ഗസ്സ: വംശഹത്യക്ക് വഴിവെട്ടിയ മാധ്യമങ്ങൾക്ക് ഇപ്പോൾ മൗനം

ഇസ്രായേൽ ഉണ്ടായത് മുതൽ ഗസ്സക്കാർ അഭയാർത്ഥികളാണ്. വർഷങ്ങളായി പലതവണ പലായനം ചെയ്യേണ്ടി വന്നവർ. ഇപ്പോഴത്തെ വംശഹത്യക്കിടയിൽത്തന്നെ പലതവണ അങ്ങോട്ടുമിങ്ങോട്ടും ആട്ടിയോടിക്കപ്പെട്ടിട്ടുണ്ട് അവർ

Update: 2026-06-08 12:04 GMT

ഗസ്സ: വംശഹത്യക്ക് വഴിവെട്ടിയ മാധ്യമങ്ങൾക്ക് ഇപ്പോൾ മൗനം

ലോകത്തിനു മുമ്പാകെ, നമുക്കെല്ലാം മുമ്പാകെ, ഒരു ഭീകര രാഷ്ട്രം ഒരു കൂട്ടം മനുഷ്യരെ വളഞ്ഞിട്ട് കൊല്ലുകയാണ്. ആട്ടിപ്പായിക്കുകയാണ്. ബോംബിട്ട് കൊല്ലുന്നു; വെടിവെച്ചു കൊല്ലുന്നു; പട്ടിണിക്കിട്ടും മർദ്ദിച്ചുമൊക്കെ കൊല്ലുന്നു. പക്ഷേ ലോകം മൗനത്തിലാണ്—ഇപ്പോൾ മാധ്യമങ്ങളും.

ഇസ്രായേൽ ഗസ്സയോട് ചെയ്യുന്നത് ഇപ്പോൾ വാർത്തയിൽനിന്നു പോലും അപ്രത്യക്ഷമായിരിക്കുന്നു. അതെ സമയം കുരുതി തുടരുന്നു. യുദ്ധക്കുറ്റം. അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിര്.. ഗസ്സയിൽ ഉണ്ടെന്ന് പറയുന്ന വെടിനിർത്തൽ കരാറിനും, ട്രംപ് ഉദ്ഘോഷിച്ച സമാധാന പദ്ധതിക്കും എതിര്.. അധിനിവേശം സംബന്ധിച്ച ജനീവ ചട്ടങ്ങൾക്കും എതിരാണിത്; മനുഷ്യത്വത്തിന് തീർത്തും എതിര്.

Advertising
Advertising

ഇപ്പോൾ വാർത്ത ഇറാൻ യുദ്ധം, ലബനാൻ വംശഹത്യ, സാമ്പത്തിക പ്രതിസന്ധി ഒക്കെയാണ്. ഇതിനിടക്ക് ഗസ്സയെ ലോകവും ലോകമാധ്യമങ്ങളും മറന്നു. വംശഹത്യയുടെ അടുത്ത ഘട്ടമിതാ എത്തി എന്ന് ഇസ്രായേൽ മന്ത്രി പോസ്റ്റ് ചെയ്തിട്ടും ആർക്കും അനക്കമില്ല.

കശാപ്പ് തുടരുന്നു. ട്രംപിന്‍റെ സമാധാനക്കരാർ പോലും ഇതിനുള്ള മറയായിരുന്നോ? ഊഹിക്കാനാകാത്ത, കണ്ടുനിൽക്കാൻ ഒട്ടും പറ്റാത്ത, ഒരായിരം ദാരുണമായ വേദന അനുഭവിപ്പിച്ചു കൊണ്ട് ഗസ്സയിൽനിന്നുള്ള ദൃശ്യങ്ങൾ പോലും എത്ര ഭയാനകം! അവർക്ക് ആഹാരം നൽകാൻ ലോകത്തിന് കഴിയുന്നില്ല. പൊരിയുന്ന വയറുമായി ഇത്തിരി ഭക്ഷണത്തിന് കാത്തിരുന്ന് നിരാശപ്പെടുന്ന കുഞ്ഞുങ്ങളെത്ര! ഭക്ഷണമില്ല. വെടിയൊച്ച നിലക്കുന്നില്ല. മരണവും ഭയവുമാണ് ചുറ്റും. ആ കുഞ്ഞുങ്ങളുടെ ദൈന്യത കാണാൻ പോലും ആരുമില്ല.

സംഘർഷങ്ങൾക്കിടയിൽ കുഞ്ഞുങ്ങൾ അറിയാതെ പെട്ടു പോകുന്നതാണെന്ന് കരുതിയോ? അല്ല. കുഞ്ഞുങ്ങളാണെന്ന് അറിഞ്ഞു തന്നെയാണെല്ലാം. അറിഞ്ഞുകൊണ്ടുതന്നെ ഇസ്രായേൽ കുട്ടികളെ കൊല്ലുന്നു—തലക്ക് തന്നെ വെടിവെച്ചുകൊണ്ട്. ഇത് തെളിവുകളോടെ പറയുന്നത് ഇസ്രായേലിനോട് ചായ് വുള്ള ബിബിസി തന്നെ.

