ഹുസ്സാം, മൻസൂർ: മാധ്യമങ്ങൾ തമസ്കരിച്ച രക്തസാക്ഷ്യം
പത്രം മാത്രമായിരുന്ന കാലത്ത് വാർത്ത ഇല്ലാതാക്കാൻ അത് പൂട്ടിയാൽ മതിയായിരുന്നു. പക്ഷേ സമൂഹമാധ്യമകാലത്ത് സെൻസർ ചെയ്താൽ കൂടുതലാളുകൾ കാര്യമറിയുകയാണ് ചെയ്യുക. ഇന്ത്യ സർക്കാർ ബി.ബി.സി.യുടെ ഗുജറാത്ത് ഡോക്യുമെന്‍ററി വിലക്കി. അതോടെ അത് കൂടുതൽ പേർ കണ്ടു. ഗ്രോക്കിനെ നിരോധിക്കാൻ നോക്കി. അതും കൂടുതൽ വൈറലായി. ഇപ്പോളിതാ ഒരു കോമഡി ഷോയുടെ പേരിൽ കോലാഹലം. മൊത്തത്തിൽ സംഭവിച്ചതോ? ഒരു പരിപാടിയിൽ ഒതുങ്ങുമായിരുന്ന വിഷയം ലോകമെങ്ങും അറിഞ്ഞു. ഷിൻഡേ എപ്രകാരമാണ് വഞ്ചകനായത് എന്ന ചർച്ച ഉയർന്നു. കാലുമാറ്റക്കഥകൾ എല്ലാവരുമറിഞ്ഞു.കുനാല്‍ കമ്ര ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചതേയുള്ളൂ; രാഷ്ട്രീയക്കാർ അതൊരു കാട്ടുതീയാക്കി. കോമാളികളെ ലോകം ശരിക്ക് കണ്ടു
രണ്ടു മാധ്യമപ്രവർത്തകരെ ഒരു രാജ്യം കരുതിക്കൂട്ടി ഉന്നമിട്ട് കൊന്നുകളഞ്ഞിട്ടും അങ്ങനെ ഒരു സംഭവം അറിഞ്ഞമട്ടില്ല മാധ്യമങ്ങൾക്ക്. കൊന്നത് ഇസ്രായേലാണ്; കൊല്ലപ്പെട്ടത്, ഫലസ്തീന്‍റെ സത്യം ലോകത്തോട് പറയുന്ന രണ്ട് റിപ്പോർട്ടർമാരും. റിപ്പോർട്ടർമാരെ കൊന്നാൽ വാർത്തയാകില്ല എന്ന ഇസ്രായേലിന്‍റെ കണക്കുകൂട്ടൽ, മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യത്തിൽ ശരിയായി. അവ ഒന്നുകിൽ ഇസ്രായേലി വംശീയതയുടെ പക്ഷത്താണ്, അല്ലെങ്കിൽ അവരുടെ ഭീഷണിക്ക് വഴങ്ങുന്നു. പത്രങ്ങളിലെ കൊട്ടാര വിശേഷങ്ങളെക്കാൾ ജേണലിസ്റ്റുകൾക്കും സമൂഹത്തിനും ആവേശം പകരുന്നതാണ് ഗസ്സയിലെ റിപ്പോർട്ടർമാരുടെ ജീവിതകഥകൾ. വംശഹത്യയുടെ ഇരകൾ തന്നെ അതിന്‍റെ നേർച്ചിത്രങ്ങൾ ലോകത്തിന് നൽകുന്നു എന്നതാണ് ഇസ്രായേലിനെ ഭയപ്പെടുത്തിയത്.
