ഈ ടീമും വെച്ച് ചെന്നൈ ഇത്ര കളികൾ ജയിച്ചത് തന്നെ ഭാഗ്യം !

Update: 2026-05-22 12:25 GMT
Editor : safvan rashid | By : Sports Desk

സീസണിലെ അവസാന മത്സരം വരെ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താനായി എന്നത് തന്നെയാണ് ഇത്തവണ ചെന്നൈ സൂപ്പർ കിംഗ്സിനെ (CSK) സംബന്ധിച്ച ഏറ്റവും വലിയ നേട്ടം. നിലവിലെ ടീം ലൈനപ്പും കളിക്കാരുടെ ഫോമും വെച്ചുനോക്കിയാൽ പ്ലേ ഓഫ് എന്നത് ചെന്നൈക്ക് അതിമോഹം തന്നെയായിരുന്നു. എങ്കിലും അവസാന നിമിഷം വരെ ആരാധകർക്ക് പ്രതീക്ഷ നൽകാൻ  കഴിഞ്ഞു എന്നതിൽ അവർക്ക് അഭിമാനിക്കാം.

പരിക്കുകളുടെ വലിയ നിര, അപ്രതീക്ഷിത പരാജയങ്ങൾ, പ്രധാന താരങ്ങളുടെ ഫോമില്ലായ്മ, ഒരിക്കലും ട്രാക്കിലാകാത്ത ബൗളിങ്... അങ്ങനെ ഒരുപിടി കടുത്ത പ്രതിസന്ധികളിലൂടെയാണ് ഇത്തവണ ചെന്നൈ കടന്നുപോയത്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് പറഞ്ഞതുപോലെ, ഇതൊരു ട്രാൻസിഷൻ ഫേസ് (പരിവർത്തന ഘട്ടം) മാത്രമാണ്. ഈ സീസണിൽ ചെന്നൈക്ക് പിഴച്ചതെവിടെയാണ്?

Advertising
Advertising

വില്ലനായ സ്ഥിരതയില്ലായ്മ

ഈ സീസണിൽ ചെന്നൈയെ ഏറ്റവും കൂടുതൽ അലട്ടിയത് അവരുടെ ഇസ്ഥിരതയില്ലായ്മയാണ്. ഒരു ചാമ്പ്യൻ ടീമിന്റെ മെന്റാലിറ്റി പലപ്പോഴും ഈ ടീമിൽ കാണാൻ കഴിഞ്ഞില്ല. തുടർച്ചയായി മൂന്ന് മത്സരങ്ങൾ തോറ്റുകൊണ്ടാണ്തുടങ്ങിയത്. ഇത്തവണ പ്ലേ ഓഫ് ഉണ്ടാകില്ലെന്ന് തോന്നിച്ച ഇടത്തുനിന്നാണ് സീസണിന്റെ മധ്യഘട്ടത്തിൽ എട്ടിൽ ആറ് മത്സരങ്ങളും ജയിച്ച് ഗംഭീരമായി തിരിച്ചുവന്നത്. അതോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമായി. പക്ഷേ, ആദ്യത്തെ മൂന്ന് മത്സരങ്ങളിലെ പാളിച്ചകൾ തന്നെയാണ് അവസാനത്തെ മൂന്ന് മത്സരങ്ങളിലും ആവർത്തിച്ചത്. ആർസിബി, ഹൈദരാബാദ്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ ടോപ്പ് 4 ടീമുകളോട് ജയിക്കാൻ കഴിയാത്തത് ചെന്നൈയുടെ പ്രധാന ദൗർബല്യം തുറന്നുകാട്ടുന്നു.


ബൗളിങ് ഡിപ്പാർട്ട്മെന്റിലെ പാളിച്ചകൾ

ഇത്തവണ ചെന്നൈയുടെ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ബൗളിങ് നിരയിലെ വീഴ്ചകളാണ്. പവർപ്ലേ ഓവറുകളിലും ഡെത്ത് ഓവറുകളിലും റൺസ് നിയന്ത്രിക്കാൻ ചെന്നൈ ബൗളർമാർ പലപ്പോഴും പതറി. ലേലത്തിലെ അവരുടെ പ്രധാന പിക്കായിരുന്ന നഥാൻ എല്ലിസിനെ സീസണിലുടനീളം മിസ് ചെയ്തു. പകരം പ്രതീക്ഷ വെച്ച മാറ്റ് ഹെൻട്രി മൂന്ന് മത്സരങ്ങളിൽ മാത്രമാണ് എറിഞ്ഞത്; അതും 13-ന് മുകളിലുള്ള എക്കോണമിയിൽ!

