'യുക്രൈനിൽ യഥാർഥ സമാധാനവും ഗസ്സയിൽ അടിയന്തര വെടിനിർത്തലും വേണം'; ആദ്യ ഞായറാഴ്ച സന്ദേശത്തിൽ ലിയോ പതിനാലാമൻ മാർപാപ്പ
പോപ്പ് ലിയോ പതിനാലാമന്റെ പ്രഥമ ഞായറാഴ്ച സന്ദേശം കേൾക്കാനായി ഒരു ലക്ഷത്തോളം ആളുകളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ എത്തിയത്.
വത്തിക്കാൻ സിറ്റി: തന്റെ ആദ്യ ഞായറാഴ്ച സന്ദേശത്തിൽ ഗസ്സയിലും യുക്രൈനിലും സമാധാനത്തിന് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. യുക്രൈനിൽ യഥാർഥ സമാധാനവും ഗസ്സയിൽ അടിയന്തര വെടിനിർത്തലും വേണമെന്ന് മാർപാപ്പ പറഞ്ഞു. മൂന്നാം ലോക മഹായുദ്ധത്തിന്റെ ഭാഗികമായ നാടകീയ രംഗങ്ങളാണ് നടക്കുന്നത്. ഇനിയൊരിക്കലും യുദ്ധം ഉണ്ടാകരുത് എന്ന എക്കാലത്തെയും ആഹ്വാനമാണ് ലോക വൻശക്തികൾക്ക് നൽകാനുള്ളതെന്നും പോപ്പ് പറഞ്ഞു.
പോപ്പ് ഫ്രാൻസിസിന്റെ നിര്യാണത്തെ തുടർന്ന് മേയ് എട്ടിനാണ് പുതിയ പോപ്പിനെ തിരഞ്ഞെടുത്തത്. പോപ്പ് ലിയോ പതിനാലാമന്റെ പ്രഥമ ഞായറാഴ്ച സന്ദേശം കേൾക്കാനായി ഒരു ലക്ഷത്തോളം ആളുകളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ എത്തിയത്.
ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത പോപ്പ് ഇസ്രായേൽ ഉപരോധത്തെയും വിമർശിച്ചു. കടുത്ത ഉപരോധത്തിൽ വലയുന്ന സാധാരണക്കാർക്ക് മാനുഷിക സഹായം എത്തിക്കണം. ഹമാസ് ബന്ദികളാക്കിയവരെ ഉടൻ വിട്ടയക്കണമെന്നും പോപ്പ് ആവശ്യപ്പെട്ടു.
ഇന്ത്യ-പാക് വെടിനിർത്തലിനെയും പോപ്പ് സ്വാഗതം ചെയ്തു. ചർച്ചകൾ ശാശ്വത സമാധാനത്തിലേക്ക് നയിക്കട്ടെ എന്ന് മാർപാപ്പ പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമൻ പ്രാർഥിച്ചു. മുൻഗാമിയുടെ പാതയിൽ പ്രവർത്തിക്കുമെന്നും പുതിയ പോപ്പ് വ്യക്തമാക്കി.