മഴക്കാലത്ത് കാറിൽ യാത്ര ചെയ്യുമ്പോൾ ഷൂസിലും ചെരിപ്പിലും പറ്റിപ്പിടിക്കുന്ന വെള്ളവും ചെളിയും കാറിന്‍റെ ഫ്ലോർ മാറ്റുകൾക്ക് അടിയിലേക്ക് ഇറങ്ങി കാർപെറ്റിൽ ഈർപ്പവും ദുർഗന്ധവും ഉണ്ടാക്കാറുണ്ട്. ഇതിന് വളരെ എളുപ്പമുള്ള ഒരു പരിഹാരമാണ് ർ മാറ്റുകൾക്ക് താഴെ പഴയ പത്രക്കടലാസുകൾ വിരിക്കുന്നത്.
വേഗത്തിൽ ഈർപ്പം വലിച്ചെടുക്കുന്നു
പത്രക്കടലാസുകൾക്ക് വെള്ളത്തെയും ഈർപ്പത്തെയും പെട്ടെന്ന് വലിച്ചെടുക്കാനുള്ള കഴിവുണ്ട്. റബ്ബർ/പ്ലാസ്റ്റിക് മാറ്റുകളുടെ വശങ്ങളിലൂടെ ഇറങ്ങുന്ന വെള്ളം കാറിന്റെ ഒറിജിനൽ കാർപെറ്റിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പത്രം അത് പൂർണമായി വലിച്ചെടുക്കുന്നു.
ദുർഗന്ധവും പൂപ്പലും തടയുന്നു
കാറിലെ പ്രധാന കാർപെറ്റിൽ വെള്ളം പിടിച്ചാൽ അത് ഉണങ്ങാൻ ദിവസങ്ങളെടുക്കും. ഇത് കാറിനുള്ളിൽ അസഹ്യമായ ദുർഗന്ധത്തിനും പൂപ്പൽ പിടിക്കുന്നതിനും കാരണമാകും. പത്രക്കടലാസ് വെള്ളം വലിച്ചെടുക്കുന്നതിലൂടെ ഈ പ്രശ്നം ഒഴിവാക്കാം.
തുരുമ്പ് തടയുന്നു
കാർപെറ്റിന് താഴെ ദീർഘകാലം ഈർപ്പം തങ്ങിനിന്നാൽ കാറിന്റെ അടിഭാഗത്തെ ലോഹഭാഗങ്ങൾ തുരുമ്പെടുക്കാൻ സാധ്യതയുണ്ട്. പത്രം വെക്കുന്നതിലൂടെ അടിഭാഗം എപ്പോഴും ഡ്രൈ ആയിരിക്കും.
നനഞ്ഞ പത്രങ്ങൾ വളരെ എളുപ്പത്തിൽ മാറ്റി പുതിയവ വെക്കാൻ സാധിക്കും. പണം ചെലവാക്കാതെ കാറിന്‍റെ ഉൾഭാഗം വൃത്തിയായി സൂക്ഷിക്കാൻ ഇത് സഹായിക്കും.
നനഞ്ഞ പത്രങ്ങൾ കൃത്യസമയത്ത് മാറ്റുക
പത്രക്കടലാസുകൾ ഈർപ്പം എളുപ്പത്തിൽ വലിച്ചെടുക്കുമെങ്കിലും, അവ നനഞ്ഞു കഴിഞ്ഞാൽ ഉടൻ തന്നെ മാറ്റി പുതിയവ വിടർത്തേണ്ടതാണ്. നനഞ്ഞ പത്രം മാറ്റുകൾക്ക് താഴെ തുടരാൻ അനുവദിച്ചാൽ അത് കാർപെറ്റിലെ ഈർപ്പം കൂട്ടുകയും ദുർഗന്ധത്തിന് കാരണമാകുകയും ചെയ്യും.
സ്ഥിരമായ പരിഹാരമല്ല
കുറഞ്ഞ അളവിലുള്ള ഈർപ്പം വലിച്ചെടുക്കാൻ മാത്രമാണ് പത്രം സഹായിക്കുന്നത്. കാറിനുള്ളിൽ വെള്ളം കൂടുതലായി ഇറങ്ങുന്നുണ്ടെങ്കിൽ മാറ്റുകൾ മാറ്റി കാർപെറ്റ് പൂർണമായി ഉണക്കുകയോ അല്ലെങ്കിൽ വാട്ടർ ലീക്കേജ് പരിഹരിക്കുകയോ വേണം. കൂടുതൽ ലെയറുകൾ (അടുക്കുകൾ) ഒഴിവാക്കുക:കൂടുതൽ ഈർപ്പം വലിച്ചെടുക്കാനായി അമിതമായി പത്രങ്ങൾ അടുക്കി വിരിക്കുന്നത് മാറ്റുകൾ നിരപ്പല്ലാതാക്കാൻ ഇടയാക്കും. ഇത് മാറ്റുകൾ അവയുടെ സ്ഥാനത്ത് നിന്ന് തെന്നിമാറാൻ കാരണമാകും. അതിനാൽ 2-3 ഷീറ്റുകൾ മാത്രം പരത്തി വിരിക്കുക.
ഡ്രൈവർ സീറ്റിന് താഴെ പ്രത്യേക ശ്രദ്ധ വേണം
ഡ്രൈവിങ് സീറ്റിന്‍റെ ഭാഗത്ത് പത്രം വിരിക്കുമ്പോൾ അത് പെഡലുകളിലേക്ക് (Accelerator, Brake, Clutch) തെന്നിമാറുന്നില്ലെന്ന് ഉറപ്പാക്കുക. പത്രം കാരണം മാറ്റ് അയഞ്ഞുപോയാൽ അത് ഡ്രൈവിങ്ങിന് തടസമാകുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യാം