13 മത്സരങ്ങളിൽ പന്തെറിഞ്ഞ ജാമി ഓവർട്ടൺ 14 വിക്കറ്റുകൾ നേടിയെങ്കിലും ഒൻപതിന് മുകളിലായിരുന്നു എക്കോണമി. അവസാനഘട്ടത്തിൽ എത്തിയ സ്പെൻസർ ജോൺസൺ മൂന്ന് മത്സരങ്ങളിലും നന്നായി റൺസ് വഴങ്ങി. അടുത്ത സീസണിൽ ടി20 സ്പെഷ്യലിസ്റ്റായ ഒരു വിദേശ പേസറെ എത്തിക്കുക എന്നതാവും ചെന്നൈയുടെ ആദ്യ ലക്ഷ്യം.

14 മത്സരങ്ങളിൽ നിന്ന് 21 വിക്കറ്റെടുത്ത യുവതാരം അൻഷുൽ കംബോജാണ് ചെന്നൈ പേസ് പടയെ നയിച്ചത്. ചില മത്സരങ്ങളിൽ റൺസ് വഴങ്ങിയെങ്കിലും നിർണായക ബ്രേക്ക് ത്രൂകൾ നൽകാൻ കംബോജിനായി. തുടക്കത്തിലെ ഫോമില്ലായ്മയ്ക്ക് ശേഷം നൂർ അഹ്മദ് തിരിച്ചുവന്നെങ്കിലും കഴിഞ്ഞ സീസണിലെ പ്രകടനം പുറത്തെടുക്കാനായില്ല. മറ്റൊരു ടി20 സ്പെഷ്യലിസ്റ്റായ അഖേൽ ഹുസൈൻ ഏഴ് മത്സരങ്ങളിൽ കളിക്കുകയും അല്പം കൂടി എക്കണോമിക്കലായി പന്തെറിയുകയും ചെയ്തു. എന്നാൽ നൂർ അഹ്മദ് ഉള്ള സ്ഥിതിക്ക് മറ്റൊരു ഓവർസീസ് സ്പിന്നറെക്കൂടി എല്ലാ മത്സരത്തിലും ഉൾപ്പെടുത്താൻ ടീമിന് പരിമിതികളുണ്ടായിരുന്നു.

ക്യാപ്റ്റൻസിയുടെ സമ്മർദ്ദവും ഋതുരാജിന്റെ മെല്ലെപ്പോക്കും

ക്യാപ്റ്റൻ എന്ന നിലയിലും ബാറ്ററെന്ന നിലയിലും ഋതുരാജ് ഗെയ്ക്‌വാദിന് ഇതൊരു കഠിനമായ സീസണായിരുന്നു. താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ഒരു സംഘത്തെ നയിക്കുക എന്ന ചുമതല വലിയ പരിക്കില്ലാതെ അദ്ദേഹം കൊണ്ടുപോയിട്ടുണ്ട്. എങ്കിലും കൂടുതൽ ചടുലമായ നീക്കങ്ങളുള്ള ഒരു ക്യാപ്റ്റനെ ചെന്നൈ അർഹിക്കുന്നുണ്ട്. അടുത്ത സീസണിൽ ഒരുപക്ഷേ ക്യാപ്റ്റൻസിയിൽ മാറ്റം കണ്ടേക്കാം.


ബാറ്റിംഗിൽ ഋതുരാജിന്റെ പ്രകടനം ഇത്തവണ ഏറെ വിമർശനങ്ങൾ നേരിട്ടു. ഗുജറാത്ത് ടൈറ്റൻസിനെതിരെ അദ്ദേഹം 49 പന്തിൽ നേടിയ അർധസെഞ്ച്വറി ഈ സീസണിലെ ഏറ്റവും വേഗംകുറഞ്ഞ ഫിഫ്റ്റിയായി മാറി. 14 മത്സരങ്ങളിൽ നിന്ന് 337 റൺസാണ് ഋതുരാജ് നേടിയത്. എന്നാൽ റൺസിനേക്കാൾ അദ്ദേഹത്തിന്റെ മെല്ലെപ്പോക്കാണ് വലിയ വിമർശനമുണ്ടാക്കിയത്. ബാറ്റർമാർ അരങ്ങുതകർത്ത ഈ സീസണിൽ 123 എന്ന സ്ട്രൈക്ക് റേറ്റ് ഒട്ടും പ്രതീക്ഷിച്ചതല്ല. ക്യാപ്റ്റൻസിയുടെ സമ്മർദ്ദം അദ്ദേഹത്തിന്റെ ബാറ്റിംഗിന്റെ വേഗതയെ ബാധിച്ചോ എന്ന് ആരാധകർ സംശയിക്കുന്നു. അടുത്ത സീസണിൽ കൂടുതൽ അഗ്രസീവ് ആയൊരു ഋതുരാജിനെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

