റെ നാളുകളില്‍ കുത്തനെ ഉയര്‍ന്ന അസംസ്‌കൃത എണ്ണവില വന്‍തോതില്‍ ഇടിഞ്ഞു. യുദ്ധം അവസാനിക്കാന്‍ പോവുകയാണെന്ന സൂചനയില്‍ 25 ശതമാനത്തോളം വിലയില്‍ ഇടിവുണ്ടായി. വൈകീട്ട് 7.16നാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. എന്നാല്‍, ട്രംപിന്റെ പ്രസ്താവനക്ക് 47 മിനിറ്റ് മുമ്പ്, വൈകീട്ട് 6.29ന് എണ്ണയുടെ ഫ്യൂച്ചര്‍ വിപണിയില്‍ വന്‍ തോതിലുള്ള ബെറ്റുണ്ടായി. എണ്ണവില ഇടിയുമെന്ന് പ്രവചിച്ചുള്ള ബെറ്റുകളായിരുന്നു ഇത്. ദശലക്ഷക്കണക്ക് ഡോളറിന്റെ ലാഭമാണ് ഇതുവഴി ചിലര്‍ ഉണ്ടാക്കിയത്.
മാര്‍ച്ച് 23ലെ പ്രഖ്യാപനം
യുദ്ധം മുറുകി നില്‍ക്കുന്ന സമയം. ഇറാന്റെ ഊര്‍ജനിലയങ്ങള്‍ മുഴുവന്‍ തകര്‍ക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിന് രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 23ന്, 'ഇറാനുമായി വളരെ മികച്ച ചര്‍ച്ച നടന്നു' എന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്യുന്നു. പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം കാണുമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. 11.04നായിരുന്നു ട്രംപിന്റെ ഈ പോസ്റ്റ് വന്നത്. എന്നാല്‍, അതിന് ഏതാനും മിനിറ്റുകള്‍ മുമ്പ് 10.48നും 10.50നും ഇടയില്‍ അസംസ്‌കൃത എണ്ണയുടെ ഫ്യൂച്ചര്‍ വിപണിയില്‍ അസാധാരണമായ ഇടപാടുകള്‍ നടക്കുന്നു. എണ്ണവില കുറയുമെന്നായിരുന്നു ബെറ്റ്. പിന്നാലെ ട്രംപിന്റെ പ്രസ്താവന വന്നു. എണ്ണവില 11 ശതമാനം ഇടിഞ്ഞു. അസാധാരണ ഇടപാടുകള്‍ നടത്തിയവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ദശലക്ഷങ്ങളുടെ ലാഭം.
2025 ഏപ്രിലിലെ തീരുവ പ്രഖ്യാപനം
ഈ യുദ്ധകാലത്ത് മാത്രമല്ല ഇങ്ങനെ സംഭവിച്ചത്. 2025 ഏപ്രില്‍ 9ന് ലിബറേഷന്‍ ഡേ എന്ന് വിശേഷിപ്പിച്ച് ട്രംപ് ലോകരാഷ്ട്രങ്ങള്‍ക്ക് മേല്‍ അധിക ഇറക്കുമതി തീരുവ അടിച്ചേല്‍പ്പിച്ചു. സ്വാഭാവികമായും തൊട്ടുപിന്നാലെ ആഗോള ഓഹരി വിപണികള്‍ തകര്‍ന്നു. എന്നാല്‍, കൃത്യം ഒരാഴ്ചക്ക് ശേഷം ചൈന ഒഴികെ മറ്റെല്ലാം രാജ്യങ്ങള്‍ക്കും തീരുവ ചുമത്തുന്നതില്‍ ട്രംപ് 90 ദിവസത്തെ ഇളവ് നല്‍കി പ്രഖ്യാപനം നടത്തി. ഇതോടെ ഓഹരിവിപണികള്‍ കുതിച്ചുകയറി. യുഎസിലെ ഓഹരി സൂചികയായ എസ് ആന്‍ഡ് പി 500 ഇന്‍ഡെക് 9.5 ശതമാനം കുതിച്ചുകയറി. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഒറ്റദിവസം ഇങ്ങനെ കുതിച്ചത്. ഇതിന് തൊട്ടുമുമ്പായി വന്‍തോതിലുള്ള ഇടപാടുകള്‍ വിപണിയില്‍ നടന്നു. വിപണി വന്‍ കുതിപ്പ് നടത്തുമെന്ന് പ്രവചിച്ചുള്ള ഇടപാടുകളായിരുന്നു നടന്നത്. വൈകീട്ട് ആറ് മണിക്ക് ഈ ഓര്‍ഡറുകള്‍ വിപണിയിലെത്തുന്നു. 6.18ന് ട്രംപ് പ്രസ്താവന നടത്തുന്നു. 6.19ന് വിപണി 9.5 ശതമാനം ഉയരുന്നു. 19 മിനിറ്റിനുള്ളില്‍ ചില നിക്ഷേപകര്‍ നേടിയത് കോടികളുടെ ലാഭം.
