നവയാന ബുദ്ധിസത്തിന്റെ ഏഴ് ദശാബ്ദങ്ങള്‍

ബ്രഹ്മണിക ഹിന്ദുത്വത്തിന്റെ സാമൂഹിക വിപത്തുകളില്‍ പ്രതിഷേധിച്ച് 1956 ഒക്ടോബര്‍ 14-ന് മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ദീക്ഷാഭൂമിയില്‍ വച്ച് ആറ് ലക്ഷത്തോളം അനുയായികള്‍ക്കൊപ്പം അംബേദ്കര്‍ ബുദ്ധമതപരിവര്‍ത്തനം നടത്തി ലോകത്തെ വിസ്മയിപ്പിച്ച ആ ചരിത്ര സംഭവത്തിന് 2026-ല്‍ എഴുപതാണ്ട് തികയുകയാണ്

Update: 2026-10-14 12:54 GMT

ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക ചരിത്രത്തിലും ദലിത് വിമോചന പ്രസ്ഥാനങ്ങളുടെ മുന്നേറ്റ ചരിത്രത്തിലും നിര്‍ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ചരിത്ര സംഭവമാണ് 1956-ലെ ഡോ. അംബേദ്കറുടെ ബുദ്ധമതപരിവര്‍ത്തനം. ബ്രഹ്മണിക ഹിന്ദുത്വത്തിന്റെ സാമൂഹിക വിപത്തുകളില്‍ പ്രതിഷേധിച്ച് 1956 ഒക്ടോബര്‍ 14-ന് മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ ദീക്ഷാഭൂമിയില്‍ വച്ച് ആറ് ലക്ഷത്തോളം അനുയായികള്‍ക്കൊപ്പം ബുദ്ധമതപരിവര്‍ത്തനം നടത്തി ലോകത്തെ വിസ്മയിപ്പിച്ച ആ ചരിത്ര സംഭവത്തിന് 2026-ല്‍ എഴുപതാണ്ട് തികയുകയാണ്. ബുദ്ധന്റെ ധമ്മശാസ്ത്രത്തെ പ്രജ്ഞ, കരുണ, നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, സ്വാഭിമാനം എന്നീ മൂല്യങ്ങളുമായി ബന്ധപ്പെടുത്തി പുനര്‍വ്യാഖ്യാനം ചെയ്ത ഡോ. അംബേദ്കറുടെ ചരിത്രപരമായ ഇടപെടലിന്റെ പരിണതഫലമായാണ് 1956-ല്‍ നവയാന ബുദ്ധിസം ജന്മം കൊള്ളുന്നത്. ജാതിവ്യവസ്ഥയുടെ നിഷ്ഠൂരമായ അടിച്ചമര്‍ത്തലില്‍ നിന്ന് മോചനം നേടുന്നതിനും മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും സ്ഥാപിക്കുന്നതിനും ബുദ്ധന്റെ ധമ്മദര്‍ശനത്തെ ഒരു സാമൂഹിക വിമോചനദര്‍ശനമായി ഡോ. അംബേദ്കര്‍ അവതരിപ്പിച്ചപ്പോള്‍ അത് ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തിലെയും ലോകത്തിന്റെ മതപരിവര്‍ത്തന ചരിത്രത്തിലെയും സുപ്രധാനമായ അധ്യായങ്ങളായി ലിഖിതപ്പെടുത്തുകയായിരുന്നു.

