ആർച്ചർ കൊടുങ്കാറ്റ്‌; രാജസ്ഥാന് 50 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം

ആര്‍ച്ചര്‍ക്ക് മൂന്ന് വിക്കറ്റ്

Update: 2025-04-05 18:02 GMT
Advertising

ഛണ്ഡിഗഢ്: ഐ.പി.എല്ലിൽ രാജസ്ഥാന്റെ രാജകീയ തിരിച്ചുവരവ്. പഞ്ചാബിനെ അവരുടെ തട്ടകത്തിൽ 50 റൺസിനാണ് സഞ്ജുവും സംഘവും തകർത്തത്. പേസ് ബോളർ ജോഫ്ര ആർച്ചറിന്റെ ഗംഭീര തിരിച്ചുവരവിനാണ് മത്സരം സാക്ഷിയായത്. നാലോവറിൽ 25 റൺസ് വിട്ടുനൽകിയ ആർച്ചർ മൂന്ന് വിക്കറ്റുകൾ പിഴുതു. പഞ്ചാബ് ഇന്നിങ്‌സിലെ ആദ്യ ഓവറിൽ രണ്ട് ബാറ്റർമാരെയാണ് ആർച്ചർ ക്ലീൻ ബൗൾഡാക്കിയത്. രാജസ്ഥാൻ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന് 155 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. രാജസ്ഥാനായി സന്ദീപ് ശർമ മഹേഷ് തീക്ഷ്ണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിൽ നേരിട്ട ആദ്യ പന്തിൽ തന്നെ പഞ്ചാബിന് പിഴക്കുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. ആദ്യ ഓവറിലെ ആദ്യ പന്തിൽ പ്രിയാൻഷ് ആര്യയെ ക്ലീൻ ബൗൽഡാക്കി ജോഫ്ര ആർച്ചർ രാജസ്ഥാന് നിർണായക ബ്രേക്ക് ത്രൂ നൽകി. അതേ ഓവറിലെ അവസാന പന്തിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യറിന്റേയും കുറ്റി തെറിപ്പിച്ച ആർച്ചർ പഞ്ചാബിന് ഇരട്ട പ്രഹരമാണ് ഏൽപ്പിച്ചത്.

നാലാം ഓവറിൽ മാർകസ് സ്‌റ്റോയിനിസും ഏഴാം ഓവറിൽ പ്രഭ്‌സിംറാൻ സിങ്ങും വീണതോടെ പഞ്ചാബ് ഒരു പടുകൂറ്റൻ തോൽവി മണത്തു. എന്നാൽ ഗ്ലെൻ മാക്‌സ്വെല്ലും നെഹാൽ വധേരയും ചേർന്ന് രക്ഷാപ്രവർത്തന ദൗത്യം ഏറ്റെടുത്തു. വധേര 41 പന്തിൽ 62 റൺസെടുത്തപ്പോൾ മാക്‌സ്വെൽ 21 പന്തിൽ 30 റൺസാണ് അടിച്ചെടുത്തത്. ഇരുവരും വീണ ശേഷം മത്സരം രാജസ്ഥാന്റെ കൈയ്യിലായി. 

നേരത്തേ അർധ സെഞ്ച്വറി നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാളും 43 റൺസെടുത്ത റിയാൻ പരാഗും 38 റൺസെടുത്ത ക്യാപ്റ്റൻ സഞ്ജുവും ചേർന്നാണ് രാജസ്ഥാന് മികച്ച ടോട്ടൽ സമ്മാനിച്ചത്. പഞ്ചാബ് നിരയിൽ ലോക്കി ഫെർഗൂസൺ രണ്ട് വിക്കറ്റ് വീഴ്ത്തി.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News