ബിഷപ്പുമാരുടെ നിലപാടും കൃസ്ത്യൻ മുസ്‌ലിം സൗഹൃദവും

വഖഫ് ബില്ലിൽ സഭാ നേതൃത്വം എടുത്ത നിലപാടിൻ്റെ പശ്ചാത്തലത്തിൽ ആൾ ഇന്ത്യ കൃസ്ത്യൻ കൗൺസിൽ ജനറൽ സെക്രട്ടറി ജോൺ ദയാൽ യുനൈറ്റഡ് കാതലിക് ഏഷ്യ ന്യൂസ് പോർട്ടലിൽ എഴുതിയ ലേഖനം

Update: 2025-04-03 11:43 GMT
Advertising

ബിജെപി സർക്കാർ കൊണ്ടുവന്ന മുസ്‌ലിം വിരുദ്ധമായ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചതോടെ രാജ്യത്ത് കൃസ്ത്യൻ ബിഷപ്പുമാരും മുസ്‌ലിം നേതൃത്വവുമായുള്ള ബന്ധം വഷളാവുന്നു. നൂറ്റാണ്ടുകളായി ഇന്ത്യൻ മുസ്‌ലിംകൾ മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി സംഭാവന ചെയ്യുന്ന സ്വത്തുക്കൾ നിയന്ത്രിക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള വഖഫ് നിയമത്തിൽ മാറ്റങ്ങൾ നിർദേശിക്കുന്ന ബിൽ മുസ്ലിം സമുദായത്തിന് വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കാൻ പോകുന്നത്.

മുനമ്പത്ത് 600 കുടുംബങ്ങൾ താമസിക്കുന്ന ഭൂമി വഖഫ് ഭൂമിയാണെന്നത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കാൻ വഖഫ് ബിൽ സഹായകരമാവുമെന്നാണ് ബിഷപ്പുമാർ കരുതുന്നത്. എന്നാൽ ക്രിസ്ത്യാനികൾക്ക് നീതി കിട്ടാൻ വഖഫ് ഭേദഗതി ബിൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സിബിസിഐ പുറത്തിറക്കിയ പ്രസ്താവന രാജ്യത്ത് ഇരുസമുദായങ്ങളും തമ്മിൽ പാരമ്പര്യമായി നിലനിൽക്കുന്ന സൗഹൃദത്തിൽ വലിയ വിള്ളലുണ്ടാക്കിയിട്ടുണ്ട്. മുനമ്പം വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. വിഷയം രമ്യമായി പരിഹരിക്കാൻ സമവായ ചർച്ചകളും നടക്കുന്നുണ്ട്. അതിനിടെയാണ് സിബിസിഐ ഏകപക്ഷീയമായി വഖഫ് ബില്ലിനെ പിന്തുണച്ചത്.

കാത്തലിക് ബിഷപ്സ് കോൺഫറൻസിലെ ശക്തരായ സിറോ മലബാർ, സിറോ മലങ്കര സഭകളെ മോദി സർക്കാർ സ്വാധീനിച്ചാണ് ഇത്തരത്തിലൊരു പ്രസ്താവന പുറത്തിറക്കിയത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 70 വർഷത്തിലധികമായി ഇടത്-വലത് മുന്നണികൾ മാറി മാറി ഭരിക്കുന്ന കേരളരാഷ്ട്രീയത്തിൽ ക്രിസ്ത്യൻ സഭകളുടെ സഹായത്തോടെ ഒരു ഇടം കണ്ടെത്താൻ സമീപകാലത്ത് ബിജെപി ശക്തമായ ശ്രമം നടത്തുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൽ ക്രിസ്ത്യൻ സമുദായത്തിന്റെ പിന്തുണ നിർണായകമായിരുന്നു.

വഖഫ് നിയമത്തിലെ ചില ഭാഗങ്ങൾ ഭരണഘടനാവിരുദ്ധമാണെന്നും ഇത് ഉപയോഗിച്ചാണ് മുനമ്പം ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്നതെന്നും സിബിസിഐ പ്രസ്താവനയിൽ പറഞ്ഞിരുന്നു. വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ച കേന്ദ്ര മന്ത്രി കിരൺ റിജിജു അടക്കമുള്ള ബിജെപി മന്ത്രിമാർ ബിഷപ്പുമാരുടെ നിലപാട് പാർലമെന്റിൽ വഖഫ് ഭേദഗതിയെ ന്യായീകരിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു.

