ഉമവി സാഹിത്യം: സുവർണ്ണ കാലഘട്ടത്തിന്റെ അവലോകനം

ഉമവി കവിതയുടെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു 'നഖാഇദ്' അഥവാ ഖണ്ഡന-മണ്ഡന കാവ്യങ്ങൾ. എതിരാളിയെ പരിഹസിച്ചും സ്വന്തം ഗോത്രത്തെ വാഴ്ത്തിയും ഒരേ വൃത്തത്തിലും പദവിന്യാസത്തിലും കവികൾ മറുപടി കവിതകൾ രചിക്കുന്ന രീതിയാണിത്. ജരീർ (Jarir), ഫറസ്ദഖ് (Farazdaq), അഖ്ത്വൽ (Akhtal) എന്നിവരാണ് ഈ രംഗത്തെ പ്രമുഖർ. ഇവർ പരസ്പരം നടത്തിയ കാവ്യയുദ്ധങ്ങൾ അന്നത്തെ സാഹിത്യ ലോകത്തെ സജീവമാക്കി നിർത്തി. അറബി ഭാഷയുടെ വ്യാകരണശുദ്ധിയും പദസമ്പത്തും നിലനിർത്തുന്നതിൽ ഈ കവിതകൾ വലിയ പങ്കുവഹിച്ചു.

Update: 2026-10-05 12:25 GMT

അറബ്-ഇസ്‌ലാമിക സാഹിത്യ ചരിത്രത്തിൽ സവിശേഷമായ പരിവർത്തന കാലഘട്ടത്തെയാണ് ഉമവി യുഗം പ്രതിനിധീകരിക്കുന്നത്. ജാഹിലിയ്യാ കാലഘട്ടത്തിലെ (ഇസ്‌ലാമിന് മുമ്പുള്ള കാലം) ഗോത്ര പാരമ്പര്യങ്ങളുടെയും പ്രവാചക കാലഘട്ടത്തിലും ഖുലഫാഉർറാശിദുകളുടെ കാലഘട്ടത്തിലും രൂപപ്പെട്ട തനിമയാർന്ന ഇസ്‌ലാമിക ആദർശങ്ങളുടെയും സംയോജനത്തിൽ നിന്നാണ് ഉമവി സാഹിത്യം രൂപംകൊണ്ടത്. ഡമാസ്കസ് കേന്ദ്രമാക്കി ഉമവി ഖലീഫമാർ ഭരണമാരംഭിച്ചതോടെ, സാഹിത്യം പുതിയ രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങളുമായി ഇണങ്ങിച്ചേർന്നു. പഴയകാല അറബി പാരമ്പര്യത്തെയും പിന്നീട് വന്ന അബ്ബാസി സുവർണ്ണയുഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാനമായ കണ്ണിയായി ഉമവി സാഹിത്യം നിലകൊള്ളുന്നു.

Advertising
Advertising

1. ഉമവി സാഹിത്യത്തിന്റെ പശ്ചാത്തലവും രൂപവത്കരണവും :

ഉമവി ഭരണകാലഘട്ടം (CE 661 - 750 / AH 41 - 132) അറബ് സാഹിത്യ ചരിത്രത്തിൽ സമാനതകളില്ലാത്ത മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ്. മുആവിയാ ബിൻ അബീ സുഫ്‌യാൻ ഉമവി രാജവംശം സ്ഥാപിച്ചതോടുകൂടി ഇസ്‌ലാമിക ഖിലാഫത്ത് രാജഭരണ സംവിധാനത്തിലേക്ക് വഴിമാറി. ഈ രാഷ്ട്രീയ മാറ്റം സാഹിത്യത്തിലും ആഴത്തിലുള്ള പ്രതിഫലനങ്ങൾ സൃഷ്ടിച്ചു.