Advertising
Advertising

1956 ഒക്ടോബര്‍ 14-ന് നാഗ്പൂരിലെ ദീക്ഷാഭൂമിയില്‍ ഡോ. അംബേദ്കര്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിക്കുന്നതോടെയാണ് മര്‍ദ്ദിത ദേശീയതയുടെ വിമോചനവും പ്രബുദ്ധഭാരതത്തിന്റെ നിര്‍മ്മിതിയും ലക്ഷ്യമാക്കി നവയാന ബുദ്ധമത പ്രസ്ഥാനം ഉരുവംകൊള്ളുന്നത്. 2026-ല്‍ ഈ മഹത്തായ ചരിത്രസംഭവത്തിന് 70 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആ മഹാപ്രസ്ഥാനം നമ്മുടെ സാമൂഹിക, സാംസ്‌കാരിക ജീവിതത്തെ പുതുക്കിപ്പണിയുന്നതില്‍ ചെലുത്തിയ സ്വാധീനത്തെ വിശകലനം ചെയ്യുന്നത് അര്‍ഥവത്തായിരിക്കും. ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ഈ ഏഴ് പതിറ്റാണ്ടുകള്‍ കേവലം ഒരു മതപരിവര്‍ത്തനത്തിന്റെ വാര്‍ഷികമായല്ല, മറിച്ച് ജാതിവ്യവസ്ഥയ്‌ക്കെതിരായ പ്രതിരോധത്തിന്റെയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള അടിച്ചമര്‍ത്തപ്പെട്ടവരുടെ പോരാട്ടത്തിന്റെയും യുക്തിചിന്തയുടെയും സാമൂഹിക ജനാധിപത്യത്തിന്റെയും ചരിത്രം കൂടിയാണത് അനാവരണം ചെയ്യുന്നത്.

'നവയാനം' എന്ന വാക്കിന് 'പുതിയ വാഹനം' അഥവാ 'പുതിയ മാര്‍ഗം' എന്നാണ് അര്‍ഥം. പുതിയ യാത്ര എന്ന അര്‍ഥത്തിലും ഇത് പ്രയോഗിക്കാറുണ്ട്. ബുദ്ധമതത്തിന്റെ ചരിത്രത്തില്‍ സാധാരണയായി ചര്‍ച്ചചെയ്യപ്പെടുന്ന പരമ്പരാഗത രൂപങ്ങളായ ഥേരവാദം, മഹായാനം, വജ്രായനം, ലാമായിസം, സെന്‍ ബുദ്ധിസം തുടങ്ങിയ വിശ്വാസപാരമ്പര്യങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായൊരു സാമൂഹികവും ധാര്‍മ്മികവുമായ പ്രബുദ്ധ വീക്ഷണമാണ് നവയാനത്തിലൂടെ ഡോ. അംബേദ്കര്‍ മുന്നോട്ടുവെച്ചത്. അതിന്റെ ലക്ഷ്യവും ദൗത്യവും വ്യാഖ്യാനങ്ങള്‍ക്കപ്പുറം യുക്തിസഹമായ പരിവര്‍ത്തനമാണ്.

ഡോ. അംബേദ്കറുടെ നവയാന ബുദ്ധിസം ബുദ്ധന്റെ തത്വദര്‍ശങ്ങളെ ആധുനിക സമൂഹത്തിന്റെ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി ലോകത്തെ പുതുക്കിപ്പണിയാന്‍ വേണ്ടി നിലകൊള്ളുന്നതിലാണ് അതിന്റെ പ്രസക്തി ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. മനുഷ്യജീവിതത്തിലെ ദുഃഖത്തെ വ്യക്തിയുടെ മാനസികാവസ്ഥയില്‍ മാത്രം ഒതുക്കാതെ സാമൂഹിക അസമത്വം, ജാതീയമായ വിവേചനം, ചൂഷണം, ദാരിദ്ര്യം, അധികാരബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെടുത്തി ആഴത്തില്‍ മനസ്സിലാക്കുന്നതിനുള്ള വഴിയാണ് അത് തുറന്നിടുത്. യഥാര്‍ത്ഥത്തില്‍ സാമൂഹിക പരിവര്‍ത്തനത്തിനും സാംസ്‌കാരിക വിപ്ലവത്തിന് വേണ്ടിയാണ് അത് സംവദിക്കുന്നത്.