ട്രംപിന്റെ പ്രസ്താവനക്ക് തൊട്ടുമുമ്പ് വിപണിയിലെ കോണ്‍ട്രാക്റ്റുകള്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. മിനിറ്റില്‍ 10,000 എന്ന നിലയിലായിരുന്നു ഇത്. തൊട്ടുമുമ്പത്തെ ദിവസം മിനിറ്റില്‍ 100 എന്ന നിലയിലും. ഓഹരി വിപണി കുതിക്കുമെന്ന് പ്രവചിച്ച് രണ്ട് ദശലക്ഷം ഡോളര്‍ വരെ ഇറക്കിയവരുണ്ട്. ഏഴ് ദിവസമായി വിപണി തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തുന്ന സാഹചര്യത്തിലായിരുന്നു ഇതെന്നാണ് രസകരം. രണ്ട് ദശലക്ഷം ഇറക്കിയവര്‍ക്ക് 20 ദശലക്ഷം വരെയാണ് ലാഭം കിട്ടിയത്. ഈ സംഭവത്തിന് പിന്നാലെ ഏതാനും ഡെമോക്രാറ്റ് സെനറ്റര്‍മാര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് കത്തെഴുതി. പ്രസിഡന്റിന്റെ പ്രസ്താവനകള്‍ സുഹൃത്തുക്കള്‍ക്കും മറ്റ് ചില നിക്ഷേപകര്‍ക്കും ഇന്‍സൈഡര്‍ ട്രേഡ് നടത്തി ലാഭമുണ്ടാക്കാനുള്ള അവസരമായി മാറുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
ജനുവരി മൂന്നിലെ മഡുറോയുടെ അറസ്റ്റ്
നിരവധി ഓണ്‍ലൈന്‍ പ്രവചന പ്ലാറ്റ്‌ഫോമുകളുടെ സമീപകാലത്തെ വളര്‍ച്ചയും നിരീക്ഷകരില്‍ സംശയമുയര്‍ത്തുന്നുണ്ട്. ബ്ലോക്ക്‌ചെയിന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പോളിമാര്‍ക്കറ്റ്, കാല്‍ഷീ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ ഏതൊരു വിഷയത്തിലും പ്രവചനം നടത്തി പണമുണ്ടാക്കാന്‍ അവസരമൊരുക്കുന്നുണ്ട്. ഫുട്‌ബോള്‍ മത്സരം മുതല്‍ രാജ്യങ്ങളുടെ വിദേശനയം വരെയുള്ള കാര്യങ്ങളില്‍ പ്രവചനം നടത്താം. ട്രംപിന്റെ മകനായ ട്രംപ് ജൂനിയര്‍ പോളിമാര്‍ക്കറ്റിലെ നിക്ഷേപകനാണ്. ഇതിന്റെ ഉപദേശക സമിതി അംഗവുമാണ്. കാല്‍ഷീയുടെയും ഉപദേശക സമിതിയിലുണ്ട്.