തലസ്ഥാനം മദീനയിൽ നിന്നും ഡമാസ്കസിലേക്ക് മാറ്റിയതോടെ, അറബികൾ റോമൻ, പേർഷ്യൻ സംസ്കാരങ്ങളുമായി സമ്പർക്കത്തിൽ വന്നു. ഇത് സാഹിത്യത്തിൽ പുതിയ ഭാവനകൾക്കും ശൈലികൾക്കും കൊടുക്കൽ വാങ്ങലുകൾക്കും വഴിയൊരുക്കി. എങ്കിലും, ജാഹിലിയ്യാ കാലത്തെ കവിതകളുടെ ഘടനയോടും പദസമ്പത്തിനോടുമുള്ള കടുത്ത കൂറ് അക്കാലത്തെ കവികൾ പുലർത്തിയിരുന്നു. മരുഭൂമിയുടെ പരുക്കൻ തനിമയും ഗോത്രാഭിമാനവും കവിതകളിൽ അതേപടി ബോധപൂർവ്വം നിലനിർത്തി. അതേസമയം, നഗരവൽക്കരണം കൊണ്ടുവന്ന ആഡംബരങ്ങളും സുഖലോലുപതയും സാഹിത്യത്തിൽ പ്രണയകാവ്യങ്ങളുടെയും ഉപഹാസങ്ങളുടെയും പുതിയ ശാഖകൾക്ക് ജന്മം നൽകി.

2. രാഷ്ട്രീയ ചേരിപ്പോരുകളും കവിതയുടെ പുതിയ ഭാവുകത്വവും

രാഷ്ട്രീയ കക്ഷികളുടെ ഉദയവും ഗോത്ര ബോധത്തിന്റെ ശക്തമായ തിരിച്ചുവരവുമാണ് ഉമവി കവിതയ്ക്ക് പുതിയ ദിശാബോധം നൽകിയത്. കവിതയുടെ രൂപപരമായ കാര്യങ്ങളിൽ (വൃത്തം, പ്രാസം തുടങ്ങിയവ) പൗരാണിക പാരമ്പര്യം കർശനമായി പാലിക്കപ്പെട്ടുവെങ്കിലും, അതിന്റെ ഉള്ളടക്കം തികച്ചും സമകാലികമായ രാഷ്ട്രീയ-സാമൂഹിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിക്കുന്നതായിരുന്നു.

എ. രാഷ്ട്രീയ കവിതകളും ചേരിപ്പോരുകളും

ഉമവികൾ, സുബൈരികൾ, ഖവാരിജുകൾ, ശിആക്കൾ തുടങ്ങി അധികാരത്തിനായുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ ചേരിപ്പോരുകളും വാദപ്രതിവാദങ്ങളും ഉമവി കവിതകളിൽ ശക്തമായി പ്രകടമായി. ഭരണകൂടത്തെ അനുകൂലിച്ചും എതിർത്തും കവികൾ രംഗത്തുവന്നു. ആശയ പ്രചാരണത്തിനുള്ള ഏറ്റവും ശക്തമായ ആയുധമായി കവിത മാറി.

ബി. നഖാഇദ് (ഖണ്ഡന-മണ്ഡന കാവ്യയുദ്ധങ്ങൾ)

ഉമവി കവിതയുടെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു 'നഖാഇദ്' അഥവാ ഖണ്ഡന-മണ്ഡന കാവ്യങ്ങൾ. എതിരാളിയെ പരിഹസിച്ചും സ്വന്തം ഗോത്രത്തെ വാഴ്ത്തിയും ഒരേ വൃത്തത്തിലും പദവിന്യാസത്തിലും കവികൾ മറുപടി കവിതകൾ രചിക്കുന്ന രീതിയാണിത്. ജരീർ (Jarir), ഫറസ്ദഖ് (Farazdaq), അഖ്ത്വൽ (Akhtal) എന്നിവരാണ് ഈ രംഗത്തെ പ്രമുഖർ. ഇവർ പരസ്പരം നടത്തിയ കാവ്യയുദ്ധങ്ങൾ അന്നത്തെ സാഹിത്യ ലോകത്തെ സജീവമാക്കി നിർത്തി. അറബി ഭാഷയുടെ വ്യാകരണശുദ്ധിയും പദസമ്പത്തും നിലനിർത്തുന്നതിൽ ഈ കവിതകൾ വലിയ പങ്കുവഹിച്ചു.

 

സി. പ്രണയകാവ്യങ്ങളുടെ രണ്ട് മുഖങ്ങൾ (ഗസൽ സാഹിത്യം)

ഹിജാസ് പ്രദേശത്ത് രണ്ട് വ്യത്യസ്ത ശൈലിയിലുള്ള പ്രണയകാവ്യങ്ങൾ (ഗസൽ) സമാന്തരമായി വളർന്നുവന്നു:

a -പരിപാവന പ്രണയകവിത (ഉദ്‌രി ): മരുഭൂമിയിലെ പരിശുദ്ധവും നിസ്വാർത്ഥവുമായ പ്രണയത്തെ ആവിഷ്കരിച്ച കാവ്യശാഖയാണിത്. ജമീൽ ബുഥൈന, ഖൈസുബ്നു മുലവ്വഹ് (മജ്നൂൻ ലൈലാ) തുടങ്ങിയവർ ഇതിന് നേതൃത്വം നൽകി. ശാരീരികമായ ആകർഷണത്തിനപ്പുറം ആത്മാർത്ഥമായ വികാരങ്ങളും വിരഹ വേദനയും നിറഞ്ഞതായിരുന്നു ഈ കവിതകൾ.

