സാഗരം കടന്ന് ഹിന്ദിയിലേക്ക് - ആദം അയൂബ്
മൃതശരീരത്തിന്റെ തലയോട്ടി ചുറ്റിക കൊണ്ട് അടിച്ചു പൊളിച്ചു തലച്ചോറിന്റെ ഭാഗങ്ങൾ ചുറ്റും നില്കുന്ന വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുക്കുന്ന രംഗമായിരുന്നു. ചോര കണ്ടാൽ മോഹാലസ്യപ്പെടുന്ന,എന്നെ സംബന്ധിച്ചിടത്തോളം ഈ രംഗം അഭിനയിക്കുക ഏറെ ദുഷ്കരമായിരുന്നു
ചെയ്യുന്ന ജോലിയോട് പ്രതിബദ്ധതയുള്ള,വഹിക്കുന്ന സ്ഥാനത്തോട് തികഞ്ഞ ആത്മാർത്ഥതയുള്ള ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ഒമേഷ് സൈഗൾ. കുറെ കാലം ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയിരുന്നു. പിന്നീട് കേന്ദ്ര സർക്കാരിൽ നിരവധി ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ഡൽഹി സർക്കാരിന്റെ ചീഫ് സെക്രട്ടറിയുമായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് ആണ്. ദൃശ്യ മാധ്യമത്തോടും വലിയ താല്പര്യം ഉള്ള ആളായിരുന്നു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയിരുന്നപ്പോൾ, ദ്വീപ് നിവാസികളുടെ പല അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ അദ്ദേഹം ആത്മാർത്ഥമായി ശ്രമിച്ചിരുന്നു.
പ്രത്യേകിച്ച് കുടിവെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യരംഗം, യാത്രാസൗകര്യങ്ങൾ എന്നിവ. അദ്ദേഹം പിന്നീട് കേന്ദ്ര സർക്കാരിന്റെ മറ്റൊരു ദൗത്യം സ്വീകരിക്കാൻ ഡൽഹിയിലേക്ക് മടങ്ങിയെങ്കിലും,ലക്ഷദ്വീപിന്റെ പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു.
പ്രക്ഷുബ്ധമായ പുറംകടലിനോട് മല്ലടിച്ചു മൽസ്യബന്ധനം നടത്തുന്നവരും,ചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ടിട്ടും കുടിവെള്ളത്തിന്റെ ദൗർലഭ്യം മൂലം നട്ടംതിരിയുന്നവരുമായ ദ്വീപു നിവാസികളുടെ പ്രശ്നങ്ങൾ മുഖ്യധാരയിൽ കൊണ്ട് വരാനായി, അദ്ദേഹം ഒരു സീരിയൽ നിർമിക്കാൻ തീരുമാനിച്ചു. ഡോക്യുമെന്ററി അല്ല, ഒരു കഥാസീരിയൽ. ദൂരദർശന്റെ ദേശീയ ചാനലിന് വേണ്ടി ഹിന്ദിയിൽ നിർമ്മിക്കുന്ന ഈ സീരിയലിന്റെ പേര് ‘സാഗരിക’ എന്നായിരുന്നു.
