ആദ്യകാല ഇസ്ലാമിക അറബി സാഹിത്യം: കാവ്യരൂപങ്ങളും ഗദ്യശൈലികളും
അറബി സാഹിത്യത്തിന്റെ ചരിത്രവഴികളിൽ പ്രകാശധാരയായി വിരിഞ്ഞ സുവർണ്ണ കാലഘട്ടമാണ് ആദ്യകാല ഇസ്ലാമിക കാലഘട്ടം
അറബി സാഹിത്യത്തിന്റെ ചരിത്രവഴികളിൽ പ്രകാശധാരയായി വിരിഞ്ഞ സുവർണ്ണ കാലഘട്ടമാണ് ആദ്യകാല ഇസ്ലാമിക കാലഘട്ടം. വിശുദ്ധ ഖുർആന്റെ അവതരണവും നബിയുടെ തിരുമൊഴികളും അറബി ഭാഷയ്ക്കും സാഹിത്യ സംസ്കൃതിക്കും അഭൂതപൂർവ്വമായ മൗലികതയും ആത്മീയ സൗന്ദര്യവും പകർന്നുനൽകി. ജാഹിലിയ്യാ കാലഘട്ടത്തിന്റെ പരുഷതയും ഗോത്രവൈരങ്ങളും നിറഞ്ഞ ഭാവനകൾക്കു പകരം, ഹൃദയാന്തരങ്ങളെ തൊട്ടറിയുന്ന മാധുര്യവും അഗാധമായ അർത്ഥവ്യാപ്തിയുമുള്ള പുതിയ സാഹിത്യ ലോകം അവിടെ പൂവണിഞ്ഞു. അറബി ഭാഷയുടെ വ്യാകരണശുദ്ധിയും പ്രയോഗവൈഭവവും ഏറ്റവും ഉന്നതമായ തലത്തിലേക്ക് ഉയർന്നത് ഈ കാലഘട്ടത്തിലാണ്. ഗോത്രാധിപത്യത്തിന്റെ സങ്കുചിത ചിന്തകളിൽ നിന്നും അന്ധവിശ്വാസങ്ങളുടെ അനാചാരങ്ങളിൽ നിന്നും മനുഷ്യ മനസ്സിനെ മോചിപ്പിച്ച്, മാനവികതയുടെയും സാർവത്രിക സാഹോദര്യത്തിന്റെയും ഉദാത്തമായ ആശയങ്ങൾ സാഹിത്യത്തിലൂടെ പ്രചരിപ്പിക്കാൻ ഈ കാലഘട്ടത്തിലെ എഴുത്തുകാരും കവികളും ശ്രദ്ധിച്ചു.
ഇസ്ലാമിക കാവ്യസാഹിത്യത്തിന്റെ ഉദയവും ഹസ്സാൻ ബിൻ സാബിത്തിന്റെ സംഭാവനകളും
ഈ കാലഘട്ടത്തിലെ കാവ്യസാഹിത്യത്തിന്റെ മുഖമുദ്രയാണ് പ്രവാചക ആസ്ഥാന കവി എന്നറിയപ്പെടുന്ന ഹസ്സാൻ ബിൻ സാബിത്. പ്രവാചകന്റെ പ്രശസ്തിയും ഇസ്ലാമിന്റെ സന്ദേശവും ലോകമെങ്ങും എത്തിക്കുന്നതിൽ അദ്ദേഹം തന്റെ കാവ്യസപര്യ സമർപ്പിച്ചു. സത്യനിഷേധികളുടെ അപവാദ പ്രചാരണങ്ങൾക്കും പരിഹാസങ്ങൾക്കും ശക്തമായ കാവ്യരൂപത്തിലുള്ള മറുപടി നൽകുക, പ്രവാചകന്റെ ഉത്തമ സ്വഭാവങ്ങളെയും മാനവികതയെയും സാഹോദര്യത്തെയും കാവ്യങ്ങളിൽ പ്രകീർത്തിക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. പ്രവാചകന്റെ ശാരീരികവും ആത്മീയവുമായ സൗന്ദര്യത്തെയും കുറ്റമറ്റ പ്രകൃതത്തെയും അദ്ദേഹം ഹൃദ്യമായ വരികളിലൂടെ അനശ്വരമാക്കി. "നിന്നെക്കാൾ സുന്ദരനായ ഒരു മനുഷ്യനെ എന്റെ കണ്ണുകൾ ഇതുവരെ കണ്ടിട്ടില്ല "
എന്ന അദ്ദേഹത്തിന്റെ വരികൾ അറബി കവിതയിലെ ഹൃദ്യമായ പ്രകീർത്തനങ്ങളിൽ ഒന്നാണ്. മദീനക്കാരിലെ സഹകാരി വിഭാഗമായ അൻസാരികളിൽ ജനിച്ച അദ്ദേഹം മദീനയിലെ ഇസ്ലാമിക സമൂഹം നേരിട്ട സാംസ്കാരികവും ആശയപരവുമായ പ്രതിരോധങ്ങളുടെ മുൻനിര പോരാളി കൂടി ആയിരുന്നു. പള്ളിയിൽ അദ്ദേഹത്തിനായി പ്രത്യേക പീഠം തന്നെ സജ്ജീകരിച്ചിരുന്നുവെന്നും, പ്രവാചകന്റെ ശത്രുക്കളുടെ കാവ്യാക്രമണങ്ങളെ അദ്ദേഹം തന്റെ മൂർച്ചയേറിയ വരികളിലൂടെ തകർത്തെറിഞ്ഞുവെന്നും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കവിതകളിൽ പരുഷതയ്ക്ക് പകരം ആത്മീയമായ ലാളിത്യവും ആശയപ്രൗഢിയുമാണ് നിഴലിച്ചിരുന്നത്.
