ഗ്യാനേഷ് 'അങ്കിളി'നെ ജെൻ സി തൂക്കുമോ?

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അസ്തിവാരമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയ്ക്ക് കളങ്കം തട്ടിയ 10 മാസമാണ് കഴിഞ്ഞുപോയത്

Update: 2026-09-28 12:22 GMT

ഒരൊറ്റ ന്യൂസ് സ്റ്റോറി. സമീപകാലത്തൊന്നും ഒരു മാധ്യമത്തിലും വരാത്തവിധം ആധികാരികവും സമഗ്രവുമായ റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്സ്പ്രസിലെ റിതിക ചോപ്ര രാജ്യത്ത് സൃഷ്ടിച്ചത് രാഷ്ട്രീയ ഭൂകമ്പമാണ്. ഇലക്ഷന്‍ കമ്മീഷനെക്കുറിച്ചും എസ്ഐആറിനെക്കുറിച്ചും രാജ്യം ആശങ്കപ്പെട്ടതെല്ലാം സത്യമായിരുന്നുവെന്ന് തെളിഞ്ഞ നിമിഷം.ആ ഭൂകമ്പത്തിന്‍റെ തുടര്‍ ചലനങ്ങള്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ കസേര തെറിപ്പിക്കുമോ?

കഴിഞ്ഞ 10 മാസത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് വന്ന മിക്ക ഉത്തരവുകള്‍ക്കും കമ്മീഷനിലെ ഭൂരിപക്ഷ അംഗങ്ങളുടെ പിന്തുണയില്ലായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ നടപടികളെ മറ്റു രണ്ട് കമ്മീഷണര്‍മാരായ സുഖ്ബീര്‍ സിങ് സന്ധുവും വിവേക് ജോഷിയും 14 തവണയെങ്കിലും രേഖാമൂലം എതിര്‍ത്തിരുന്നുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന്‍റെ അന്വേഷണാത്മക റിപ്പോര്‍ട്ട്.

Advertising
Advertising

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അസ്തിവാരമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രതയ്ക്ക് കളങ്കം തട്ടിയ 10 മാസമാണ് കഴിഞ്ഞുപോയത്. വോട്ടേഴ്സ് ലിസ്റ്റില്‍ നിന്ന് 12 കോടി പേരുകള്‍ നീക്കം ചെയ്യുന്നതിന് ഇടയാക്കിയ പ്രത്യേക തീവ്ര പരിശോധന അഥവാ എസ്ഐആര്‍ നടപ്പാക്കിയ കാലം. പുറത്തായ വോട്ടര്‍മാര്‍ പരാതിയുമായി കോടതികളില്‍ കയറിയിറങ്ങേണ്ടി വന്ന കാലം. ഇപ്പോള്‍ വ്യക്തമായത് ഇത്രയധികം പേരെ ജനാധിപത്യത്തില്‍ നിന്ന് പുറന്തള്ളിയ നടപടിയുടെ ഓരോ ഘട്ടത്തിലും അത് കേവലം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ മാത്രം തീരുമാനമായിരുന്നുവെന്നാണ്. ഒട്ടുമിക്ക തീരുമാനങ്ങളും നടപ്പില്‍ വരുത്തിയ ശേഷമാണ് മറ്റു രണ്ടുപേരും അറിഞ്ഞത്. അതിലെല്ലാം വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ട് സിഇസിക്കും ക്യാബിനറ്റ് സെക്രട്ടറിക്കും അവര്‍ കുറിപ്പ് നല്‍കിയെന്നുമാണ് വ്യക്തമാകുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച ഭരണഘടനയിലെ അനുഛേദം 324 തന്നെ അട്ടിമറിക്കപ്പെട്ടുവെന്നാണ്. അതായത് കഴിയുന്നതും ഏകകണ്ഠമായും അത് സാധിക്കുന്നില്ലെങ്കില്‍ ഭൂരിപക്ഷം നോക്കിയും തീരുമാനമെടുക്കണമെന്ന ഭരണഘടനാ നിര്‍ദേശം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഭരണഘടന കമ്മിഷനിലെ മൂന്നുപേര്‍ക്കും തുല്യ അധികാരമാണ് നല്‍കിയിട്ടുള്ളത്. അത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കാറ്റില്‍ പറത്തിയിരിക്കുന്നു.

മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും മോദി സര്‍ക്കാര്‍ നിയമിച്ചവരാണ്. കമ്മീഷനെ നിശ്ചയിക്കുന്ന സമിതിയില്‍ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നതിനായി കൊണ്ടുവന്ന വിവാദനിയമപ്രകാരമാണ് ഇവരെ നിയമിച്ചത്. രാജ്യത്തിന്‍റെ ജനാധിപത്യപ്രക്രിയയെ നിയന്ത്രിക്കുന്ന നിര്‍ണായക ഭരണഘടനാപരമായ സ്ഥാനത്തേക്ക് രാഷ്ട്രീയേതരമായ നിയമനം ഉറപ്പാക്കുന്നതിനായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ സാന്നിധ്യം. അത് എന്തു ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ നീക്കിക്കളഞ്ഞത് എന്നതിന് ഉത്തരം ലഭിക്കുക ആരാണ് ഗ്യാനേഷ് കുമാര്‍ എന്ന് മനസ്സിലാക്കുമ്പോഴാണ്.

1988 ബാച്ച് കേരള കാഡര്‍ ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (IAS) ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാര്‍ ഗുപ്ത. IIT കാന്‍പൂരില്‍ നിന്ന് ബി.ടെക് പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ബിസിനസ് ഫിനാന്‍സ്, എന്‍വയോണ്‍മെന്‍റല്‍ ഇക്കണോമിക്സ് എന്നിവയിലും പഠനം നടത്തിയിട്ടുണ്ട്. മലയാളം നന്നായി സംസാരിക്കും. പക്ഷേ രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഹിന്ദിയില്‍ മാത്രമേ ഉത്തരം നല്‍കൂ എന്നൊരു വാശി അദ്ദേഹം കാണിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സിസി ടിവി ഡാറ്റ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഗ്യാനേഷ് കുമാറില്‍ നിന്ന് വന്ന മറുപടിയും ഹിന്ദി ഹൃദയഭൂമിയിലെ വനിതകളെ തൃപ്തിപ്പെടുത്താന്‍ ലാക്കാക്കിയായിരുന്നു.മാ, ബേട്ടി, ബാഹു അഥവാ മാതാവ്, മകള്‍, മരുമകള്‍ ഇവരുടെയൊക്കെ സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് പോളിങ് ബൂത്തിലെ ദൃശ്യങ്ങള്‍ മായ്ക്കുന്നത് എന്നായിരുന്നു മറുപടി.

കേരളത്തിലും കേന്ദ്രത്തിലും ഗ്യാനേഷ് കുമാര്‍ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. യു.ഡി.എഫ്, എല്‍ഡിഎഫ് സര്‍ക്കാരുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തില്‍ ജോയിന്‍റ് സെക്രട്ടറിയായും പാര്‍ലമെന്‍ററികാര്യ മന്ത്രാലയത്തില്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചതോടെ ഗ്യാനേഷ് കുമാര്‍ മോദി സര്‍ക്കാരിന്‍റെ ഏറ്റവും വിശ്വസ്തരായ ബ്യൂറോക്രാറ്റിക് ടീമില്‍ സ്ഥാനംപിടിച്ചു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനുള്ള നിയമപരവും ഭരണപരവുമായ വഴികള്‍ കണ്ടെത്താന്‍ ചുമതലപ്പെടുത്തിയ 'ക്രാക്ക് ടീമി'ന്‍റെ ഭാഗമായിരുന്നു അദ്ദേഹം. ബിജെപിയുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്ത ബന്ധമുള്ള സംഘടനയായ ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച പുസ്തകം ഇത് സ്ഥിരീകരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, നിരവധി ഉദ്യോഗസ്ഥര്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ലൂക്രാഫ്റ്റ് പുസ്തകം സംഘപരിവാര്‍ സര്‍ക്കാരിന്‍റെ അകത്തളങ്ങളിലെ വിവരങ്ങള്‍ പ്രശംസാപൂര്‍വം പങ്കുവയ്ക്കുന്ന ഒന്നാണ്.

