പുലിറ്റ്സർ: ട്രംപ് വിരുദ്ധവാർത്തകൾക്ക് നിറയെ സമ്മാനം.

Update: 2026-05-12 09:33 GMT

പുലിറ്റ്സർ: ട്രംപ് വിരുദ്ധവാർത്തകൾക്ക് നിറയെ സമ്മാനം

ഇത്തവണത്തെ പുലിറ്റ്സർ പുരസ്കാരങ്ങളിൽ ഒരുപാടെണ്ണം ട്രംപിനെതിരായ റിപ്പോർട്ടുകൾക്കാണ് കിട്ടിയത്. അധികാരത്തോട് നേര് പറയുന്ന ജേണലിസം മാതൃകകൾക്ക്. അന്വേഷണാത്മക റിപ്പോർട്ടിനുള്ള പുലിറ്റ്സർ ന്യൂയോർക്ക് ടൈംസ് നേടിയത്, ട്രംപ് എങ്ങനെ സ്വന്തം ബിസിനസുകൾക്ക് വേണ്ടി അധികാരം ഉപയോഗപ്പെടുത്തി എന്നതിനെപ്പറ്റി ചെയ്ത വാർത്തകൾക്കാണ്.

വാഷിംഗ്ടൺ പോസ്റ്റിലെ ഹാന നതാൻസന്‍റെ വീട് എഫ്ബിഐ റെയ്‌ഡ് ചെയ്ത് ഫോണും മറ്റും പിടിച്ചെടുത്തത് സർക്കാർ വിരുദ്ധവാർത്ത ചെയ്തതിനായിരുന്നു. അവർക്കും പുരസ്കാരമുണ്ട്. കുടിയേറ്റക്കാർക്കെതിരായ ട്രംപ് സർക്കാരിന്‍റെ മർദനമുറകളെപ്പറ്റി, അതിനെതിരെ ജനങ്ങൾ ഒന്നിച്ചതിനെപ്പറ്റി, ചെയ്ത റിപ്പോർട്ടുകൾക്ക് ഷിക്കാഗോ ട്രിബ്യുൺ റണ്ണറപ്പായി. നാഷണൽ റിപ്പോർട്ടിങ്ങിൽ ജേതാക്കളായ റോയിട്ടേഴ്സും, ട്രംപിന്‍റെ അധികാര ദുരുപയോഗം റിപ്പോർട്ട് ചെയ്ത് പുരസ്കാരം നേടിയവരാണ്. ദേശീയ വാർത്താവിഭാഗത്തിൽ റണ്ണറപ്പായവർ മുഴുവനും ട്രംപ് വിമർശകരാണ്. യു.എസിലെ ഇമിഗ്രേഷൻ-കസ്റ്റംസ് അധികൃതർ നടത്തിയ മനുഷ്യത്വമില്ലാത്ത കുടിയേറ്റവേട്ട റിപ്പോർട്ട് ചെയ്തതിന് എഫ്ബിഐയുടെ വേട്ടക്കിരയായ ജേണലിസ്റ്റാണ് ന്യൂയോർക്ക് ടൈംസ് ലേഖകൻ ഹാമിദ് അലി അസീസ്. റോയിട്ടേഴ്‌സ് സ്റ്റാഫും ട്രംപ് സർക്കാർ ഏജൻസികളുടെ വേട്ടക്കിരയായി; ഇപ്പോൾ ഇവരെല്ലാം പുലിറ്റ്സർ നേടി.

Advertising
Advertising

ട്രംപിന്‍റെ ദുർഭരണം മാത്രമല്ല പുരസ്കാരം നേടിയ റിപ്പോർട്ടുകളിൽ ഉള്ളത്. അദ്ദേഹം ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ടിരുന്ന കാര്യം നിശിതമായി പരിശോധിച്ച് റിപ്പോർട്ട് ചെയ്തതും കൂട്ടത്തിലുണ്ട്. ഇത്തവണ, പഴയ ഒരു വീഴ്ച തിരുത്താനും പുലിറ്റ്സർ സമിതി തയ്യാറായി. എപ്‌സ്റ്റീൻ ഫയൽസ് വലിയ രാഷ്ട്രീയ കോളിളക്കമായി മാറാൻ കാരണം എട്ടുവർഷം മുമ്പ് ഒരു പ്രാദേശിക പത്രത്തിൽ വന്ന വാർത്താപരമ്പരയാണ്. അതിന് ഇത്രകാലവും പുലിറ്റ്സർ നൽകിയിരുന്നില്ല. ആ വീഴ്ചക്ക് പ്രായശ്ചിത്തമെന്നോണം ഇക്കുറി മയാമി ഹെറൾഡ് പത്രത്തിനും റിപ്പോർട്ടർ ജൂലി കെ. ബ്രൗണിനും പ്രത്യേക പരാമർശമുണ്ട്.

