ശ്രീനാരായണഗുരുവിന്‍റെ കീഴാളദൈവശാസ്ത്രം: ചില ചിതറിയ ചിന്തകൾ

ഗുരു വിപ്ലവകാരിയായ സാമൂഹികപരിഷ്കർത്താവാണെന്ന് കരുതുന്നവരുടെ എണ്ണവും കുറവല്ല. അവരുടെ ചിന്താപദ്ധതി അനുസരിച്ച് ഗുരുവിൽ ഒരു പരിണാമം ദൃശ്യമാണ്

Update: 2026-09-21 14:38 GMT

ശ്രീനാരായണഗുരുവിനെ വിലയിരുത്തുന്നതിൽ നടന്ന ഏറ്റവും വലിയ അട്ടിമറികളിലൊന്ന് അദ്ദേഹത്തെ ഹൈന്ദവ ദൈവശാസ്ത്രപദ്ധതിയുടെ തുടർച്ചയായി അവതരിപ്പിക്കുകയെന്നതാണ്. ഇക്കാര്യത്തിൽ സവർണ്ണ-അവർണ്ണ വ്യത്യാസം പോലും പലപ്പോഴും അപ്രസക്തമാണ്. അദ്ദേഹത്തിന്റെ സ്വന്തം സമുദായത്തിൽനിന്നുള്ള ബുദ്ധിജീവികളും ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥ പുലർത്തി. ഹൈന്ദവസമുദായത്തിന്റെ ഭാഗമായി അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വൃഥാഭിമാനവും അവരെ അതിനു പ്രേരിപ്പിച്ചിരിക്കാം.

വിവിധ അവതരണങ്ങൾ

പലരും ഗുരുവിനെ പല തരത്തിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഗുരു നിത്യചൈതന്യയതി ഡോ. ടി. ഭാസ്കരന്റെ 'ശ്രീനാരായണദർശന'ത്തിന് എഴുതിയ അവതരികയിൽ (മാതൃഭൂമി ബുക്സ്, 1984) ഗുരുവിനെക്കുറിച്ചുള്ള പലതരം ആഖ്യാനങ്ങളെ ക്രോഡീകരിക്കുന്നുണ്ട്. ഗുരു ശങ്കരപക്ഷപാതിയായ അദ്വൈതവേദാന്തിയായിരുന്നുവെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം. ജഗത്തിനെ നിഷേധിക്കാത്ത, വിശേഷണങ്ങളോടുകൂടിയ ബ്രഹ്മത്തെ അംഗീകരിക്കുന്ന വിശിഷ്ടാദ്വൈതത്തെ പിന്തുടർന്നുവെന്ന് മറ്റു ചിലർ. ശൈവസിദ്ധാന്തിയായിരുന്നുവെന്ന് ടി. ഭാസ്കരനെപ്പോലുള്ള പഠിതാക്കൾ. ഭാസ്കരൻ ഗുരുദേവകൃതികളുടെ പ്രമുഖനായ വ്യാഖ്യാതാവുകൂടിയാണ്. പൊതുമതേതരചിന്തയുമായി ഇടഞ്ഞുനിൽക്കുന്ന വ്യാഖ്യാനപാഠവുമാണ് അദ്ദേഹത്തിന്റേത്. ശൈവസിദ്ധാന്തക്കാരനായ ഗുരുവിനെ സങ്കൽപ്പിക്കുന്നവരിൽ ചിലർ തന്നെ അദ്ദേഹത്തെ തെക്കേ ഇന്ത്യൻ ശൈവസിദ്ധാന്തിയായി കണക്കാക്കുന്നു (ഉദാഹരണം: ടി. ഭാസ്കരൻ തന്നെ). മറ്റൊരു കൂട്ടർ കാശ്മീർ ശൈവിസത്തിന്റെ പ്രണേതാവെന്നും കണക്കാക്കുന്നു.

Advertising
Advertising

ഹിന്ദു പരിഷ്കർത്താവാണെന്നാണ് ചിലരുടെ പക്ഷം. ഹിന്ദുധർമ്മത്തിന്റെ പുഴുക്കുത്തുകൾ ഇല്ലാതാക്കാൻ അവതരിച്ച മഹാനെന്നും വിശദീകരിക്കുന്നു. ഇത് പുകഴ്ത്തലായും ഇകഴ്ത്തലായും കരുതുന്നവരുണ്ട്. 'സനാതന' ഹിന്ദുവിശ്വാസസമൂഹത്തെ പ്രതിനിധീകരിക്കുന്നവരാണ് പുകഴ്ത്തുന്ന കൂട്ടർ. ചില കീഴാളപക്ഷക്കാരും ഗുരുവിനെ ഹൈന്ദവപരിഷ്കർത്താവായി കണക്കാക്കുന്നു; സ്വാഭാവികമായും ഇകഴ്ത്തലോടെ. സവർണ്ണ ജാതീയത 19-ാം നൂറ്റാണ്ടിന്റെ പകുതിയോടെ മറ്റു മതങ്ങളിൽനിന്ന്, പ്രത്യേകിച്ച് ക്രൈസ്തവരിൽനിന്ന് നേരിട്ട വെല്ലുവിളിയുടെ ഭാഗമായി നായർ-ഈഴവ സഖ്യത്തിനുവേണ്ടി ചില വിട്ടുവീഴ്ചകൾ ചെയ്തിരുന്നുവെന്നും, അക്കാലത്തെ പല പ്രവണതകളെയും ഇതിന്റെ വെളിച്ചത്തിൽ വായിക്കണമെന്നും അവർ വാദിക്കുന്നു. ഉദാഹരണത്തിന് പ്രൊഫ. ടി.എം. യേശുദാസൻ ഇതുപോലൊരു വാദം ഉന്നയിക്കുന്നുണ്ട്. നായന്മാരും ഈഴവരും ഒരുമിച്ച് ആരാധിച്ചിരുന്ന ചെമ്പഴന്തിയിലെ ഭഗവതിക്ഷേത്ര പ്രതിഷ്ഠ നടത്തിയത് ഗുരുവിന്റെ അമ്മാവനായിരുന്ന കൊച്ചനാശാനായിരുന്നുവെന്നും, ഇത് നായർ-ഈഴവ സഖ്യത്തിന് നാന്ദികുറിച്ച സംഭവമാണെന്നും എം.കെ. സാനുവിനെ ഉദ്ധരിച്ച് അദ്ദേഹം എഴുതുന്നു.

"അരുവിപ്പുറം പ്രതിഷ്ഠയ്ക്കും ഈയൊരു മാനമുണ്ടെന്ന് സൂക്ഷ്മപരിശോധനയിൽ വെളിപ്പെടും. തകർച്ച നേരിടുന്ന ഹിന്ദു ജാതീയതയ്ക്ക് വീണുകിട്ടിയ സാന്ത്വനമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠ". ചട്ടമ്പിസ്വാമിയും ഗുരുവും തമ്മിലുള്ള ബന്ധത്തിലും ഇതേ സൂചനയുണ്ടെന്നും, ബുദ്ധമതത്തിലേയ്ക്കോ ക്രിസ്തുമതത്തിലേയ്ക്കോ അല്ല അദ്ദേഹം അനുയായികളെ നയിച്ചതെന്നുമുള്ള കാര്യങ്ങളും യേശുദാസൻ ചൂണ്ടിക്കാണിക്കുന്നുണ്ട് (*അരുവിപ്പുറത്തിന്റെ മറുപുറം*, ഡൈനാമിക് ആക്ഷൻ, മാർച്ച് 1988; *കറുത്ത ദൈവങ്ങളും നഗ്നസത്യങ്ങളും*, പ്രഭാത് ബുക് ഹൗസ്, 2012).