ഡോ. അംബേദ്കറെ സംബന്ധിച്ചിടത്തോളം മതത്തിന്റെ മൂല്യം അതിന്റെ ആചാരങ്ങളിലോ വിശ്വാസങ്ങളിലോ ദൈവസങ്കല്‍പങ്ങളിലോ മാത്രം നിലനില്‍ക്കുന്നതല്ല. മനുഷ്യജീവിതത്തെ ധാര്‍മ്മികമായി സത്തയുള്ളതാക്കി രൂപപ്പെടുത്താനും സമൂഹത്തില്‍ നീതിയും സമത്വവും സാഹോദര്യവും അഹിംസയും സ്ഥാപിക്കാനും വേണ്ടിയായിരിക്കണം അത് നിലകൊള്ളേണ്ടത്. അതുകൊണ്ടുതന്നെ നവയാന ബുദ്ധിസത്തിന്റെ കേന്ദ്രത്തില്‍ നിലകൊള്ളുന്നത് മനുഷ്യനും അവന്റെ പ്രശ്‌നങ്ങളുമാണ്. മനുഷ്യജീവിതത്തെ ഏങ്ങനെ സുന്ദരവും സന്തുഷ്ടവുമാക്കാം എന്ന അന്വേഷണമാണ് അതിന്റെ മുഖ്യ പ്രമേയം. വസ്തുനിഷ്ടമായി പരിശോധിക്കുമ്പോള്‍ അത് മനുഷ്യന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും യുക്തിചിന്തയ്ക്കും സാമൂഹികനീതിക്കും പ്രാധാന്യം നല്‍കുന്ന, അതിനുവേണ്ടി വാദിക്കുന്ന ഒരു ധാര്‍മ്മിക സാമൂഹികദര്‍ശനമാണെന്ന് കാണാന്‍ കഴിയും.

ഡോ. അംബേദ്കറുടെ ബുദ്ധമത സ്വീകരണവും നവയാനത്തിന്റെ ആവിര്‍ഭാവവും പെട്ടെന്നുണ്ടായ ഒരു തീരുമാനമായിരുന്നില്ല. ജാതി കേന്ദ്രീകൃതമായ ഇന്ത്യന്‍ ജാതിവ്യവസ്ഥയെയും ഹിന്ദുമതത്തിലെ സാമൂഹിക ശ്രേണീകരണത്തെയും അത് സൃഷ്ടിച്ച വിവേചനത്തെയും ദീര്‍ഘകാലം പഠിക്കുകയും അനുഭവിക്കുകയും വിമര്‍ശിക്കുകയും ചെയ്തതിന്റെ പരിണതഫലമായിരുന്നു അത്. 1891 ഏപ്രില്‍ 14-ന് ജനിച്ച അംബേദ്കര്‍, ജാതിവിവേചനത്തിന്റെ ക്രൂരമായ അനുഭവങ്ങള്‍ക്കിടയിലൂടെയാണ് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസം, രാഷ്ട്രീയാവകാശങ്ങള്‍, നിയമപരിരക്ഷ, സാമൂഹികപരിഷ്‌കരണം എന്നിവയിലൂടെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ വിമോചനത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇതിഹാസ ജീവിതം.

എന്നാല്‍ അതിന് നിയമപരമായ പരിഷ്‌കാരങ്ങള്‍ മാത്രം മതിയാകില്ലെന്നും മനുഷ്യരെ അസമരായി കാണുന്ന, അവരെ ശ്രേണികൃത അസമത്വത്തിന്റെ ചങ്ങലകളില്‍ ബന്ധിതരാക്കുന്ന സാമൂഹികവും മതപരവുമായ ദര്‍ശനങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അത്തരം അനീതികളെ ബോധപൂര്‍വം ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. മാത്രമല്ല ജാതി നിലനില്‍ക്കുന്നിടത്തോളം അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് നീതി ലഭിക്കുകയില്ലെന്നും അദ്ദേഹം നിരീക്ഷിച്ചിരുന്നു.

1935-ല്‍ യയോളയില്‍ നടന്ന സ്വാഭിമാന സമ്മേളനത്തില്‍, താന്‍ ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ലെന്ന് അംബേദ്കര്‍ പ്രഖ്യാപിച്ചത് ഇത്തരമൊരു തിരിച്ചറിവിന്റെ വെളിച്ചത്തിലായിരുന്നു. അതിനുശേഷം നീണ്ട 20 വര്‍ഷക്കാലം വിവിധ മതങ്ങളുടെ ചരിത്രവും തത്വചിന്തയും അദ്ദേഹം വിശദമായി പഠിച്ചു. ഒടുവില്‍ അദ്ദേഹം ബുദ്ധമതതത്വങ്ങളില്‍ ആകൃഷ്ടനാവുകയായിരുന്നു. എന്തുകൊണ്ട് താന്‍ ബുദ്ധമതത്തെ ഇഷ്ടപ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരമായി ഒരിക്കല്‍ ഡോ. അംബേദ്കര്‍ ഇപ്രകാരം പറഞ്ഞു.

