ഐപിഎൽ പ്ലേഓഫ് ലക്ഷ്യമിട്ട് ഏഴ് ടീമുകൾ; ആർസിബിക്കും ഗുജറാത്തിനും ഉറപ്പായില്ല, സാധ്യതകൾ ഇങ്ങനെ
മത്സരം പുനരാരംഭിക്കുമ്പോൾ വിദേശതാരങ്ങളെയെത്തിക്കുകയെന്നത് ഫ്രാഞ്ചൈസികൾക്ക് വെല്ലുവിളിയാണ്
ഒരാഴ്ചയായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് ബിസിസിഐയും ഐപിഎൽ ഗവേണിങ് കൗണിസിലും. അവശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും പ്ലേഓഫും ഫൈനലും ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ മൂന്ന് സ്‌റ്റേഡിയങ്ങളായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. പുതുക്കിയ മത്സര ഷെഡ്യൂൾ ഉൾപ്പെടെ വരുംദിവസങ്ങളിൽ പുറത്തിറക്കും. ഇടവേളക്ക് ശേഷം വീണ്ടും ആവേശ പോരാട്ടത്തിന് ടീമുകൾ തയാറെടുക്കുമ്പോൾ ഈ സീസണിലെ പ്ലേഓഫ് സാധ്യതകൾ പരിശോധിക്കാം.
ഇതുവരെയായി 11 മത്സരങ്ങളാണ് പൂർത്തിയായത്. എന്നാൽ ആരൊക്കെ പ്ലേഓഫിലെത്തുമെന്നതിൽ കാര്യങ്ങൾ പ്രവചനാതീതമായി തുടരുന്നു. ചിത്രം തെളിയാൻ ഇനിയും കാത്തിരിക്കണം. ഏഴ് ടീമുകൾക്ക്് പ്ലേഓഫ് സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നത് ഐപിഎൽ മത്സരചൂട് എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ്. ഇതിൽ തന്നെ ആദ്യ രണ്ട് സ്ഥാനത്തിനായി അഞ്ച് ഫ്രാഞ്ചൈസികളാണ് മല്ലിടുന്നത്. പട്ടികയിൽ തലപ്പത്തുള്ള ഗുജറാത്ത് ടൈറ്റൻസിന് നിലവിൽ 16 പോയന്റാണുള്ളത്. നെറ്റ് റൺറേറ്റ് 0.793. ഐപിഎൽ പുനരാരംഭിക്കാനിരിക്കെ ശുഭ്മാൻ ഗില്ലും സംഘവും തങ്ങൾ പൂർണ്ണ സജ്ജമെന്ന് പ്രഖ്യാപിച്ച് പരിശീലന ക്യാമ്പ് ആരംഭിച്ചു കഴിഞ്ഞു. രണ്ടാമതുള്ള റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും 16 പോയന്റുണ്ട്.
എന്നാൽ നെറ്റ് റൺറേറ്റിൽ നേരിയ വ്യത്യാസത്തിൽ ജിടിക്ക് പിറകിലായെന്ന് മാത്രം. മുൻപൊക്കെ 16 എന്ന മാജിക് സഖ്യയിൽ തൊട്ടാൽ പ്ലേഓഫ് ഉറപ്പായിരുന്നെങ്കിൽ ഈ സീസണിൽ ഇതൊരു സേഫ് നമ്പറല്ല. ആദ്യ സ്ഥാനങ്ങളിൽ തുടരുന്ന ഈ രണ്ട് ടീമുകൾക്കും നിലവിൽ കാര്യങ്ങൾ ഉറപ്പിക്കാമെന്ന് പറയാനാവില്ല. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒരു ജയമെങ്കിലും നേടണം. ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, ചെന്നൈ സൂപ്പർ കിങ്‌സ് എന്നീ ടീമുകൾക്കെതിരെയാണ് ഗുജറാത്തിന്റെ ശേഷിക്കുന്ന മത്സരങ്ങൾ. ഇതിൽ ലഖ്‌നൗവും ഡൽഹിയും പ്ലേഓഫ് ലക്ഷ്യമിടുന്നതിനാൽ പോരാട്ടം കടുക്കുമെന്നുറപ്പാണ്. ആർസിബിയുടെ കാര്യവും സമാനമാണ്. ലഖ്‌നൗ,ഹൈദരാബാദ്, കൊൽത്തത്ത ടീമുകൾക്കെതിരെയാണ് ഇനിയുള്ള ഗ്രൂപ്പ് മത്സരങ്ങൾ. ഇതിൽ ഒന്നിലെങ്കിലും ജയിച്ചാൽ പ്ലേഓഫ് ബെർത്ത് നേടിയെടുക്കാം. ഇനി മൂന്നിലും തോറ്റാലും സാധ്യത നിലനിൽക്കുന്നു. മറ്റു ടീമുകളുടെ വിജയപരാജയങ്ങളായിരിക്കും ഇവിടെ ജിടിയുടേയും ആർസിബിയുടേയും ഭാവി നിർണയിക്കുക.