ഗുരു വിപ്ലവകാരിയായ സാമൂഹികപരിഷ്കർത്താവാണെന്ന് കരുതുന്നവരുടെ എണ്ണവും കുറവല്ല. അവരുടെ ചിന്താപദ്ധതി അനുസരിച്ച് ഗുരുവിൽ ഒരു പരിണാമം ദൃശ്യമാണ്. ആദ്യകാലത്ത് സ്തോത്രകൃതികൾ രചിച്ച്, ക്ഷേത്രങ്ങൾ സ്ഥാപിച്ച അദ്ദേഹം പിന്നീട് ആ 'തെറ്റുകൾ' തിരുത്തി. ഭൗതിക-മതേതരവാദത്തിൽ അധിഷ്ഠിതമായിരുന്നു പിൽക്കാല ഉദ്ബോധനങ്ങൾ. ഒരു ഘട്ടത്തിൽ ക്ഷേത്രങ്ങൾക്കു പകരം വിദ്യാലയങ്ങൾ സ്ഥാപിക്കാൻ സ്വസമുദായക്കാരോട് ഉപദേശിച്ചു. പ്രതിഷ്ഠകൾക്കു പകരം കണ്ണാടി സ്ഥാപിച്ചു. കണ്ണാടിക്കു മുന്നിൽ ചില പ്രതിഷ്ഠകളുണ്ടായിരുന്ന കാര്യം അവർ സൗകര്യപൂർവ്വം മറന്നു. ഗുരു സ്വതന്ത്രചിന്തകനായിരുന്നുവെന്ന് അവർ അംഗീകരിക്കുന്നു. മതതത്ത്വചിന്തയ്ക്ക് യുക്തിയും സ്വതന്ത്രചിന്തയും അന്യമാണെന്ന് കരുതുന്നുണ്ടെങ്കിലും, ഗുരുവിൽ ആരോപിക്കുന്ന പരിണാമം അദ്ദേഹത്തെ 'സ്വതന്ത്രചിന്തകൻ' എന്ന് കണക്കാക്കുന്നതിൽ വന്നുഭവിച്ചേക്കാവുന്ന വൈരുദ്ധ്യത്തിന് വേണ്ടത്ര ന്യായീകരണം നൽകി. ഇന്ന് പൊതുബോധത്തിൽ വളരെ പ്രബലമായ ഇടതു-മതേതരക്കാരാണ് ഈ ചിന്തയുടെ പ്രചാരകർ.

ഗുരുവിന്റെ പല പ്രധാനശിഷ്യന്മാരും അവരുടെ എഴുത്തുകളിൽ അദ്ദേഹത്തെ 'ഹിന്ദു' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 1924-ലെ ആലുവയിലെ സർവ്വമതസമ്മേളനത്തിൽ സ്വാമി സത്യവ്രതൻ എഴുതി അവതരിപ്പിച്ച സ്വാഗതപ്രസംഗത്തിൽ "ഗുരുദേവൻ ഹിന്ദുവായി ജനിച്ച് മറ്റുള്ളവരുടെ ദൃഷ്ടിയിൽ ഹിന്ദുവായി ജീവിക്കുന്ന" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സത്യവ്രതൻ എഴുതി, ഗുരുവിന്റെ മുന്നിൽ വായിച്ച് അനുമതി നേടിയ ശേഷമാണ് സമ്മേളനത്തിൽ സ്വാഗതപ്രസംഗം അവതരിപ്പിച്ചത്. പാശ്ചാത്യരും ഗുരുവിനെ വേദപണ്ഡിതനും ഹൈന്ദവമത പരിഷ്കർത്താവുമായാണ് കണ്ടത്. എഡ്ഗാർ തേർസ്റ്റൺ തന്റെ *കാസ്റ്റ് ആൻഡ് ട്രൈബ്സ് ഇൻ സൌത്ത് ഇന്ത്യ*യിൽ (1909) ഗുരുവിനെ വേദപണ്ഡിതനായും അദ്ദേഹത്തിന്റെ ശ്രമഫലമായി ഭദ്രകാളിമതം ക്ഷയിച്ചുവരുന്നതായും എഴുതി. സി.പി. രാമസ്വാമി അയ്യരെപ്പോലുള്ളവർ അക്കാലത്തുതന്നെ അദ്ദേഹത്തെ ഹിന്ദുപാരമ്പര്യത്തിലെ ഒരാചാര്യനായാണ് വിലയിരുത്തിയത്. ഡോ. എ. അയ്യപ്പനെപ്പോലുള്ളവർ പോലും ഹിന്ദു നവോത്ഥാനശ്രമങ്ങളിൽ ഏർപ്പെട്ടയാളായാണ് ഗുരുവിനെ കണ്ടത്. ഗുരുവിനെ ഏറ്റവും തെറ്റായി അവതരിപ്പിച്ചവരിൽ പ്രമുഖർ മതേതരവാദികൾ തന്നെയാണ്; ഹിന്ദു മതസന്യാസിയായി വ്യാഖ്യാനിക്കുന്നവരാണ് രണ്ടാം സ്ഥാനത്ത്.

ഈ അവതരണങ്ങളിൽനിന്നും പ്രധാനമായും ഉദിക്കുന്ന രണ്ട് തരം ചോദ്യങ്ങൾ ഇവയാണ്

1. ഹിന്ദുത്വമെന്ന് നാം കരുതുന്ന ദർശനപദ്ധതിയിൽനിന്ന് വ്യത്യസ്തമായ ഒരു ചിന്താപദ്ധതി ഗുരുവിനുണ്ടായിരുന്നില്ലേ? ഒരു കീഴാള ദൈവശാസ്ത്രപദ്ധതിയുടെ പ്രയോക്താവായി അദ്ദേഹത്തെ വായിക്കാനാവില്ലേ? അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ ചിന്താപദ്ധതി എന്തായിരുന്നു? കേരളത്തിന്റെ ദൈവശാസ്ത്ര-ദാർശനിക ചരിത്രത്തിൽ അതിന്റെ സ്ഥാനമെന്താണ്? അദ്ദേഹത്തിന്റെ ചിന്താപദ്ധതിയിൽ ഇതരമതങ്ങളോടുള്ള നിലപാട എന്തായിരുന്നു?

2. രണ്ടാമത്തേത്, ഒരു ഹിന്ദു മതപരിഷ്കർത്താവായി തുടങ്ങുകയും പിന്നീട് തന്റെ 'തെറ്റുകൾ' മനസ്സിലാക്കി ക്ഷേത്രസ്ഥാപനവും സ്തോത്രകൃതികളും നിഷേധിച്ച് 'മനുഷ്യഗാനം' ആലപിച്ച സാമൂഹികപരിഷ്കർത്താവാണോ അദ്ദേഹം?

വർണ വ്യത്യാസമില്ലാതെ വിവിധ ദൈവശാസ്ത്രപദ്ധതികളിൽനിന്ന് തത്ത്വശാസ്ത്രപരമായ ഘടകങ്ങൾ ആർജ്ജിക്കുകയും ജാതിയെയും ബ്രാഹ്മണമേധാവിത്വത്തെയും നിഷേധിച്ചുകൊണ്ട് ഒരു കീഴാള ദൈവശാസ്ത്രപദ്ധതിയും ജ്ഞാനപദ്ധതിയും ആവിഷ്കരിക്കുകയും ചെയ്ത ജ്ഞാനിയാണ് നാരായണഗുരുവെന്നാണ് ഈ കുറിപ്പിൽ പറയാൻ ശ്രമിക്കുന്നത്. തത്ത്വശാസ്ത്രപരമെന്നതിനേക്കാൾ സാമൂഹികശാസ്ത്രപരമായ വായനയിലാണ് ഊന്നൽ.

ഗുരുവിന്‍റെ ദൈവശാസ്ത്രപദ്ധതി

അടിസ്ഥാനപരമായി നോക്കിയാൽ ഗുരു അദ്വൈതവാദിയാണ്. "ശങ്കരൻ പറഞ്ഞതാണ് നമുക്ക് പറയാനുള്ളതെന്ന് തന്നോട് ഗുരു പറഞ്ഞതായി" നടരാജഗുരു വെളിപ്പെടുത്തിയിട്ടുണ്ട് (മാഹർഷി ശ്രീനാരായണഗുരു - ഡോ. ടി. ഭാസ്കരൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്). സഹോദരൻ അയ്യപ്പൻ പറയുന്നതനുസരിച്ച് മതാചാര്യന്മാരെയും മതഗ്രന്ഥങ്ങളെയും കുറിച്ച് ഗുരുവിന് വലിയ മതിപ്പായിരുന്നു, ആദരവായിരുന്നു. അദ്വൈതശാസ്ത്രത്തിലും വിശ്വാസമായിരുന്നു. എന്നാൽ പൂർവ്വാചാര്യന്മാരെ അഭേദ്യരായി അദ്ദേഹം കരുതിയില്ല. വ്യാഖ്യാതാക്കൾ മതഗ്രന്ഥങ്ങളിലെ പുഴുക്കുത്തുകൾക്കുപോലും അർത്ഥം കണ്ടെത്തിയെന്ന് അദ്ദേഹം വിമർശിച്ചു. ശങ്കരാചാര്യരിൽ "ജാതി കേറി മൂത്തുപോയി" എന്നും ഗുരുവിന് വിമർശനമുണ്ട്. ആത്മീയവാദിയായ ഗുരു യുക്തിവാദിയാണെന്നും സഹോദരൻ അയ്യപ്പൻ പറഞ്ഞുവെച്ചിട്ടുണ്ട്. സമീപകാല സമീപനങ്ങളെപ്പോലെ യുക്തിവാദത്തെയും ആത്മീയവാദത്തെയും പരസ്പരനേർവിപരീതമായി എതിർത്തുനിർത്തുന്ന ആളായിരുന്നില്ല അയ്യപ്പൻ. ഈ പ്രശ്നം വിശദമായ പരിഗണന അർഹിക്കുന്ന വിഷയമാണ്.