'ഞാന്‍ ബുദ്ധിസത്തെ ഇഷ്ടപ്പെടുന്നു, എന്തെന്നാല്‍ അത് മൂന്ന് തത്വങ്ങളുടെ സംയോഗമാണ്. ഇത് മറ്റൊരു മതത്തിലും ദര്‍ശിക്കാനാവില്ല. ബുദ്ധിസം പ്രജ്ഞ (അന്ധവിശ്വാസത്തിനും പ്രകൃത്യാതീത ശക്തിക്കും എതിരെയുള്ള പ്രബോധനം), കരുണ (സ്‌നേഹം ), സമത (സമത്വം ) എന്നിവ പഠിപ്പിക്കുന്നു. ഇതാണ് മനുഷ്യന് സന്തോഷപ്രദവും സുഖകരവുമായ ജീവിതം നയിക്കാന്‍ അത്യന്താപേഷിതം'

ബുദ്ധമതം അദ്ദേഹത്തെ ആകര്‍ഷിച്ചത് അതിന്റെ യുക്തിപരവും ധാര്‍മികവുമായ സമീപനവും മനുഷ്യദുഃഖത്തോടുള്ള സമീപനവും സമത്വത്തിന് നല്‍കുന്ന പ്രാധാന്യവുമായിരുന്നു എന്ന് സാരം.

1956 ഒക്ടോബര്‍ 14-ന് നാഗ്പൂരില്‍ വച്ച് ലക്ഷക്കണക്കിന് അനുയായികളോടൊപ്പം അദ്ദേഹം ബുദ്ധമതം സ്വീകരിച്ചു. ബുദ്ധന്‍, ധമ്മം, സംഘം എന്നിവയില്‍ അഭയം പ്രാപിച്ചശേഷം അദ്ദേഹം അനുയായികള്‍ക്ക് ദീക്ഷ നല്‍കുകയും താന്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്നത് ബുദ്ധിസത്തിന്റെ നവീന പാതയായ നവയനമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പരമ്പരാഗത ബുദ്ധമതതത്വങ്ങളുടെ സ്വീകരണത്തോടൊപ്പം, ജാതിവ്യവസ്ഥയെയും ബ്രാഹ്മണിക മതാധികാരത്തെയും നിരാകരിക്കുന്ന 22 പ്രതിജ്ഞകളും അദ്ദേഹം അനുയായികളെക്കൊണ്ട് എടുപ്പിച്ചു. അങ്ങനെ നവയാന ബുദ്ധിസത്തിന്റെ താത്വിക വീക്ഷണങ്ങള്‍ക്ക് അദ്ദേഹം അടിത്തറ പാകി.

1956 ഒക്ടോബര്‍ 14-ന് നടന്ന ബുദ്ധമത സ്വീകരണം വ്യക്തികളുടെ മതപരമായ വിശ്വാസമാറ്റം മാത്രമായിരുന്നില്ല, പ്രത്യുത ജാതിവ്യവസ്ഥ അടിച്ചേല്‍പ്പിച്ച അപമാനത്തിനും സാമൂഹികമായ അധഃസ്ഥിതാവസ്ഥയ്ക്കും എതിരായ വിമോചനത്തിന്റെ കൂട്ടായ പ്രഖ്യാപനം കൂടിയായിരുന്നു.

ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനത്തിലൂടെ ഡോ. അംബേദ്കര്‍ തന്റെ അനുയായികള്‍ക്ക് പുതിയൊരു സാമൂഹിക സ്വത്വവും ധാര്‍മികമായ ജീവിതദര്‍ശനവുമാണ് പകര്‍ന്നുനല്‍കിയത്. ദീക്ഷാഭൂമിയില്‍ നടന്ന ആ ചരിത്രസംഭവം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരിധികളെക്കുറിച്ചുള്ള അര്‍ഥവത്തായ നിരവധി ചോദ്യങ്ങളും ഉയര്‍ത്തി. ഭരണഘടന എല്ലാ പൗരന്മാര്‍ക്കും സമത്വവും സ്വാതന്ത്ര്യവും ഉറപ്പുനല്‍കുമ്പോഴും സമൂഹത്തില്‍ ജാതിയുടെ പേരിലുള്ള വിവേചനം തുടരുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിന് അത് രാഷ്ട്രീയവും സാമൂഹികവുമായ മാനങ്ങള്‍ നല്‍കി.

ഇന്ന് ദീക്ഷാഭൂമി ലോകത്തെമ്പാടുമുള്ള ബുദ്ധമതാനുയായികള്‍ക്കും അംബേദ്കര്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും ഗവേഷകര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രചോദനം നല്‍കുന്ന ധാര്‍മ്മിക കേന്ദ്രമായാണ് നിലകൊള്ളുന്നത്.

നവയാന ബുദ്ധിസത്തിന്റെ ഏറ്റവും സവിശേഷമായ ഘടകങ്ങളിലൊന്നാണ് ഡോ. അംബേദ്കര്‍ മുന്നോട്ടുവെച്ച 22 പ്രതിജ്ഞകള്‍.

ഈ പ്രതിജ്ഞകള്‍ മതപരമായ ചടങ്ങിന്റെ ഭാഗം മാത്രമല്ല. മറിച്ച്, ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സാമൂഹികബന്ധങ്ങളെയും ചോദ്യം ചെയ്യുന്ന രാഷ്ട്രീയ-ധാര്‍മിക പ്രഖ്യാപനം കൂടിയാണ്. ഈ പ്രതിജ്ഞകളിലൂടെ ഡോ. അംബേദ്കര്‍ അദ്ദേഹത്തിന്റെ അനുയായികളോട് ആവശ്യപ്പെട്ടത്, ബ്രാഹ്മണിക ദൈവസങ്കല്‍പ്പങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും സാംസ്‌കാരിക മേധാവിത്വത്തെയും ബ്രാഹ്മണ പൗരോഹിത്യത്തെയും രാഷ്ട്രീയ മേധാവിത്വത്തെയും നിരാകരിക്കുക എന്നായിരുന്നു.

ജാതീയമായ ശ്രേണീകരണത്തെ ന്യായീകരിക്കുന്ന വിശ്വാസങ്ങളില്‍ നിന്ന് മോചനം നേടുക, ബുദ്ധന്‍, ധമ്മം, സംഘം എന്നിവയില്‍ അഭയം പ്രാപിക്കുക, ബുദ്ധന്റെ ധാര്‍മിക ഉപദേശങ്ങള്‍ ജീവിതത്തില്‍ പിന്തുടരുക, മനുഷ്യരെ സമത്വത്തോടെ കാണുകയും വിവേചനത്തിനെതിരെ നിലകൊള്ളുകയും ചെയ്യുക, യുക്തിചിന്തയും ധാര്‍മികതയും അടിസ്ഥാനമാക്കി ജീവിതം രൂപപ്പെടുത്തുക എന്നിവയും ഈ പ്രതിജ്ഞകളുടെ കാതലായിരുന്നു. ഈ പ്രതിജ്ഞകളുടെ പ്രാധാന്യം വ്യക്തിയുടെ മതപരമായ നൈതികതയില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന് സാരം. വ്യക്തിയുടെ സാമൂഹികജീവിതത്തിലും കുടുംബബന്ധങ്ങളിലും രാഷ്ട്രീയ ജീവിതത്തിലും ജാതിയുടെ സ്വാധീനത്തെ ഉന്മൂലനം ചെയ്യാനുള്ള ആഹ്വാനം കൂടിയാണവ.