മുഖ്യധാരാ മാധ്യമങ്ങൾ കൊണ്ടുപിടിച്ച് ഇസ്രായേലിനു വേണ്ടി വാർത്ത വളച്ചും ഭാഷ മാറ്റിയും പ്രചാരണം നടത്തിയിട്ടും, ഹുസ്സാമിനെപ്പോലുള്ളവർ അയച്ച റിപ്പോർട്ടുകൾ കണ്ട് ലോകം സത്യമറിഞ്ഞു. ലോകാഭിപ്രായം വൻതോതിൽ ഇസ്രായേലിന് എതിരായി. വളച്ചാൽ വളയാത്ത ജേണലിസ്റ്റുകളെ നേരിടാൻ അവർ കണ്ട വഴിയാണ് ഭീകരരെന്ന ചാപ്പകുത്തി കൊല്ലുക എന്നത്. രക്ഷപ്പെട്ട് പലായനം ചെയ്യാൻ അവസരങ്ങളുണ്ടായിട്ടും, ഇസ്രായേൽ നോട്ടമിട്ടു എന്നറിഞ്ഞിട്ടും, അവർ മാറിപ്പോകാൻ പറഞ്ഞിട്ടും, 18 മാസം അവിടം വിടാതെ, അവസാനം വരെ റിപ്പോർട്ടിങ് തുടർന്നു. മൈക്രോഫോണും കാമറയും മാത്രം ആയുധമാക്കി, യുദ്ധമുഖത്തു തന്നെ നിന്നുകൊണ്ട് ഹുസാം റിപ്പോർട്ടുകളയച്ചു. അപായ മുനയിൽ നിന്ന് വിട്ടു പോയിക്കൂടേ എന്ന് ചോദിച്ചവരോട് അയാൾ പറഞ്ഞു: ഒന്നും തന്നെ ഞങ്ങളെ പിന്തിരിപ്പിക്കില്ല. ഭീഷണി ഫോണുകൾ വന്നു. ഭീഷണി നിറഞ്ഞ മെസ്സേജുകൾ. അപകടം അറിഞ്ഞിട്ടും, കൊടും വിശപ്പിലും, റമദാൻ വ്രതമനുഷ്ഠിച്ചും, ക്ഷീണം ഏറെ ഉണ്ടായിട്ടും, ഹുസാം തന്‍റെ ജോലി തുടർന്നു.
ഇസ്രായേലി സൈനിക ഓഫീസർ അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഹുസ്സാമിന് ഉറപ്പായി ഇനി അവർ തന്‍റെ ജീവനെടുക്കുമെന്ന്. എന്നിട്ടും ഡ്രോപ്സൈറ്റ് എന്ന ഓൺലൈൻ മാധ്യമത്തിൽ അദ്ദേഹം തുറന്നെഴുതി—തന്‍റെ അവസാന ലേഖനം. ലേഖനത്തിനു പിന്നാലെ സ്വന്തം ചരമക്കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഫലസ്തീന്‍റെ യാഥാർത്ഥ്യം ജീവിതത്തിൽ എന്നപോലെ മരണത്തിലൂടെയും ലോകത്തെ ബോധ്യപ്പെടുത്തിയ ഹുസാം ശബാത്തിനെ മുഖ്യധാര മാധ്യമങ്ങൾ അവഗണിച്ചാലും, തിരിഞ്ഞോടാത്ത നട്ടെല്ലുള്ള ധീരനായ ജേണലിസ്റ്റ് എങ്ങനെയിരിക്കുമെന്ന് ലോകം അദ്ദേഹത്തിലൂടെ കാണുന്നു.
ജേണലിസ്റ്റുകളുടെ ത്യാഗം ചലനങ്ങളുണ്ടാക്കുന്നു
ഹുസ്സാമിനെ വധിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പാണ് ഇസ്രായേൽ സേന മറ്റൊരു ജേണലിസ്റ്റ് ആയ മുഹമ്മദ് മൻസൂറിനെ വധിച്ചത്. മൻസൂർ കൊല്ലപ്പെട്ട വാർത്ത ഹുസ്സാം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്‍റെ മരണവാർത്തയും വന്നു. ഹുസ്സാമിനെ പോലെ മൻസൂറും ഇസ്രായേലിന്‍റെ പൈശാചികത അതിന്‍റെ എല്ലാ ക്രൂരതയോടും പകർത്തി വാർത്തയാക്കി. ഈ കൊലകൾ ഫലസ്തീൻ ജേണലിസ്റ്റുകളെ, അവരുടെ കുടുംബങ്ങളെ, തളർത്തുകയല്ല.