ഗുരു അദ്വൈതവാദിയാണെന്നതിനർത്ഥം അദ്ദേഹം ശങ്കരാചാര്യരെ പകർത്തിയ ശിഷ്യനായിരുന്നുവെന്നല്ല, അതു കൂടി ഉൾപ്പെടുത്തി ഒരു തത്ത്വചിന്ത അദ്ദേഹം രൂപപ്പെടുത്തിയെടുത്തു എന്നാണ്. ആ തത്ത്വചിന്തയിൽ ശങ്കരാചാര്യർ വാദിച്ചതുപോലെ ജഗത്ത് മിഥ്യയായിരുന്നില്ല. ഗുരു രചിച്ചവയിൽ പകുതിയിലേറെയും ദേവതാസ്തുതികളാണ്. *ദൈവദശകത്തിൽ* ദൈവത്തെയാണ് സംബോധന ചെയ്തത്. അദ്ദേഹം സാമാന്യാർത്ഥത്തിൽ ഈശ്വരവിശ്വാസിയാണ്. ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യം തന്നെ ഈശ്വരവിശ്വാസം ഉറപ്പിക്കലാണ്. സമാധിക്ക് എട്ടു മാസം മുൻപാണ് ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയത്. തീർത്ഥാടനവുമായി ബന്ധപ്പെട്ട ഗുരുവിന്റെ നിർദ്ദേശങ്ങളുടെ പൂർണ്ണരൂപം റിപ്പാർട്ടർ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

ഈശ്വരൻ ഒന്നേയുള്ളൂ എന്ന അർത്ഥത്തിലാണ് അദ്ദേഹം അദ്വൈതിയായിരിക്കുന്നതെന്നാണ് ടി. ഭാസ്കരൻ പറയുന്നത്. അതിനർത്ഥം മറ്റെല്ലാം മിഥ്യയാണെന്നല്ല. ഈശ്വരൻ സാകാരനായും നിരാകാരനായും ഇരിക്കുന്നു. നിരാകാരനായിരിക്കുമ്പോൾ ദൈവത്തിന് ബ്രഹ്മത്തിന്റെ സ്വഭാവമാണ്. എന്നാൽ നിരാകാരനായിരിക്കുമ്പോൾ പല പല രൂപങ്ങൾക്ക് സാധ്യതയുണ്ട്. നിരാകാര-സാകാര ഭാവത്തിന് ഉച്ചനീചത്വമില്ല. രണ്ടും ഒന്നാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ ദൈവശാസ്ത്രപദ്ധതിയിൽ ക്ഷേത്രങ്ങൾക്കൊപ്പം അമൂർത്തദൈവങ്ങൾക്കും പ്രാധാന്യമുണ്ട്.

കർമ്മസങ്കൽപം, സൃഷ്ടിസങ്കൽപം, ജീവിതസങ്കൽപം

ശങ്കരാചാര്യരുടെ ചിന്തയിൽ ജ്ഞാനമാണ് പരമപ്രധാനം. ജ്ഞാനത്തിന് ഷാങ്കരാദ്വൈതത്തിൽ പ്രത്യേക അർത്ഥമുണ്ട്. ഗുരുവിനാകട്ടെ ഭക്തിയാണ് പ്രധാനം. ഭക്തൻ ദൈവത്തിന്റെ അടിമയോ അകതിയോ ആണ്. ഗണപതി, സുബ്രഹ്മണ്യൻ, വിഷ്ണു, ശിവൻ, ദേവി എന്നീ ദേവസങ്കൽപ്പങ്ങളെപ്പറ്റി അദ്ദേഹം കൃതികൾ രചിച്ചു. അമൂർത്തദൈവത്തെക്കുറിച്ചും എഴുതി. ഉദാഹരണത്തിന് 1914-ൽ പുറത്തുവന്ന *ദൈവദശകം* ഗുരുവിന്റെ അവസാന കൃതിയായിരുന്നില്ല. പിന്നീടും മറ്റു പല കൃതികളും എഴുതി, സ്തോത്രകൃതികൾ തന്നെ. ശുദ്ധസ്തോത്രകൃതികളും ദർശനകൃതികളും മാത്രമല്ല, അപ്രകാരം വേർതിരിക്കാനാവാത്ത കൃതികളും എഴുതി. ഗുരുവിനെ സംബന്ധിച്ചിടത്തോളം ഈശ്വരാരാധനയുടെ ലക്ഷ്യം സത്യം, ധർമ്മം, ദയ മുതലായ അടിസ്ഥാന മൂല്യങ്ങളെ നിലനിർത്തുകയാണ്.

ബ്രാഹ്മണ തത്ത്വചിന്തയിൽ കർമ്മത്തിന് പ്രത്യേക അർത്ഥമുണ്ട്. കർമ്മത്തെ അഞ്ചായി തിരിച്ചിരിക്കുന്നു. അതിലൊന്നാണ് നിത്യകർമ്മം. അതനുസരിച്ച് ഓരോ ജാതിക്കും മാത്രമായി നിശ്ചയിക്കപ്പെട്ടിട്ടുള്ള കർമ്മങ്ങളുണ്ട്. അത് ലംഘിക്കാൻ ആർക്കും അവകാശമില്ല. ജ്ഞാനാർജ്ജനത്തിനുള്ള പ്രധാന മാനദണ്ഡം നിത്യകർമ്മം ലംഘിക്കരുതെന്നാണ്. ഇതൊക്കെയാണെങ്കിലും കർമ്മം ജ്ഞാനമുണ്ടാക്കില്ല, മോക്ഷവും ഉണ്ടാക്കില്ല. മോക്ഷമാണല്ലോ ഭക്തന്റെ ആത്യന്തികലക്ഷ്യം. മോക്ഷമുണ്ടാക്കില്ലെങ്കിലും കർമ്മത്തിന് ജ്ഞാനാർജ്ജനത്തെ സഹായിക്കാനാവും. ജ്ഞാനം, ജീവാത്മാവും പരമാത്മാവും രണ്ടെന്ന് തോന്നിപ്പിക്കുന്ന മായയെ നീക്കും. മായ നീങ്ങിയാൽ മോക്ഷമായി. ബ്രാഹ്മണ ദാർശനികപദ്ധതിയിൽനിന്ന് വ്യത്യസ്തമായി ഗുരു കർമ്മത്തെ അതിപ്രധാനമായി കണ്ടു. "കർമ്മം ചെയ്ത് കർമ്മബന്ധങ്ങൾ അറുക്കണ"മെന്നാണ് ഗുരുവിന്റെ പക്ഷം. ഏതു കർമ്മവും അർപ്പണ മനോഭാവത്തോടെ ചെയ്യണം.

മുൻജന്മത്തിലെ കർമ്മം കൊണ്ടോ പാപം കൊണ്ടോ അല്ല ഒരാൾക്ക് ഈ ജന്മം ലഭിച്ചത്. മറിച്ച് ഈ ജന്മം തന്നെ ദൈവത്തിന്റെ വരദാനമാണ്. *പിണ്ഡനന്ദി* എന്ന ചെറുപദ്യത്തിൽ ഗർഭത്തിൽ ഒരു രൂപവുമില്ലാതെ, ആരും ആശ്രയമില്ലാതെ തനിച്ച് "കല്ലിനകത്തു കുടിവാഴുമൽപ്പജന്തു"വായിരിക്കുമ്പോൾ തന്നെ കാത്തുസംരക്ഷിച്ച ദൈവത്തോട് ഗുരു നന്ദി പറയുന്നുണ്ട്. മാതാവും പിതാവുമില്ലാതെ ഒരു രൂപം പോലുമില്ലാതെ നിസ്സഹായനായ ആ ജന്തുവിനെ കാത്തുരക്ഷിച്ചത് നിന്റെ കൃപയാണെന്നും ആ കരുണയോടും ദയാവായ്പിനും നാം നന്ദി പറയണമെന്നും ഗുരു ഈ കവിതയിൽ പറയുന്നു. ദൈവത്തിന്റെ അരുൾ ഗുരുവിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. സൃഷ്ടിക്കു കാരണം ദൈവത്തിന്റെ കരുണയാണ്.