തിളങ്ങി സഞ്ജു സാംസൺ; നിരാശപ്പെടുത്തി മറ്റു ബാറ്റർമാർ

എന്താണ് ഈ സീസണിൽ ചെന്നൈയുടെ ഏറ്റവും വലിയ പോസിറ്റീവ് എന്ന് ചോദിച്ചാൽ അതിൽ സംശയമൊന്നുമില്ല—അത് സഞ്ജു സാംസണിന്റെ സാന്നിധ്യം തന്നെയാണ്. ഏറെ നാടകീയതകൾക്കൊടുവിൽ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലേക്ക് മാറിയ സഞ്ജു ടീമിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനായി മാറി. ടി20 ലോകകപ്പിലെ ഹീറോ പരിവേഷവുമായി വന്ന സഞ്ജു 14 മത്സരങ്ങളിൽ നിന്ന് രണ്ട് സെഞ്ച്വറിയും ഒരു അർദ്ധസെഞ്ച്വറിയുമടക്കം 477 റൺസ് നേടി. 47.70 ആവറേജിലും 166-ലധികം സ്ട്രൈക്ക് റേറ്റിലുമായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്.

അവസാന മത്സരങ്ങളിലെ മോശം ഫോം കാരണമാണ് അദ്ദേഹത്തിന് 500 റൺസ് തികയ്ക്കാനാകാതെ പോയത്. സഞ്ജു പൂർണ്ണമായും കൺസിസ്റ്റന്റ് ആയിരുന്നോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയേണ്ടിവരും. പക്ഷേ കോച്ച് സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞതുപോലെ, സഞ്ജുവിനെപ്പോലൊരു ബാറ്ററിൽ നിന്നും എല്ലാ മത്സരങ്ങളിലും മിന്നും ഫോം പ്രതീക്ഷിക്കാനാകില്ല. എന്നാൽ അദ്ദേഹം ഫോമായ മത്സരങ്ങളിലെല്ലാം ഒരു 'മാച്ച് വിന്നിങ് ഇമ്പാക്ട്' ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. എങ്ങനെയൊക്കെ നോക്കിയാലും ചെന്നൈ ആരാധകരെ വലിയൊരു പരിധിവരെ തൃപ്തിപ്പെടുത്താൻ സഞ്ജുവിനായി.

ചെന്നൈ ഏറ്റവും കൂടുതൽ പ്രതീക്ഷ വെച്ച മറ്റൊരു താരം ശിവം ദുബെയായിരുന്നു. ഫിനിഷിങ്ങിലും ബൗളിങ്ങിലുമെല്ലാം താരം നിരാശപ്പെടുത്തി. 12 മത്സരങ്ങളിൽ നിന്ന് 223 റൺസ് മാത്രമാണ് ദുബെയ്ക്ക് നേടാനായത്. ചില മത്സരങ്ങളിലെ അദ്ദേഹത്തിന്റെ മെല്ലെപ്പോക്ക് വലിയ വിമർശനങ്ങളുണ്ടാക്കി. കൃത്യമായ ബാറ്റിംഗ് പൊസിഷൻ ലഭിക്കാത്തതും ദുബെയെ ബാധിച്ചു. കൂടാതെ ബൗളിങ്ങിലും കാര്യമായ സംഭാവന നൽകിയില്ല (ആകെ 30 പന്തുകൾ മാത്രമാണ് എറിഞ്ഞത്).