b-തുറന്ന പ്രണയകവിത ( നാഗരിക സംസ്കാരം): ഉമവി കാലത്തെ വികസിത ഹിജാസ്, നജ്‌ദ് തുടങ്ങിയ നഗരപ്രദേശങ്ങളിലെ സുഖലോലുപമായ ജീവിത പശ്ചാത്തലത്തിൽ രൂപംകൊണ്ടതാണിത്. സ്ത്രീകളുടെ സൗന്ദര്യത്തെയും പ്രണയലീലകളെയും തുറന്നുകാട്ടുന്നതായിരുന്നു ഈ കവിതകൾ. ഉമർ ബിൻ അബി റബീഅയാണ് ഈ ശൈലിയുടെ മുഖ്യ ഉപജ്ഞാതാവ്.

3. ഭരണപരമായ ആവശ്യങ്ങളും ഗദ്യസാഹിത്യത്തിന്റെ വളർച്ചയും

കവിതയ്ക്ക് പുറമെ ഗദ്യ സാഹിത്യവും (Prose) ഈ കാലഘട്ടത്തിൽ വലിയ രീതിയിൽ വികസിച്ചു. സാമ്രാജ്യത്തിന്റെ വിപുലീകരണവും പുതിയ ഭരണപരമായ ആവശ്യങ്ങളും ഇതിന് ശക്തമായ അടിത്തറ പാകി. ജനങ്ങളെ സ്വാധീനിക്കുന്നതിനും രാഷ്ട്രീയ-മത കാര്യങ്ങൾ ബോധവൽക്കരിക്കുന്നതിനുമുള്ള പ്രധാന ഉപാധിയായി ഗദ്യരൂപങ്ങൾ മാറി.

I. പ്രഭാഷണ കല (Al-Khutab)

ഭരണാധികാരികൾക്കും പ്രസംഗകർക്കും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യേണ്ടി വന്നത് പ്രഭാഷണ കലയുടെ വളർച്ചയ്ക്ക് കാരണമായി. ഹജ്ജാജ് ബിൻ യൂസുഫ്, സിയാദ് ബിൻ അബീഹ് തുടങ്ങിയവരുടെ പ്രഭാഷണങ്ങൾ അറബി പ്രഭാഷണ കലയുടെ മൂർച്ചയും ശക്തമായ സ്വാഭാവവും പ്രകടമാക്കുന്നവയായിരുന്നു. ഭരണം നിലനിർത്തുന്നതിനും ജനങ്ങളിൽ അനുസരണ വളർത്തുന്നതിനും ശക്തമായ വാഗ്ധോരണി അവർ ഉപയോഗിച്ചു.

II . കത്തെഴുത്തുവിദ്യ (Al-Rasa'il)

ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനും സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കുന്നതിനുമുള്ള പ്രധാന ഉപാധിയായി കത്തെഴുത്തുവിദ്യ മാറി. ഔദ്യോഗിക കത്തുകൾ, സൗഹൃദ കത്തുകൾ, സാഹിത്യ-ദാർശനിക കത്തുകൾ എന്നിങ്ങനെ ഇവ വിവിധ ശാഖകളായി വികസിച്ചു.

a - ഔദ്യോഗിക കത്തുകൾ (തൗഖീആത്): ഖലീഫമാരിൽ നിന്നും ഗവർണർമാർക്കും സൈന്യാധിപർക്കും അയച്ചിരുന്ന ഇത്തരം കത്തുകൾ സംക്ഷിപ്തതയും ആശയഗൗരവവും വസ്തുനിഷ്ഠതയും പുലർത്തിയിരുന്നു.

b-സൗഹൃദ കത്തുകൾ: ആത്മാർത്ഥമായ വികാരങ്ങളും ലളിതമായ ശൈലിയും പ്രകടമാക്കുന്നവയായിരുന്നു ഇവ.