പുതിയ നായകൻ ശ്രേയസ് അയ്യരുടെ കീഴിൽ സ്വപനകുതിപ്പ് നടത്തിവരുന്ന പഞ്ചാബ് കിങ്‌സാണ് നിലവിൽ ടേബിളിൽ മൂന്നാമത്. 2014ന് ശേഷം പ്ലേഓഫ് കളിക്കാനൊരുങ്ങുന്ന പഞ്ചാബിന് നിലവിൽ 15 പോയന്റാണുള്ളത്. 11 മാച്ചിൽ 7 ജയം. നെറ്റ് റൺറേറ്റ് 0.376. അവശേഷിക്കുന്ന മാച്ചുകളിൽ ഒന്നിലെങ്കിലും ജയിച്ചാൽ റിക്കി പോണ്ടിങ് പരിശീലിപ്പിക്കുന്ന ടീമിന് സേഫ് സോണിൽ എത്താനാകും. ഇതിനായി ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ കടമ്പയാണ് അവരെ കാത്തിരിക്കുന്നത്. പഞ്ചാബിനേതിന് സമാനമായി രാജസ്ഥാനൊഴികെയുള്ള ടീമുകൾക്കും ഈ മത്സരം നിർണായകമാകുമെന്നതിനാൽ മുന്നോട്ടുള്ള പ്രയാണം എളുപ്പമാകില്ലെന്നുറപ്പാണ്. അതേസമയം, സംഘർഷ സമയത്തും ജോഷ് ഇംഗ്ലിസ്, മാർക്കസ് സ്‌റ്റോയിനിസ് ഉൾപ്പെടെയുള്ള ഓസീസ് താരങ്ങളെ നാട്ടിലേക്ക് പറഞ്ഞയക്കാതെ പിടിച്ചുനിർത്താനായത് പഞ്ചാബിന് അനുകൂലമാണ്. മറ്റു ടീമുകൾ വിദേശ താരങ്ങളെയെത്തിക്കാനായി പാടുപെടുമ്പോൾ പഞ്ചാബിന് ഇക്കാര്യത്തിൽ ആശ്വാസിക്കാം
തുടക്കത്തിലെ തിരിച്ചടിയിൽ നിന്ന് ട്രാക്ക് മാറിയാണ് മുംബൈ ഇന്ത്യൻസിന്റെ യാത്ര. തുടർച്ചയായി ആറു ജയവുമായി ഡ്രീം കംബാകായിരുന്നു മുൻ ചാമ്പ്യൻമാരുടേത്. എന്നാൽ മഴയിൽ കുതിർന്ന അവസാന മാച്ചിൽ ഗുജറാത്തിനെതിരെ മൂന്ന് വിക്കറ്റ് തോൽവി ടീമിന് വലിയ തിരിച്ചടിയായി. നിലവിൽ പോയന്റ് ടേബിളിൽ നാലാംസ്ഥാനത്തായ മുംബൈയും പ്ലേഓഫ് പോരാട്ടത്തിലെ പ്രധാന കാമ്പയിനറാണ്. 12 മാച്ചിൽ ഏഴ് ജയവുമായി 14 പോയന്റാണ് സമ്പാദ്യം. മറ്റു ടീമുകളെ അപേക്ഷിച്ച് മികച്ച റൺറേറ്റുള്ളത് (1.156) ഹാർദിക് പാണ്ഡ്യയുടെ കളിക്കൂട്ടത്തിന് പ്ലസ്‌പോയന്റാണ്. പഞ്ചാബ് കിങ്‌സ്, ഡൽകി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കെതിരെയാണ് ഇനി കളിക്കേണ്ടത്. ഈ രണ്ട് ടീമുകളും പ്ലേഓഫ് ലക്ഷ്യമിടുന്നതിനാൽ ഐപിഎല്ലിന്റെ റീസ്റ്റാർട്ടിൽ നീലപടയെ കാത്തിരിക്കുന്നത് ജീവൻമരണപോരാട്ടമാണ്.