11 മത്സരങ്ങൾ കളിച്ച ബ്രെവിസിന്റെ ഉയർന്ന സ്കോർ 44 ആണ്. എങ്കിലും അടുത്ത സീസണിലും ബ്രെവിസിൽ ചെന്നൈ വിശ്വസിക്കാൻ തന്നെയാണ് സാധ്യത. ആദ്യ മത്സരങ്ങളിൽ സർപ്രൈസ് എൻട്രി നടത്തിയ സർഫറാസ് ഖാന് സീസൺ മധ്യത്തോടെ താളം നഷ്ടമായി. ലഖ്നൗവിനെതിരെ 23 പന്തിൽ 65 റൺസ് നേടി ഞെട്ടിച്ചത് മാറ്റിനിർത്തിയാൽ ഉർവിൽ പട്ടേലിനും കാര്യമായ റോൾ ഉണ്ടായിരുന്നില്ല. ആകെത്തുകയിൽ ചെന്നൈ ബാറ്റിങ് യൂണിറ്റിന് ഒരുമിച്ച് പെർഫോം ചെയ്യാൻ സാധിച്ചില്ല.


ഭാവിയുടെ വാഗ്ദാനങ്ങൾ

14 കോടിയിലേറെ രൂപയ്ക്ക് ടീമിലെത്തിയ രണ്ട് പേരാണ് കാർത്തിക് ശർമയും പ്രശാന്ത് വീറും. ഇതിൽ കാർത്തിക് ശർമ ചെന്നൈയുടെ ഒരു ഭാവി വാഗ്ദാനമായി വളർന്നിട്ടുണ്ട്. 11 മത്സരങ്ങളിൽ നിന്നും 295 റൺസടിച്ച കാർത്തിക് തന്റെ പ്രൈസ് ടാഗിനോട് നീതിപുലർത്താൻ ശ്രമിച്ചു. വരും സീസണുകളിലും കാർത്തിക് ചെന്നൈയുടെ പ്രധാന മുഖമായി ഉണ്ടാകും. ജഡേജയ്ക്ക് പകരക്കാരനാകാൻ വന്ന പ്രശാന്ത് വീർ ആറ് മത്സരങ്ങളാണ് കളിച്ചത്. ഒരു മത്സരത്തിൽ 43 റൺസെടുത്തതാണ് മികച്ച പ്രകടനം. വിക്കറ്റൊന്നും നേടിയില്ലെങ്കിലും പ്രശാന്തിൽ ചെന്നൈ ഒരു ലോങ് ടേം പ്ലാൻ കാണുന്നുണ്ട്.

ധോണിയില്ലാത്ത ആദ്യ സീസൺ

ചെന്നൈയെ ചെന്നൈയാക്കിയ എം.എസ്. ധോണി ഒരു മത്സരം പോലും കളിക്കാത്ത സീസണാണിത്. അതിന്റെതായ ആവേശക്കുറവ് ചെന്നൈ ആരാധകർക്കുണ്ടായിരുന്നു. ധോണിയുണ്ടാകുമ്പോൾ ലഭിക്കുന്ന ഡ്രാമാറ്റിക് മൊമന്റുകളും കാമിയോകളും ആർപ്പുവിളികളുമെല്ലാം ഈ സീസണിൽ എല്ലാവരും മിസ് ചെയ്തു. വരാനിരിക്കുന്ന ജൂണിൽ 45 വയസ്സ് തികയുന്ന ധോണി ഇനിയൊരു സീസൺ കൂടി കളിക്കുമോ എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഏറ്റവും കുറഞ്ഞത് ഒരു യാത്രയയപ്പ് മത്സരമെങ്കിലും കളിച്ചിട്ട് അദ്ദേഹം ‘ബൈ’ പറയണമെന്നാണ് ആരാധകർ കരുതുന്നത്.

കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിനും വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന സീസണാണിത്. എങ്കിലും ലേല സ്ട്രാറ്റജികൾ പാളിയോ എന്ന ചോദ്യങ്ങൾക്ക് ഒടുവിൽ ടീം മറുപടി നൽകി. തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, പരിക്കുകളെല്ലാം മാറി, അടുത്ത വർഷം കൂടുതൽ ശക്തമായി മഞ്ഞപ്പട തിരിച്ചുവരുമെന്ന് നമുക്ക് പ്രത്യാശിക്കാം. കാരണം, സിഎസ്കെ എന്നാൽ വെറുമൊരു ടീമല്ല, അതൊരു വികാരമാണ്!

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News