ഗർഭത്തിൽ വെച്ചു ഭഗവാനടിയന്റെ പിണ്ഡ-

മെപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ!

കൽപ്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-

ട്ടർപ്പിച്ചിടുന്നവിടെയൊക്കെയുംഅങ്ങു ശംഭോ!

മണ്ണും ജലവും കനലുമമ്പരമൊടു കാറ്റു-

മണ്ണിച്ചു പിടിച്ചരയിലിട്ടേരിയും കൊളുത്തി

 ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കൽ നിന്നുമെൻ

 പിണ്ഡത്തിനന്നമൃതു നൽകി വളർത്ത ശംഭോ!

കല്ലിനകത്തു കുടിവാഴുമൽപ്പജന്തു-

 വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു;

 അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും

മറ്റെല്ലാരുമിങ്ങിതിലിരുന്നു വളർന്നിടുന്നു.

ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-

ലെന്തൊന്നു കൊണ്ട ഇതു വളർന്നതഹോ വിചിത്രം;

എൻതമ്പുരാന്റെ കളിയൊക്കെയ ഇതെന്നറിഞ്ഞാ-

ലന്തമില്ലതിന്നു നീയരുളീടുക ശംഭോ!

*(ശ്രീനാരായണഗുരു: പിണ്ഡനന്ദി)*

ഗുരുവിനെ സംബന്ധിച്ചിടത്തോളം ലൗകികലോകം സുപ്രധാനമാണ്. കർമ്മത്തിന്റെ മണ്ഡലവും ഇതുതന്നെ. ഒരു ജാതിക്ക് ഒരു കർമ്മമെന്നില്ല, ഏതു കർമ്മവും ചെയ്യാം. ഏതു കർമ്മവും അർപ്പണഭാവത്തോടെ ചെയ്യണം. ഈ ലോകത്തുനിന്ന് ഒളിച്ചോടാനല്ല, ഈ ലോകത്തെ നേരിടാനാണ് ഗുരു പഠിപ്പിക്കുന്നത്. ഹൈന്ദവപദ്ധതികളിൽനിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. ഇസ്ലാമിക ദർശനവുമായി ഇക്കാര്യത്തിൽ ചില സാമ്യങ്ങൾ കാണാം. ഇഹലോകത്തിനുവേണ്ടി നിരവധി ഉപദേശങ്ങൾ അദ്ദേഹം നൽകുന്നു. പരിഷ്കൃതമായ വിവാഹവിധി മുതൽ വിവാഹമോചിതർ പാലിക്കേണ്ടതെന്താണെന്നും പറഞ്ഞുവെച്ചു. വിവാഹമോചനത്തിനുശേഷം മുൻ ഭർത്താവിന്റെതായ ചിഹ്നങ്ങൾ ഒന്നുമണിയരുതെന്ന പോലെയുള്ള ഉപദേശങ്ങളിലൂടെയും വിധികളിലൂടെയും ഹിന്ദുക്കളിൽനിന്ന് വ്യത്യസ്തമായി വിവാഹമെന്ന ആജീവനാന്ത ബന്ധത്തെപ്പോലും അദ്ദേഹം പുനർനിർണ്ണയിച്ചു.

 പ്രതിഷ്ഠകളുടെ അപസത്താവൽക്കരണം (Desubstantialization)

യു.ആർ അനന്തമൂർത്തിയുടെ ഒരു കഥയുണ്ട്. ഒരു പ്രൊഫസർ അദ്ദേഹത്തിന്റെ കർഷകനായ സുഹൃത്തിനെ കാണാൻ ഗ്രാമത്തിലെത്തുന്നു. സുഹൃത്ത് രാവിലെ തന്നെ കല്ലിനെ പൂജിക്കുന്നത് പ്രൊഫസർ കാണുന്നു. സുഹൃത്ത് പുറത്തുപോയശേഷം പ്രൊഫസർ കല്ലെടുത്ത് പരിശോധിക്കുന്നു. ഇതുകണ്ടുകൊണ്ടാണ് കർഷകനായ സുഹൃത്ത് വീട്ടിലെത്തിയത്. പ്രൊഫസറുടെ കൗതുകം കണ്ട് കല്ല് വേണമെയെന്ന് കർഷകൻ ചോദിച്ചു. ഈ കല്ലില്ലെങ്കിൽ പൂജിക്കാൻ എന്തുചെയ്യുമെന്ന് പ്രൊഫസർ തിരിച്ചുചോദിച്ചു. വേറെ കല്ലെടുത്തോളാമെന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതായത് രൂപത്തെ കേന്ദ്രീകരിച്ചുള്ള ദൈവശാസ്ത്രത്തെ അപസത്താക്കരിക്കുകയാണ് അനന്തമൂർത്തിയുടെ ഗ്രാമീണൻ. ഗുരുവിന്റെ ദർശനപദ്ധതിയും സമാനമാണ്. അതിലേക്കുള്ള ഒരു പ്രവേശനികയായി ഈ കഥ ഉപയോഗിക്കാം.

വി.കെ. ശങ്കരൻ എന്ന പത്രധിപരുമായി കൂർക്കഞ്ചേരി അമ്പലത്തിൽ വെച്ചുനടത്തിയ അഭിമുഖത്തിൽ ഈ കാഴ്ചപ്പാട് ഗുരു ഉറപ്പിക്കുന്നുണ്ട്. ബിംബാരാധനയെ ആളുകൾ ആക്ഷേപിക്കുന്നുവെന്നും അത് അന്ധവിശ്വാസം വളർത്തുമെന്നും വാദിക്കുന്ന ശങ്കരനോട് ഗുരു പറയുന്നത്, ക്ഷേത്രത്തിൽ ചെല്ലുമ്പോൾ ബിംബത്തെച്ചൊല്ലി സ്മരണയില്ലെന്നും നിങ്ങളെപ്പോലുള്ളവർ പറഞ്ഞുകൊടുത്താലേ അവർ ബിംബത്തെക്കുറിച്ച് ഓർക്കുന്നുള്ളൂ എന്നുമാണ്. പറഞ്ഞ് തെറ്റിദ്ധരിപ്പിക്കരുത്. എല്ലാവരും ഈശ്വരനെയാണ് ആരാധിക്കുന്നത്, ബിംബത്തെയല്ലെന്നും ഗുരു പറയുന്നു.

അതായത് കണ്ണടച്ച് പ്രാർത്ഥിക്കുന്ന ഭക്തന്റെ അകക്കണ്ണിൽ ഗണപതിയോ ശിവനോ ഭഗവതിയോ ഒരു രൂപമായി ഇല്ല. അത് ഭഗവതിയാണ്, ഗണപതിയാണ് എന്നൊക്കെ നാം പറഞ്ഞുകൊടുക്കണം. പ്രതിഷ്ഠകളുടെയും വിഗ്രഹങ്ങളുടെയും അപസത്താക്കരണമായി നമുക്കിതിനെ മനസ്സിലാക്കാം. ശ്രീനാരായണഗുരു മാടനെയും മറുതയെയും പോലുള്ള ദൈവങ്ങളെ നീക്കം ചെയ്ത് പുതിയ ആരാധനാക്രമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇതിനെ സവർണ്ണദൈവങ്ങളുടെ കടന്നുവരവായാണ് വിശദീകരിക്കപ്പെടാറുള്ളത്. സംസ്കൃതവൽക്കരണമെന്നും ഇതിനെ വിശേഷിപ്പിക്കുന്നു.

