മണ്ഡല പുനർനിർണയം: പ്രാതിനിധ്യം കുറയാതിരിക്കാനൊരു എളുപ്പവഴി
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റ് പ്രാതിനിധ്യം കുറയുമെന്ന ആശങ്ക മറികടക്കാൻ ഇതര സംസ്ഥാന തൊഴിലാളികളെ സെൻസസിൽ ഉൾപ്പെടുത്തണം. ജനസംഖ്യാവിഹിതത്തിനൊപ്പം ജിഎസ്ടി വരുമാനവും വർദ്ധിക്കാനിടയാക്കും
2026 ലെ സെൻസസിനുള്ള നടപടികൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ആരംഭിച്ചു കഴിഞ്ഞു. ഈ സെൻസസിലെ ജനസംഖ്യയ്ക്കനുസൃതമായിരിക്കും ഇനി നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ പുനർ നിർണയം നടക്കുക. ജനസംഖ്യാവിഹിതം കുറഞ്ഞതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മണ്ഡലങ്ങളുടെ എണ്ണം കുറയും. സ്വാഭാവികമായും അവരുടെ പ്രാതിനിധ്യവും കുറയും. ഈ ആശങ്കയെ സംബന്ധിച്ച് ഇതിനകം ചർച്ചകൾ സജീവമായി നടന്നു കഴിഞ്ഞു. ഇതിനെ മറികടക്കാൻ എന്തെങ്കിലും വഴികളുണ്ടോ?
വഴിയുണ്ട്. ഇപ്പോൾ അതിഥി തൊഴിലാളികളെന്ന് ആദരിച്ചും അന്യസംസ്ഥാനങ്ങളെന്ന് അകറ്റി നിർത്തിയും നാം വിളിക്കുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ കുടിയേറി തൊഴിലെടുത്ത് ജീവിക്കുന്നവരുണ്ടല്ലോ, അവരെ നമ്മളായി കരുതി നമ്മിലൊരാളായി കരുതി നമ്മോടൊപ്പം ചേർത്തു നിർത്തുക. കള്ളിയിലും കോളത്തിലും നമ്മോടൊപ്പം അവരുണ്ടാവുക.
വെറുതെ പറയുന്നതല്ല. അനുഭവമുണ്ട്. അതിനുമുമ്പ് ചില യാഥാർഥ്യങ്ങളും വസ്തുതകളും പറയാം. എന്തു കൊണ്ടാണ് കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിയമനിർമാണ സഭകളിലേക്കുള്ള പ്രാതിനിധ്യം കുറയുമെന്ന് പറയുന്നത്? രാജ്യത്തെ ജനസംഖ്യയിൽ ഈ സംസ്ഥാനങ്ങളുടെ വിഹിതം കുറഞ്ഞു. ഇങ്ങനെ കുറയാൻ കാരണമാവട്ടെ, ദേശീയ തലത്തിൽ ആവിഷ്കരിച്ച കുടുംബാസൂത്രണ പദ്ധതികളും ജനസംഖ്യാ നിയന്ത്രണ പ്രോഗ്രാമുകളും ഏറെക്കുറെ ഫല പ്രദമായി നടപ്പിലാക്കിയതിൻ്റെ വിന. പല കാരണങ്ങളാൽ ഈ പദ്ധതികൾ നടപ്പിലാക്കുന്നതിൽ അമാന്തം സംഭവിച്ച മിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രാതിനിധ്യം കൂടുകയാണ് ചെയ്യുക.
