നൊബേൽ സമ്മാന ജേതാവിനെ കഴിഞ്ഞ തിങ്കളാഴ്ച നിശ്ചയിച്ചു; ട്രംപിന് സാധ്യത കുറവെന്ന് 'ടൈംസ് ഓഫ് ഇസ്രായേൽ'
നാളെയാണ് നൊബേൽ ജേതാവിനെ പ്രഖ്യാപിക്കുന്നത്
ജെറുസലേം: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാൻ സാധ്യത കുറവെന്ന് ഇസ്രായേൽ മാധ്യമമായ 'ടൈംസ് ഓഫ് ഇസ്രായേൽ'. കഴിഞ്ഞ തിങ്കളാഴ്ച നടന്ന യോഗത്തിൽ വിഷയത്തിൽ അന്തിമ തീരുമാനമെടുത്ത് കഴിഞ്ഞെന്നാണ് റിപ്പോർട്ട്. നാളെയാണ് നൊബേൽ ജേതാവിനെ പ്രഖ്യാപിക്കുന്നത്.
നൊബേൽ കമ്മിറ്റിയുടെ അവസാന യോഗം തിങ്കളാഴ്ച ചേർന്നുവെന്ന് നോർവീജിയൻ നൊബേൽ ഇൻസ്റ്റിറ്റ്യൂട്ട് വക്താവ് എറിക് ആഷീമിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തിരുന്നു. ട്രംപിന്റെ മധ്യസ്ഥതയിൽ ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ നിലവിൽ വരുന്നതിന് മുമ്പ് തന്നെ നൊബേൽ പുരസ്‌കാര ജേതാവിന്റെ കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. അതുകൊണ്ട് ട്രംപിന് ഇനി സാധ്യതയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.
അഞ്ച് അംഗങ്ങളുള്ള നൊബേൽ കമ്മിറ്റി സാധാരണയായി ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുമ്പ് തീരുമാനമെടുക്കുകയും ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് അവസാനമായി ഒരിക്കൽ കൂടി യോഗം ചേരുകയും ചെയ്യും. തിങ്കളാഴ്ചയാണ് അവസാന മിനുക്കുപണികൾ നടത്തിയത്. പക്ഷേ നൊബേൽ കമ്മിറ്റി എപ്പോൾ തീരുമാനമെടുക്കുമെന്ന് തങ്ങൾ വെളിപ്പെടുത്തില്ലെന്നും ആഷീം പറഞ്ഞു.
താൻ നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് ട്രംപ് നിരവധി തവണ പറഞ്ഞിരുന്നു. ഗസ്സ യുദ്ധമടക്കം ആറു യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്നും തനിക്ക് നൊബേൽ നൽകിയില്ലെങ്കിൽ അത് യുഎസിനെ അപമാനിക്കലാണെന്നും ട്രംപ് പറഞ്ഞിരുന്നു.