ഗുരുവും ശിഷ്യന്മാരും ചേർന്ന് നടത്തിയ ക്ഷേത്രപ്രതിഷ്ഠകളുടെ ലഭ്യമായ വിവരമനുസരിച്ച് 23 ഇടങ്ങളിലാണ് ശിവപ്രതിഷ്ഠ നടത്തിയത്. ദേവി - 3, സുബ്രഹ്മണ്യൻ - 14, ഗണപതി - 2 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ. ഒമ്പതിടങ്ങളിൽ അദ്ദേഹം മറ്റു ചില വസ്തുക്കളും പ്രതിഷ്ഠിച്ചു. പൊതുവെ അറിയപ്പെടുന്നതിൽനിന്ന് വ്യത്യസ്തമായി അദ്ദേഹം മെഴുക്കൻശില (കൈക്കൽ മീൻമുട്ടി), വിളക്ക് (തൃശ്ശൂർ ചിദംബരക്ഷേത്രം), 'ഓം' എന്ന് എഴുതി ചുറ്റും സത്യം, ധർമ്മം, ദയ, ശാന്തി എന്ന് രേഖപ്പെടുത്തിയ ഫലകം (മുരുക്കുംപുഴ), കണ്ണാടിയിൽ 'ഓം' (ചേർത്തല കളവംകോട്), 'ഓം' (ഉല്ലല), ചിലമ്പ് (പാച്ചല്ലൂർ ചുടുകാട്), കലമാൻകൊമ്പ് (വർക്കല പ്ലാവഴികം)  പീഠം (ആലപ്പുഴ മുഹമ്മ) എന്നിവ പ്രതിഷ്ഠിച്ചു. ചിലയിടങ്ങളിൽ അദ്ദേഹം ഫോട്ടോഗ്രാഫുകൾ പ്രതിഷ്ഠകളാക്കി. ചിലയിടങ്ങളിൽ ഫോട്ടോഗ്രാഫുകൾ മാറ്റി ദൈവങ്ങളുടെ ചിത്രങ്ങൾ വെച്ചു. ചിലയിടങ്ങൾ ഹാൾ ശൂന്യമായി സൂക്ഷിച്ചു. പ്രതിഷ്ഠകളിൽ പരിണാമം കാണുകയും പ്രയാസം.

അരുവിപ്പുറം പ്രതിഷ്ഠയ്ക്കുശേഷം ഗുരുവും ഗുരുവിന്റെ ശിഷ്യരും ചേർന്ന് നിരവധി ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സ്വന്തം താല്പര്യപ്രകാരവും മറ്റുള്ളവരുടെ ആവശ്യപ്രകാരവും അദ്ദേഹമത് ചെയ്തിട്ടുണ്ട്. പ്രതിഷ്ഠ എന്താണെന്ന് തീരുമാനിക്കുന്നതിലും ഇതേ ഘടകങ്ങൾ പങ്കുവഹിച്ചിട്ടുണ്ട്. ഗുരുവിനെ സംബന്ധിച്ചിടത്തോളം ക്ഷേത്രം നിർമ്മിക്കുന്നതിലും അവിടെ പ്രതിഷ്ഠ തിരഞ്ഞെടുക്കുന്നതിലും കൃത്യമായ ദൈവശാസ്ത്ര അർത്ഥങ്ങളുണ്ട്. കലമാൻകൊമ്പ് പ്രതിഷ്ഠിക്കുമ്പോഴും ചിലമ്പ് പ്രതിഷ്ഠിക്കുമ്പോഴും കണ്ണാടി പ്രതിഷ്ഠിക്കുമ്പോഴും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വ്യത്യാസമൊന്നുമില്ല. മതേതരവാദികൾക്ക് ഏറെ ഇഷ്ടപ്പെട്ട കണ്ണാടി പ്രതിഷ്ഠയ്ക്ക് കലമാൻ കൊമ്പിനേക്കാൾ ഒരുപാടു കൂടിയ അർത്ഥവുമില്ല.

അദ്ദേഹത്തിന്റെ താല്പര്യമനുസരിച്ചുള്ള അഭിഷേക ദ്രവ്യങ്ങളിലും ഇതേ വ്യത്യസ്തതയും നൂതനത്വവും കാണാം. ചെറായിൽ അഭിഷേകദ്രവ്യമായി അദ്ദേഹം തീരുമാനിച്ചത് തേൻ ആണ്. അതും അവിടെച്ചെന്ന ശേഷമാണ് ആ തീരുമാനമെടുത്തത്. വിവിധതരം പൂക്കളിൽനിന്ന് നിരവധി തേനീച്ചകൾ ഉണ്ടാക്കുന്ന ദ്രവ്യം എന്ന നിലയ്ക്ക് തേനാണ് അദ്ദേഹം അഭിഷേകത്തിനായി തിരഞ്ഞെടുത്തത്. അതിലൂടെ വൈവിധ്യങ്ങളിലെ ഐക്യതയുടെ പ്രതീകമാണ് തേനെന്ന് വ്യാഖ്യാനിച്ചു.

ഹൈന്ദവ പരിഷ്കരണം?

വ്യവഹാരിക തലത്തിൽ ഹൈന്ദവപദ്ധതിയെ പരിഷ്കരിക്കാനുള്ള ശ്രമമാണോ ഗുരു നടത്തിയിരുന്നത്? മലബാറിൽനിന്നുള്ള ഈഴവ-തീയ്യ പല നേതാക്കളും അങ്ങനെ പറഞ്ഞതായി കാണുന്നു. ഉദാഹരണത്തിന് മൂർക്കോത്ത് കുമാരൻ ഗുരുവിനെ വീക്ഷിക്കുന്നത് അങ്ങനെയാണ്. സ്വാമികളുടെ ജീവചരിത്രത്തിൽ മൂർക്കോത്ത് കുമാരൻ എഴുതിയത്, അദ്ദേഹം ഹൈന്ദവരിലെ സവർണരുടെ ആരാധനാക്രമം ഈഴവർക്കിടയിൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ്. സവർണരിൽ നടപ്പുള്ള ഉത്തമമായ ആരാധനാക്രമം ഈഴവ ക്ഷേത്രങ്ങളിൽ നടപ്പിൽവരുത്തുകയാണ് ഗുരു ചെയ്യുന്നതെന്നും ക്ഷേത്രങ്ങളിൽനിന്ന് ഹിംസയും മദ്യപാനവും ഒഴിവാക്കുകയും ചെയ്തുവെന്നും അദ്ദേഹം എഴുതുന്നു.

മുൻകാലങ്ങളിൽ തന്നെ ഹൈന്ദവീകരിക്കുകയും ദേശീയപ്രസ്ഥാനവുമായി ഐക്യപ്പെടുകയും ചെയ്തിരുന്ന ഒരു വിഭാഗമായിരുന്നു മലബാറിലെ തീയ്യർ. മൂർക്കോത്ത് കുമാരൻ വ്യക്തിപരമായി ദേശീയപ്രസ്ഥാനത്തോടൊപ്പമായിരുന്നില്ലെങ്കിലും മലബാറിലെ എല്ലാ തീയ്യനേതാക്കളും പ്രവർത്തനം തുടങ്ങുന്നത് ബ്രഹ്മസമാജം, ബ്രഹ്മവിദ്യാസംഘം എന്നിവയിലൂടെയാണ്. മാത്രമല്ല, ഭൂരിഭാഗം പേരും ക്ഷേത്രവിരുദ്ധരുമായിരുന്നു. മൂർക്കോത്തും സി. കൃഷ്ണനും കല്ലിങ്കൽ രാരിച്ചൻ മൂപ്പനും കൊറ്റിയത്ത് രാമുണ്ണിയുമൊക്കെ വരുന്നത് ഈ പശ്ചാത്തലത്തിൽനിന്നാണ്. തലശ്ശേരിയിലും കോഴിക്കോടും ക്ഷേത്രങ്ങൾ സ്ഥാപിക്കാൻ പുറപ്പെട്ടപ്പോൾ അവിടെ ചില പ്രശ്നങ്ങൾ തലപൊക്കി. ബ്രഹ്മസമാജക്കാരായ തീയ്യപ്രമാണികൾ ക്ഷേത്രത്തിനെതിരെ രംഗത്തുവന്നു. തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ക്ഷേത്രപ്രതിഷ്ഠയെ നേരിട്ടെതിർത്താണ് ബോധgroup/ബോധാനന്ദൻ തന്റെ സാന്നിധ്യം അറിയിക്കുന്നത്. പിൽക്കാലത്ത് അദ്ദേഹം ഗുരുവിന്റെ ശിഷ്യൻ മാത്രമല്ല, നിരവധി ക്ഷേത്രങ്ങൾ നിർമ്മിക്കുകകൂടി ചെയ്ത ആളാണ്! അത് മറ്റൊരു കഥ.

പത്തൊമ്പതാം നൂറ്റാണ്ടിലെ തമിഴ് ആദ്ധ്യാത്മികധാരയിൽ ശിവനെപ്പോലുള്ള ദൈവങ്ങൾക്ക് തികച്ചും മറ്റു ചില അർത്ഥങ്ങളുണ്ടാകാമെന്നാണ് തോന്നുന്നത്. ആ കാര്യങ്ങൾ കുറച്ചുകൂടി അവഗാഹമായി പഠിക്കേണ്ടതാണ്. മാത്രമല്ല, ഗുരു താൻ നടത്തിയ പ്രതിഷ്ഠകളിലൂടെ നേരത്തെ പറഞ്ഞതുപോലെ ദൈവങ്ങളെ അപസത്താക്കരിക്കുകയാണ് ചെയ്തത്. ഗുരു നടപ്പിൽ വരുത്തിയ സാത്വികാരാധനാ സമ്പ്രദായത്തെ സംകൃതവൽക്കരണവും സവർണ്ണദൈവങ്ങളുടെ കടന്നുവരവായും കാണുന്നത് തീർച്ചയായും സവർണ വീക്ഷണകോണിൽനിന്നുള്ള സമീപനമാണെന്ന് മാത്രം പറയട്ടെ.