ഒരു സംസ്ഥാനത്ത് മരണത്തേക്കാൾ കൂടുതൽ എണ്ണം ജനനങ്ങൾ നടക്കുമ്പോഴാണ് ജനസംഖ്യ വർധിക്കുക. ജനസംഖ്യയുടെ സ്വാഭാവിക വളർച്ചാനിരക്ക് (NGR - Natural growth rate) എന്നു പറയും. 1970 കൾ മുതൽ തന്നെ സംസ്ഥാനങ്ങൾ അവയുടെ സ്വാഭാവിക വളർച്ചാ നിരക്കിൽ വ്യത്യാസം കാണിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ജനസംഖ്യ പ്രതിവർഷം 2.15 ശതമാനം നിരക്കിൽ വളർന്നുകൊണ്ടിരുന്ന 1980-കളുടെ തുടക്കത്തിൽ തന്നെ ഈ വ്യത്യാസങ്ങൾ പ്രകടമായിത്തുടങ്ങിയിരുന്നു. ഉദാഹരണത്തിന് തമിഴ്‌നാട്, കേരളം. ഗോവ എന്നീ സംസ്ഥാനങ്ങളിൻ ദേശീയ ശരാശരിയേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് വളർന്നത്. അതേസമയം മധ്യപ്രദേശ്, ബീഹാർ, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്ന നിരക്കിലുമാണ് വളർന്നത്.
പിന്നീട് ക്രമപ്രവൃദ്ധമായ മാറ്റം സംഭവിക്കുകയും ഏറെക്കുറെ എല്ലാ സംസ്ഥാനങ്ങളിലും ജനസംഖ്യാ വളർച്ചാ നിരക്ക് കുറഞ്ഞുവരുന്ന അവസ്ഥയിലേക്ക് മാറുകയും ചെയ്തു. ഈ നൂറ്റാണ്ടിൻ്റെ ആദ്യദശകം പിന്നിടുമ്പോൾ ദേശീയ ജനസംഖ്യാ വളർച്ചാ നിരക്ക് 1.45 ശതമാനമായി കുറഞ്ഞു. ഈ കാലയളവിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും വളർച്ച നിരക്ക് രണ്ട് ശതമാനത്തിൽ താഴെയായിരുന്നു. എന്നാൽ ഗോവ, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ത്രിപുര, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ഒരു ശതമാനത്തിലും താഴെയായി വളർച്ചാനിരക്ക്. യുപിയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബീഹാറിലും രണ്ട് ശതമാനത്തോടടുത്ത് നിൽക്കുകയും ചെയ്തു. ദേശീയ ശരാശരിയേക്കാൾക്കാൾ വൻതോതിൽ കുറവ് NGR ഉള്ള സംസ്ഥാനങ്ങളുടെ ജനസംഖ്യ വിഹിതം നഷ്ടമാവും, NGR ഉയർന്ന സംസ്ഥാനങ്ങളുടെ വിഹിതം വർധിക്കുകയും ചെയ്യും. അതനുസരിച്ച് :
ഒന്ന്, 1971-ൽ ബീഹാർ, രാജസ്ഥാൻ, ഉത്തർപ്രദേശ് മധ്യപ്രദേശ്, ചത്തീസ്ഗഡ് ഝാർഖണ്ഡ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ ഉൾക്കൊളളുന്ന മേഖല (അന്ന് ഇതിലെ മൂന്ന് സംസ്ഥാനങ്ങൾ രൂപികരിക്കപ്പെടാത്തതിനാലാണ് അങ്ങനെ ഉപയോഗിക്കുന്നത്) യുടെ ജനസംഖ്യാവിഹിതം 38.56 ശതമാനം ആയിരുന്നു. 2011 ലെ സെൻസസ് പ്രകാരം അത് 42.75 ശതമാനമായി വർധിച്ചു.
രണ്ട്,ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്ര പ്രദേശ് തമിഴ്നാട് കർണാടക കേരള എന്നിവയുടെ ആകെ ജനസംഖ്യ വിഹിതം 1971 ൽ 22.20 ശതമാനവും 2011 ൽ 18.35 ശതമാനവും ആയിരുന്നു.
മൂന്ന്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവ ചേർത്തുവെച്ചാൽ 1971ൽ യ 14.67 ഉം 2011-ൽ 14. 32 ഉം ആയിരുന്നു.
