'ഭക്ഷണമില്ല, ഒരേയൊരു ടോയ്‍ലറ്റ് മാത്രം'; 50 മണിക്കൂര്‍ പിന്നിട്ട് ദുരിതം, തുര്‍ക്കി വിമാനത്താവളത്തിൽ ഇന്ത്യാക്കാരുൾപ്പെടെ 250ലധികം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു
വിമാനത്തിലെ യാത്രക്കാരിലൊരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു
അങ്കാറ: ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിര്‍ജിന്‍ അറ്റ്‌ലാന്‍റിക് വിമാനം തുര്‍ക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയതുമൂലം 250ഓളം യാത്രക്കാര്‍ ദുരിതത്തിൽ. 50 മണിക്കൂറോളമായി യാത്രക്കാര്‍ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്. യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യാക്കാരാണ്.
ലണ്ടനിലെ ഹീത്രു വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനം വ്യാഴാഴ്ച പുലർച്ചെ 1.40 ന് ലാൻഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ വിമാനത്തിലെ യാത്രക്കാരിലൊരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. പക്ഷെ ലാൻഡിങ്ങിനിടെ വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടതിനെ തുടര്‍ന്ന് A350-1000 വിമാനത്തിന് പിന്നീട് പറന്നുയരാൻ കഴിഞ്ഞില്ല. തെക്ക്-കിഴക്കൻ തുർക്കിയിലെ ഒരു ചെറിയ സൈനിക വിമാനത്താവളമാണ് ദിയാർബക്കിർ വിമാനത്താവളം, പരിമിതമായ സൗകര്യങ്ങളാണുള്ളത്. ഇത് മൂലം വിമാനത്താവളത്തിൽ പെട്ടുപോയ യാത്രക്കാര്‍ ഭക്ഷണമില്ലാതെ വലയുകയാണ്.
യാത്രക്കാര്‍ക്ക് എത്രയും പെട്ടെന്ന് മുംബൈയിൽ എത്തിച്ചേരാനായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള സാധ്യതകൾ സജീവമായി പരിശോധിക്കുന്നുണ്ടെന്ന് യുകെ ആസ്ഥാനമായുള്ള എയർലൈൻ വ്യാഴാഴ്ച പ്രസ്താവനയിൽ അറിയിച്ചു. ആവശ്യത്തിന് ഭക്ഷണമില്ലാത്തതും പരിമിതമായ ടോയ്‍ലറ്റ് സൗകര്യങ്ങളും മൊബൈൽ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാര്‍ജ് ചെയ്യാനുള്ള സൗകര്യമില്ലാത്തതും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. വിമാനത്താവളവുമായും മറ്റ് അധികാരികളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് തുർക്കിയിലെ ഇന്ത്യൻ എംബസി അറിയിച്ചു.