ഫോക്‌സ്‌വാഗന്റെ ‘ഗ്രോത്ത് കിങ്’ ക്ലോസ് സെൽമർ വരുന്നു, തിരിച്ചുവരവിനൊരുങ്ങി വോൾവോ

വിപണി വിഹിതം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ 13 പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള ബൃഹദ് പദ്ധതിയാണ് കമ്പനിയുടെ അണിയറയിൽ ഒരുങ്ങുന്നത്

Update: 2026-09-22 06:31 GMT

ആഗോളതലത്തിൽ നേരിടുന്ന കടുത്ത വിപണി വെല്ലുവിളികളെയും സാമ്പത്തിക ബാധ്യതകളെയും മറികടക്കാൻ നേതൃമാറ്റത്തിന് ഒരുങ്ങുകയാണ് പ്രമുഖ സ്വീഡിഷ് ആഡംബര കാർ നിർമ്മാതാക്കളായ വോൾവോ കാർസ്. ഫോക്‌സ്‌വാഗൻ ഗ്രൂപ്പിന്റെ മികച്ച ബ്രാൻഡ് മേധാവികളിൽ ഒരാളും നിലവിൽ സ്കോഡയുടെ സിഇഒയുമായ ക്ലോസ് സെൽമറെ വോൾവോയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവായി നിയമിച്ചു. കമ്പനിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ വിരമിക്കലിൽ നിന്ന് തിരിച്ചെത്തിയ 75-കാരൻ ഹക്കാൻ സാമുവൽസന്റെ ഔദ്യോഗിക കാലാവധി പൂർത്തിയാകുന്നതോടെ, 2027 ഒക്ടോബറിനുള്ളിൽ സെൽമർ വോൾവോയുടെ ഡ്രൈവർ സീറ്റിൽ ഇരിപ്പുറപ്പിക്കും.

Advertising
Advertising

അടുത്തിടെ വോൾവോയിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളാണ് പുതിയ നേതൃമാറ്റത്തിലേക്ക് നയിച്ചത്. പുതിയ തലമുറ വാഹനങ്ങൾക്കായി വികസിപ്പിച്ച അത്യാധുനിക ടെക്നോളജി പ്ലാറ്റ്‌ഫോമിനായുള്ള കമ്പനിയുടെ ചെലവുകൾ പരിധിവിട്ട് ഉയർന്നതിനെ തുടർന്ന് മുൻ സിഇഒ ജിം റോവന് സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. 2021-ൽ വോൾവോയുടെ പ്രാരംഭ ഓഹരി വിൽപന വിജയകരമായി പൂർത്തിയാക്കി പടിയിറങ്ങിയ ഹക്കാൻ സാമുവൽസണെ, നഷ്ടത്തിലേക്ക് വീണ കമ്പനിയെ വീണ്ടെടുക്കാനായി വീണ്ടും തിരിച്ചുവിളിക്കുകയായിരുന്നു. കമ്പനിയെ സുരക്ഷിതമായ ഒരു പാതയിലേക്ക് നയിച്ച ശേഷമാണ് സാമുവൽസൺ ഇപ്പോൾ തന്റെ രണ്ടാമത്തെ ഇന്നിംഗ്സ് പൂർത്തിയാക്കുന്നത്.

പോർഷെയിൽ രണ്ട് പതിറ്റാണ്ടിലേറെ പ്രവർത്തിച്ച് നോർത്ത് അമേരിക്കൻ വിപണിയിൽ വൻ മുന്നേറ്റമുണ്ടാക്കുകയും, നിലവിൽ സ്കോഡയെ മികച്ച സാമ്പത്തിക ലാഭത്തിലേക്ക് നയിക്കുകയും ചെയ്ത അനുഭവസമ്പത്തുമായാണ് ക്ലോസ് സെൽമർ എത്തുന്നത്. പ്രീമിയം ലക്ഷ്വറി കാറുകളിലും സാധാരണ വിപണിയിലുമുള്ള അദ്ദേഹത്തിന്റെ ഈ പ്രാവീണ്യം വോൾവോയ്ക്ക് പുതിയ കുതിപ്പ് നൽകുമെന്നാണ് കമ്പനി കരുതുന്നത്.

വിപണി വിഹിതം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ പാശ്ചാത്യ വിപണികളിൽ ഏഴും ചൈനയിൽ ആറും ഉൾപ്പെടെ ആകെ 13 പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള ബൃഹദ് പദ്ധതിയാണ് കമ്പനിയുടെ അണിയറയിൽ ഒരുങ്ങുന്നത്. ഇതിനൊപ്പം, മാതൃകമ്പനിയായ ചൈനീസ് നിർമ്മാതാക്കളായ ഗീലിയുമായി ചേർന്ന് കൂടുതൽ ഘടകഭാഗങ്ങൾ പങ്കുവെച്ച് ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും നീക്കമുണ്ട്.

ചൈനീസ് കമ്പനികളിൽ നിന്നുള്ള കടുത്ത മത്സരവും അമേരിക്കൻ താരിഫുകളും ഇലക്ട്രിക്-ഡ്രൈവറില്ലാ സാങ്കേതികവിദ്യകളുടെ ഉയർന്ന നിർമ്മാണച്ചെലവും വിപണിയിൽ കനത്ത വെല്ലുവിളി ഉയർത്തുന്ന ഈ ഘട്ടത്തിൽ, സെൽമറുടെ നേതൃത്വത്തിലുള്ള ഈ മാറ്റം വോൾവോയ്ക്ക് എത്രത്തോളം കരുത്തുപകരുമെന്നാണ് ഓട്ടോമൊബൈൽ ലോകം ഉറ്റുനോക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - അനസ് അസീന്‍

Chief Web Journalist

Similar News