സംസ്ഥാനങ്ങളുടെ ഈ മൂന്ന് ഗ്രൂപ്പുകളെയും പരിശോധിച്ചാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഉൾകൊള്ളുന്ന ആദ്യ ഗ്രൂപ്പിൽ ജനസംഖ്യാ വിഹിതം 4% വർധിച്ചു എന്നും ദക്ഷണേന്ത്യൻ സംസ്ഥാനങ്ങളിൽ 4% കുറഞ്ഞു എന്നും കാണാം. മഹാരാഷ്ടയിലും ഗുജറാത്തിലും കാര്യമായ വ്യത്യാസം ഇല്ല.
ജനസംഖ്യ വിഹിതം കൂടാനും കുറയാനുമുള്ള കാരണങ്ങൾ നേരത്തെ പറഞ്ഞു. എന്നാൽ സ്ഥിരമായി നിൽക്കാൻ എന്തായിരിക്കും കാരണം എന്നന്വേഷിക്കുമ്പോഴാണ് അന്തർസംസ്ഥാന കുടിയേറ്റം എന്ന ഒരു പ്രവണതയിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുക. അന്തർ സംസ്ഥാന കുടിയേറ്റത്തെ സംബന്ധിച്ച പുതിയ കണക്കുകൾ ലഭ്യമല്ല. 2016-17 ലെ സാമ്പത്തിക സർവ്വേ അനുസരിച്ച് വാർഷിക ശരാശരി കുടിയേറ്റക്കാരുടെ എണ്ണം 33 ലക്ഷം ആണ്. കുടിയേറ്റ നിരക്ക് വൻതോതിൽ കൂടിക്കൊണ്ടിരിക്കുകയാണ്.
2001- 11 കാലയളവിൽ തൊഴിൽ തേടിയുള്ള കുടിയേറ്റക്കാരുടെ വാർഷിക വളർച്ച നിരക്ക് മുൻദശകത്തെ അപേക്ഷിച്ച് ഇരട്ടിയായി. 2011- 2016 കാലയളവിലെ ഇന്ത്യൻ റെയിൽവേയുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാൽ പ്രതിവർഷം 90 ലക്ഷം ആളുകളുടെ കുടിയേറ്റം സംസ്ഥാനങ്ങൾക്കിടയിൽ നടക്കുന്നുണ്ടെന്നാണ്.
1991- 2011 കാലയളവിൽ ഡൽഹി, മഹാരാഷ്ട്ര, കേരളം, ഗുജറാത്ത് എന്നിവയായിരുന്നു കുടിയേറ്റക്കാരെ കൂടുതലായി സ്വീകരിച്ച സംസ്ഥാനങ്ങൾ. ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, അസം, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കുടിയേറ്റക്കാർ ധാരാളമായി ഇതര സംസ്ഥാനങ്ങളിലേക്ക് പോയത്. എന്നാൽ 2001- 11 കാലഘട്ടത്തിൽ അന്തർസംസ്ഥാന കുടിയേറ്റത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുകയുണ്ടായി. തമിഴ്നാടും കേരളവും മഹാരാഷ്ട്രയും കർണാടകയും ഗുജറാത്തും പ്രധാന കുടിയേറ്റ സ്വീകരണ കേന്ദ്രങ്ങൾ ആയി. കുടിയേറ്റക്കാരെ അയക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ മധ്യപ്രദേശ് കൂടി ഉൾപ്പെട്ടു.
2011 ന് ശേഷം മഹാരാഷ്ട്രയെയും ഗുജറാത്തിനെയും പിന്തള്ളി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെല്ലാം പ്രധാന സ്വീകർത്താക്കളായി ത്തീർന്നു. മഹാരാഷ്ട്രയിലും ഡൽഹിയിലും തൊഴിൽ തേടി പോകുക എന്നതിന് പകരം അവരുടെ സ്പോട്ടുകൾ ആയി തമിഴ്നാടും കേരളവും മാറുകയും ചെയ്തു.