2017-18 കാലത്താണ്, വൻതോക്കുകളെ തുറന്നു കാട്ടിക്കൊണ്ട് ജൂലി മയാമി ഹെറൾഡ് എന്ന ചെറുകിട പത്രത്തിൽ എപ്‌സ്റ്റീന്‍റെ ക്രൂരതകളെപ്പറ്റി പരമ്പര ചെയ്തത്. അവർ അനേകം ഇരകളെ നേരിട്ട് കണ്ട് അന്വേഷിച്ചു. എപ്‌സ്റ്റീനു വേണ്ടി പ്രോസിക്യൂട്ടർ നീതി സംവിധാനം അട്ടിമറിച്ചതായി കണ്ടെത്തി. ട്രംപ് അടക്കമുള്ള ലോക നേതാക്കളെ തുറന്നു കാട്ടിയ, തലസ്ഥാനങ്ങളെ വിറപ്പിച്ച, വാർത്താ പരമ്പരയായി അത്. ജൂലി ബ്രൗൺ ചെയ്തത് ചെറിയ കാര്യമല്ല. ഉന്നതങ്ങളിൽ പിടിപാടുള്ള ഒരു ക്രിമിനലിന്‍റെ കഥ മാത്രമല്ല അവർ പറഞ്ഞത്. നീതിന്യായ സംവിധാനം എങ്ങനെ കുറ്റവാളികളെ സംരക്ഷിക്കുന്നു എന്നു കൂടിയാണ്. ജൂലിയുടെ റിപ്പോർട്ട് ഈ നീതികേടിനോടുള്ള വെല്ലുവിളി കൂടിയായിരുന്നു. ഒരു പതിറ്റാണ്ടോളം പുലിറ്റ്സർ സമിതി ഈ റിപ്പോർട്ടിനെ അവഗണിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ, ഏറ്റവും പ്രത്യാഘാതമുണ്ടാക്കിയ ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിക്ക് 9 വർഷം കഴിഞ്ഞ് ഇപ്പോൾ, വീണ്ടുവിചാരം പോലൊരു “പ്രത്യേക പരാമർശം”.

ആ വാർത്താപരമ്പര ക്രിമിനലുകളുടെ അപാരമായ സ്വാധീനം വെളിപ്പെടുത്തി. കുടുംബത്തകർച്ച എങ്ങനെ പെൺകുട്ടികളെ കെണിയിലേക്ക് തള്ളിവിടുന്നു എന്ന് കാണിച്ചു തന്നു. സർക്കാറുകൾ എങ്ങനെ പിശാചുക്കളെ വളർത്തുന്നു എന്നും പറഞ്ഞു തന്നു. വാർത്താചിത്ര വിഭാഗത്തിലാണ് ശ്രദ്ധേയമായ മറ്റൊരു പുലിറ്റ്സർ പുരസ്കാരം. അത് നേടിയത് സാഹിർ അൽ ഗുർറയാണ്.

കൊളംബിയ സർവ്വകലാശാലയാണ് പുലിറ്റ്സറിന്‍റെ നടത്തിപ്പുകാർ. അമേരിക്കൻ മാധ്യമങ്ങളെ മാത്രമാണ് പരിഗണിക്കുക. അതേസമയം യു.എസ് മാധ്യമങ്ങളിലൂടെ മറ്റു രാജ്യക്കാരും സമ്മാനത്തിന് അർഹരാകാറുണ്ട്. രണ്ട് ഇന്ത്യക്കാർക്ക് ഇക്കൊല്ലം സമ്മാനം കിട്ടി. ജേണലിസത്തിന്‍റെ കരുത്ത് മാത്രമല്ല വൈവിധ്യവും വെളിപ്പെടുത്തുന്നു പുലിറ്റ്സർ. പുലിറ്റ്സർ മാത്രവുമല്ല ജേണലിസത്തിലെ മികവ് തേടി പുരസ്കാരങ്ങൾ നൽകുന്നത്.

Full View

ബി.ബി.സി തള്ളിയ ഗസ്സ ഡോക്യുമെന്‍ററിക്ക് പുരസ്കാരം മൂന്നായി

ആംനസ്റ്റിഇൻറർനാഷണൽ യുകെ വിഭാഗം മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പുരസ്കാരങ്ങൾ നൽകുന്നുണ്ട്. ധീരമായ ജേണലിസം, മനുഷ്യാവകാശങ്ങൾ കേന്ദ്രീകരിച്ചുള്ള റിപ്പോർട്ടുകൾ എന്നിവയാണ് സമ്മാനത്തിന് പരിഗണിക്കുന്നത്. 2025ലെ സമ്മാനിതരെ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചു.

കൂട്ടത്തിൽ ഒന്നുരണ്ടെണ്ണം എടുത്തു പറയണം. ഒന്ന്, സിറിയയിൽ ബശ്ശാറുൽ അസദിന്‍റെ കാലത്ത് തടവറകളിൽ നടന്ന പീഡനങ്ങളെപറ്റി ബിബിസി തയ്യാറാക്കിയ ഡോക്യുമെന്‍ററി ആണ്.

ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം വിഭാഗത്തിൽ ഒന്നാം സമ്മാനം ചാനൽ-4ന്‍റെ റിപ്പോർട്ടിനാണ്. Gaza Under Attack എന്ന ഈ വിഡീയോ റിപ്പോർട്ടിന് ഒരു പ്രത്യേകതയുണ്ട്—ബി.ബി.സിയുടെ ഭീരുത്വം വിളിച്ചറിയിക്കുന്നത്. “ബേസ്മെന്‍റ് ഫിലിംസ്” ആണ് ഈ ഡോക്യുമെന്‍ററി നിർമ്മിച്ചത്. യുദ്ധക്കുറ്റങ്ങളുടെ നേർച്ചിത്രം. ബി.ബി.സിയുടെ നിർദ്ദേശപ്രകാരമായിരുന്നു നിർമ്മാണം. ഇസ്രായേൽ ഫലസ്തീനി ഡോക്ടർമാരെ കൊല്ലുന്നു; കൊല്ലാക്കൊല ചെയ്യുന്നു; ആശുപത്രികൾക്ക് ബോംബിടുന്നു; ഇതിന്‍റെ നേർച്ചിത്രങ്ങളും സാക്ഷി മൊഴികളുമടക്കം ഡോക്യുമെന്‍ററിയിൽ ഉണ്ട്.

പക്ഷേ തങ്ങൾ കമ്മീഷൻ ചെയ്ത ഡോക്യൂമെന്‍ററി പൂർത്തിയായപ്പോൾ ബി.ബി.സി പിന്മാറി. ഇസ്രായേലിന്‍റെ യുദ്ധക്കുറ്റങ്ങളുടെ കൃത്യമായ റിപ്പോർട്ട് സംപ്രേഷണം ചെയ്യാൻ അവർക്ക് മടി—അതോ പേടിയോ? എന്തായാലും അവർ അത് സംപ്രേഷണം ചെയ്യേണ്ടെന്ന് തീരുമാനിച്ചു. അപ്പോൾ അത് ഏറ്റെടുക്കാൻ തയാറായി മുന്നോട്ടുവന്നത് ചാനൽ 4ഉം സെറ്റേയോയുമാണ്. ചാനൽ 4ന് നൽകിയ ആംനസ്റ്റി അവാർഡ് ബി.ബി.സി ക്കുള്ള മുഖത്തടി കൂടിയായി കരുതണം.

ചാനൽ 4ന് മറ്റൊരു ഗണത്തിലും പുരസ്കാരമുണ്ട്. മികച്ച ഫീച്ചറിനുള്ള സമ്മാനം, വെസ്റ്റ് ബാങ്കിലെ ഇസ്രായേലി അതിക്രമങ്ങളെപറ്റിയുള്ള റിപ്പോർട്ടിനാണ്.

ലോകം കാണേണ്ട, തിരിച്ചറിയേണ്ട, പ്രതിരോധിക്കേണ്ട അനീതികൾ ലോകശ്രദ്ധയിൽ എത്തിക്കാനുള്ള ശ്രമം കൂടിയാണ് പുരസ്കാരങ്ങൾ.

Full View

മാധ്യമസ്വാതന്ത്ര്യം: "അതി ഗുരുതരം ഇന്ത്യ".

ഇക്കൊല്ലത്തെ മാധ്യമസ്വാതന്ത്ര്യ സൂചിക (Press Freedom Index) പുറത്തുവന്നു. റിപ്പോർട്ടേഴ്‌സ് വിതൗട് ബോർഡേഴ്സ് (ആർ.എസ്.എഫ്) എന്ന സംഘടന പ്രസിദ്ധപ്പെടുത്തിയ സൂചിക ശുഭവാർത്തയല്ല.

ഒന്നും രണ്ടും മൂന്നും സ്ഥാനത്ത്,, പൂർണ്ണമാധ്യമസ്വാതന്ത്ര്യം അനുഭവിക്കുന്ന രാജ്യങ്ങളായി ഉള്ളത്, നോർവേയും നെതർലൻസും എസ്ടോണിയയും. ഏറ്റവും മോശം രാജ്യങ്ങൾ എറിത്രിയയും ഉത്തരകൊറിയയും ചൈനയും.

ലോകത്ത് മൊത്തം തന്നെ മാധ്യമസ്വാതന്ത്ര്യത്തിൽ ഇടിവുണ്ടെന്ന് ആർ.എസ്.എഫ് ചൂണ്ടിക്കാട്ടുന്നു./

ഏറ്റവും മോശമായ അവസ്ഥ സൂചിപ്പിക്കുന്ന “അതി ഗുരുതരം” (Very Serious) എന്ന ഗണത്തിലാണ് ഇപ്പോൾ ഇന്ത്യയുള്ളത്.

മാധ്യമസ്വാതന്ത്ര്യമില്ലെങ്കിൽ ജനാധിപത്യമില്ല എന്ന് തന്നെയാണർത്ഥം. അത് തിരിച്ചു പിടിക്കാൻ പൊതുസമൂഹത്തിന് കഴിയണം.

Full View

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News