ഡൽഹിയിൽ നിന്നും ദ്വീപ് സന്ദർശിക്കാനെത്തുന്ന ഒരു കൂട്ടം വിദ്യാർഥികൾ, ദ്വീപിന്റെ പ്രശ്ങ്ങളെക്കുറിച്ചു പഠിക്കുകയും അതിനു പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് സീരിയലിന്റെ ഇതിവൃത്തം. ടൂറിസ്റ്റുകളായി അഭിനയിക്കാൻ ഡൽഹിയിൽ നിന്ന് തന്നെ ഒരു കൂട്ടം നടീനടന്മാരെ കാസ്റ്റ് ചെയ്തു. പിന്നെ അദ്ദേഹത്തിനു വേണ്ടിയിരുന്നത്, ദ്വീപ് നിവാസികൾ ആയി അഭിനയിക്കാൻ മലയാളികളായ ഒരു ഭാര്യയും ഭർത്താവും പിന്നെ രണ്ടു ചെറുപ്പക്കാരും ആയിരുന്നു. അതിനായി തന്റെ IAS ചാനലുകളിലൂടെ അദ്ദേഹം ബന്ധപ്പെട്ടത് അന്നത്തെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ എംഡി ആയിരുന്ന ഇ.കെ ഭരത് ഭൂഷൺ ഐഎഎസിനെ ആയിരുന്നു. ഭരത് ഭൂഷൺ സാറിനെ ഞാൻ സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ഗെസ്റ്റ് അദ്ധ്യാപകനായി ക്ലാസ്സെടുക്കാൻ ക്ഷണിച്ചിരുന്നു. ഞാൻ അന്ന് ചലച്ചിത്ര വികസന കോർപ്പറേഷന്റെ സംവിധായകരുടെ പാനൽ അംഗവുമായിരുന്നു.
ഭരത് ഭൂഷൺ, തിരുവനന്തപുരം ദൂരദർശന്റെ ദർപ്പൺ എന്ന ഹിന്ദി പരിപാടിയുടെ അവതാരകൻ എന്ന നിലയിലുള്ള എന്റെ പ്രകടനം കണ്ടിട്ടുണ്ടായിരുന്നു എന്ന് തോന്നുന്നു. മലയാളിയായ ഹിന്ദി നടൻ എന്ന് കേട്ടപ്പോൾ അദ്ദേഹം ആദ്യം ഓർത്തത് എന്റെ പേരാണെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞതനുസരിച്ചു ഞാൻ ഒമേഷ് സൈഗളിനെ ബന്ധപ്പെട്ടു.അദ്ദേഹം ആവശ്യമുള്ള അഭിനേതാക്കളുടെ വിവരങ്ങൾ പറഞ്ഞു,എന്നിട്ട് അവരുടെ ഒരു സ്ക്രീൻ ടെസ്റ്റ് എടുത്തു അയച്ചു തരാൻ പറഞ്ഞു. കൂടാതെ സ്പോട് ഡബ്ബിങ് ആയതു കൊണ്ട് നല്ലൊരു സൗണ്ട് റെക്കോർഡിസ്റ്റും, ഒരു നല്ല
മേക്കപ്പ് മാൻ കൂടി വേണം എന്ന് പറഞ്ഞു. എന്റെ ആദ്യ സീരിയലുകളിൽ സ്പോട് റെക്കോഡിങ് ആയിരുന്നത് കൊണ്ട് എന്നോടൊപ്പം പ്രവർത്തിച്ച സി.ആർ ചന്ദ്രനെയും ഞാൻ കൂടെക്കൂട്ടി. ദൂരദർശനിലെ മേക് അപ്പ് മാൻ ആയ വെങ്കട്ട റാവുവിനെയും ഏർപ്പാടാക്കി. ഞാൻ ദൂരദർശനിലെ ഹിന്ദി പരിപാടികൾ അഭിനയിക്കാൻ തുടങ്ങിയ കാലം മുതലേ എനിക്ക് റാവുവിനെ അറിയാം.ആന്ധ്രക്കാരനായ അദ്ദേഹത്തിന് ഹിന്ദിയും ഇംഗ്ലീഷും അറിയാം എന്നൊരു ഗുണം കൂടി ഉണ്ടായിരുന്നു. അദ്ദേഹത്തെ സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ മേക് അപ്പിനെ കുറിച്ച് ക്‌ളാസ് എടുക്കാൻ ഗെസ്റ് ആയി ഞാൻ വിളിച്ചിരുന്നു. പിന്നെ ജമീല മാലിക്കിനെയും, അല്പസ്വല്പം ഹിന്ദി അറിയാവുന്ന സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ എന്റെ രണ്ടു വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി, ഹിന്ദിയിൽ, സ്ക്രീൻ ടെസ്റ്റ് എടുത്തു അയച്ചു കൊടുത്തു. അധികം താമസിയാതെ എല്ലാവരെയും അംഗീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ മറുപടിയും വന്നു.