1971 - 2011 കാലയളവിൽ മഹാരാഷ്ട്രയുടെയും ഗുജറാത്തിൻ്റെയും മാറ്റമില്ലാതെ തുടരുന്ന ജനസംഖ്യ വിഹിതത്തെ കുറിച്ച് മുമ്പ് പറഞ്ഞല്ലോ. ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കുടിയേറ്റക്കാരെ സ്വീകരിച്ച സംസ്ഥാനങ്ങളായിരുന്നു ഇവ. 1971-ൽ മഹാരാഷ്ട്രയുടെ TFR 4.6 ആയിരുന്നു. 2011 ൽ replacement level- ആയ 2.1 നെയും മറി കടന്ന് 1. 8 ൽ എത്തിയപ്പോൾ ജനസംഖ്യാ വിഹിതം 9.20 ൽ നിന്നും 9.28 ആയി വർധിക്കുകയായിരുന്നു. വലിയ തോതിലുള്ള കുടിയേറ്റക്കാരുടെ വരവ് മഹാരാഷ്ട്രയിലെ കുറഞ്ഞ സ്വാഭാവിക ജനസംഖ്യാ വളർച്ചാ നിരക്കിനെ നികത്തി എന്നു മാത്രമല്ല, അതിനെ മറി കടക്കുകയും ചെയ്തു. ഗുജറാത്തിൽ 1971 ൽ 5. 6 ആയിരുന്നു TFR. 2011-ൽ അത് 2.3 ആയി കുറഞ്ഞു. പക്ഷേ ജനസംഖ്യാ വിഹിതം 4.87 ൽ നിന്നും 4.99 ആയി വർധന രേഖപ്പെടുത്തുന്നു. ഗുജറാത്തിന് താരതമ്യേന ഉയർന്ന ടിഎഫ്ആറിന്റെയും (TFR) വലിയ തോതിലുള്ള കുടിയേറ്റത്തിന്റെയും അനുകൂല ഘടകങ്ങളുണ്ട്.
രാജ്യത്തെ ഏറ്റവും കുറഞ്ഞ ടിഎഫ്ആർ (TFR) ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട് (1.7). ജനനനിരക്ക് കുറയുന്നതിനൊപ്പം 1971 മുതൽ ഈ സംസ്ഥാനത്ത് ജനസംഖ്യാ വിഹിതത്തിൽ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ 2001-11 കാലയളവിൽ TFR രണ്ടിൽ ( റീപ്ലേസ്മെൻ്റ് ലെവലിനും താഴെ) നിന്നും 1.7 ലേക്ക് കുത്തനെ താഴേയ്ക്ക് പോയെങ്കിലും അവരുടെ ജനസംഖ്യാ വിഹിതത്തിൽ കാര്യമായ കുറവ് കാണിക്കുന്നില്ല (6.07 ൽ നിന്നും 5.96). കുടിയേറ്റമാണ് ജനസംഖ്യാവിഹിതത്തിലെ കൂപ്പുകുത്തലിനെ പിടിച്ചു നിർത്തിയത്. തമിഴ്‌നാടിന്റെ ഈ അനുഭവം വരും വർഷങ്ങളിൽ ദക്ഷിണേന്ത്യയിലെല്ലാം ആവർത്തിക്കാനാണ് സാധ്യത. ഇന്ത്യയിലെ പ്രജനന നിരക്കിലെ മാറ്റം (fertility transition) ഇടവപ്പാതി (തെക്ക് പടിഞ്ഞാറൻ മൺസൂൺ) പോലെയാണെന്ന് അഭിപ്രായപ്പെട്ടത് പ്രമുഖ ജനസംഖ്യാ ശ്രാസ്ത്രജ്ഞൻ മാരിഭട്ട് ആണ്. അതായത്, കേരളത്തിൽ തുടങ്ങി ദക്ഷിണേന്ത്യയിൽ വ്യാപിച്ച് ഉത്തരേന്ത്യയിലേക്ക് പടരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കുടിയേറ്റ തൊഴിലാളികളെയും കുടുംബങ്ങളെയും ആകർഷിക്കുന്നതിനാൽ അവരുടെ ജനസംഖ്യാ വിഹിതം വർദ്ധിക്കു൦. അനുപാതികമായ കുറവ് കുടിയേറ്റക്കാരെ അയക്കുന്ന സംസ്ഥാനങ്ങളിൽ ഉണ്ടാവും.