 ക്ഷേത്രവിരുദ്ധതയെന്ന ഹൈന്ദവപ്രസ്ഥാനം

ക്ഷേത്രവിരുദ്ധപ്രസ്ഥാനത്തെക്കുറിച്ച് ഇവിടെ ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ. ക്ഷേത്രവിരുദ്ധത എന്നത് ഇന്ന് പലരും കരുതുന്നതുപോലെ ഒരു പുരോഗമനപ്രസ്ഥാനമായിട്ടല്ല കേരളത്തിൽ തുടങ്ങിയത്. പുരോഗമനപ്രസ്ഥാനങ്ങൾ പൊതുവെ മതമുപേക്ഷിച്ച് അവസാനപടിയായി ക്ഷേത്രവിരുദ്ധതയെ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇടത്-മതേതര എഴുത്തുകാർക്കിടയിൽ ഈ ചിന്താരീതി വ്യാപകമാണ്. എന്നാൽ ക്ഷേത്രവിരുദ്ധപ്രസ്ഥാനത്തോട് ഗുരുവും ഈഴവരിൽ വലിയൊരു വിഭാഗവും പുറംതിരിഞ്ഞുനിൽക്കുകയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരിക്കുകയും സവർണ്ണ ദേശീയരാഷ്ട്രീയത്തോട് ചേർന്നുനിൽക്കുകയും ചെയ്തിരുന്ന മലബാറിലെ തീയ്യർ അല്ലെങ്കിൽ അവർക്കിടയിലുള്ള പ്രമാണികൾ ക്ഷേത്രവിരുദ്ധതയുടെ വക്താക്കളായിരുന്നുവെങ്കിൽ, നാട്ടുരാജ്യമായ കൊച്ചിയിലെയും തിരുവിതാംകൂറിലെയും നേതാക്കൾ ഇതിനോട് വലിയ താല്പര്യം കാണിച്ചില്ല. എന്തിനധികം, തിയോസഫിക്കൽ സൊസൈറ്റിക്കാരുടെ ജാതീയതയെക്കുറിച്ച് *വിവേകോദയ*ത്തിന്റെ ആദ്യകാല ലക്കങ്ങളിൽ തന്നെ പരാമർശമുണ്ടായിരുന്നു.

മറ്റൊരു ക്ഷേത്രവിരുദ്ധനായ തീയ്യൻ ആത്മവിദ്യാസംഘം സ്ഥാപിച്ച വടകരയിലെ വാഗ്ഭടാനന്ദനാണ്. അദ്ദേഹം ആർഷഭാരതത്തിൽ അഭിമാനിക്കുക മാത്രമല്ല, മുസ്‍ലിം വിരുദ്ധതയുടെ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. ദൈവങ്ങൾക്ക് ശക്തിയില്ലെന്ന് തെളിയിക്കാൻ അദ്ദേഹം ഉപയോഗിക്കുന്ന തെളിവ് രസകരമാണ്. മാപ്പിള ലഹളക്കാലത്ത് (1800-കളിൽ) പാലായനം ചെയ്യേണ്ടിവന്ന ബ്രാഹ്മണരെയും വിഗ്രഹങ്ങളെയും രക്ഷിക്കാൻ കഴിഞ്ഞില്ലെന്നതുകൊണ്ടുതന്നെ ദൈവങ്ങൾക്ക് ശക്തിയില്ലെന്ന് തെളിഞ്ഞതായി അദ്ദേഹം എഴുതി. ഗുരുവായൂർ സത്യഗ്രഹസമയത്തും പൊന്നാനിയിലെ മതംമാറ്റത്തെക്കുറിച്ചും ഇതേ മട്ടിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിൽ അദ്ദേഹം അബ്ദുറഹിമാൻ സാഹിബിനെ  വർഗീയവാദിയെന്നുപോലും വിളിച്ചു. ഇത്തരം ക്ഷേത്രവിരോധികളെ ഒതുക്കിയാണ് ഗുരു തന്റെ നിലപാടുകളുമായി മുന്നോട്ടുവന്നത്.

ക്ഷേത്രം എന്ന സാമൂഹികസ്ഥാപനം

ഹൈന്ദവപദ്ധതിയിൽനിന്ന് വ്യത്യസ്തമായി ക്ഷേത്രത്തെ ഒരു സാമൂഹികസ്ഥാപനമായാണ് ഗുരു കണ്ടത്. മൂർക്കോത്ത് കുമാരനോട് പറഞ്ഞതനുസരിച്ച് ക്ഷേത്രത്തിൽ പണം ചെലവഴിച്ച് കരിമരുന്നും മറ്റും വേണ്ട. ആളുകൾക്ക് വന്നിരിക്കാനും പ്രസംഗിക്കാനും വിശാലമായ മുറികൾ വേണം. വിദ്യാശാലകൾ വേണം. വ്യവസായശാലകൾ നിർമ്മിക്കണം. വിദ്യയും കൈത്തൊഴിലും പഠിപ്പിക്കണം. ഗ്രന്ഥശാലകൾ വേണം. തോട്ടങ്ങൾ വേണം. ഇരിക്കാൻ ബെഞ്ചുകൾ പോലും സ്ഥാപിക്കണം.

ക്ഷേത്രത്തിൽ ലഭിക്കുന്ന പണം സമുദായത്തിന്റെ പണമായി മറ്റുള്ളവർക്ക് ഉപയോഗിക്കാൻ ആവണം. കുഴലിൽ വെള്ളം തലയിൽവന്നുപതിക്കുന്ന വിധം കുളിമുറി വേണം. സവർണ ക്ഷേത്രങ്ങളിൽ പോയി പണം ചെലവഴിക്കരുതെന്നും ഉപദേശിച്ചു. വർക്കലയിൽ ക്ഷേത്രം നിർമ്മിച്ചത് തന്നെ സവർണ്ണക്ഷേത്രത്തിൽ ആളുപോകാതിരിക്കാനാണ്. ഇത് വർക്കലയിലെ മാത്രമല്ല, തലശ്ശേരിയിലെയും കഥയാണ്. സമുദായത്തെ ഒരുമിച്ച് കൂട്ടിച്ചേർക്കാനുള്ള ഇടമായാണ് ഗുരു ക്ഷേത്രങ്ങളെ കണ്ടത്.  ധർമ്മം പത്രാധിപരുമായി നടന്ന ചർച്ചയിലും ക്ഷേത്രം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് ഗുരു തന്റേതായ കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നുണ്ട്.

"ഇനി ക്ഷേത്രനിർമ്മാണത്തെ പ്രോത്സാഹിപ്പിക്കരുത്. പ്രധാന ദേവാലയം വിദ്യാലയമായിരിക്കണം." എന്ന് സൂചിപ്പിക്കുന്ന ഗുരുവിന്റെ 1917-ലെ പ്രഖ്യാപനം നിരന്തരം ആവർത്തിക്കുന്നത് കാണാറുണ്ട്. ചിലർക്കിത് ഗുരുവിന്റെ മതവിരുദ്ധപ്രഖ്യാപനമോ മതേതരത്വത്തോടുള്ള ചേർന്നുനിൽപ്പോ ആണ്. ചിലർക്കത് ദൈവശാസ്ത്രത്തെത്തന്നെ തള്ളുന്ന ഗുരുവിന്റെ പ്രഖ്യാപനമാണ്. ക്ഷേത്രങ്ങളുടെ നിരാർത്ഥകത ബോധ്യപ്പെടുത്താനുള്ള ശ്രമമായും വിദ്യാലയങ്ങൾ മാത്രം മതിയെന്നു പറയാനുള്ള ഗുരുവിന്റെ ഉപദേശമായും എടുക്കുന്നവരുണ്ട്. ക്ഷേത്രങ്ങളിൽനിന്ന് വിദ്യാലയങ്ങളിലേക്കുള്ള ഗുരുവിന്റെ പരിണാമം ഇടതുപക്ഷത്തിനും മതേതരവാദികൾക്കും ഏറെ ഇഷ്ടപ്പെട്ട വിനോദവിഷയവുമാണ്.

