ന്യൂസിലൻഡിനെതിരായ ടി20 പരമ്പര: വൈഭവിന്റെ കാത്തിരിപ്പ് തുടരേണ്ടിവരും, സൂചന നൽകി ശ്രേയസ് അയ്യർ

വ്യാഴാഴ്ച ഇന്ത്യ-കിവീസ് ടി20 പരമ്പര ആരംഭിക്കാനിരിക്കെയാണ് ശ്രേയസ് സഞ്ജു-അഭിഷേക് കൂട്ടുകെട്ട് തുടരുമെന്ന സൂചന നൽകിയത്

Update: 2026-10-21 12:16 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലും ഇന്ത്യൻ പ്ലേയിങ് ഇലവനിൽ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിക്കാൻ സാധ്യത കുറവെന്ന് സൂചന. അഭിഷേക് ശർമ്മയും സഞ്ജു സാംസണും തന്നെയായിരിക്കും ഓപ്പണിങ് ജോടികളായി തുടരുകയെന്ന് ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ വ്യക്തമാക്കി. വ്യാഴാഴ്ച ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം ആരംഭിക്കുന്നത്. പരമ്പരയിൽ അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഉൾപ്പെടുന്നുണ്ട്.

വൈഭവ് സൂര്യവംശിയെപ്പോലെ പ്രതിഭാശാലിയായ താരം ഡ്രസ്സിങ് റൂമിൽ എപ്പോഴും സന്തോഷത്തോടെയിരിക്കേണ്ടത് പ്രധാനമാണെന്ന് ശ്രേയസ് അയ്യർ പറഞ്ഞു. 'അവൻ വളരെ ചെറുപ്പമാണ്, അവസരങ്ങൾക്കായി ഇനിയും വർഷങ്ങളുണ്ട്. ഇപ്പോൾ പെട്ടെന്ന് ടീമിലിടം നേടാൻ കഴിയില്ല, കാരണം ഞങ്ങളുടെ ഓപ്പണർമാർ മികച്ച പ്രകടനം തുടരുകയാണ്, മാത്രമല്ല അവർ ലോകകപ്പ് നേടിയ ടീമിലിടം നേടിയവരുമാണ്‌'. മത്സരത്തിന് മുന്നോടിയായി നടന്ന പ്രസ്മീറ്റിൽ സംസാരിക്കവെ അയ്യർ അഭിപ്രായപ്പെട്ടു. ഈ വർഷം ആദ്യം നടന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾക്ക് തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ഇന്ത്യ കളിച്ച 21 ടി20 മത്സരങ്ങളിൽ എട്ട് ടി20യിലാണ് വൈഭവ് കളത്തിലിറങ്ങിയത്. എന്നാൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്ന അഭിഷേകിനും സഞ്ജുവിനുമാണ് കൂടുതൽ അവസരം ലഭിച്ചത്.

Advertising
Advertising

കഴിഞ്ഞ ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെയാണ് 15 കാരനായ വൈഭവ് ലോകശ്രദ്ധ നേടിയത്. പിന്നീട് ഇന്ത്യയുടെ ജൂനിയർ ടീമിൽ ഇടം നേടിയ ഇടംകൈയ്യൻ ഓപ്പണർ ഫോം തുടരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ദേശീയ ടീമിലേക്കുള്ള വിളിയെത്തിയത്. 'വിദേശ രാജ്യങ്ങളിൽ പര്യടനം നടത്തുമ്പോൾ ഇവിടുത്തെ പിച്ചുകളുടെ സ്വഭാവം എന്താണെന്ന് അവന് വ്യക്തമായ ധാരണ ലഭിക്കും. അടുത്ത തവണ ഈ സാഹചര്യങ്ങളിൽ കളിക്കുമ്പോൾ വൈഭവ് കൂടുതൽ തയ്യാറെടുപ്പുള്ളവനായിരിക്കും. കൂടാതെ, ഇവിടെ ആദ്യമായി എത്തുന്ന മറ്റ് ടീം അംഗങ്ങൾക്ക് അവന് നിർദ്ദേശങ്ങൾ നൽകാനും സാധിക്കും' അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുവരെ കളിച്ച 8 ടി20 മത്സരങ്ങളിൽ നിന്ന് 186.36 സ്‌ട്രൈക്ക് റേറ്റിലും 30.75 ശരാശരിയിലും രണ്ട് അർദ്ധശതലങ്ങൾ ഉൾപ്പെടെ 246 റൻസാണ് വൈഭവ് നേടിയിട്ടുള്ളത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണം നേടിയപ്പോൾ വൈഭവ് ടീമിൽ കളിച്ചിരുന്നു. അന്ന് ടീനേജർക്ക് അവസരം നൽകാനായി സഞ്ജു സാംസൺ ബാറ്റിംഗ് നിരയിൽ മൂന്നാം നമ്പറിലേക്ക് മാറുകയായിരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News