രഞ്ജി ട്രോഫി: സച്ചിന് പിന്നാലെ അസറുദ്ദീനും സെഞ്ച്വറി; കേരളത്തിന് 404 റൺസ്

രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോൾ ഒഡീഷ ഒന്നാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ്

Update: 2026-10-19 13:23 GMT
Editor : Sharafudheen TK | By : Sports Desk

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഒഡീഷക്കെതിരായ മത്സരത്തിന്റെ ഒന്നാം ഇന്നിങ്‌സിൽ കേരളം 404 റൺസിന് ഓൾഔട്ട്. സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും നേടിയ സെഞ്ചുറികളാണ് കേരളത്തിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോൾ ഒഡീഷ ഒന്നാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ്.

ഒന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 18 റൺസെന്ന നിലയിൽ പരുങ്ങിയ കേരളത്തെ സച്ചിൻ ബേബിയും മുഹമ്മദ് അസറുദ്ദീനും ചേർന്നാണ് കരകയറ്റിയത്. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് 141 റൺസ് കൂട്ടിച്ചേർത്തു.സച്ചിൻ ബേബി 113 റൺസ് നേടി പുറത്തായപ്പോൾ, വിക്കറ്റ് കീപ്പർ ബാറ്ററായ മുഹമ്മദ് അസറുദ്ദീൻ പുറത്താകാതെ 139 റൺസ് നേടി ഇന്നിംഗ്സിന്റെ നെടുംതൂണായി.ആറിന് 245 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിനായി ആദിത്യ സർവാതെ 53 റൺസ് നേടി അസറുദ്ദീന് മികച്ച പിന്തുണ നൽകി.

അഭിജിത് പ്രവീൺ (14), വൈശാഖ് ചന്ദ്രൻ (1), നിധീഷ് എം.ഡി (15) റൺസ് നേടി പുറത്തായി. ഒഡീഷക്കായി ലളിത് യാദവ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. രാജേഷ് മൊഹന്തിയും സൗമ്യ ലെങ്കയും രണ്ട് വിക്കറ്റ് വീതം നേടി. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോൾ ഒഡീഷയുടെ സുബ്രശു 12 റൺസുമായും സന്ദീപ് പണ്ഡ്‌നായിക്ക് 2 റൺസുമായാണ് ക്രീസിൽ. കേരളത്തിനായി ആദിത്യ സർവാതെ 2 വിക്കറ്റും ജലജ് സക്‌സേന 1 വിക്കറ്റും നേടി

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News