കഅ്ബ് ബിൻ സുഹൈറിന്റെ ബാനത്ത് സുആദും പ്രമുഖ കവികളും
ഇസ്ലാമിക കാവ്യചരിത്രത്തിലെ സമാനതകളില്ലാത്ത മറ്റൊരു ഏടാണ് കഅ്ബ് ബിൻ സുഹൈർ രചിച്ച ബാനത്ത് സുആദ് എന്ന അനശ്വര കാവ്യം. ഇസ്ലാം സ്വീകരിക്കുന്നതിന് മുൻപ് പ്രവാചകനെതിരെ കവിതകൾ രചിക്കുകയും പിന്നീട് തന്റെ കർമ്മങ്ങളിൽ പശ്ചാത്താപ വിവശനാവുകയും ചെയ്ത കഅ്ബ്, ജീവന്റെ ഭയപ്പാടുകൾ മാറ്റിവെച്ച് നേരിട്ട് പ്രവാചക സന്നിധിയിലെത്തി മാപ്പഭ്യർത്ഥിച്ചുകൊണ്ട് ഈ കവിത ആലപിക്കുകയാണുണ്ടായത്. പ്രണയത്തിന്റെയും വിയോഗത്തിന്റെയും നൊമ്പരങ്ങളോടെ തുടങ്ങി പ്രവാചകന്റെ പ്രകാശത്തെ വാഴ്ത്തി അവസാനിച്ച ആ കാവ്യം കേട്ട് സന്തുഷ്ടനായ പ്രവാചകൻ, തന്റെ മേൽമുണ്ടായ പുതപ്പ് ഊരി അദ്ദേഹത്തിന് സമ്മാനിച്ചു. ആ ചരിത്ര സംഭവത്തിന്റെ ഓർമ്മയ്ക്കാണ് ഈ കവിത ഖസീദത്തുൽ ബുർദ എന്ന പേരിൽ അറിയപ്പെടുന്നത്. അബ്ദുല്ലാഹിബ്നു റവാഹ, കഅ്ബ് ബിൻ മാലിക് തുടങ്ങിയവരും ഇസ്ലാമിക പ്രതിരോധ കാവ്യങ്ങളിലൂടെ ഈ കാലഘട്ടത്തെ ധന്യമാക്കി. കൂടാതെ പ്രശസ്തയായ വനിതാ കവയിത്രി ഖൻസാ തന്റെ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ കണ്ണീരിൽ ചാലിച്ചെഴുതിയ ആദ്യകാല വിലാപകാവ്യങ്ങൾ അറബി സാഹിത്യത്തിൽ അമരത്വം നേടി. ഖൻസായുടെ കാവ്യങ്ങളിൽ പ്രകടമാകുന്ന ശോകഭാവവും ക്ഷമാശീലവും ജാഹിലിയ്യാ കാലഘട്ടത്തിലെ വിലാപകാവ്യങ്ങളിൽ നിന്ന് അവയെ തികച്ചും വ്യത്യസ്തമാക്കുന്നവയാണ് എന്നതാണ് വാസ്തവം. അവരുടെ കവിതകൾ മനുഷ്യന്റെ ദുഃഖത്തെ സാർവത്രികവും ഉദാത്തവുമായ തലത്തിലേക്ക് ഉയർത്തി.