സവർണ്ണവും ഹൈന്ദവവുമായ ദൈവശാസ്ത്രയുക്തിയിൽ നിന്നല്ല ഗുരു തന്റെ ദൈവശാസ്ത്രധാരണകളും പ്രതിഷ്ഠാ സങ്കൽപ്പങ്ങളും വിഭാവനം ചെയ്തെടുത്തത്. പുതിയ കാലത്ത് നമുക്കതിനെ 'കീഴാള ദൈവശാസ്ത്രപദ്ധതി'യെന്ന് വിളിക്കാം. അതിനനുരൂപമായ സങ്കൽപ്പങ്ങളും അദ്ദേഹം പ്രചരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ സ്വാഭാവികമായും അക്കാലത്ത് സജീവമായിരുന്ന ഹൈന്ദവപദ്ധതികൾ ഈഴവരെയും ബാധിക്കുകയും, എന്താണോ അദ്ദേഹം ഒഴിവാക്കാൻ ശ്രമിച്ചത് അത് കൂടുതൽ തീക്ഷ്ണമാവുകയും ചെയ്തു. അതിലൊന്നാണ് ജാതിചിന്ത. ക്ഷേത്രനിർമ്മാണത്തിൽ ആവശ്യത്തിലേറെ ആവേശം പ്രകടിപ്പിക്കുന്ന ഒരു ശൈലിയും ഈഴവർക്കിടയിൽ അക്കാലത്ത് പടർന്നുപിടിച്ചു. ഈ സന്ദർഭത്തിലാണ് ഗുരുവിന്റെ പ്രഖ്യാപനം - ക്ഷേത്രമെന്നതിനു പകരം വിദ്യാലയമെന്ന പ്രഖ്യാപനം - വരുന്നത്.

ഗുരുവിനെ സംബന്ധിച്ചിടത്തോളം ആദ്ധ്യാത്മികതയും ഭൗതികതയും വ്യത്യസ്തമായ രണ്ടു കാര്യങ്ങളല്ല. രണ്ടിനെയും സമന്വയിപ്പിക്കുന്ന ഒരു ദാർശനികപദ്ധതിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഗുരുവിനെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങൾ മാത്രമല്ല, വിദ്യാലയങ്ങൾക്കും ദൈവശാസ്ത്രപരമായ അർത്ഥമുണ്ട്. മനുഷ്യന്റെ ഭൗതികമായ സൗഖ്യത്തെ (ഹൈന്ദവർ കണ്ടിരുന്നതുപോലെ) വർജ്ജിക്കണമെന്ന് അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ആത്മീയമായ സൗഖ്യത്തെ ഭൗതികമായ സൗഖ്യം സ്വാധീനിക്കുമെന്നും അഭിപ്രായമുണ്ടായിരുന്നു. ഗുരുവിന്റെ *അദ്വൈതജീവിതം* എന്ന കൃതി ഗുരുവിന്റെ ഈ ചിന്തയിലേക്ക് വെളിച്ചം വീശുന്നു. ക്ഷേത്രങ്ങൾക്കും വിദ്യാലയങ്ങൾക്കും മതേതരവാദികൾ കരുതുംപോലെ വലിയൊരു പിളർപ്പുമില്ല. രണ്ടും ദൈവശാസ്ത്രപരമായി ഒരേ കാര്യത്തിന്റെ രണ്ടു ഭാഗങ്ങളാണ്.

ഗുരു ഉപദേശിച്ച ദൈവശാസ്ത്രത്തെ തള്ളി അവിടെ ഇടംപിടിച്ച ഹൈന്ദവ ദൈവശാസ്ത്രമാണ് ഈഴവർക്കിടയിൽ പടർന്നുപിടിച്ച ഹിന്ദുത്വവൽക്കരണത്തിന്റെ യഥാർത്ഥ കാരണം. ഈ അപചയത്തിന് ഒരു പരിധിവരെ ദേശീയവാദികളും മതേതരവാദികളും, എന്തിന് ഈ പ്രചാരണത്തിന് തുടക്കം കുറിച്ച സഹോദരൻ അയ്യപ്പൻ പോലും കാരണക്കാരനായി മാറി. എങ്കിലും സാമുദായികതയിലുള്ള ഊന്നൽ സഹോദരന്റെ പദ്ധതിയുടെ ആഘാതം കുറച്ചെന്നു പറയാതിരുന്നാൽ അത് അദ്ദേഹത്തോട് കാണിക്കുന്ന അനീതിയാവും.

 ഏകമതവും മതസൗഹാർദവും

കേരളത്തെ സംബന്ധിച്ചിടത്തോളം മതംമാറ്റപ്രസ്ഥാനം വിമോചനപരമായ ദൗത്യമാണ് നിർവ്വഹിച്ചത്. ജാതിബാധയിൽ തകർന്നുതരിപ്പണമായിക്കൊണ്ടിരുന്ന അവർണ്ണർക്ക് വിമോചനത്തിന്റെ മുദ്രാവാക്യങ്ങളുമായാണ് മതംമാറ്റപ്രസ്ഥാനം രൂപംകൊള്ളുന്നത്. ഈ പ്രസ്ഥാനത്തോടു വ്യത്യസ്തങ്ങളായ പ്രതികരണങ്ങളാണ് ഉണ്ടായത്. സവർണ്ണരെ സംബന്ധിച്ചിടത്തോളം ഹിന്ദുമതവിമർശനം സഹിക്കാവുന്നതിനപ്പുറമാണ്. എന്നാൽ അവർണ്ണരാകട്ടെ അതിനെയൊരു രക്ഷാമാർഗ്ഗമായി കണ്ടു. ഇസ്ലാമിലേക്കുള്ള വരവ് കുറേക്കൂടി നേരത്തെ കഴിഞ്ഞിരുന്നു. തിരുവിതാംകൂർ, കൊച്ചി ഭാഗത്ത് പാതിരിമാരുടെ പ്രവർത്തനങ്ങളുടെ കൂടി ഭാഗമായി നിരവധി പേർ ക്രൈസ്തവരായി. കീഴാളരെ സംബന്ധിച്ചിടത്തോളം ഈ മാറ്റവും രക്ഷയായില്ല. ഇക്കാലത്തെ സമുദായനേതാക്കളുടെ നിലപാടുകൾ രൂപീകരിക്കുന്നതിൽ ഈ യാഥാർത്ഥ്യം വലിയ പങ്കുവഹിച്ചു.

ക്രൈസ്തവ മിഷണറിമാരുടെ നേതൃത്വത്തിൽ വലിയ ഹിന്ദുമതവിമർശനം പൊട്ടിപ്പുറപ്പെട്ട കാലത്താണ് ഗുരു തന്റെ പ്രവർത്തനം ആരംഭിക്കുന്നത്. ഇതേ കാലത്ത് പ്രവർത്തിച്ചിരുന്ന ചട്ടമ്പി സ്വാമികൾ  ക്രിസ്തുമതഛേദനം (1890) എന്നൊരു ഗ്രന്ഥമെഴുതി പ്രസിദ്ധീകരിച്ചു. അത് പ്രചരിപ്പിക്കാൻ കറുവാ കൃഷ്ണനാശാനെപ്പോലുള്ളവരെ നിയോഗിച്ചു. മതംമാറ്റത്തിനെതിരെയും തൊപ്പി, കുപ്പായം മുതലായവ നൽകി മയക്കി ഭേദിപ്പിച്ച് ഹിന്ദുക്കളായ പുലയർ, പറയർ, ചാന്നാർ എന്നിവരെ സ്വമതമാർഗ്ഗത്തിൽ ചേർക്കുന്നതിനെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. മതംമാറ്റത്തെ മഹാപാതകമെന്നാണ് അദ്ദേഹം വിവരിച്ചത്. ഇതിനെതിരെ പ്രവർത്തിക്കുന്നത് മഹത്തരമാണെന്നുമാത്രമല്ല, വലിയ പുണ്യമാണെന്നും ചട്ടമ്പി സ്വാമികൾ വാദിച്ചു. ക്രിസ്തുവിന് ദൈവത്വമില്ല, ആദാമിന്റെ കഥയിലെ യുക്തിയില്ലായ്മ, ദൈവസങ്കൽപ്പത്തിലെ വൈരുദ്ധ്യങ്ങൾ, ക്രൈസ്തവർ ചെയ്ത കൂട്ടക്കൊലകൾ തുടങ്ങി വിശദീകരണങ്ങൾ നൽകി ഹിന്ദുക്കളെ ക്രിസ്തുമതത്തിൽനിന്ന് അകറ്റാനായിരുന്നു ശ്രമം.

