അഭ്യൂഹങ്ങൾക്ക് വിരാമം; എസ്ആർഎച്ച് ഉടമ കാവ്യ മാരൻ-അനിരുദ്ധ് വിവാഹ തിയതി പ്രഖ്യാപിച്ച് ബന്ധുക്കൾ

ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമയാണ് കാവ്യ മാരൻ. സംഗീത സംവിധായകനും ഗായകനുമാണ് അനിരുദ്ധ്

Update: 2026-10-18 11:25 GMT
Editor : Sharafudheen TK | By : Sports Desk

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും സൺ ടിവി നെറ്റ്വർക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറും സൺറൈസേഴ്സ് ഹൈദരാബാദ് ഉടമയുമായ കാവ്യ മാരനും വിവാഹിതരാകുന്നു. നവംബർ 10, 11 തീയതികളിൽ ഗ്രീസിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കു.

Advertising
Advertising

  വിവാഹം ഗ്രീസിലെ പ്രശസ്തമായ സാന്റോറിനിയിൽ വെച്ചാണെന്ന് നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഈ വാർത്ത തെറ്റാണെന്ന് മാരൻ കുടുംബവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഗ്രീസിലെ വിവാഹച്ചടങ്ങുകളുടെ പൂർണ്ണ ചുമതലയും ഗതാഗത-താമസ സൗകര്യങ്ങളും മാരൻ കുടുംബം നേരിട്ടാണ് ഏകോപിപ്പിക്കുന്നത്. നവംബർ 21-ന് ചെന്നൈയിൽ പ്രൗഢഗംഭീരമായ വിവാഹസൽക്കാരവും നിശ്ചയിച്ചിട്ടുണ്ട്. സൺ ഗ്രൂപ്പ് ചെയർമാൻ കലാനിധി മാരനും ഭാര്യ കാവേരി മാരനും ഹൈദരാബാദിലെ ജൂബിലി ഹിൽസിലെത്തി തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയെ നേരിട്ട് കണ്ട് ക്ഷണക്കത്ത് കൈമാറി. ഇതിന്റെ ചിത്രങ്ങൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് എന്നിവരെയും കുടുംബം നേരിട്ടെത്തി ക്ഷണിച്ചു. പ്രധാനമന്ത്രിയെ കണ്ട സംഘത്തിൽ അനിരുദ്ധും കാവ്യയുടെ മാതാപിതാക്കളും അനിരുദ്ധന്റെ മാതാപിതാക്കളായ രവിചന്ദറും ലക്ഷ്മിയും പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണക്കത്ത് നൽകുന്ന ചടങ്ങിൽ അനിരുദ്ധും കാവ്യയും ഒപ്പമുണ്ടായിരുന്നു. 

2025-ലാണ് അനിരുദ്ധും കാവ്യയും പ്രണയത്തിലാണെന്ന വാർത്തകൾ ആദ്യമായി പുറത്തുവരുന്നത്. എന്നാൽ അന്ന് അത്തരം പ്രചാരണങ്ങളെ തള്ളിപ്പറഞ്ഞ അനിരുദ്ധ് ഇവ വെറും അഭ്യൂഹങ്ങളാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ 2026 ജൂണിൽ അനിരുദ്ധന്റെ അമ്മാവനും മുതിർന്ന നടനുമായ വൈ.ജി മഹേന്ദ്രൻ അഭിമുഖത്തിൽ വിവാഹവാർത്ത സ്ഥിരീകരിക്കുകയായിരുന്നു. അനിരുദ്ധ് ഒരു വലിയ ബന്ധത്തിലേക്ക് കടക്കുകയാണെന്നും ഇത് ഉറപ്പിച്ച കാര്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദ് ഉടമയെന്ന നിലയിൽ ക്രിക്കറ്റ് സർക്കിളുകളിൽ ശ്രദ്ധേയയാണ് കാവ്യമാരൻ. ടീമിന്റെ മത്സരങ്ങളിലെ സ്ഥിരം മുഖമായ അവർ, ടീം ലേലത്തിലും സജീവമായി പങ്കെടുത്തിരുന്നു. സംഗീത സംവിധായകനും ഗായകനുമായി തെന്നിന്ത്യയെ ഇളക്കിമറിക്കുന്ന അനിരുദ്ധ്, അടുത്തിടെ പുറത്തിറങ്ങിയ രജനികാന്തിന്റെ ജെയ്‌ലറിന്റേയും ഭാഗമായിരുന്നു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News