‘‘പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഡ്രോൺ ആക്രമണം മറച്ചുവെച്ചു, ഞങ്ങൾ ആശങ്കപറഞ്ഞപ്പോഴാണ് മത്സരങ്ങൾ മാറ്റിയത്’’ -തുറന്നു​പറച്ചിലുമായി ക്രിക്കറ്റ് താരം

Update: 2025-05-11 14:19 GMT
Editor : safvan rashid | By : Sports Desk
Advertising

ഇസ്‍ലാമാബാദ്: പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ പ്രതികരണവുമായി ബംഗ്ലദേശ് താരം റിഷാദ് ഹുസൈൻ രംഗത്ത്. പാകിസ്താൻ സൂപ്പർ ലീഗിൽ ലാഹോർ കലന്തേഴ്സിനായി കളിക്കുന്ന റിഷാദ് പിസിബി ഡ്രോൺ ആക്രമണം മറച്ചുവെച്ചുവെന്ന ആരോപണവുമായി രംഗത്തെത്തി.

‘‘നിലവിലെ സ്ഥിതിഗതികൾ അറിയിക്കാനും ഞങ്ങളുടെ ആശങ്കകൾ കേൾക്കാനുമായി ഒരു യോഗം ഒരുക്കി. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ സുരക്ഷിതമായി ഒരുക്കാവുന്ന ഏക സ്ഥലം ദുബൈ ആണെന്ന് എല്ലാ വിദേശതാരങ്ങളും പ്രതികരിച്ചു. പക്ഷേ പാകിസ്താൻ ​ക്രിക്കറ്റ് ബോർഡ് കറാച്ചിയിൽ തന്നെ മത്സരങ്ങൾ നടത്താനാണ് ശ്രമിച്ചത്.ആ സമയം അവർ ഞങ്ങളിൽ നിന്നും തലേ ദിവസമുണ്ടായ രണ്ട് ഡ്രോൺ ആക്രമണങ്ങൾ മറച്ചുവെച്ചു. പിന്നീട് ഇത് അറിഞ്ഞപ്പോൾ ഞങ്ങൾ ആശങ്ക അറിയിച്ചതോടെയാണ് മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റിയത്. എന്തായാലും ദുബൈയിൽ സുരക്ഷിതമായി എത്തിച്ചതിന് പിസിബി ചെയർമാനോടും പാകിസ്താൻ ക്രിക്കറ്റ് ബോർഡിനോടും നന്ദി പറയുന്നു’’

‘‘ പ്രതിസന്ധി തരണം ചെയ്ത് ദുബൈയിൽ എത്താനായതിൽ ദൈവത്തോട് നന്ദി പറയുന്നു. ഇപ്പോൾ ആ​ശ്വാസമുണ്ട്. ഞങ്ങളുടെ വിമാനം പുറപ്പെട്ട് 20 മിനുറ്റിന് ശേഷം എയർപോർട്ടിൽ മിസൈൽ പതിച്ചെന്ന് കേട്ടു. ആ വാർത്ത ഞെട്ടിച്ചു’’ -റിഷാദ് ഹുസൈൻ പ്രതികരിച്ചു.വിദേശ താരങ്ങളായ സാം ബില്ലിങ്സ്,ഡാരൻ മിച്ചൽ, കുശാൽ പെരേര,ഡേവിഡ് വീസ്, ടോം കറൺ എന്നിവരെല്ലാം വളരെയേറെ ഭയപ്പെട്ടതായും ബംഗ്ലാ താരം ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇംഗ്ലണ്ട് താരം കറനെ വൈകാരികമായിട്ടാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഇന്ത്യ-പാകിസ്താൻ സംഘർഷ സാഹചര്യത്തിൽ പാകിസ്താൻ സൂപ്പർ ലീഗ് മത്സരങ്ങൾ നിർത്തിവെച്ചിരുന്നു. ഇതേതുടർന്ന് മത്സരങ്ങൾ ദുബൈയിലേക്ക് മാറ്റാനുള്ള പാക് ക്രിക്കറ്റ് ബോർഡ് ശ്രമങ്ങളും വിജയിച്ചില്ല. ഇതിനെത്തുടർന്ന് ടൂർണമെന്റ് റദ്ദാക്കി വിദേശ താരങ്ങളെയടക്കം ദുബൈയിലേക്ക് പാകിസ്താൻ മടക്കിയയിച്ചിരുന്നു.  

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News