ക്യാപ്റ്റൻ പാട്ടീഥാർക്ക് പരിക്ക്, ഹേസൽവുഡ് മടങ്ങിവരില്ല; ആർസിബിക്ക് ചങ്കിടിപ്പ്
ന്യൂഡൽഹി: നടന്നുവരുന്ന ഐപിഎല്ലിൽ മികച്ച ഫോമിലാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു . 11 മത്സരങ്ങൾ പൂർത്തിയായപ്പോൾ 16 പോയന്റുമായി പട്ടികയിൽ രണ്ടാമതാണ് ബെംഗളൂരു. ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റൻസുമായുള്ളത് നെറ്റ് റൺറേറ്റിലെ വ്യത്യാസം മാത്രം.
എന്നാൽ ഓപ്പറേഷൻ സന്തൂറിന് ശേഷമുണ്ടായ അനിശ്ചിതത്വങ്ങൾക്ക് ശേഷം ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ഒട്ടും ശുഭകരമല്ലാത്ത വാർത്തകളാണ് ആർസിബിക്ക് കേൾക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ക്യാപ്റ്റൻ രജത് പാട്ടീഥാർ കളത്തിലേക്ക് മടങ്ങിയെത്താൻ ദീർഘകാലമെടുക്കുമെന്ന് വിവിധറിപ്പോർട്ടുകൾ പറയുന്നു. ടീമിനെ മികച്ച രീതിയിൽ നയിക്കുന്ന പാട്ടീഥാർ കളത്തിന് പുറത്തായാൽ അത് ക്യാപ്റ്റൻസിക്കൊപ്പം തന്നെ ബാറ്റിങ് ഓർഡറിനെയും സാരമായി ബാധിക്കും.
ബൗളിങ് ഡിപ്പാർട്മെന്റിനെ നയിക്കുന്ന ജോഷ് ഹേസൽവുഡിന്റെ കാര്യത്തിലും സംശയമുണ്ട്. തോളിനേറ്റ പരിക്കിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഹേസൽവുഡ് തിരികെ ബെംഗളൂരുവിലെത്താൻ സാധ്യത കുറവാണ്. പല മത്സരങ്ങളിലും ആർസിബിയെ വിജയിപ്പിച്ച ഹേസൽവുഡിന്റെ അസാന്നിധ്യം ടീമിന് കനത്ത നഷ്ടമാണ്.
ഇമ്പാക്റ്റ് െപ്ലയറായി വന്ന് തിളങ്ങിയിരുന്ന ദേവ്ദത്ത് പടിക്കൽ പരിക്കിനെത്തുടർന്ന് ടൂർണമെന്റിൽ നിന്നും പുറത്തായിരുന്നു. മായങ്ക് അഗർവാളിനെ പരക്കാരനായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.