ചെപ്പോക്കില്‍ ഗതിപിടിക്കാതെ ചെന്നൈ; ഡല്‍ഹിക്ക് 25 റണ്‍സ് ജയം
ആറ് പോയിന്‍റുമായി ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ തലപ്പത്ത്
ചെന്നൈ: സ്വന്തം തട്ടകമായ ചെപ്പോക്കിൽ ഗതിപിടിക്കാതെ ചെന്നൈ സൂപ്പർ കിങ്‌സ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 25 റൺസിന്റെ തോൽവിയാണ് ചെന്നൈ വഴങ്ങിയത്. അർധ സെഞ്ച്വറി നേടിയ വിജയ് ശങ്കർ മാത്രമാണ് ചെന്നൈ നിരയിൽ അൽപമെങ്കിലും പൊരുതി നോക്കിയത്. ഡൽഹിക്കായി വിപ്രജ് നിഗം രണ്ട് വിക്കറ്റ് പിഴുതു. അവസാന ഓവറുകളിൽ ചെന്നൈയെ കൂറ്റനടികൾക്ക് വിടാതിരുന്ന ബോളർമാരാണ് ഡൽഹിക്ക് മൂന്നാം ജയം സമ്മാനിച്ചത്.
നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹിക്കായി ഓപ്പണർ കെ.എൽ രാഹുൽ അർധ സെഞ്ച്വറി കുറിച്ചു. 51 പന്തിൽ മൂന്ന് സിക്‌സും ആറ് ഫോറും സഹിതം 77 റൺസാണ് രാഹുൽ ഡൽഹി സ്‌കോർബോർഡിൽ ചേർത്തത്. 33 റൺസെടുത്ത അഭിഷേക് പൊരേലും 21 റൺസെടുത്ത ക്യാപ്റ്റൻ അക്‌സർ പട്ടേലും 24 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്‌സും ഡൽഹി സ്‌കോർബോർഡിന് നിർണായക സംഭാവനകൾ നൽകി മടങ്ങി.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ചെന്നൈക്ക് രചിൻ രവീന്ദ്രയേയും ഡെവോൺ കോൺവേയേയും ക്യാപ്റ്റൻ ഗെയിക്വാദിനേയും നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും പയ്യെപ്പോക്ക് ചെന്നൈക്ക് വിനയായി. 54 പന്തെടുത്താണ് ശങ്കർ 69 റൺസ് അടിച്ചെടുത്തത്. ഇന്നിങ്സിലെ അവസാന ഓവറിലാണ് ശങ്കറിന്‍റെ ബാറ്റില്‍ നിന്നൊരു സിക്സര്‍ പറന്നത്. ഇക്കുറി ആർ.അശ്വിന് മുമ്പേ ക്രീസിലെത്തിയിട്ടും ചെന്നൈ ആരാധകരുടെ സ്വന്തം തല മഹേന്ദ്രസിങ് ധോണിക്കും ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്താനായില്ല. ധോണി 26 പന്തില്‍ 30 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ജയത്തോടെ ആറ് പോയിന്‍റുമായി ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ തലപ്പത്തെത്തി.