മൻസൂറിന്‍റെ പിതാവ്, മകന്‍റെ ശരീരത്തിനടുത്ത് വന്ന് അവനോട് സംസാരിക്കുന്ന വികാരനിർഭരമായ രംഗമുണ്ട്. ചാനൽ മൈക്ക് അവന്‍റെ മുഖത്തോട് ചേർത്ത് അദ്ദേഹം പറയുന്നു: ഇനിയും ലോകത്തോട് സത്യം വിളിച്ച് പറയുക. ഹുസ്സാം ശബാത് ഒരു കുറിപ്പിൽ എഴുതിയിരുന്നു - ഞങ്ങളുടെ ശബ്ദം കൊല്ലപ്പെട്ടാൽ, നിങ്ങൾ ഞങ്ങളുടെ ശബ്ദമാകണം.അടുത്ത കാലത്ത് ലോകം കേട്ടു തുടങ്ങിയ ഒരു ശബ്ദം, 22കാരനായ അബൂബക്കർ ആബിദിന്‍റേതാണ്. ഈ യുവാവ് ഇന്ന് പട്ടിണിയിലാണ്. ശരീരം ശോഷിച്ചു. ദിവസങ്ങളായി ഭക്ഷണം കഴിച്ചിട്ട്. ഈ അവസ്ഥയിലും ഡെമോക്രസി നൗ ചാനലിൽ അവൻ സംസാരിച്ചു. ഉയരുന്നുണ്ട് ശബ്ദം പലേടത്തും. ആസ്ട്രേലിയൻ സെനറ്റിൽ ലിഡിയ തോർപ്പ് കഫിയ്യ അണിഞ്ഞെത്തി. പ്രസംഗത്തിനിടെ അതിനടിയിൽ ടീഷർട്ടിലെ Stop genocide എന്ന എഴുത്ത് കാണിച്ചു. സ്പീക്കർ ഇടപെട്ട്, ആ എഴുത്ത് മറയ്ക്കാനാവശ്യപ്പെടുന്നു. പിന്നെ എന്ത് സംഭവിച്ചു എന്ന് കാണുക.ഹുസ്സാമിന്‍റെ ശബ്ദമാണ് ഇവിടെ മുഴങ്ങിയത്. അന്താരാഷ്ട്ര തലത്തിൽ, കൂടുതൽ സംഘടനകൾ ഇസ്രായേലിനെതിരെ നിയമനടപടികൾ തുടങ്ങുന്നു. ഇന്‍റർനാഷണൽ സെന്‍റർ ഫോർ ജസ്റ്റിസ് ഫോർ പലസ്റ്റീനിയൻസ് എന്ന ബ്രിട്ടീഷ് കൂട്ടായ്മ ഇസ്രായേൽ സൈന്യത്തിലെ ബ്രിട്ടീഷ് പൗരന്മാർക്കെതിരെ കേസെടുക്കും. ഗസ്സയുടെ ശബ്ദം ഉയരുകതന്നെയാണ്. മുഴങ്ങുകയാണത് കൂടുതൽ. കൂടുതൽ സ്ഥലങ്ങളിൽ. കൂടുതൽ ഉച്ചത്തിൽ. കൂടുതൽ ആളുകളിൽ.
കുനാല്‍ കംറയോ രാഷ്ട്രീയക്കാരോ കോമാളികൾ?
പത്രം മാത്രമായിരുന്ന കാലത്ത് വാർത്ത ഇല്ലാതാക്കാൻ അത് പൂട്ടിയാൽ മതിയായിരുന്നു. പക്ഷേ സമൂഹമാധ്യമകാലത്ത് സെൻസർ ചെയ്താൽ കൂടുതലാളുകൾ കാര്യമറിയുകയാണ് ചെയ്യുക. ഇന്ത്യ സർക്കാർ ബി.ബി.സി.യുടെ ഗുജറാത്ത് ഡോക്യുമെന്‍ററി വിലക്കി. അതോടെ അത് കൂടുതൽ പേർ കണ്ടു. ഗ്രോക്കിനെ നിരോധിക്കാൻ നോക്കി. അതും കൂടുതൽ വൈറലായി. ഇപ്പോളിതാ ഒരു കോമഡി ഷോയുടെ പേരിൽ കോലാഹലം. മൊത്തത്തിൽ സംഭവിച്ചതോ? ഒരു പരിപാടിയിൽ ഒതുങ്ങുമായിരുന്ന വിഷയം ലോകമെങ്ങും അറിഞ്ഞു. ഷിൻഡേ എപ്രകാരമാണ് വഞ്ചകനായത് എന്ന ചർച്ച ഉയർന്നു. കാലുമാറ്റക്കഥകൾ എല്ലാവരുമറിഞ്ഞു.കുനാല്‍ കമ്ര ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചതേയുള്ളൂ; രാഷ്ട്രീയക്കാർ അതൊരു കാട്ടുതീയാക്കി. കോമാളികളെ ലോകം ശരിക്ക് കണ്ടു.