5000 രൂപയുടെ ഉപകരണം വെച്ചാല്‍ മതി; ബിഎസ്-3, ബിഎസ്-4 ഡീസല്‍ വാഹനങ്ങളെ ബിഎസ്-6ലേക്ക് മാറ്റാമെന്ന് മന്ത്രി ഗഡ്കരി

ഡല്‍ഹി ഐഐടി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപകരണം നിര്‍മിച്ചിരിക്കുന്നത്

Update: 2026-09-05 07:32 GMT

ന്യൂഡല്‍ഹി: പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ബിഎസ്-3, ബിഎസ്-4 വിഭാഗത്തിലുള്ള പഴയ ഡീസല്‍ ട്രക്കുകള്‍ക്കും ബസുകള്‍ക്കും പ്രത്യേക എമിഷന്‍ കണ്‍ട്രോള്‍ ഉപകരണം ഘടിപ്പിക്കാന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചററേഴ്‌സ് (സിയാം) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഡല്‍ഹി ഐഐടിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉപകരണം നിര്‍മിച്ചിരിക്കുന്നത്. ഏകദേശം 4,000 മുതല്‍ 5,000 രൂപ വരെയാണ് ഉപകരണത്തിന്റെ ചെലവ്. പഴയ ഡീസല്‍ വാഹനങ്ങളില്‍ ഈ ഉപകരണം ഘടിപ്പിക്കുന്നതിലൂടെ അവയുടെ മലിനീകരണ തോത് ബിഎസ്-6 വാഹനങ്ങളുടേതിന് സമാനമാക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

Advertising
Advertising

ഉപകരണം ഘടിപ്പിച്ചാല്‍ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ മലിനീകരണം 90 ശതമാനം വരെ കുറയ്ക്കാനും നൈട്രജന്‍ ഓക്‌സൈഡ് പുറന്തള്ളല്‍ 60 ശതമാനം വരെ കുറയ്ക്കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് പകരം കുറഞ്ഞ ചെലവില്‍ അവയുടെ മലിനീകരണം നിയന്ത്രിക്കുകയാണ് ലക്ഷ്യം. പഴയ ഹെവി ഡീസല്‍ വാഹനങ്ങള്‍ കൊണ്ടുള്ള മലിനീകരണം കുറയ്ക്കുന്നതിനൊപ്പം വാഹനങ്ങളുടെ സ്‌ക്രാപ്പേജ് പദ്ധതിക്കും അനുബന്ധമായാണ് പുതിയ നടപടി.

മലിനീകരണ നിയന്ത്രണ ഉപകരണത്തിന്റെ ഉപയോഗം ഏകീകരിക്കുന്നതിനായി ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ്‌സ് (എഐഎസ്) 228 വിജ്ഞാപനം ചെയ്യുന്നതിനുള്ള നടപടികളിലാണ് റോഡ് ഗതാഗത മന്ത്രാലയം. വാണിജ്യാടിസ്ഥാനത്തില്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് മുമ്പ് ഈ ഉപകരണങ്ങള്‍ പാലിക്കേണ്ട സാങ്കേതിക സവിശേഷതകളും പ്രവര്‍ത്തനക്ഷമതാ മാനദണ്ഡങ്ങളും ഇതില്‍ വ്യക്തമാക്കും.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News