ഒമേഷ് സൈഗൾ
പറഞ്ഞ ദിവസം ഞാനും ജമീല മാലിക്കും , ഞങ്ങളുടെ രണ്ടു വിദ്യാർത്ഥികളും സി.ആർ ചന്ദ്രനും, റാവുവും തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു യാത്രയായി. ഉമേഷ് സൈഗാളും സംഘവും ഡൽഹിയിൽ നിന്ന് എറണാകുളത്തു എത്തിയിരുന്നു. ഞങ്ങൾ എല്ലാവരും കപ്പലിൽ ലക്ഷദ്വീപിലേക്കു യാത്രയായി. തീരങ്ങൾക്ക് ചുറ്റും ആഴം കുറഞ്ഞ ലഗൂണുകൾ ആയതിനാൽ, കപ്പലുകൾക്ക് തീരത്തു അടുക്കുവാനുള്ള ബെർത്ത് ഇല്ല. പുറംകടലിലാണ് കപ്പലുകൾ നങ്കൂരമിടുന്നത്. അവിടെ നിന്ന് തിരമാലകളിൽ ഇളകിയാടുന്ന കയർ എണികളിൽ, താഴെ ബോട്ടുകളിലേക്കു ഇറങ്ങുക വളരെ സാഹസികമാണ്. സൗണ്ട് റെക്കോർഡിസ്റ് ചന്ദ്രൻ കപ്പലിൽ തന്നെ ഛർദിച്ചു അവശനായിരുന്നത് കൊണ്ട് കയറിൽ തൂങ്ങി ബോട്ടിലെത്താൻ വളരെ വിഷമിച്ചു. പക്ഷെ ദ്വീപുവാസികൾ അനായാസം ഇറങ്ങുന്നത് കണ്ടു ഞങ്ങൾ അത്ഭുതപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും വരെ ഈ സർക്കസ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാലും രോഗികളുടെയും ഗര്ഭിണികളുടെയും അവസ്ഥ വളരെ പരിതാപകരമായിരുന്നു.
അഗത്തിയിലാണ് ഞങ്ങൾ ആദ്യം ക്യാംപ് ചെയ്തത്. അവിടെ ആകെ ഒരു ഗെസ്റ്റ് ഹൗസ് മാത്രമെ ഉണ്ടായിരുന്നുള്ളു. ഹോട്ടലുകൾ ഒന്നുമില്ല. ഡൽഹിയിൽ നിന്ന് വന്ന കൂട്ടത്തിൽ രണ്ടു സ്ത്രീകളും ഉണ്ടായിരുന്നു. ജമീല മാലിക്കിനെ അവരോടൊപ്പം താമസിപ്പിച്ചു. എന്നെയും ചന്ദ്രനെയും,റാവുവിനെയും വിദ്യാർത്ഥികളെയും അവർ നേരെ കൊണ്ടുപോയത് ഒരു ക്വാർട്ടേഴ്സിലേക്ക് ആയിരുന്നു. സ്കൂൾ അധ്യാപകരുടെ ക്വാർട്ടേഴ്‌സ് ആയിരുന്നു അത്. വെക്കേഷൻ ആയതിനാൽ അധ്യാപകർ എല്ലാം നാട്ടിലേക്കു,(കേരളത്തിലേക്കു) പോയിരിക്കുകയാണ്. ഞങ്ങൾ സാധനങ്ങൾ എല്ലാം വെച്ച് കഴിഞ്ഞപ്പോൾ, കൂടെ വന്നയാൾ പോകാൻ തുടങ്ങി. അപ്പോൾ ഞാൻ ചോദിച്ചു :-
“ഇത് പൂട്ടാൻ താഴും താക്കോലും ഒന്നുമില്ലേ ?”