2019ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയത് മുതൽ ആരംഭിച്ച മുസ്ലിം വിരുദ്ധ നീക്കങ്ങൾ 2024ൽ മൂന്നാമൂഴം നേടിയതിന് പിന്നാലെ കൂടുതൽ ത്വരിതപ്പെടുത്തുന്നത്തിന്റെ ഭാഗമാണ് വഖഫ് ഭേദഗതി ബിൽ എന്ന് മുസ്ലിം പേഴ്സൺ ലോ ബോർഡ് അടക്കമുള്ള സംഘടനകൾ ആരോപിക്കുന്നത്. ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മുസ്‌ലിം സംഘടനകൾ വഖഫ് ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വഖഫ് സ്വത്തുക്കളിൽ സർക്കാരിന്റെ അമിത ഇടപെടലിന് വഴിയൊരുക്കുന്നതാണ് വഖഫ് ഭേദഗതി ബിൽ എന്നാണ് മുസ്‌ലിം സംഘടനകളുടെ ആരോപണം.

സാമ്പത്തികവും സാംസ്‌കാരികവുമായ പ്രാധാന്യമുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ നഷ്ടപ്പെടാൻ വഖഫ് ഭേദഗതി ബിൽ കാരണമാകുമെന്നാണ് മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ്, ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് തുടങ്ങിയ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. കയ്യേറ്റം ചെയ്യപ്പെട്ട വഖഫ് ഭൂമികൾ തിരിച്ചുപിടിക്കുന്നതിന് പകരം പഴയ കയ്യേറ്റങ്ങളെ നിയമപരമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്ന് ഇവർ പറയുന്നു.

മുസ്‌ലിം സംഘടനകൾക്ക് പുറമെ ബിജെപി ഇതര സംസ്ഥാന സർക്കാരുകളും വഖഫ് ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. മതപരമായ വിഷയങ്ങളും ഭൂമി ഇടപാടുമടക്കം സംസ്ഥാനത്തിന്റെ പരിഗണനയിലുള്ള വിഷയങ്ങളിൽ കേന്ദ്രത്തിന്റെ കൈകടത്തലിന് വഴിയൊരുക്കുന്നതാണ് പുതിയ ഭേദഗതി.

മുസ്‌ലിം സമുദായത്തെ മാത്രം ലക്ഷ്യമിടുന്ന വഖഫ് ഭേദഗതി ബിൽ ഭരണഘടന ഉറപ്പ് നൽകുന്ന സമത്വം, വിവേചനമില്ലായ്മ, മതസ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഹിന്ദു സമുദായത്തിനടക്കം എല്ലാ സമുദായത്തിലും സമാനമായ സ്വത്തുക്കൾ ഉണ്ടെങ്കിലും മുസ്‌ലിം സമുദായത്തിന്റെ അവകാശങ്ങളിൽ മാത്രമാണ് സർക്കാർ കൈകടത്തൽ നടത്തുന്നത്.

ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ കൈയടക്കുന്നതിൽ നിലവിൽ വ്യക്തമായ ഭീഷണിയില്ലെങ്കിലും വടക്കേ ഇന്ത്യയിലെയും ദക്ഷിണേന്ത്യയിലെയും പള്ളികളുടെ വലിയ സ്വത്തുക്കളായ മെത്തഡിസ്റ്റ് പള്ളികളും ബാപ്റ്റിസ്റ്റ് പള്ളികളും സംസ്ഥാന സർക്കാരുകളും സർക്കാരിതര സംഘടനകളും മോഹിക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. പരമ്പരാഗത മത സ്വത്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്തത് അടക്കം പ്രാദേശിക ബിഷപ്പുമാർക്കെതിരെ, പ്രധാനമായും പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾക്കെതിരെ നിയമനടപടി നടക്കുന്നുണ്ട്.

