മിഡ് സൈസ് എസ്‌യുവി സെഗ്മെൻ്റില്‍ ഇനി കളി മാറും; ക്രെറ്റയുടെ അനുജന്‍, ബയോണിനെ ഇന്ത്യയിലിറക്കി ഹ്യുണ്ടായി
ഹ്യുണ്ടായിയുടെ മറ്റേതൊരു കാറിനെ പോലെയും രൂപസൗന്ദര്യ സമ്പന്നനാണ് ബയോണ്‍
വില്‍പ്പന പൊടിപൊടിക്കുന്ന മിഡ് സൈസ് എസ്‌യുവി സെഗ്മെന്റ് പിടിക്കാന്‍ പുതിയ മോഡലായ ബയോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ ഹ്യുണ്ടായ്. വെന്യൂവിനും ക്രെറ്റയ്ക്കും ഇടയില്‍ സ്ഥാനം നല്‍കിയിരിക്കുന്ന ബയോണിന്റെ വില തുടങ്ങുന്നത് 10 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം).
ഹ്യുണ്ടായിയുടെ മറ്റേതൊരു കാറിനെ പോലെയും രൂപസൗന്ദര്യ സമ്പന്നനാണ് ബയോണ്‍. സ്പ്ലിറ്റ് ഹെഡ്ലാമ്പ് സെറ്റപ്പ്, ബോണറ്റിന്റെ മുഴുവന്‍ വീതിയിലും ക്രമീകരിച്ചിരിക്കുന്ന ഡിആര്‍എല്ലുകള്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, പിക്സല്‍ ശൈലിയിലുള്ള അലോയ് വീലുകള്‍ എന്നിവ സിഗ്നേച്ചര്‍ സ്‌റ്റൈലാണ്. ഫ്ലാറ്റ് റൂഫ്ലൈന്‍, റൂഫ് റെയിലുകള്‍, വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് ക്ലാഡിങ് എന്നിവ വാഹനത്തിന് എസ് യുവി ലുക്ക് നല്‍കുന്നുണ്ട്. പെറ്റല്‍ മാതൃകയിലുള്ള ഡിസൈന്‍ ആണ് വീലിന് ഉള്ളത്. പിന്നില്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ ഇന്‍ഡിക്കേറ്ററുകള്‍ക്ക് മുകളിലായാണ് നല്‍കിയിരിക്കുന്നത്. 4.2 മീറ്റര്‍ നീളമാണ് ബയോണിന് ഉള്ളത്. വലിപ്പത്തിന്റെ കാര്യത്തില്‍ ക്രെറ്റയെ അപേക്ഷിച്ച് അല്‍പ്പം ചെറുതാണ്.
5-സ്റ്റാര്‍ ഇന്ത്യന്‍ ക്രാഷ് ടെസ്റ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന തരത്തിലാണ് നിര്‍മാണമെന്ന് ഹ്യുണ്ടായ് അവകാശപ്പെടുന്നു. ക്യാബിനില്‍ 12.3 ഇഞ്ചിന്റെ ഇരട്ട പനോരമിക് സ്‌ക്രീനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ പെര്‍പ്ലെക്‌സിറ്റി, സൗണ്ട്ഹൗണ്ട് AI സാങ്കേതികവിദ്യ കോര്‍ത്തിണക്കിയ ജനറേറ്റീവ് AI വോയ്സ് അസിസ്റ്റന്റും ബ്ലൂലിങ്ക് കണക്റ്റഡ് ഫീച്ചറുകളും ഇതിലുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളുമുണ്ട്.
ലെവല്‍ 2 അഡാസ്, ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി ക്യാമറ, നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഓട്ടോ ഹോള്‍ഡോട് കൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ മറ്റ് സവിശേഷതകളാണ്.
ഹ്യുണ്ടായ് ക്രെറ്റക്ക് സമാനമായ 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഹ്യുണ്ടായ് ബയോണിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 115 പി.എസ് കരുത്തും 144 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാന്യുവല്‍ അല്ലെങ്കില്‍ iVT ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എന്‍ജിന്‍ ജോടിയിണക്കിയിരിക്കുന്നത്. വ്യത്യസ്ത ഡ്രൈവിംഗ് അനുഭവത്തിനായി ഇക്കോ, നോര്‍മല്‍, സ്പോര്‍ട് മോഡുകളും പാഡില്‍ ഷിഫ്റ്ററുകളും വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.
iVT വേരിയന്റിന് ARAI സാക്ഷ്യപ്പെടുത്തിയതനുസരിച്ച് 18.6 കി.മീ മൈലേജ് ലഭിക്കും. കൂടാതെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉടനടി കരുത്ത് നല്‍കാന്‍ iVT വേരിയന്റില്‍ ഡാഷ് ബൂസ്റ്റ് മോഡ് സവിശേഷത ലഭ്യമാണ്. നിലവില്‍ ടര്‍ബോ-പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ ബയോണില്‍ ലഭ്യമാകില്ല. 2027 ജനുവരിയില്‍ ബയോണിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കും.