ഇന്ത്യയിൽ ടെസ്‌ല റോഡ്സ്റ്റർ ബുക്കിങ് തുടങ്ങി; അറിയാം തുകയും ഡെലിവറി തീയതിയും!

യുഎസിലും യുഎഇയിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്

Update: 2026-10-25 16:48 GMT

ഇന്ത്യയിൽ പുതിയ തലമുറ ഇലക്ട്രിക് സ്പോർട്സ് കാറായ റോഡ്സ്റ്ററിന്റെ റിസർവേഷൻ ആരംഭിച്ച് ടെസ്‌ല. യുഎസിലും യുഎഇയിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. പെർഫോമൻസ്, ത്രസ്റ്റ് എന്നീ വേരിയന്റുകൾക്കായി ഇന്ത്യയിൽ 50.06 ലക്ഷം രൂപ മുതൽ 2.50 കോടി രൂപ വരെയാണ് റിസർവേഷൻ തുക. എന്നാൽ കാറിന്റെ അന്തിമ വിലയോ ഇന്ത്യയിലെ ഡെലിവറി തീയതിയോ കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ടെസ്‌ല സിഇഒ ഇലോൺ മസ്ക് 2026 ഒക്ടോബർ 15ന് ടെക്സസിലെ മക്ഗ്രിഗറിലുള്ള സ്പേസ് എക്സ് റോക്കറ്റ് പരീക്ഷണ കേന്ദ്രത്തിൽ പുതിയ റോഡ്സ്റ്റർ അവതരിപ്പിച്ചതിന് പിന്നാലെയാണ് റിസർവേഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. വാഹനം ഇപ്പോഴും വികസനഘട്ടത്തിലാണെന്നും ഉൽപ്പാദനം 2028ൽ ആരംഭിക്കാനാണ് പദ്ധതിയെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Advertising
Advertising

ടെസ്‌ല റോഡ്സ്റ്റർ ബുക്കിങ് തുക എത്ര?

ടെസ്‌ലയുടെ ഇന്ത്യയിലെ റിസർവേഷൻ പേജ് പ്രകാരം പെർഫോമൻസ്, ത്രസ്റ്റ് വേരിയന്റുകൾക്ക് തുടക്കത്തിൽ 5.01 ലക്ഷം രൂപ വീതം അടയ്ക്കണം. റിസർവേഷൻ പൂർത്തിയാക്കാൻ ബാക്കി തുക 10 ദിവസത്തിനകം നൽകണം.

  •  റോഡ്സ്റ്റർ പെർഫോമൻസ്: തുടക്കത്തിൽ 5.01 ലക്ഷം രൂപ; 10 ദിവസത്തിനകം 45.05 ലക്ഷം രൂപ കൂടി. ആകെ റിസർവേഷൻ തുക 50.06 ലക്ഷം രൂപ.
  •  റോഡ്സ്റ്റർ ത്രസ്റ്റ്: തുടക്കത്തിൽ 5.01 ലക്ഷം രൂപ; തുടർന്ന് 2,45,24,000 രൂപ കൂടി. ആകെ റിസർവേഷൻ തുക 2,50,25,000 രൂപ.

ആദ്യമായി അടയ്ക്കുന്ന തുക പൂർണമായും റീഫണ്ട് ചെയ്യാവുന്നതാണെന്നാണ് ടെസ്‌ല വ്യക്തമാക്കുന്നത്. എന്നാൽ ബാക്കി തുക നിശ്ചിത സമയത്തിനകം ലഭിച്ചില്ലെങ്കിൽ റിസർവേഷൻ റദ്ദാക്കാൻ കമ്പനിക്ക് അധികാരമുണ്ട്.

ഈ തുക അന്തിമ വാഹനവിലയല്ല റിസർവേഷൻ തുകയാണ്. അന്തിമ വിലയും മറ്റ് നിബന്ധനകളും സംബന്ധിച്ച വിവരങ്ങൾ കമ്പനി പിന്നീട് പ്രഖ്യാപിക്കേണ്ടതുണ്ട്.

പെർഫോമൻസ്, ത്രസ്റ്റ്, റോക്കറ്റ്; മൂന്ന് വേരിയന്റുകൾ

പുതിയ റോഡ്സ്റ്ററിനായി പെർഫോമൻസ്, ത്രസ്റ്റ്, റോക്കറ്റ് എന്നിങ്ങനെ മൂന്ന് കോൺഫിഗറേഷനുകളാണ് ടെസ്‌ല അവതരിപ്പിച്ചിരിക്കുന്നത്.

പെർഫോമൻസ്: രണ്ട് സീറ്റുകളുള്ള ഈ വേരിയന്റിൽ ആക്ടീവ് എയറോഡൈനാമിക്സും കൂടുതൽ ട്രാക്ഷനും നിയന്ത്രണവും ഉറപ്പാക്കാൻ സഹായിക്കുന്ന മൾട്ടി-മോഡ് സക്ഷൻ സംവിധാനവുമുണ്ട്.