ഇസ്രായേൽ ഉണ്ടായത് മുതൽ ഗസ്സക്കാർ അഭയാർത്ഥികളാണ്. വർഷങ്ങളായി പലതവണ പലായനം ചെയ്യേണ്ടി വന്നവർ. ഇപ്പോഴത്തെ വംശഹത്യക്കിടയിൽത്തന്നെ പലതവണ അങ്ങോട്ടുമിങ്ങോട്ടും ആട്ടിയോടിക്കപ്പെട്ടിട്ടുണ്ട് അവർ. ലോകത്തിലേറ്റവും സാക്ഷരതയുള്ള, വിദ്യാസമ്പന്നരുള്ള പ്രദേശങ്ങളിലൊന്നാണ് ഗസ്സ. ഇന്ന് അവിടെ സ്കൂൾ കെട്ടിടങ്ങൾ പോലുമില്ല. കുട്ടികൾ പഠിക്കുന്നില്ല. കളിക്കുന്നില്ല. ഭക്ഷണ കേന്ദ്രങ്ങളിലേക്കുള്ള നിത്യസഞ്ചാരത്തിലാണ് അവർ; മുതിർന്നവരും.

ഇനി ഇവിടെ നിന്ന് തന്നെയും ആട്ടിയോടിക്കാനാണ് ഇസ്രായേലിന്‍റെ പരിപാടി. ഓടിപ്പോവാൻ വേണ്ടി അവരെ ഇനിയും ഞെരുക്കും. അങ്ങനെയങ്ങനെ, അവർ നിവൃത്തികെട്ട് പിന്നെയും പലായനം ചെയ്യുമ്പോൾ ഇസ്രായേൽ പറയും, ഇതാ അവർ സ്വമനസ്സാലെ പോകുന്നു എന്ന്. പക്ഷേ ഫലസ്തീൻ അങ്ങനെ കീഴടങ്ങില്ല. അതുകൊണ്ട് വംശഹത്യ തുടരുന്നു.

നിലപാട് കൊണ്ടും ഭാഷ കൊണ്ടും ഇസ്രായേലിനോട് ചേർന്ന് വംശഹത്യക്ക് വഴിവെട്ടിയവരാണ് പാശ്ചാത്യ മാധ്യമങ്ങൾ. നിരവധി ഉദാഹരണങ്ങൾ നാം കണ്ടിട്ടുണ്ട്. ഇസ്രായേലിന്‍റെ വംശഹത്യക്ക് കവചമായി മാധ്യമങ്ങൾ പ്രവർത്തിച്ചതെങ്ങനെ എന്ന് വിവരിക്കുന്ന പുസ്തകങ്ങളുണ്ട്. നൂറുകണക്കിന് ലേഖനങ്ങളുണ്ട്. ഇസ്രായേലിന്‍റെ പ്രചാരണ സംവിധാനങ്ങളുപയോഗിച്ച് മാധ്യമങ്ങളെ സ്വാധീനിച്ച സംഭവങ്ങളും അനേകം.

പട്ടിണി എന്ന യാഥാർത്ഥ്യം മറച്ചുവെക്കാൻ ഇസ്രായേൽ മാധ്യമങ്ങൾക്ക് മേൽ സമ്മർദ്ദവും സ്വാധീനവും ചെലുത്തുന്നത് നമ്മൾ കണ്ടു. “വംശഹത്യ” എന്ന വാക്ക് മറയ്ക്കാനും അതിനേക്കാൾ സ്വാധീനം ചെലുത്തുന്നു.

ഇതെല്ലാം ചെയ്തു കൊടുത്ത ശേഷം മാധ്യമങ്ങൾ ഇസ്രായേലിനെ അത് പൂർത്തിയാക്കാൻ വിട്ട്, ഗസ്സയിൽ നിന്ന് ലോകശ്രദ്ധ തിരിക്കുന്നു. അതിന് പുതിയ യുദ്ധങ്ങൾ ഒഴികഴിവാവുകയും ചെയ്യുന്നു.

ഗസ്സയിൽ എല്ലാ നിയമവും ലംഘിച്ച് ഉന്മൂലനം നട്തഹാനുള്ള ഇസ്രായേലി നീക്കങ്ങൾ മാധ്യമങ്ങൾ കാണേണ്ടതുണ്ട്. ഇത് ലോകം കേൾക്കേണ്ട വാർത്തയാണ്. ആധുനിക ലോകത്തിന്‍റെ നാണക്കേടും പാപവുമാണ്. പക്ഷേ അതിലേക്ക് വഴിവെട്ടിയ മാധ്യമങ്ങൾക്ക് മിണ്ടാട്ടമില്ല. വംശഹത്യക്ക് മറതീർത്തത് മാധ്യമങ്ങൾ ചെയ്ത ഒരു തെറ്റ്. അതിന്‍റെ പ്രത്യാഘാതം മുന്നിലെത്തുമ്പോൾ കാണാത്ത മട്ടിലിരിക്കുന്നത് അതിലും വലിയ തെറ്റ്.