ഈ രംഗത്ത് തിളങ്ങിനിന്ന പ്രമുഖരിൽ പ്രധാനിയാണ് കത്തെഴുത്ത് കലയുടെ വികാസത്തിന് അടിത്തറ പാകിയ അബ്ദുൽ ഹമീദ് അൽ-കാതിബ്. കത്തെഴുത്തിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. മതപരമായ ആഴവും ഉയർന്ന പാണ്ഡിത്യവുമുള്ള കത്തുകൾക്ക് ഉടമയായ ഹസനുൽ ബസ്വരി, ഹിശാം ബിൻ അബ്ദിൽ മലിക്കിന്റെ ഔദ്യോഗിക എഴുത്തുകാരനായിരുന്ന സാലിം മൗലാ മഹ്ദ്, കൃത്യതയാർന്ന രാഷ്ട്രീയ- നയതന്ത്ര കത്തുകൾക്ക് പേരുകേട്ട സിയാദ് ബിൻ അബീഹ് എന്നിവരും ഈ സാഹിത്യശാഖയെ സമ്പന്നമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കത്തുകൾ ആരംഭിക്കുമ്പോൾ ബിസ്മിയും ദൈവസ്തുതിയും ചൊല്ലി തുടക്കം കുറിക്കുക, അനാവശ്യമായ അതിഭാവുകത്വമില്ലാതെ കാര്യങ്ങൾ വ്യക്തമാക്കുക എന്നിവയായിരുന്നു ഇവരുടെയെല്ലാം രചനകളുടെ പൊതുവായ ശൈലീപരമായ സവിശേഷതകൾ.

4. ഉമവി സാഹിത്യത്തിന്റെ സവിശേഷതകളും പാരമ്പര്യവും

ഉമവി കാലഘട്ടത്തിലെ സാഹിത്യത്തിന് ചില കൃത്യമായ സവിശേഷതകൾ ഉണ്ടായിരുന്നു:

a-ഗോത്രാഭിമാനവും ഇസ്‌ലാമിക മൂല്യങ്ങളും: ജാഹിലിയ്യാ കാലത്തെ ഗോത്രാഭിമാനവും ആവേശവും നിലനിർത്തുമ്പോൾ തന്നെ ഖുർആന്റെയും ഇസ്‌ലാമിക ആശയങ്ങളുടെയും സ്വാധീനം പല സാഹിത്യസൃഷ്ടികളിലും പ്രകടമായി നിഴലിച്ചു.

b-ഭാഷാ ശുദ്ധി: മരുഭൂമിയുടെ തനിമയാർന്ന പദസമ്പത്ത് ഉമവി കവികൾ ഉപയോഗിച്ചത് വഴി അറബി ഭാഷയുടെ വ്യാകരണശുദ്ധി കാത്തുസൂക്ഷിക്കപ്പെട്ടു.

c -സമൂഹവുമായി ഇണങ്ങിനിൽക്കൽ: സാഹിത്യം കേവലം ഭാവനകളിൽ ഒതുങ്ങാതെ അന്നത്തെ സമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രതിസന്ധികളുടെയും ആഹ്വാനങ്ങളുടെയും നേർക്കാഴ്ചയായി മാറി.

ചുരുക്കത്തിൽ, ഉമവി സാഹിത്യം പഴയകാല ജാഹിലിയ്യാ പാരമ്പര്യങ്ങളുടെ തനിമ നഷ്ടപ്പെടുത്താതെതന്നെ പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയവും ഭരണപരവുമായ ആവശ്യങ്ങളുമായി ഇണങ്ങിചേരുന്നതാണ് നാം കണ്ടത്. കവിതകൾ ഗോത്ര അഭിമാനത്തിന്റെയും രാഷ്ട്രീയ ചേരിപ്പോരുകളുടെയും പ്രണയത്തിന്റെയും വേദിയായപ്പോൾ, ഗദ്യം പ്രഭാഷണങ്ങളിലൂടെയും കത്തുകളിലൂടെയും വിപുലമായ സാമ്രാജ്യത്തിന്റെ ഭരണസംവിധാനങ്ങളെയും സാമൂഹിക ബന്ധങ്ങളെയും താങ്ങിനിർത്തുന്ന ശക്തമായ ഉപാധിയായി വളർന്നു. ഈ അടിത്തറയാണ് പിൽക്കാലത്ത് അബ്ബാസി കാലഘട്ടത്തിലെ വിപുലമായ സുവർണ്ണ സാഹിത്യ യുഗത്തിന് വഴിയൊരുക്കിയത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - ഡോ. ഹഫീദ് നദ്‌വി

contributor

Similar News