അയാൾ അത്ഭുതത്തോടെ ചോദിച്ചു:- “എന്തിനാ പൂട്ടുന്നത് ?:
“ഞങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങൾ പലതുമുണ്ട്. ഞങ്ങൾ ഷൂട്ടിങ്ങിനു പോകുമ്പോൾ വീട് പൂട്ടിയിട്ടു പോകണ്ടേ ?”
അയാൾ സാവധാനം പറഞ്ഞു
“ നിങ്ങൾ പോകുമ്പോൾ ഒരു നൂറു രൂപയുടെ നോട്ട് വാതിൽക്കൽ വെച്ചിട്ടു, വാതിൽ തുറന്നിട്ടിട്ട് പൊയ്ക്കോളൂ. നിങ്ങൾ എത്ര ദിവസം കഴിഞ്ഞു തിരിച്ചു വന്നാലും ആ നോട്ട് അവിടെത്തന്നെ കാണും. അഥവാ കാറ്റിൽ പറന്നു പോയിട്ടണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ ഏല്പിച്ചിട്ടുണ്ടാകും”
ഞങ്ങൾ പരസ്പരം മുഖത്തോടു മുഖം നോക്കിയപ്പോൾ അയാൾ പറഞ്ഞു:-
“ഇത് ലക്ഷദ്വീപാണ്. ഇവിടെ കള്ളന്മാരില്ല”
മാവേലി നാട് വാണിരുന്ന കാലത്തേ അനുസ്മരിപ്പിക്കുന്ന ഒരു സർവ്വഗുണ സമ്പന്നമായ നാടായിരുന്നു ലക്ഷദ്വീപ്. കുറ്റകൃത്യങ്ങൾ തീരെ ഇല്ലാത്ത നാട്. കോടതിയുടെ മുന്നിലൂടെ ഞങ്ങൾ നടന്നു പോകുമ്പോൾ, ഒരാൾ പടിവാതിൽക്കൽ ഇരുന്നു ബീഡി വലിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സഹായി അയാളോട് കുശലം പറഞ്ഞു.നടന്നു നീങ്ങുമ്പോൾ അയാൾ പറഞ്ഞു:-
“ ഇവിടത്തെ കോടതിയാണ് ഇത്. അവിടിരുന്നു ബീഡി വലിക്കുന്നതാണ് ജഡ്ജി. മൂപ്പർക്ക് പണിയൊന്നുമില്ല”
പോലീസ് സ്റ്റേഷനിലെ ലോക്കപ്പ് മുറികൾ സ്റ്റോർ റൂമുകളായി ഉപയോഗിക്കുന്നു.ജയിൽ ഇല്ല. പോലീസുകാരുടെ ആകെയുള്ള ഡ്യൂട്ടി, കരയിൽ നിന്ന്, അതായത് കേരളത്തിൽ നിന്നും ഏതെങ്കിലും വിഐപികൾ വന്നാൽ അവർക്കു സെറിമോണിയൽ സല്യൂട്ട് നൽകി സ്വീകരിക്കുക എന്നത് മാത്രമാണ്. എല്ലാ ദ്വീപുകളുടെയും വിസ്തീർണ്ണം വളരെ കുറവായതിനാൽ, വാഹനങ്ങൾ ഒന്നുമില്ല. സൈക്കിൾ ആണ് പ്രധാന വാഹനം. അപൂർവമായി ഇരുചക്രവാഹനങ്ങളുമുണ്ട്. അതുകൊണ്ടു തന്നെ അന്തരീക്ഷ മലിനീകരണം തീരെ ഇല്ല.