1956-ല്‍ എഴുതി പൂര്‍ത്തിയാക്കി 1957-ല്‍ പ്രസിദ്ധീകരിച്ച 'Buddha and his Dhamma'യാണ് നവയാന ബുദ്ധിസത്തിന്റെ സുവിശേഷ ഗ്രന്ഥം. സവിശേഷമായ ഈ മതഗ്രന്ഥത്തിലൂടെ ഡോ. അംബേദ്കര്‍ ബുദ്ധധമ്മത്തിന്റെ പുനര്‍വായന സാക്ഷാത്കരിക്കുകയും ബുദ്ധന്റെ സാരോപദേശങ്ങളെ ആധുനികതക്കൊപ്പം പുനരാഖ്യാനം നടത്തി ലോകത്തിന് സമര്‍പ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിരീക്ഷണ സമീപനത്തില്‍ ധര്‍മ്മം എന്നത് കേവലം മതവിശ്വാസമോ വ്യക്തിയുടെ മോക്ഷത്തിലേക്കുള്ള മാര്‍ഗ്ഗമോ അല്ല. അത് മനുഷ്യന്റെ പാരസ്പര്യ ബന്ധങ്ങളെ നീതിയുടെയും സദാചാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും പ്രജ്ഞയുടെയും കരുണയുടെയും അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്ന ജൈവികമായ ധാര്‍മ്മിക തത്ത്വചിന്താ പദ്ധതി കൂടിയാണ്. ബുദ്ധന്‍ മനുഷ്യകുലത്തെ പരിശീലിപ്പിച്ച കരുണ, പ്രജ്ഞ, ശീലം എന്നീ ആശയങ്ങള്‍ക്ക് ഡോ. അംബേദ്കര്‍ വലിയ പ്രാധാന്യം നല്‍കി. മനുഷ്യ ദുഃഖത്തിന്റെ വേരറുക്കുക, വിവേചനങ്ങളെ ചോദ്യം ചെയ്യുക, യുക്തിസഹമായി ചിന്തിക്കുക, ധാര്‍മ്മികമായി പ്രവര്‍ത്തിക്കുക തുടങ്ങിയവയെല്ലാം നവയാനത്തിന്റെ അടിസ്ഥാനമൂല്യങ്ങളാണ്.

അംബേദ്കറുടെ വായനയില്‍ സമൂഹത്തിലെ അനീതിയെ അവഗണിച്ചുകൊണ്ട് വ്യക്തിയുടെ ആത്മീയ പുരോഗതിയെ മാത്രം ലക്ഷ്യമിടുന്ന സമീപനം അപര്യാപ്തമാണ്. ദുഃഖം സൃഷ്ടിക്കുന്ന സാമൂഹിക സാഹചര്യങ്ങളെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനവും ധാര്‍മിക ജീവിതത്തിന്റെ ഭാഗമായിരിക്കണം.

നവയാനത്തിന്റെ താത്വിക ഗ്രന്ഥം 'ബുദ്ധ ആന്‍ഡ് ഹിസ് ധമ്മ'യാണെന്ന് സൂചിപ്പിച്ചല്ലോ. ബുദ്ധന്റെ ജീവിതത്തെയും ഉപദേശങ്ങളെയും അദ്ദേഹം എങ്ങനെ മനസ്സിലാക്കി എന്നതിന്റെ വിശദമായ അവതരണമാണ് ഈ കൃതി സാക്ഷ്യപ്പെടുത്തുന്നത്. ബുദ്ധമത ആശയങ്ങളെ യുക്തി, ധാര്‍മ്മികത, സാമൂഹികനീതി, സമത്വം, സാഹോദര്യം എന്നിവയുമായി ബന്ധപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നതിലൂടെയാണ് ഈ പുസ്തകം ശ്രദ്ധേയമാകുന്നത്. ഡോ. അംബേദ്കറുടെ ജീവിതകാലത്ത് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ പരിനിര്‍വാണാനന്തരം 1957-ലാണ് ഇത് പ്രസിദ്ധീകരിച്ചത്. പരമ്പരാഗത ബുദ്ധമതതത്വപ്രകാശന വ്യാഖ്യാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ബുദ്ധന്റെ ധമ്മത്തെ സാമൂഹിക ഉത്തരവാദിത്വത്തിന്റെയും നീതിയുടെയും വെളിച്ചത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമാണ് ഡോ. അംബേദ്കര്‍ ഈ കൃതിയിലൂടെ നടത്തുന്നത്.