Full View

ജേണലിസത്തിന്‍റെ ജനപക്ഷമുഖം—ജോൺ റഷിങ് മുതൽ സാർത്ഥക് സിദ്ധാന്ത് വരെ

മാധ്യമങ്ങളുടെ കുറ്റകരമായ മൗനത്തെ പറ്റിയാണല്ലോ പറഞ്ഞു വന്നത്. എന്നാൽ മൗനം പാലിക്കാത്ത ചിലരുണ്ട്. അവരെ ഒതുക്കാനും ശിക്ഷിക്കാനും ഇസ്രായേലിനോ മറ്റു രാജ്യങ്ങൾക്കോ മടിയില്ല. രണ്ട് അമേരിക്കക്കാരുടെ അനുഭവം നോക്കുക.

രണ്ടുപേരെയും ബ്രിട്ടനിൽ വിലക്കിയത് അവർ ഇസ്രായേലിനെ വിമർശിക്കുന്നത് കൊണ്ടാണ്, ഔദ്യോഗികമായി അങ്ങനെ പറയുന്നില്ലെങ്കിലും.. ലണ്ടൻ ടൈംസ് പത്രം അക്കാര്യം കൃത്യമായി വെളിപ്പെടുത്തി.ഇത്തരം സംഭവങ്ങൾ ബ്രിട്ടനിൽ വർധിച്ചു വരുന്നു എന്നാണ് വാഷിങ്ടൺ പോസ്റ്റ് മുതൽ ബിബിസി വരെ ചൂണ്ടിക്കാട്ടുന്നത്.

മറ്റൊരു കൗതുകം കൂടി: വിലക്കപ്പെട്ട രണ്ടുപേരെയും പരിചയപ്പെടുത്തുമ്പോൾ ബ്രിട്ടീഷ് പത്രമായ ഗാർഡിയൻ, “ജേണലിസ്റ്റ്” എന്ന വാക്ക് ഒഴിവാക്കി, ആക്ടിവിസ്റ്റ് എന്ന് മാത്രമാക്കി. വിലക്കിന് ന്യായമെന്നോണം, ഗാർഡിയൻ അടക്കം എടുത്തുപറഞ്ഞു, ഇരുവരും ഇടതുപക്ഷക്കാരാണെന്ന്.

സർക്കാറുകളും മുഖ്യധാര മാധ്യമങ്ങളും ഒരുവശത്ത്. ജനങ്ങളും ജനപക്ഷമാധ്യമങ്ങളും മറുവശത്ത്. ഈ ചേരിതിരിവ് വ്യക്തമായി പ്രകടിപ്പിക്കുന്നതായിരുന്നു മെയ് 28ന് ന്യൂയോർക്കിൽ നടന്ന ഒരു ചടങ്ങും അതിൽ നടന്ന ഒരു പ്രസംഗവും.അവാർഡിനെ പറ്റി പ്രൊഡ്യൂസറും ലേഖകനുമായ ജോൺ റഷിങ് പറഞ്ഞതാണ് പ്രസക്തം. ഇതെല്ലാം ഇസ്രായേലിന് അനുവദിച്ചു കൊടുത്ത ഈ അമേരിക്കയിൽ വെച്ച് തന്നെ ഇതിന്‍റെ പേരിലുള്ള ഡോക്യുമെന്‍ററിക്ക് പുരസ്കാരം വാങ്ങുക—വല്ലാത്ത വൈരുദ്ധ്യം തന്നെ.

ഭരണകൂടങ്ങളുടെ ക്രൂരതകൾ വെളിപ്പെടുത്തുന്നു യഥാർത്ഥ ജേണലിസം. ഭരണകൂടം പറയുന്ന കള്ളങ്ങൾ, അവരുടെ കഴിവുകേട് എല്ലാം പുറത്തുകൊണ്ടുവന്ന ഒരു യുവാവുണ്ട് ഇന്ത്യയിൽ; ഒരു വിദ്യാർത്ഥി. അധികൃതർ, അബദ്ധമെന്നും അറിയാതെ പറ്റിപ്പോയതെന്നും വാദിച്ചപ്പോൾ സ്വന്തമായി അന്വേഷണവും പഠനവും നടത്തി തെളിവ് സഹിതം രംഗത്ത് വന്നു പ്ലസ് ടു വിദ്യാർത്ഥി സാർത്ഥക് സിദ്ധാന്ത്. ഈ വിഷയത്തിൽ സാർത്ഥകിന്‍റെ സമർപ്പണവും ഗോദി മീഡിയയുടെ ന്യായീകരണത്തൊഴിലും തമ്മിൽ ഒരു വിശദമായ താരതമ്യ പഠനത്തിന് തന്നെ വകയുണ്ട്.

Full View

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News