ഗെസ്റ്റ് ഹൗസിൽ വെച്ചായിരുന്നു സീരിയലിന്റെ സ്വിച്ച് ഓൺ. അന്നത്തെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ വജാഹത് ഹബീബുള്ള, പി.എം സെയ്ദ് എം.പി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ലക്ഷദീപിലെ പുരുഷന്മാരുടെ വേഷം മുണ്ടും ടീഷർട്ടുമാണ്. ദ്വീപ് നിവാസികളിൽ നിന്ന് തന്നെ എന്റെ സൈസിലുള്ള ടീ ഷർട്ടുകൾ സംഘടിപ്പിച്ചു. ജമീല മാലിക്കിന് മുസ്ലിം സ്ത്രീ കളുടെ പരമ്പരാഗത വേഷമായ മുണ്ടും കുപ്പായവും തട്ടവും.
ലക്ഷദ്വീപിൽ തന്നെ ഉല്പാദിപ്പിക്കപ്പെടുന്ന രണ്ടു ഉല്പന്നങ്ങൾ തേങ്ങയും മത്സ്യവുമാണ്. ബാക്കിയെല്ലാം കേരളത്തിൽ നിന്നും വരുന്നതാണ്. മുപ്പതോളം ദ്വീപുകളിൽ ജനവാസമുള്ളത് ഒൻപതു ദ്വീപുകളിലാണ്. ഈ ഒൻപത് ദ്വീപുകൾക്കും ആവശ്യമായ സർവ ഭക്ഷ്യ വസ്തുക്കളും മറ്റു ഉപഭോഗ വസ്തുക്കളും കൊച്ചിയിൽ നിന്ന് കപ്പലിലാണ് എത്തുന്നത്. ആഴ്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും നിറയെ ചരക്കുകളുമായി വരുന്ന കപ്പലുകളാണ് എല്ലാ ജനവാസ ദ്വീപുകൾക്കും ആവശ്യമായ വസ്തുക്കൾ കൊണ്ട് വരുന്നത്. ലക്ഷദ്വീപ് കടലിൽ ഏറ്റവും സുലഭമായിട്ടുള്ള മത്സ്യം ചൂരയാണ്. അതുകൊണ്ടു തന്നെ ചൂര അവിടത്തെ നിത്യാഹാരമാണ്. ചോറും പരിപ്പുമാണ് ഭക്ഷണത്തിലെ മറ്റു പ്രധാന വിഭവങ്ങൾ. പിന്നെ ചിക്കനും പച്ചക്കറികളും ഉണ്ടാകും. ചരക്കുമായി കപ്പൽ എത്താൻ വൈകിയാൽ, ദ്വീപിൽ ക്ഷാമമാണ്. ഞങ്ങൾ അവിടെ ഉള്ളപ്പോൾ തന്നെ ഒരു പ്രാവശ്യം കപ്പൽ വൈകി. പിന്നെ രണ്ടു ദിവസം ചോറും പരിപ്പും മാത്രമായിരുന്നു ഭക്ഷണം. പിന്നെയും വൈകിയിരുന്നെങ്കിൽ അരിയും പരിപ്പും പോലും തീർന്നു പോയേനെ. മത്സ്യബന്ധനം ദ്വീപുകാരുടെ കുലത്തൊഴിലാണ്. ഏതു ജോലി ചെയ്യുന്നവർക്കും ഈ തൊഴിൽ ചെയ്യാൻ മടിയില്ല . സർക്കാർ ഉദ്യോഗസ്ഥരും, സ്കൂൾ ഹെഡ്മാസ്റ്റർ വരെ മീൻ പിടിക്കാൻ പോകും. എത്ര സാഹസികമാണ് ഈ മീൻപിടുത്തം എന്ന് ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞു. എന്റെ കഥാപാത്രവും ദ്വീപിലെ പരമ്പരാഗത തൊഴിലായ മത്സ്യ ബന്ധനം നടത്തി ജീവിക്കുന്ന ആളാണ്. ഒരു ദിവസം ഉമേഷ് സൈഗാൾ എന്നോട് പറഞ്ഞു:-
