250ലധികം ഭക്ഷ്യ ഉല്‍പന്നങ്ങളുടെ അധിക ഇറക്കുമതി തീരുവ പിൻവലിച്ച് ട്രംപ് ഭരണകൂടം; ഇന്ത്യക്ക് ആശ്വാസം

ഉയര്‍ന്ന താരിഫ് പുനഃപരിശോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Update: 2025-11-17 02:30 GMT
Editor : നബിൽ ഐ.വി | By : Web Desk

വാഷിങ്ടണ്‍: ‌പലചരക്ക് സാധനങ്ങളുടെ വില ഉയർന്ന സാഹചര്യത്തിൽ വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി താരിഫ് പിന്‍വലിച്ച് ട്രംപ് ഭരണകൂടം. ആഭ്യന്തര വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനായാണ് ഇറക്കുമതി താരിഫ് പിന്‍വലിച്ചിരിക്കുന്നത്.

കാപ്പി, തേയില, ഉണക്കിയ പഴങ്ങള്‍, പരിപ്പ്, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങി നിരവധി ഉത്പനങ്ങള്‍ക്ക് ചുമത്തിയിരുന്നു ഇറക്കുമതി താരിഫ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 229 കാര്‍ഷിക ഇനങ്ങള്‍ ഉള്‍പ്പെടെ 254 ഉല്‍പ്പന്നങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചത്.

Advertising
Advertising

ഉയര്‍ന്ന താരിഫ് പുനഃപരിശോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 50 ശതമാനമായിരുന്നു ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് ട്രംപ് ചുമത്തിയ താരിഫ് നിരക്ക്. ഇളവ് അനുവദിക്കപ്പെട്ട സാധനങ്ങളിൽ വലിയൊരു പങ്ക് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യപ്പെടുന്നവയാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കഴിഞ്ഞ ഏപ്രിലില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയ ഇരട്ട നികുതിയില്‍ ഇളവുണ്ടായേക്കും.

ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് (ജിടിആര്‍ഐ) റിപ്പോര്‍ട്ട് അനുസരിച്ച് സുഗന്ധവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക ഉല്‍പ്പന്നങ്ങളാണ് ഇന്ത്യയില്‍ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്. കുരുമുളക്, കാപ്‌സിക്കം, ഇഞ്ചി-മഞ്ഞള്‍-കറി സുഗന്ധവ്യഞ്ജനങ്ങള്‍, ജീരക വിത്ത് വിഭാഗങ്ങള്‍, ഏലം, ചായ, കൊക്കോ ബീന്‍സ്, കറുവപ്പട്ട, ഗ്രാമ്പൂ, പഴ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. തക്കാളി, സിട്രസ് പഴങ്ങള്‍, തണ്ണിമത്തന്‍, വാഴപ്പഴം, പഴങ്ങള്‍, പഴച്ചാറുകള്‍ എന്നിവയാണ് താരിഫ് നിരക്കില്‍ ഇളവ് ലഭിച്ചിട്ടുള്ള മറ്റ് ഉത്പന്നങ്ങള്‍.

തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, കശുവണ്ടി എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ കയറ്റുമതികളെയാണ് നിരക്ക് വര്‍ധന ഏറ്റവും കൂടുതല്‍ ബാധിച്ചത്. താരിഫ് പ്രഖ്യാപനത്തിന് ശേഷം യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ സെപ്റ്റംബറില്‍ മാത്രം ഏകദേശം 12 ശതമാനം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.43 ബില്യണ്‍ ഡോളറായിരുന്നു കയറ്റുമതിയുടെ മൂല്യം. മാസങ്ങള്‍ നീണ്ട ഇടിവിന് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി പുനരാരംഭിക്കാന്‍ പുതിയ നീക്കം സഹായിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News