2025 ഡിസംബറില്‍ പോളിമാര്‍ക്കറ്റില്‍ ബേഡന്‍സം-മിക്‌സ് എന്ന പേരില്‍ ഒരു അക്കൗണ്ട് തുറക്കപ്പെട്ടു. ഡിസംബര്‍ 30ന് ഈ അക്കൗണ്ടില്‍ നിന്ന് ആദ്യത്തെ ബെറ്റ് വന്നു. ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ പുറത്താകുമെന്നായിരുന്നു പ്രവചനം. ഡിസംബര്‍ 30നും ജനുവരി രണ്ടിനും ഇടയില്‍ 32,500 ഡോളറിന്റെ ബെറ്റാണ് ബേഡന്‍സം-മിക്‌സ് എന്ന അക്കൗണ്ടിലൂടെ നടത്തിയത്. ജനുവരി മൂന്നിന് മഡൂറോയെ യുഎസ് സൈന്യം അറസ്റ്റ് ചെയ്യുന്നു. ആ ഒറ്റ ബെറ്റില്‍ ബേഡന്‍സം-മിക്‌സ് എന്ന അക്കൗണ്ടിന് ലാഭമായി ലഭിച്ചത് 4,36,000 ഡോളറാണ് (ഏകദേശം നാല് കോടിയിലേറെ രൂപ). ഇതിന് തൊട്ടുപിന്നാലെ അക്കൗണ്ടിന്റെ പേര് മാറ്റി. പിന്നീട് ഇന്നുവരെ ഒരു ബെറ്റ് പോലും അക്കൗണ്ടില്‍ നിന്ന് ഉണ്ടായില്ല.
ഫെബ്രുവരി 28ലെ ഇറാന്‍ ആക്രമണം
ഫെബ്രുവരി 28ല്‍ യുഎസ് നടത്തിയ ഇറാന്‍ ആക്രമണത്തിന് തൊട്ടുമുമ്പും ബെറ്റിങ് ആപ്പുകളില്‍ വ്യാപകമായി ഇടപാടുകള്‍ നടന്നു. പോളിമാര്‍ക്കറ്റില്‍ പുതിയതായി തുടങ്ങിയ ആറ് അക്കൗണ്ടുകള്‍ യുഎസ് ഫെബ്രുവരിയില്‍ ഇറാനെ ആക്രമിക്കുമെന്ന പ്രവചനം നടത്തി ബെറ്റ് വെച്ചു. ഇവര്‍ക്ക് 1.2 ദശലക്ഷം ഡോളറാണ് ലാഭമായി ലഭിച്ചത്. ഇവയില്‍ അഞ്ച് അക്കൗണ്ടില്‍ നിന്ന് അതിന് ശേഷം ബെറ്റുകളൊന്നും ഉണ്ടായില്ല. എന്നാല്‍, ഇവയിലെ ഒരു അക്കൗണ്ട് ഏപ്രില്‍ ഏഴിലെ യുഎസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ കൃത്യമായി പ്രവചിച്ചു. 1.63 ലക്ഷം ഡോളറാണ് ലാഭമുണ്ടാക്കിയത്.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇന്‍സൈഡര്‍ ട്രേഡിങ് ആണോ എന്നത് തെളിയിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് വിദഗ്ധര്‍ പറയുന്നു. 1933-ലെ നിയമപ്രകാരം യുഎസില്‍ ഇന്‍സൈഡര്‍ ട്രേഡിങ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, വിവരം ചോര്‍ന്നു എന്ന് കണ്ടെത്താതെ കേസെടുക്കാന്‍ സാധിക്കില്ല. ട്രംപിന്റെ ഓരോ പ്രസ്താവനകളും മുന്‍കൂട്ടി കണ്ട് വിപണിയില്‍ ഇടപാടുകളും ബെറ്റുകളും നടക്കുന്നുണ്ടെന്ന് ശക്തമായ സംശയങ്ങള്‍ ഉണ്ടെങ്കിലും ഇത് തെളിയിക്കാനുള്ള സാധ്യത കുറവാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.