സാലറി അക്കൗണ്ട് എസ്ബിഐയില്‍ ആണോ? എങ്കില്‍ ഈ മാറ്റം അറിഞ്ഞിരിക്കണം

സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ അധിക പണം പിന്‍വലിക്കല്‍ ഇടപാടിനും 23 രൂപയും ജിഎസ്ടിയും ഈടാക്കും

Update: 2026-09-04 11:37 GMT

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ആണോ നിങ്ങളുടെ സാലറി അക്കൗണ്ട്? എങ്കില്‍ അടുത്ത തവണ എടിഎമ്മില്‍ ചെന്ന് പണമെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. എസ്ബിഐ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിലും ഓട്ടോമേറ്റഡ് ഡെപ്പോസിറ്റ് കം വിത്ഡ്രോവല്‍ മെഷീനുകളിലും നടത്താവുന്ന സൗജന്യ ഇടപാടുകളുടെ എണ്ണം 10ല്‍ നിന്ന് അഞ്ചായി കുറച്ചിരിക്കുകയാണ്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഈ മാറ്റം നടപ്പില്‍ വരും.

എസ്ബിഐ സാലറി അക്കൗണ്ട് ഉടമകള്‍ക്ക് നിലവില്‍ മറ്റ് എടിഎമ്മുകളില്‍ ലഭിക്കുന്നത് പ്രതിമാസം 10 സൗജന്യ ഇടപാടുകളാണ്. ഇതാണ് അഞ്ചായി കുറയ്ക്കുന്നത്. പണം പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകളും ബാലന്‍സ് പരിശോധിക്കല്‍ പോലുള്ള സാമ്പത്തികേതര ഇടപാടുകളും ഈ അഞ്ച് ഇടപാടുകളുടെ പരിധിയില്‍ വരും.

സൗജന്യ പരിധി കഴിഞ്ഞുള്ള ഓരോ അധിക പണം പിന്‍വലിക്കല്‍ ഇടപാടിനും 23 രൂപയും ജിഎസ്ടിയും ഈടാക്കും. സാമ്പത്തികേതര ഇടപാടുകള്‍ക്ക് 11 രൂപയും ജിഎസ്ടിയും നല്‍കണം.

സാലറി അക്കൗണ്ടല്ലാത്ത എസ്ബിഐ അക്കൗണ്ടുകള്‍ക്ക് നിലവില്‍ മറ്റ് എടിഎമ്മുകളില്‍ അഞ്ച് ഇടപാടുകളാണ് സൗജന്യമായിട്ടുള്ളത്. ഇത് തുടരും.

എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ എടിഎമ്മുകളില്‍ പ്രതിമാസം 10 ഇടപാടുകളാണ് സൗജന്യമായുള്ളത്. ഇതും മാറ്റമില്ലാതെ തുടരും.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News