ഗദ്യസാഹിത്യവും ഔദ്യോഗിക കത്തുകളും
കാവ്യങ്ങൾക്ക് പുറമെ ഗദ്യസാഹിത്യത്തിന്റെ ഏറ്റവും ഔന്നത്യം പുലർത്തുന്ന മാതൃകയാണ് നബിയുടെ പ്രഭാഷണങ്ങളും പ്രഘോഷണങ്ങളും. ചുരുങ്ങിയ വാക്കുകളിൽ പ്രപഞ്ചത്തിന്റെ മുഴുവൻ അർത്ഥവും ഒതുക്കിവെക്കുന്ന ജവാമിഉൽ കലിം എന്ന സവിശേഷത അവയ്ക്ക് സ്വന്തമായിരുന്നു. മനുഷ്യർക്കിടയിൽ സ്നേഹവും സാഹോദര്യവും സമാധാനവും വളർത്തുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രഭാഷണങ്ങളുടെ കാതൽ. അഹങ്കാരവും അസൂയയും വെടിഞ്ഞ് മനുഷ്യരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ ജീവിക്കാൻ അവ ആഹ്വാനം ചെയ്തു. പ്രവാചകന് പുറമെ അബൂബക്ർ സിദ്ദീഖ് പ്രസംഗകലയിലൂടെ സമൂഹത്തിന് ദിശാബോധം നൽകുകയും, അലി ബിൻ അബീത്വാലിബ് അറബി ഗദ്യസാഹിത്യത്തിലും അലങ്കാരശാസ്ത്രത്തിലും തുല്യതയില്ലാത്ത മാതൃക തീർക്കുകയും ചെയ്തു.
നബിയുടെ വിടവാങ്ങൽ പ്രസംഗവും മക്കാ വിജയവേളയിലെ പ്രഖ്യാപനങ്ങളും
മാനവികാവകാശങ്ങളുടെയും സമാധാനത്തിന്റെയും ചരിത്രത്തിലെ സുവർണ്ണ അധ്യായങ്ങളാണ്. അക്കാലത്തെ പ്രഭാഷണങ്ങൾ കേവലം ആശയവിനിമയ ഉപാധികൾ എന്നതിലുപരി ഹൃദയങ്ങളെ സ്വാധീനിക്കാനും സമൂഹത്തെ ധാർമ്മികമായി പുനർനിർമ്മിക്കാനുമുള്ള ശക്തമായ ആത്മീയ ചൈതന്യമായിരുന്നു. ഇസ്ലാമിക ഭരണകൂടത്തിന്റെ വികാസത്തോടൊപ്പം പ്രവാചകനും ഖലീഫമാരും അയച്ച കത്തുകൾ അറബി ഗദ്യസാഹിത്യത്തിൽ തികച്ചും പുതിയൊരു ഔദ്യോഗിക ശൈലിക്ക് രൂപം നൽകി. രാഷ്ട്രീയ പക്വതയും പ്രബോധന ലക്ഷ്യങ്ങളും ഔദ്യോഗിക മര്യാദകളും സമ്മേളിച്ചവയായിരുന്നു അവ. റോമൻ ചക്രവർത്തിയായ ഹിർഖലിന് നബി തിരുമേനി അയച്ച കത്തുകൾ ഇതിന്റെ ഉത്തമ ഉദാഹരണമാണ്.
ഹസ്സാൻ ബിൻ സാബിത്തിന്റെയും കഅ്ബ് ബിൻ സുഹൈറിന്റെയും കാവ്യമാധുര്യവും പ്രവാചകന്റെ പ്രഭാഷണങ്ങളുടെയും കത്തുകളുടെയും പ്രൗഢ ഗദ്യശൈലിയും ആദ്യകാല ഇസ്ലാമിക സാഹിത്യത്തെ മനുഷ്യരാശിയുടെ നെറുകയിൽ സുവർണ്ണ ശോഭയോടെ അടയാളപ്പെടുത്തുന്നു. ഭരണാധികാരികൾക്കും പ്രവിശ്യാ ഗവർണർമാർക്കും അയച്ച കല്പനകളിലും ഉടമ്പടികളിലും ഭാഷയുടെ കൃത്യതയും ഔദ്യോഗിക പക്വതയും ഒരേസമയം പ്രകടമായിരുന്നു. ഈ ഔദ്യോഗിക രേഖകൾ പിൽക്കാലത്ത് അറബി ഗദ്യസാഹിത്യത്തിലെ പ്രധാന ശാഖയായി വളരുകയും, വിവിധ ഭാഷകളിലെ ഭരണസംവിധാനങ്ങളെ സ്വാധീനിക്കുകയും ചെയ്തു. ആദ്യകാല ഇസ്ലാമിക സാഹിത്യം ഭാഷാപരമായ സൗന്ദര്യത്തോടൊപ്പം സാമൂഹിക നീതിയെയും മാനവികതയെയും മുറുകെപ്പിടിച്ചുകൊണ്ട് ലോക സാഹിത്യ ചരിത്രത്തിൽ എന്നെന്നും നിലനിൽക്കുന്ന മാതൃകയാണ് സൃഷ്ടിച്ചത്.