സ്വർണവിലയിൽ വൻ വർധന; ഇനി നിര്‍ണായകം ഈ അമേരിക്കന്‍ കണക്കുകള്‍
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത കുറയുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് പിന്തുണയായത്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,360 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 960 രൂപയുടെ വര്‍ധനവും ഇന്നുണ്ടായി. പവന്റെ വില 1,14,880 രൂപയായാണ് ഉയര്‍ന്നത്. 18കാരറ്റ് സ്വര്‍ണത്തിന്‍േറയും വില വര്‍ധിച്ചു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കൂടിയത്. യഥാക്രമം 11,800 രൂപയായും 94,400 രൂപയുമായാണ് വില ഉയര്‍ന്നത്.
രാജ്യാന്തര വിപണിയില്‍ നഷ്ടത്തോടെയാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഔണ്‍സിന് 4,468 ഡോളറിലാണ് വ്യാപാരം.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത കുറയുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് പിന്തുണയായത്.ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാളര്‍ നല്‍കിയ സൂചനകളാണ് വിപണിയുടെ ശ്രദ്ധ നേടിയത്. പണപ്പെരുപ്പ സമ്മര്‍ദ്ദം കുറയുന്നതിന്റെ സൂചനകള്‍ തുടര്‍ന്നും ലഭിച്ചാല്‍ സെപ്റ്റംബര്‍ യോഗത്തില്‍ പലിശനിരക്ക് ഉയര്‍ത്തേണ്ടതില്ലെന്ന നിലപാടിനാണ് പിന്തുണ നല്‍കുകയെന്ന് വാളര്‍ വ്യക്തമാക്കിയിരുന്നു
അമേരിക്കയുടെ നോണ്‍ ഫാം പേറോള്‍ കണക്കാണ് ഇനി സ്വര്‍ണവിപണിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം.വ്യാഴാഴ്ച പുറത്തുവന്ന തൊഴില്‍ സംബന്ധിച്ച കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യത്തിനായി അപേക്ഷിച്ചവരുടെ എണ്ണത്തില്‍ ചെറിയ വര്‍ധനയുണ്ടായെങ്കിലും പിരിച്ചുവിടലുകള്‍ കുറവായതിനാല്‍ തൊഴില്‍ വിപണി ഇപ്പോഴും താരതമ്യേന സ്ഥിരതയുള്ള നിലയിലാണ്.