ബിൽ തയ്യാറാക്കുന്നതിലെ നടപടിക്രമങ്ങളിലും മുസ്‌ലിം സംഘടനകൾ വിമർശനമുന്നയിച്ചിരുന്നു. മുസ്‌ലിം സമുദായ നേതാക്കളുമായോ സംസ്ഥാന വഖഫ് ബോർഡുകളുമായോ സർക്കാർ ചർച്ച നടത്തിയിരുന്നില്ല. ജോയിന്റ് പാർലമെന്ററി കമ്മിറ്റിയും പ്രതിപക്ഷം നിർദേശിച്ച ഭേദഗതികൾ പൂർണമായും തള്ളി സ്വന്തം അജണ്ട നടപ്പാക്കുകയായിരുന്നു.

ബിൽ ഭരണഘടനാവിരുദ്ധവും ഹിന്ദുത്വ അജണ്ടയുടെ ഭാഗവുമാണെന്നാണ് മുസ്‌ലിം നേതാക്കൾ ആരോപിക്കുന്നത്. മുസ്‌ലിം മതസ്ഥാപനങ്ങളെ ദുർബലപ്പെടുത്താനാണ് ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇവർ ആരോപിക്കുന്നു. സുതാര്യത ഉറപ്പാക്കുക, രേഖകൾ ഡിജിറ്റലൈസ് ചെയ്യുക, വഖഫ് സ്വത്തുക്കളുടെ ദുരുപയോഗം തടയുക തുടങ്ങിയവയാണ് പുതിയ ഭേദഗതിയിലൂടെ ലക്ഷമിടുന്നത് എന്നാണ് കേന്ദ്രത്തിന്റെ വാദമെങ്കിലും മുസ്‌ലിം സംഘടനകൾ ഇത് അംഗീകരിക്കുന്നില്ല. സർക്കാർ നീക്കങ്ങളെ സംശയത്തോടെയാണ് ഇവർ കാണുന്നത്.

ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കപ്പുറം രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായവും രണ്ടാമത്തെ ന്യൂനപക്ഷ വിഭാഗവും തമ്മിലുള്ള ഭിന്നത പൊതുസമൂഹം ആശങ്കയോടെയാണ് കാണുന്നത്. 1.40 ബില്യൺ വരുന്ന ഇന്ത്യൻ ജനസംഖ്യയിൽ 2.3 ശതമാനമാണ് ക്രിസ്ത്യാനികൾ. എന്നാൽ 15 ശതമാനത്തിലധികമാണ് മുസ്‌ലിം ജനസംഖ്യ.

നിലവിൽ കൃസ്ത്യൻ സമുദായത്തിന് വഖഫ് ബോർഡിന് സമാനമായ ഒരു സംവിധാനമില്ല. സ്വാതന്ത്ര്യത്തിന് ശേഷം സ്വന്തം നിലക്ക് ഭൂമി വാങ്ങിയാണ് ക്രിസ്ത്യാനികൾ പള്ളികൾ നിർമിക്കുന്നത്. ചില കുടുംബങ്ങൾ പള്ളി നിർമാണത്തിനായി ഭൂമി ദാനം നൽകുകയും ചെയ്യുന്നുണ്ട്. നിലവിൽ ഇതെല്ലാം ഭൂമി ഇടപാട് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.

ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച പല ക്രിസ്ത്യൻ സ്ഥാപനങ്ങളും നിലവിൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ചർച്ചുകൾ, സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ തുടങ്ങി പല നഗരങ്ങളുടെയും ഹൃദയഭാഗത്തുള്ള സ്ഥാപനങ്ങൾ ഇതിൽപ്പെടും. 99 വർഷത്തെ ലീസിന് നൽകിയ ഭൂമിയിലാണ് പല സ്ഥാപനങ്ങളും നിൽക്കുന്നത്. ഇതിൽ പലതിന്റെയും ലീസ് കാലാവധി അവസാനിച്ചതോ ഉടൻ അവസാനിക്കാൻ പോകുന്നതോ ആണ്. ഇതോടെ ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനവും നിയമക്കുരുക്കിലാവും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News