ഐപിഎൽ ശനിയാഴ്ച മുതൽ പുനരാരംഭിക്കും; ഫൈനൽ ജൂൺ മൂന്നിന്
ആറുവേദികളിലായാണ് മത്സരം പൂർത്തിയാക്കുക
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഒരാഴ്ചയായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നു. 6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാക്കുക. ഫൈനൽ ജൂൺ 3നാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് ബിസിസിഐ പുതുക്കിയ ഷെഡ്യൂൾ പുറത്തുവിട്ടത്.
പ്ലേ ഓഫ് മത്സരങ്ങളുടെ ഷെഡ്യൂളും ഇതോടൊപ്പമുണ്ട്. ഒന്നാം ക്വാളിഫയർ മത്സരം മെയ് 29നും എലിമിനേറ്റർ മത്സരം മെയ് 30നും നടക്കും. ജൂൺ ഒനിന്നാണ് രണ്ടാം ക്വാളിഫയർ. തുടർന്ന് ജൂൺ 3നാണ് കലാശപ്പോരാട്ടം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. നാല് പ്ലേഓഫ് മത്സരങ്ങൾ ഉൾപ്പെടെ ആകെ 16 മത്സരങ്ങളാണ് ഇനി കളിക്കാനുള്ളത്. അതേസമയം, ഫൈനൽ വേദി പ്രഖ്യാപിച്ചിട്ടില്ല. ബിസിസിഐ ഐപിഎൽ ഒരാഴ്ചത്തേക്ക് നിർത്തിവച്ചതിനെത്തുടർന്ന് പല വിദേശ താരങ്ങളും ഇന്ത്യ വിട്ടുപോയിരുന്നു. ഇവരെ തിരിച്ചെത്തിക്കുകയെന്നത് ഫ്രാഞ്ചൈസികൾക്ക് വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ ഓസീസ്,ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകളുടെ തീരുമാനം നിർണായകമാകും.