“ നാളെ നമ്മൾ ഷൂട്ട് ചെയ്യുന്നത് അയൂബ് ബോട്ടിൽ പുറം കടലിൽ പോയി മത്സ്യബന്ധനം നടത്തുന്ന സീൻ ആണ്. അയൂബ് മാത്രമാണ് ആര്ടിസ്റ്റ്. പിന്നെ കാമറ ക്രൂവും ,സൗണ്ട് റെക്കോർഡിസ്റ്റും മാത്രം മതി. വെളുപ്പിനെ രണ്ടു മണിക്ക് പുറപ്പെടണം”
ഞാൻ ഒറ്റയ്ക്ക് പുറംകടലിൽ മീൻ പിടിക്കാൻ പോകുന്നതും പ്രക്ഷുബ്ധമായ തിരമാലകളിൽപ്പെട്ടു സാഹസികമായി രക്ഷപ്പെടുന്നതുമാണ് ചിത്രീകരിക്കേണ്ടത്. 360 ഡിഗ്രിയിൽ ക്യാമറ ചലിപ്പിച്ചാലും കര കാണാത്ത ദൂരത്തു എത്തണമെങ്കിൽ, കരയിൽ നിന്നും മണിക്കൂറുകൾ സഞ്ചരിക്കണം. കടലിൽ നിന്നും ഉദിച്ചുയരുന്ന സൂര്യന്റെ പശ്ചാത്തലത്തിലാണ് രംഗം ചിത്രീകരിക്കേണ്ടത്. വാസ്തവത്തിൽ ദ്വീപുകാർ അത്രയും ദൂരം കടലിൽ സഞ്ചരിച്ചിട്ടാണ് ചൂര വേട്ട നടത്തുന്നത്. അവർ അർധരാത്രി ദ്വീപിൽ നിന്നും പുറപ്പെടും , പിന്നെ അടുത്ത ദിവസം വൈകുന്നേരത്തോടെ ബോട്ട് നിറയെ ചൂരയുമായി മടങ്ങും.
ഞങ്ങൾ പറഞ്ഞ സമയത്തു തന്നെ പുറപ്പെട്ടു. ആഴക്കടലിലേക്കു സഞ്ചരിക്കുന്തോറും കടൽ കൂടുതൽ പ്രക്ഷുബ്ധമായിക്കൊണ്ടിരുന്നു. തിരമാലകൾ ബോട്ടിനെ പൊക്കി എറിഞ്ഞുകൊണ്ടിരുന്നു. വളരെ സാഹസികമായാണ് ബോട്ടിൽ അള്ളിപ്പിടിച്ചിരുന്നത്. കടലിന്റെ ഇരമ്പ൦ റെക്കോർഡ് ചെയ്യുന്നതോടൊപ്പം ചന്ദ്രൻ അവിരാമം ഛർദിച്ചു കൊണ്ടേയിരുന്നു. എൻ്റെ ബോട്ട്, ഇളകിമറിയുന്ന തിരമാലകളിൽപ്പെട്ട് ഉലയുന്ന ദൃശ്യങ്ങൾ ലോങ്ങ് ഷോട്ടിൽ ചിത്രീകരിക്കുമ്പോൾ, ബോട്ടിൽ ഞാൻ ഒറ്റയ്ക്കാണെന്ന പ്രതീതി ഉണ്ടെങ്കിലും, ബോട്ട് നിയന്ത്രിക്കാൻ അറിയാവുന്ന ഒരു വിദഗ്ധൻ എന്നോടൊപ്പമുണ്ടായിരുന്നു. ഷോട്ട് എടുക്കുമ്പോൾ അയാൾ ബോട്ടിന്റെ അടിത്തട്ടിൽ കമഴ്ന്നു കിടക്കും. എന്റെ ക്ലോസ് അപ്പ് എടുക്കുമ്പോൾ ക്യാമറ ക്രൂവും, സൗണ്ട് റെക്കോർഡിസ്റ്റും സംവിധായകനും എന്റെ ബോട്ടിൽ ഉണ്ടാവും. ഒരോ ഷോട്ടിന്റെ ഇടവേളകളിലും ചന്ദ്രൻ ഛർദിച്ചുകൊണ്ടേയിരുന്നു. സംവിധായകൻ സ്റ്റാർട്ട് പറയുമ്പോൾ ചന്ദ്രൻ റെക്കോർഡർ ഓൺ ചെയ്‌ത് “റോളിങ്ങ്” പറഞ്ഞുകൊണ്ട് കമഴ്ന്നു വീഴും. ലൈവ് റെക്കോർഡിങ് ആയതു കൊണ്ട് സംവിധായകൻ ചന്ദ്രനോട് “സൈലന്റ് മോഡിൽ “ ഛര്ദിക്കാന് പറഞ്ഞു. ഞങ്ങൾ ഷൂട്ടിംഗ് കഴിഞ്ഞു തിരിച്ചെത്തിയപ്പോഴേക്കും ചന്ദ്രൻ ആകെ അവശനായിരുന്നു.
ഏകദേശം ഒരു മാസം കൊണ്ട് ലക്ഷദ്വീപിലെ, പതിമൂന്ന് എപ്പിസോഡിന്റെയും ചിത്രീകരണം പൂർത്തിയായി.
സാഗരിക ദൂരദർശന്റെ ദേശീയ ചാനലിൽ സംപ്രേഷണം ചെയ്തു. ലക്ഷദ്വീപിന്റെ സവിശേഷമായ പ്രകൃതി ഭംഗിയും അവിടത്തെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും ഇന്ത്യക്കാർ തന്നെ ആദ്യമായി അറിയുന്നത് ഈ സീരിയലിലൂടെ ആയിരുന്നു. ഇതിനു ശേഷം മറ്റൊരു ഹിന്ദി സീരിയലിൽ അഭിനയിച്ചു . പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ “മരുന്ന്” എന്ന നോവലാണ് “ ദവാ “ എന്ന പേരിൽ ഫോക്കസ് ഫിലിമ്സിന്റെ ബാനറിൽ ഗോപകുമാർ നിർമ്മിച്ചത്. “ശ്രാദ്ധം” എന്ന സിനിമയുടെ നിർമ്മാതാവായിരുന്ന ഗോപകുമാർ തന്നേയാണ് “ദവാ” സംവിധാനം ചെയ്തത്. ഞാൻ അതിൽ മെഡിക്കൽ കോളേജിലെ പ്രൊഫസർ ആയിരുന്നു. തിരുവനതപുരം മെഡിക്കൽ കോളേജിലാണ് ഷൂട്ട് ചെയ്തത്. ഒരു (cadaver) മൃതശരീരത്തിന്റെ തലയോട്ടി ചുറ്റിക കൊണ്ട് അടിച്ചു പൊളിച്ചു തലച്ചോറിന്റെ ഭാഗങ്ങൾ ചുറ്റും നില്കുന്ന വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുക്കുന്ന രംഗമായിരുന്നു. ചോര കണ്ടാൽ മോഹാലസ്യപ്പെടുന്ന,എന്നെ സംബന്ധിച്ചിടത്തോളം ഈ രംഗം അഭിനയിക്കുക ഏറെ ദുഷ്കരമായിരുന്നു. അത്ര കഷ്ടപ്പെട്ടിട്ടും പൈലറ്റ് എപിസോഡിന്റെ ചിത്രീകരണത്തോടെ സീരിയൽ നിന്ന് പോയി. പിന്നീട് ഞാൻ വേറെയും ചില ഹിന്ദി സീരിയലുകളിലും , ഹിന്ദി സിനിമകളിലും അഭിനയിച്ചു. അതൊക്കെ വഴിയേ……