ആഭ്യന്തര മന്ത്രാലയത്തില്‍ ജോയിന്‍റ് സെക്രട്ടറിയും അഡീഷണല്‍ സെക്രട്ടറിയും സഹകരണ മന്ത്രാലയത്തില്‍ സെക്രട്ടറിയുമായിരിക്കെ,ഗ്യാനേഷ് കുമാര്‍ മോദി സര്‍ക്കാരിന്‍റെ പ്രിയപ്പെട്ട പല പദ്ധതികളിലും പ്രധാന പങ്കുവഹിച്ചു; റാം മന്ദിര്‍ ട്രസ്റ്റ് രൂപീകരിക്കുന്നതില്‍ സഹായിക്കുകയും, തുടക്കത്തിലെ ഭരണസമിതിയില്‍ എക്സ്-ഒഫീഷ്യോ അംഗമായി നിയമിതനാവുകയും ചെയ്തു; എംബെസില്‍മെന്റ് തട്ടിപ്പ് പുറത്തുവന്നതോടെ ഇത് ഇപ്പോള്‍ വലിയ വിവാദമായി മാറിയിരിക്കുന്നു.ഇദ്ദേഹം സഹകരണ മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോഴാണ് മള്‍ട്ടി-സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി നിയമം, 2023 നടപ്പാക്കുകയും മൂന്ന് ദേശീയതല കോ-ഓപ്പറേറ്റീവ് സംഘടനകള്‍ സ്ഥാപിക്കുകയും ചെയ്തത്. ഇന്ത്യയിലെ ഏറ്റവും വികേന്ദ്രീകൃത സംഘടനകളായ കോ ഓപ്പറേറ്റീവുകള്‍ക്ക് മേല്‍ അഭൂതപൂര്‍വമായ കേന്ദ്ര നിയന്ത്രണം നല്‍കുന്ന അമിത് ഷായുടെ പദ്ധതിയാണിത്. അമിത് ഷാ നയിക്കുന്ന മന്ത്രാലയത്തിലെ സെക്രട്ടറി സ്ഥാനമായിരുന്നു അദ്ദേഹത്തിന്‍റെ അവസാന ചുമതല.

2024 ജനുവരി 20-നാണ് ഗ്യാനേഷ് കുമാര്‍ ഐഎഎസ് വിരമിച്ചത്. രണ്ട് മാസത്തിനുള്ളില്‍, 2024 മാര്‍ച്ച് 15-ന് അദ്ദേഹത്തെ തിരഞ്ഞെടുപ്പ് കമ്മിഷനിലെ കമ്മിഷണറായി നിയമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ 2024 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് രാജിവെച്ചത് എല്ലാവരേയും അദ്ഭുതപ്പെടുത്തിയ ഘട്ടം. അന്നത്തെ സിഇസി രാജീവ് കുമാറിന്‍റെ ഏകാധിപത്യപരമായ പെരുമാറ്റം മൂലമാണ് ഗോയല്‍ രാജിവെച്ചതെന്ന് വാര്‍ത്തകള്‍ വന്നു.രാഷ്ട്രപതി ദ്രൗപദി മുര്‍മു അദ്ദേഹത്തിന്‍റെ രാജി ഉടന്‍ അംഗീകരിച്ചു. കമ്മിഷനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് ചോദിക്കാനോ മറുപടി നല്‍കാനോ ആരും തയ്യാറായില്ല.

