പെൻഗ്വിനുകൾ മാത്രമുള്ള ദ്വീപിന് തീരുവ ചുമത്തി ട്രംപ്; ഇന്റർനെറ്റിൽ ട്രോൾ മഴ
പത്ത് വർഷം മുൻപാണ് ദ്വീപിൽ അവസാനമായി മനുഷ്യർ കാലു കുത്തിയത്
വാഷിങ്ടൺ: പെൻഗ്വിനുകൾ മാത്രം താമസിക്കുന്ന ദ്വീപിന് തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡൊനാൾ ട്രംപ്. അന്റാർട്ടിക്കയ്ക്കടുത്തുള്ള ജനവാസമില്ലാത്ത ഹേഡ് ആൻഡ് മക്ഡൊണാൾഡ്‌സ് ദ്വീപുകൾക്കാണ് ട്രംപ് 10 ശതമാനം തീരുവ ചുമത്തിയത്. കടൽമാർഗം മാത്രം എത്താൻ സാധിക്കുന്ന ഈ ദ്വീപുകളിൽ പെൻഗ്വിനുകളും കടൽ പക്ഷികളും മാത്രമാണുള്ളത്. പിന്നാലെയാണ് ട്രംപിനെ പരിഹസിച്ച് കൊണ്ട് മീമുകളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്തെത്തിയത്.
ഓസ്ട്രേലിയയുടെ അധീനതയിലുള്ള ദ്വീപുകളാണ് ഹേഡ് ആൻഡ് മക്ഡൊണാൾഡ്‌സ്. ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിലൊന്നായാണ് ഇത് കണക്കാക്കുന്നത്. ഓസ്ട്രേലിയയ്ക്ക് ചുമത്തിയ 10 ശതമാനം പകരച്ചുങ്കത്തിനു പുറമേ, ആ രാജ്യത്തിന്റെ അധീ നതയിലുള്ള ദ്വീപുകൾക്ക് പ്രത്യേക ചുങ്കവും ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിലാണ് ഹേഡ് ആൻഡ് മക്ഡൊണാൾഡ്‌സ് ദ്വീപുകളും പെട്ടത്. പത്ത് വർഷം മുൻപാണ് ദ്വീപിൽ അവസാനമായി മനുഷ്യർ കാലു കുത്തിയത്.
ഭൂമിയില്‍ ഒരിടവും സുരക്ഷിതമല്ലെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ട്രംപിന്റെ നടപടിയോട് പ്രതികരിച്ചത്. അമേരിക്കയുടെ സമ്പത് വ്യവസ്ഥ മെച്ചപ്പെടുത്തൽ ട്രംപ് പെൻഗ്വിനുകൾക്കും തീരുവ ചുമത്തുന്നുവെന്നും ഇന്റർനെറ്റ് ഉപയോക്താക്കൾ പരിഹസിക്കുന്നു. വൈറ്റ് ഹൗസ് ഇന്‍റേണ്‍ വിക്കിപീഡിയ പേജ് നോക്കിയാണോ പട്ടികയുണ്ടാക്കിയതെന്നും ചിലർ ചോദിക്കുന്നുണ്ട്. ഇതുവരെ ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് പ്രതികരണമൊന്നും നടത്തിയിട്ടില്ല.