എന്താണ് മഹാരാഷ്ട്രയിലും ഗുജറാത്തിലും സംഭവിച്ചത്? പ്രജനന നിരക്കിലെ കുറവ് ജനസംഖ്യാ വളർച്ച കുറയുന്നതിനും മൊത്തം ജനസംഖ്യയിലെ വിഹിതം കുറയുന്നതിനും കാരണമാവും. എന്നാൽ ഉയർന്ന പ്രജനന നിരക്കും ജനസംഖ്യാ വളർച്ചയുമുള്ള സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറുന്ന ആളുകളുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ ഈ രണ്ട് സംസ്ഥാനങ്ങളിലും സ്ഥിതി മറ്റൊന്നായി മാറുകയായിരുന്നു. ദക്ഷിണേന്ത്യയിലേക്കുള്ള കുടിയേറ്റം വേഗത്തിലാകുന്നതിനാൽ താമസിയാതെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും സമാനമായ പ്രവണത പ്രതിഫലിപ്പിക്കും.
അതിനാൽ, മണ്ഡല പുനർനിർണ്ണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മൊത്തം ജനസംഖ്യയിൽ കുറഞ്ഞ വിഹിതവും പാർലമെന്റിൽ കുറഞ്ഞ പ്രാതിനിധ്യവും ഉണ്ടാകുമെന്ന് ആശങ്കയെ മറികടക്കാൻ അവരെ സെൻസസിൽ ഉൾപ്പെടുത്തുകയാണ് ചെയ്യേണ്ടത്.
കൂടിയേറ്റക്കാരെ സെൻസസിൽ ഉൾപ്പെടുത്തുക
മുകളിൽ സൂചിപ്പിച്ച പോലെ കുടിയേറ്റക്കാരെ സ്വന്തം ആളുകളാക്കുക, അതിഥി എന്നോ അന്യ, ഇതര തുടങ്ങിയ അപര വിശേഷണങ്ങളുപയോഗിച്ച് പുറമെ നിന്നുള്ളവരായി കണക്കാക്കാതെ, അവരെ സെൻസസിൽ ഉൾപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് ചെയ്യാനുള്ള വഴി. കഴിഞ്ഞ നിരവധി ദശകങ്ങളായി മഹാരാഷ്ട്രയിൽ കുടിയേറ്റക്കാർ ചേരികളിൽ കുടുംബസമേതം സ്ഥിരതാമസമാക്കിയതിലൂടെ ഈ കണക്കെടുപ്പ് സാധ്യമായിട്ടുണ്ട്. പരിമിതമായ തോതിൽ ഇത് തമിഴ്‌നാട്ടിലും കർണാടകയിലും സംഭവിച്ചിട്ടുണ്ട്.
മുംബൈയിലെ ധാരാവി (Dharavi): ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവി വികസിച്ചത് തന്നെ ദശാബ്ദങ്ങളായുള്ള കുടിയേറ്റത്തിലൂടെയാണ്. തമിഴ്‌നാട്ടിലെ തിരുനെൽവേലി, ഉത്തർപ്രദേശ്, ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകൾ ഇവിടെ കുടുംബസമേതം താമസിക്കുന്നു.