1956 ഡിസംബര്‍ 6-ന് ഡോ. അംബേദ്കര്‍ പരിനിര്‍വാണം പ്രാപിച്ചെങ്കിലും അദ്ദേഹം ആരംഭിച്ച ബുദ്ധമത പ്രസ്ഥാനം അസ്തമിച്ചില്ല. മറിച്ച്, തുടര്‍ന്നുള്ള ദശകങ്ങളില്‍ വിവിധ സംഘടനകളുടെയും നേതാക്കളുടെയും പ്രവര്‍ത്തനങ്ങളിലൂടെ അത് വികസിച്ചു.1956-ല്‍ ഡോ. അംബേദ്കര്‍ രൂപം നല്‍കിയ ബുദ്ധിസ്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ നവയാനത്തിന്റെ വ്യാപനത്തിന് അതു മുഖ്യ സാരഥ്യം നല്‍കി. തത്ഫലമായി മഹാരാഷ്ട്രയിലും പ്രത്യേകിച്ച് നാഗ്പൂര്‍, മുംബൈ തുടങ്ങിയ കേന്ദ്രങ്ങളിലും കേരളം ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളിലും അതിന്റെ ആശയങ്ങളും സംഘടിത രൂപങ്ങളും കടന്നുചെന്നു. അങ്ങനെ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നവയാന ബുദ്ധമതത്തിന് ശക്തമായ അടിത്തറ രൂപപ്പെട്ടു. നിലവില്‍ നവയാന ബുദ്ധിസത്തിലേക്കുള്ള അധ:സ്ഥിത വിഭാഗങ്ങളുടെ പരിവര്‍ത്തനം ദലിത് മുന്നേറ്റത്തിന്റെ അവിഭാജ്യ ഘടകമായാണ് നിലകൊള്ളുന്നത്. അങ്ങനെ ഡോ. അംബേദ്കറുടെ അനുയായികള്‍ ബുദ്ധമതപരിവര്‍ത്തനത്തെ സാമൂഹികമായ വിമോചനത്തിന്റെയും സ്വാഭിമാനത്തിന്റെയും സ്വത്വനിര്‍മ്മിതിയുടെയും വിദ്യാഭ്യാസത്തിന്റെയും ജനാധിപത്യ, രാഷ്ട്രീയ മുന്നേറ്റത്തിന്റെയും ഭാഗമാക്കി മാറ്റി.

നവയാന' ബുദ്ധമതം' സ്വീകരിച്ച ലക്ഷക്കണക്കിന് കുടുംബങ്ങളില്‍ പുതിയൊരു സ്വത്വബോധം വളര്‍ന്നു വന്നു. ഡോ. അംബേദ്കറുടെ രചനകള്‍ വായിക്കുക, ബുദ്ധന്റെ ഉപദേശങ്ങള്‍ പഠിക്കുക, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക, ജാതിവിവേചനത്തെ ചോദ്യം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അവരുടെ പ്രസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു. അതേസമയം, നവയാനത്തിന്റെ വ്യാപനം എല്ലായിടത്തും ഒരേ വേഗത്തിലോ ഒരേ രൂപത്തിലോ അല്ല നടന്നത് എന്ന യാഥാര്‍ഥ്യവും നിലനില്‍ക്കുന്നുണ്ട്. പ്രാദേശികമായ സാമൂഹികസാഹചര്യങ്ങള്‍, സംഘടനാപരമായ ശക്തിക്ഷയം, രാഷ്ട്രീയപിന്തുണയുടെ അഭാവം, സാമ്പത്തികപരിമിതികള്‍ എന്നിവ അതിന്റെ വളര്‍ച്ചയെ സ്വാധീനിച്ച ഘടകങ്ങളായിരുന്നു. എങ്കിലും പരിമിതികളുടെ തുരുത്തുകളെ അതിജീവിച്ച് നവയാന ബുദ്ധിസം ഇന്നും ഇന്ത്യയുടെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ ജീവിതത്തില്‍ ഒരു നിര്‍ണ്ണായക ഘടകമായി നിലകൊള്ളുന്നു.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - ആര്‍. അനിരുദ്ധന്‍

Writer

Similar News