ത്രസ്റ്റ്: പെർഫോമൻസ് വേരിയന്റിന്റെ അടിസ്ഥാന സംവിധാനങ്ങൾക്കൊപ്പം പിന്നിൽ ഘടിപ്പിച്ച കോൾഡ്-ഗ്യാസ് ത്രസ്റ്ററുകളും ഈ ലിമിറ്റഡ് എഡിഷനിലുണ്ട്. പൂജ്യത്തിൽനിന്ന് മണിക്കൂറിൽ 60 മൈൽ വേഗതയിലെത്താൻ ഒരു സെക്കൻഡിൽ താഴെ മതിയാകുമെന്നാണ് ടെസ്‌ലയുടെ അവകാശവാദം. എന്നാൽ ഉൽപ്പാദനത്തിലേക്ക് കടന്ന വാഹനത്തിൽ ഈ പ്രകടനം തെളിയിച്ചതായി കമ്പനി രേഖപ്പെടുത്തിയിട്ടില്ല.

റോക്കറ്റ്: ഒറ്റ സീറ്റുള്ള ഈ കോൺഫിഗറേഷനിൽ മുകളിലേക്കും മുന്നോട്ടും തള്ളൽ നൽകാൻ രൂപകൽപ്പന ചെയ്ത 10 കോൾഡ്-ഗ്യാസ് ത്രസ്റ്ററുകളാണുള്ളത്. വായുവിൽ പ്രത്യേക ചലനങ്ങൾ നടത്താനുള്ള ശേഷിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ക്ഷണിക്കപ്പെടുന്നവർക്ക് മാത്രമുള്ള രൂപകൽപ്പനയായാണ് ടെസ്‌ല ഇതിനെ വിശേഷിപ്പിക്കുന്നത്. എല്ലാ വിപണികളിലെയും പൊതുനിരത്തുകളിൽ ഉപയോഗിക്കാൻ ഇത് അനുയോജ്യമാകണമെന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ഡെലിവറി എപ്പോൾ?

റോഡ്സ്റ്ററിന്റെ ഉൽപ്പാദനം 2028ൽ ആരംഭിക്കാനാണ് നിലവിലെ പദ്ധതി. ആദ്യഘട്ടത്തിൽ ഇടതുവശത്ത് സ്റ്റിയറിങ് ഉള്ള വാഹനങ്ങളായിരിക്കും നിർമിക്കുക. ഇന്ത്യയിൽ ഉപയോഗിക്കുന്ന വലതുവശത്തെ സ്റ്റിയറിങ് സംവിധാനമുള്ള മോഡലുകളുടെ ഉൽപ്പാദനം എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ ടെസ്‌ല വ്യക്തത നൽകിയിട്ടില്ല.

വാഹനത്തിന്റെ സവിശേഷതകൾ, ഹാർഡ്‌വെയർ, അന്തിമ വില എന്നിവ ഇപ്പോഴും വികസനഘട്ടത്തിലാണെന്ന് റിസർവേഷൻ കരാറിലും വ്യക്തമാക്കുന്നുണ്ട്. അതിനാൽ ഇന്ത്യയിലെ ലോഞ്ച് തീയതിയും ഉപഭോക്താക്കൾക്കുള്ള ഡെലിവറി സമയക്രമവും നിലവിൽ ഉറപ്പായിട്ടില്ല. ഇന്ത്യയിൽ ഇതുവരെ എത്ര റിസർവേഷനുകൾ ലഭിച്ചുവെന്ന കണക്കും കമ്പനി പുറത്തുവിട്ടിട്ടില്ല.

മോഡൽ വൈയ്ക്ക് ആക്സിലറേഷൻ ബൂസ്റ്റ് സൗജന്യം

അതേസമയം, ടെസ്‌ല ഇന്ത്യയിലെ ആറ് സീറ്റുകളുള്ള മോഡൽ വൈ എൽ (Model Y L) വാഹനത്തിന് സൗജന്യ ആക്സിലറേഷൻ ബൂസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ പൂജ്യത്തിൽനിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ 4.5 സെക്കൻഡ് മതിയാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡബ്ല്യുഎൽടിപി മാനദണ്ഡപ്രകാരമുള്ള പരമാവധി റേഞ്ച് 681 കിലോമീറ്ററായി തുടരുമെന്നും ടെസ്‌ല വ്യക്തമാക്കുന്നു.

റോഡ്സ്റ്ററിന്റെ റിസർവേഷൻ ആരംഭിച്ചെങ്കിലും അന്തിമ വിലയും ഇന്ത്യയിലെ ഡെലിവറി സമയക്രമവും വ്യക്തമാകുന്നതുവരെ വാങ്ങാൻ ആഗ്രഹിക്കുന്നവർ കമ്പനി പുറത്തുവിടുന്ന ഔദ്യോഗിക വിവരങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - റുക്സാന വി.കെ

contributor

Similar News