വൈഭവ് സൂര്യവംശിക്ക് എന്തുകൊണ്ട് അവസരം ലഭിച്ചില്ല?; കാരണം വ്യക്തമാക്കി ക്യാപ്റ്റൻ ശ്രേയസ് അയ്യർ

Update: 2026-10-18 10:44 GMT
Editor : safvan rashid | By : Sports Desk

ബംഗളൂരു: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനിൽ അവസരം ലഭിക്കാതിരുന്നതിൻ്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ടീമിൽ നിലവിൽ മികച്ച ഫോമിലുള്ള രണ്ട് ഓപ്പണർമാരുള്ളതിനാലാണ് കൗമാരതാരത്തിന് കാത്തിരിക്കേണ്ടി വന്നതെന്ന് അയ്യർ പറഞ്ഞു.

പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ കലാശിച്ചിരുന്നു. പരമ്പരയിലെ ഒരു മത്സരത്തിൽ പോലും വൈഭവിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ശ്രേയസ് അയ്യർ പറഞ്ഞതിങ്ങനെ:  *"അവസരങ്ങൾ തേടിയെത്തുമെന്ന് ഞാൻ വൈഭവിനോട് നിരന്തരം പറയാറുണ്ട്. ചില സമയങ്ങളിൽ അവസരങ്ങൾക്കായി കാത്തിരിക്കേണ്ടി വരും. നമുക്കിപ്പോൾ മികച്ച രണ്ട് ഓപ്പണർമാരുണ്ട് (സഞ്ജു സാംസണും അഭിഷേക് ശർമയും). ഇതേ കാര്യമാണ് ഞങ്ങൾ വൈഭവുമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്."*

പരമ്പരയിൽ മികച്ച ബാറ്റിങ് കാഴ്ചവെച്ച സഞ്ജു സാംസൺ (168 റൺസ്), അഭിഷേക് ശർമ (145 റൺസ്) എന്നിവരെയാണ് ടീം മാനേജ്‌മെന്റ് ഓപ്പണിങ് റോളിൽ പിന്തുണച്ചത്.

രണ്ടും നാലും ടി20 മത്സരങ്ങളിൽ ബൗളർമാർ കൂടുതൽ കൃത്യത പുലർത്തിയിരുന്നെങ്കിൽ പരമ്പരയുടെ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും വെസ്റ്റ് ഇൻഡീസ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ശ്രേയസ് കൂട്ടിച്ചേർത്തു. അടുത്തതായി വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയ്ക്കായി ഇന്ത്യൻ ടീം ന്യൂസിലൻഡിലേക്ക് തിരിക്കും.

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News