അതായത്, ഗ്യാനേഷ് കുമാര്‍ ഗുപ്ത, 2023 ലെ പുതിയ ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ ആന്‍റ് അദര്‍ ഇലക്ഷന്‍ കമ്മിഷണേഴ്സ് നിയമപ്രകാരം നിയമിതനായ ആദ്യത്തെ സിഇസി ആണ്. നേരത്തേ സര്‍ക്കാര്‍ നിശ്ചയിക്കുന്ന ആളാണ് തെരഞ്ഞെടുപ്പ് കമ്മിഷണായി വന്നുകൊണ്ടിരുന്നത്.തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെറും ഉറക്കംതൂങ്ങുന്ന ഉദ്യോഗസ്ഥ സംവിധാനം മാത്രമായിരുന്ന കാലത്തുനിന്ന് അതിനെ സജീവമായ പ്രവര്‍ത്തനതലത്തിലേക്ക് ഉണര്‍ത്തിയ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി.എന്‍. ശേഷനെ ഇന്ത്യ മറക്കില്ലല്ലോ. ശേഷനു ശേഷം പക്ഷേ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വലിയ വിവാദങ്ങളിലേക്ക് കടന്നത് 2019 കഴിഞ്ഞതോടെയാണ്. സിഇസിയെ സര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്ന രീതി ചോദ്യംചെയ്ത് 2015ല്‍ അനൂപ് ബരന്‍വാള്‍ നല്‍കിയ ഹര്‍ജിയില്‍ 2023 മാര്‍ച്ചില്‍ സുപ്രിംകോടതി വിധി പറഞ്ഞു.

എക്സിക്യൂട്ടീവിന്‍റെ ഇഷ്ടാനുസരണം മാത്രം ഇലക്ഷന്‍ കമ്മീഷണര്‍മാരുടെ നിയമനം നടക്കരുതെന്ന് സുപ്രീംകോടതി വിധിച്ചു. കമ്മിഷന്‍ എക്സിക്യൂട്ടീവ് നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമായിരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. പാര്‍ലമെന്‍റ് നിയമം ഉണ്ടാക്കുന്നതുവരെ ഒരു തിരഞ്ഞെടുപ്പ് സമിതിയുടെ ശിപാര്‍ശ പ്രകാരം രാഷ്ട്രപതി നിയമനം നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതില്‍ പ്രധാനമന്ത്രി,ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവര്‍ ഉണ്ടായിരിക്കണം. ഈ ഉത്തരവിന്‍റെ അന്തഃസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിയമനത്തെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് മറിച്ചാണ്. സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിക്കൊണ്ട് 2023 ഓഗസ്റ്റ് 10-ന് രാജ്യസഭയില്‍, പുതിയ ബില്‍ കൊണ്ടുവന്നു. ചീഫ് ജസ്റ്റിസിനു പകരം സമതിയില്‍ ഉള്‍പ്പെടുത്തിയത് പ്രധാനമന്ത്രി തീരുമാനിക്കുന്ന കേന്ദ്ര മന്ത്രിയെ ആണ്. സംശയിക്കാനില്ലല്ലോ - അത് ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ. ഫലത്തില്‍ ഇലക്ഷന്‍ കമ്മിഷണര്‍മാരെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചേര്‍ന്ന് തീരുമാനിക്കുന്ന സ്ഥിതി തന്നെ. ആ നിലയ്ക്ക് ആദ്യമായി നിയമിക്കപ്പെട്ട ചീഫ് ഇലക്ഷന്‍ കമ്മിഷണുടെ ഏകാധിപത്യ നടപടിക്ക് എതിരേയാണ് ഇപ്പോള്‍ രാജ്യം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിയിരിക്കുന്നത്.

ആ ശബ്ദം എത്ര ഉറക്കെ കേള്‍ക്കും? ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നതോടൊപ്പം 2023 ലെ നിയമം റദ്ദാക്കാനും സര്‍ക്കാര്‍ ഒരുങ്ങുമോ? വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിനീക്കപ്പെട്ട 12 കോടി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം തിരിച്ചുകിട്ടുമോ? കോക്രോച്ച് ജനതാപാര്‍ട്ടിയും ഇന്ത്യാ സഖ്യമൊന്നടങ്കവും ഉയര്‍ത്തിയിരിക്കുന്ന സമരകാഹളത്തെ മോദി സര്‍ക്കാര്‍ എങ്ങനെയാണ് നേരിടാന്‍ പോകുന്നത്? ജന്തര്‍ മന്തര്‍ കൊടുങ്കാറ്റ് 2.0 തടുക്കാന്‍ അവര്‍ക്ക് ശേഷിയുണ്ടോ? ഈ ചോദ്യങ്ങളാണ് രാജ്യത്തിന്‍റെ ഭാവി നിശ്ചയിക്കാന്‍ പോകുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - പ്രമോദ് രാമൻ

contributor

Similar News