ഈ ശ്രമം ഒരു ഭാഗത്തു നടക്കുമ്പോഴാണ് മതത്തെ തികച്ചും വ്യത്യസ്ത അർത്ഥത്തിൽ വിശദീകരിച്ചുകൊണ്ടുള്ള ഒരു തത്ത്വചിന്താ പദ്ധതി ഗുരു അവതരിപ്പിക്കുന്നത്. ഇത്തരം ഒരു സാമൂഹിക സാഹചര്യത്തിലാണ് ഗുരു ഈഴവരെ ഹൈന്ദവതയിലേക്ക് നയിച്ചതെന്ന് ടി.എം. യേശുദാസൻ ആരോപിക്കുന്നത്. യേശുദാസന്റെ വിശദീകരണത്തിൽനിന്ന് വ്യത്യസ്തമായി ഹൈന്ദവതത്ത്വചിന്താ പദ്ധതിയുമായി ഇത് എത്രമാത്രം ഇടഞ്ഞുനിൽക്കുന്നുവെന്നാണ് നാം ഇതുവരെ കണ്ടത്.

ഗുരു സ്വന്തമായി ഒരു മതവും സ്ഥാപിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത ശിഷ്യന്മാരായ അയ്യപ്പനടക്കം വ്യക്തമാക്കുന്നുണ്ട്. മതത്തെ കുറച്ചുകൂടി വ്യത്യസ്തമായ രീതിയിലാണ് അദ്ദേഹം കണ്ടിരുന്നത്. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന ഗുരുവചനത്തെക്കുറിച്ചുള്ള ഒരു ചർച്ച സി.വി. കുഞ്ഞുരാമനുമായി ഗുരു നടത്തുന്നുണ്ട്. ഇതൊരു ഒറ്റ സംഭാഷണമല്ല, ഗുരു പലതവണ പറഞ്ഞവ സി.വി. കൂട്ടിച്ചേർത്ത് ഒന്നാക്കിയ ശേഷം ഗുരുവിനെ വായിച്ചുകേൾപ്പിക്കുകയായിരുന്നു. ഈ സംഭാഷണത്തിൽ ഏകമതമെന്ന തന്റെ സിദ്ധാന്തത്തെക്കുറിച്ച് പറയുന്ന കൂട്ടത്തിൽ വ്യക്തിയും മതവും തമ്മിലുള്ള ബന്ധം അദ്ദേഹം പരിശോധിക്കുന്നുണ്ട്.

'ഒരു ജാതി' എന്നതിനെക്കുറിച്ചല്ല, 'ഒരു മതം' എന്നതിനെക്കുറിച്ചാണ് സി.വി. ഗുരുവിനോട് ഈ അഭിമുഖത്തിൽ സംശയം പ്രകടിപ്പിച്ചത്. പ്രത്യേകിച്ചും "പലമതസാരവുമേകം" എന്നതിനെ. എല്ലാ മതത്തിലും ഒരു സാരമെന്നതിനെ സി.വി. ചോദ്യം ചെയ്യുന്നു. ആസ്തികവും നാസ്തികവും വ്യത്യസ്തമാണല്ലോ. നാസ്തികചിന്ത പൊതുജനങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഗുരു വ്യക്തമാക്കുന്നു: അതുകൊണ്ട് മതത്തെക്കുറിച്ചുള്ള ചർച്ചയിൽ ആസ്തികതയെ മാറ്റിനിർത്തണം. മതത്തിന് രണ്ടു വശങ്ങളുണ്ട്. ഒന്ന് ആഭ്യന്തരം, മറ്റൊന്ന് ബാഹ്യം. ബാഹ്യത്തിൽ മാറ്റമുണ്ടെങ്കിലും ആഭ്യന്തരം ഒന്നാണ്. തത്ത്വങ്ങളിൽ ഭിന്നതയുണ്ടെങ്കിലും ഉദ്ദേശ്യത്തിൽ ഭിന്നതയില്ല.

ഒരാൾ സ്വർഗ പ്രാപ്തിയെക്കുറിച്ച് പറയുമ്പോൾ മറ്റു ചിലർ മോക്ഷം ആദർശമാക്കുന്നുണ്ടെങ്കിലും സ്വർഗ്ഗാനുഭൂതിക്കാരിയലും അതിലും വലിയൊരു സ്ഥാനത്തെക്കുറിച്ചുള്ള സങ്കൽപ്പമുണ്ട്. സൂക്ഷ്മാന്വേഷണത്തിന് സഹായിക്കുന്ന മാർഗ്ഗദർശികൾ മാത്രമാണ് മതങ്ങൾ. സൂക്ഷ്മതയറിഞ്ഞവന് മതമല്ല പ്രമാണം, മതത്തിന് അവനാണ് പ്രമാണം. 'അപൗരുഷെയം' എന്നതിന് കർത്താക്കളെ അറിയില്ലെന്ന് കരുതിയാൽ മതി. സാമാന്യജനം മതഗ്രന്ഥങ്ങൾ പ്രമാണമാക്കണം. ഹിന്ദുമതം എന്നത് പൊതുപേരാണ്. ബുദ്ധമതം, ജൈനമതം, സാംഖ്യം, വൈശേഷികം എന്നിങ്ങനെ വിവിധ ധാരകളെ പൊതുവെ പറയുന്ന പേര്. അതുമാത്രമല്ല, ഒരു മതത്തിനുള്ളിലെ വിവിധ മനുഷ്യരുടെ മതവും ഒന്നല്ല. ഓരോരുത്തർക്കും അടിസ്ഥാനപരമായി നോക്കിയാൽ വ്യത്യസ്ത സങ്കൽപ്പമാണ്. അങ്ങനെയെങ്കിൽ 20 കോടി ജനങ്ങളുണ്ടെങ്കിൽ 20 കോടി മതമുണ്ടാവണം. യാഥാർത്ഥ്യം ഇതായിരിക്കുമ്പോഴും നാം ഇവർക്കൊരു പൊതുപേര് സങ്കൽപ്പിക്കുന്നു. അതാണ് ഓരോ മതവും. വിവിധ മതങ്ങൾ തന്നെ ഒറ്റയ്ക്കൊറ്റയ്ക്ക് പൊതുപേരാണെങ്കിൽ എല്ലാ മതങ്ങളെയും ഒരു പൊതുപേരിൽ വിളിച്ചുകൂടേ? ഇതാണ് ഗുരുവിന്റെ മതസൗഹാർദ്ദത്തിന്റെ തത്ത്വശാസ്ത്രം.

വ്യക്തിയും മതവും തമ്മിലുള്ള ബന്ധത്തെ തത്ത്വശാസ്ത്രതലത്തിൽ അസ്ഥിരപ്പെടുത്തുന്ന ഈ ദൈവശാസ്ത്രചിന്തയാണ് ഗുരുവിനെ സർവ്വമതസമ്മേളനം വിളിച്ചുചേർക്കാനും മതസൗഹാർദ്ദത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും പ്രേരിപ്പിച്ചത്. വിവിധ ചിന്താധാരകളുമായി സംവദിക്കാൻ കീഴാള ദൈവശാസ്ത്രപദ്ധതിയെ പ്രാപ്തമാക്കുന്നത് ഈ ആലോചനകളാണ്. അദ്വൈതവീക്ഷണങ്ങളെക്കുറിച്ച് വിസ്തരിച്ചെഴുതിയ *ആത്മോപദേശശതകം* ഈ വീക്ഷണങ്ങൾ കൃത്യതയോടെ പ്രകടിപ്പിക്കുന്നുണ്ട്. വ്യക്തിനിഷ്ഠമായ വേദാന്തത്തെ ഗുരു സാമൂഹികപ്രസക്തമാക്കുകയും മതമീമാംസയും സാമൂഹികതത്ത്വചിന്തയും സമന്വയിപ്പിക്കുകയും ചെയ്തുവെന്ന് ഈ കൃതിക്കെഴുതിയ മുഖവുരയിൽ ടി. ഭാസ്കരൻ പറയുന്നു. അതേസമയം സാമൂഹികശാസ്ത്രതലത്തിൽ ഗുരുവിന്റെ ദൈവശാസ്ത്രപദ്ധതി ഒരിക്കലും മതംമാറ്റത്തെ തള്ളിപ്പറയുന്നുമില്ല. ഹൈന്ദവപ്രത്യയശാസ്ത്രത്തിൽനിന്നും കീഴാള ദൈവശാസ്ത്രപദ്ധതിയെ വ്യത്യസ്തമാക്കുന്നതും ഇതാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - ബാബുരാജ് ഭഗവതി

Writer

Similar News