സീസൺ തുടക്കത്തിൽ അവിശ്വസനീയ കുതിപ്പ് നടത്തിയ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. പിന്നീടങ്ങോട്ട് പോരാട്ടചൂടിൽ അക്‌സർ പട്ടേലും സംഘവും വിജയട്രാക്കിൽ നിന്ന് തെന്നിമാറി. അവസാനലാപ്പിലെത്തി നിൽക്കെ ഡിസിയുടെ പ്ലേഓഫ് സാധ്യതകളും ഇതോടെ അനിശ്ചിതത്വത്തിലായി. 11 മാച്ചിൽ ആറു ജയമുള്ള ഡൽഹി 13 പോയന്റുമായി ബോർഡർ ലൈനിന് താഴെ അഞ്ചാംസ്ഥാനത്താണിപ്പോൾ. ഒരു സ്‌റ്റെപ്പ് മുകളിലേക്ക് കയറി സേഫ് സോണിലെത്തണമെങ്കിൽ ഇനിയുള്ള മൂന്ന് മാച്ചിലും വിജയം സ്വന്തമാക്കണം. സുരക്ഷാ കാരണങ്ങളാൽ പാതിവഴിയിൽ നിർത്തിവെച്ച പഞ്ചാബിനെതിരായ മത്സരത്തിന് പുറമെ ഗുജറാത്തിനും മുംബൈയ്ക്കുമെതിരെയാണ് മറ്റു രണ്ട് മാച്ചുകൾ. നാട്ടിലേക്ക് മടങ്ങിപോയ മിച്ചൽ സ്റ്റാർക്ക് ഉൾപ്പെടെയുള്ള വിദേശ താരങ്ങളുടെ മടങ്ങിവരവടക്കം ഡൽഹിക്ക് ഏറെ പ്രധാനപ്പെട്ടതാണ്.
ജയവും തോൽവിയുമായി ഒട്ടും പ്രെഡിക്ടബിളല്ലാത്ത ടീമാണ് ഈ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. നിലവിലെ ചാമ്പ്യൻമാരെന്ന ലേബലുണ്ടെങ്കിലും അതിനൊത്ത പ്രകടനം കെകെആറിൽ നിന്നുണ്ടായില്ല. 12 മാച്ചിൽ അഞ്ച് ജയം മാത്രമുള്ള കൊൽക്കത്ത ആറാം സ്ഥാനത്താണ്. ജിടിക്കും എസ്ആർഎച്ചിനുമെതിരായ ശേഷിക്കുന്ന രണ്ട് മാച്ചും ജയിച്ചെങ്കിൽ മാത്രമേ അജിൻക്യ രഹാനെയുടെ സംഘത്തിന് പ്ലേഓഫിലെ നേരിയ സാധ്യത നിലനിർത്താനാകുക. ഋഷഭ് പന്തിന് കീഴിൽ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനും ഇത്തവണ കാര്യങ്ങൾ ഒട്ടും അനുകൂലമായിരുന്നില്ല. 11 പോയന്റിൽ 10 പോയന്റ് മാത്രമുള്ള ലഖ്‌നൗ ഏഴാംസ്ഥാനത്താണിപ്പോൾ. നെറ്റ് റൺറേറ്റിൽ മൈനസിലാണെന്നതും എൽഎസ്ജിക്ക് തിരിച്ചടിയാണ്. ആർസിബി,ജിടി,ഹൈദരാബാദ് ടീമുകൾക്കെതിരെ അവശേഷിക്കുന്ന മത്സരത്തിൽ മികച്ച മാർജിനിൽ ജയിച്ചാൽ മാത്രമാകും പന്തിനും സംഘത്തിനും അവസാന നാലിലേക്ക് മുന്നേറാനാകുക.
ഐപിഎൽ പുനരാരംഭിക്കുമ്പോൾ മൈതാനങ്ങളിൽ അതെങ്ങനെയാകും പ്രതിഫലിക്കുക. മത്സരം ഏതാനും മൈതാനങ്ങളിലേക്കായി ചുരുങ്ങിയാൽ ആർക്കാകും അതിന്റെ അഡ്വാന്റേജ്. നാട്ടിലേക്ക് മടങ്ങിയ വിദേശതാരങ്ങളെയെത്തിക്കാൻ ഏതെല്ലാം ഫ്രാഞ്ചൈസികൾക്ക് സാധിക്കും. പ്രതികൂല സാഹചര്യങ്ങളെയെല്ലാം കൃത്യമായി ടാക്ലിൾ ചെയ്ത് ആരാകും 18ാം പതിപ്പിലെ രാജാക്കൻമാർ... കാത്തിരുന്ന് കാണാം.