ഹമാസ് പിടിയിലുള്ള ഏക അമേരിക്കൻ ബന്ദിയെ മോചിപ്പിക്കും; തീരുമാനം യുഎസ്-ഹമാസ് നേരിട്ടുള്ള ചര്‍ച്ചയില്‍
580 ദിവസത്തിലധികമായി ഹമാസ് തടങ്കലിൽ കഴിയുകയാണ് ഐഡൻ അലക്‌സാണ്ടര്‍
വാഷിങ്ടണ്‍: ഹമാസ് പിടിയിലുള്ള യു.എസ് ബന്ദി ഐഡൻ അലക്‌സാണ്ടറിനെ നിരുപാധികം വിട്ടയക്കാൻ തീരുമാനം. അമേരിക്കയും ഹമാസും തമ്മിൽ നേരിട്ട് നടത്തിയ ചർച്ചയിലൂടെയാണ് തീരുമാനമായത്. 580 ദിവസത്തിലധികമായി ഹമാസ് തടങ്കലിൽ കഴിയുകയാണ് ഐഡൻ അലക്‌സാണ്ടര്‍. ഹമാസ് പിടിയിലുള്ള ഏക അമേരിക്കൻ ബന്ദി കൂടിയാണ് ഐഡൻ അലക്സാണ്ടർ. ഇയാളെ സ്വീകരിക്കാൻ അമേരിക്കയുടെ പശ്ചി മേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ് ഇന്ന് ഇസ്രായേലിൽ എത്തും. ദോഹയിൽ ഹമാസുമായി മധ്യസ്ഥ രാജ്യങ്ങൾ മുഖേന സ്റ്റിവ് വിറ്റ്കോഫ് നടത്തിയ സുപ്രധാന ചർച്ചയെ തുടർന്നാണ് മോചന തീരുമാനമുണ്ടായത്.
ന്യൂജേഴ്‌സിയിൽ ജനിച്ചു വളർന്ന 21 വയസ്സുള്ള ഐഡൻ അലക്‌സാണ്ടര്‍ ഗസ്സ അതിര്‍ത്തിയില്‍ എലൈറ്റി ഇൻഫാന്ററി യൂണിറ്റിൽ പ്രവർത്തിക്കുന്നതിനിടെയാണ് ഹമാസിന്റെ പിടിയിലാകുന്നത്. എന്നാല്‍ ഐഡനെ എന്നാണ് മോചിപ്പിക്കുക എന്നത് ഹമാസ് വ്യക്തമാക്കിയിട്ടില്ല. ചൊവ്വാഴ്ച ഇദ്ദേഹത്തെ വിട്ടയക്കാന്‍ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഗസ്സയിൽ സുസ്ഥിര സ്വഭാവത്തിലുള്ള വെടിനിർത്തലുമായി ബന്ധപ്പെട്ട് അമേരിക്കയുമായി നടന്ന ചർച്ചയിൽ പുരോഗതിയുള്ളതായി ഹമാസ് വെളിപ്പെടുത്തി. യു.എസ് ബന്ദിയെ കൈമാറാനുള്ള ഹമാസ് തീരുമാനത്തെ മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തും ഖത്തറും അഭിനന്ദിച്ചു.ഇത് ഗസ്സയിൽ സമഗ്ര വെടിനിർത്തൽ നീക്കത്തിന് ഇത് ആക്കം കൂട്ടുമെന്ന് ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടു.
അതിനിടെ, യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പര്യടനം നാളെ തുടങ്ങും. യുഎസ് പ്രസിഡന്റായി വീണ്ടും അധികാരമേറ്റതിന് ശേഷം നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. സൗദി അറേബ്യയിലേക്കാണ് യാത്ര. അതിനു മുന്നോടിയായാണ് ഹമാസുമായി യു.എസ് നേരിട്ട് ചർച്ച തുടങ്ങിയത്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ മോചനത്തില്‍ ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നതായി ട്രംപ് പറഞ്ഞു.അമേരിക്കയോടും മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും ശ്രമഫലമായി നടന്ന മികച്ച ചുവടുവെപ്പാണ്. ക്രൂരമായ യുദ്ധം അവസാനിപ്പിക്കാനും ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും അവരുടെ പ്രിയപ്പെട്ടവര്‍ക്ക് നല്‍കാനും ഇതുവഴി സാധിക്കുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, സന്നദ്ധ സംഘടനകൾ മുഖേന ഗസ്സയിലേക്ക് ഉടൻ സഹായം എത്തിക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളും അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഹമാസുമായി നേരിട്ട് ചർച്ച നടത്തിയ യുഎസ് നടപടി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കൂടുതൽ സമ്മർദത്തിലാക്കിയിട്ടുണ്ട്. ഇനിയെങ്കിലും ബന്ദിമോചനത്തിന് മുന്നിട്ടിറങ്ങാൻ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ വെടിനിർത്തൽ ചർച്ചയോട് എതിർപ്പില്ലെങ്കിലും ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് നെതന്യാഹു വ്യക്തമാക്കി. ബന്ദിമോചനവും യുദ്ധവിരാമവും ആവശ്യപ്പെട്ട് തെൽ അവീവിലും ജറൂസലേമിലും കൂറ്റൻ റാലികൾ നടന്നു.