ഇവർ വെറും താൽക്കാലിക തൊഴിലാളികളായി നിൽക്കാതെ, അവിടെ തന്നെ തുകൽ വ്യവസായങ്ങൾ, മൺപാത്ര നിർമ്മാണം, വസ്ത്രനിർമ്മാണം തുടങ്ങിയവ തുടങ്ങി കുടുംബമായി ജീവിക്കാൻ തുടങ്ങി. ഒരു സ്ഥിരമായ വിലാസം ഉണ്ടായതോടെ ഇവർക്ക് റേഷൻ കാർഡ്, വോട്ടർ ഐഡി, പിന്നീട് ആധാർ കാർഡ് എന്നിവ ലഭിച്ചു. കുടുംബമായി താമസിക്കുന്നതിനാൽ സെൻസസ് ഉദ്യോഗസ്ഥർക്ക് ഇവരെ എളുപ്പത്തിൽ കണക്കിൽപ്പെടുത്താൻ സാധിച്ചു.
കർണാടകയിൽ, പ്രത്യേകിച്ച് ബെംഗളൂരുവിൽ ഐടി, നിർമ്മാണ മേഖലകളിലെ കുതിച്ചുചാട്ടത്തോടെയാണ് കുടിയേറ്റം ശക്തമായത്. ബെംഗളൂരുവിലെ ലേബർ സെറ്റിൽമെന്റുകൾ മികച്ച ഉദാഹരണമാണ്. പീനിയ പോലെയുള്ള വ്യവസായ മേഖലകളിലും, വൈറ്റ്ഫീൽഡ്, ബെല്ലന്തൂർ തുടങ്ങിയ ഐടി ഇടനാഴികളുടെ പ്രാന്തപ്രദേശങ്ങളിലും ഒട്ടേറെ ചേരികളും തകരഷീറ്റ് കൊണ്ടുള്ള ലേബർ ക്യാമ്പുകളും രൂപപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും (ഒഡീഷ, പശ്ചിമ ബംഗാൾ, അസം) വരുന്നവരിൽ ഒരു വിഭാഗം ഇവിടെ കുടുംബമായി താമസിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ മുംബൈയിലെ പോലെ ഇവ പൂർണ്ണമായും സുസ്ഥിരമായ സമൂഹങ്ങളായി (settled communities) മാറിയിട്ടില്ല. എങ്കിലും കുടുംബമായി താമസിക്കുന്ന പലരും വാടകച്ചീട്ടിന്റെയും മറ്റും അടിസ്ഥാനത്തിൽ ഔദ്യോഗിക രേഖകൾ സ്വന്തമാക്കുകയും സെൻസസിൽ ഉൾപ്പെടുകയും ചെയ്യുന്നുണ്ട്.
തമിഴ്‌നാട്ടിലും വ്യാവസായിക മേഖലകൾ കേന്ദ്രീകരിച്ചാണ് ഇത്തരം കുടിയേറ്റ സമൂഹങ്ങൾ രൂപപ്പെട്ടത്. ലക്ഷക്കണക്കിന് ഉത്തരേന്ത്യൻ തൊഴിലാളികളാണ് (പ്രത്യേകിച്ച് ഒഡീഷ, ബീഹാർ എന്നിവിടങ്ങളിൽ നിന്ന്) തിരുപ്പൂരിലെയും കോയമ്പത്തൂരിലെയും വസ്ത്രനിർമ്മാണ മേഖലകളിൽ ജോലി ചെയ്യുന്നത്. ഇവരിൽ ഭൂരിഭാഗവും ചെറിയ മുറികളിലോ ബങ്കർ ബെഡുകളിലോ (Bunker beds) തിങ്ങിക്കൂടി കഴിയുന്നവരാണെങ്കിലും, കുറച്ചുപേർ വ്യവസായ ശാലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിൽ കുടുംബമായി വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയിട്ടുണ്ട്.
ചെന്നൈ നഗരത്തിൻ്റെ പ്രാന്തമായ പെരുമ്പാക്കം പോലെയുള്ള പ്രദേശങ്ങളിലും നിർമ്മാണ തൊഴിലാളികളും മറ്റ് ഇതര സംസ്ഥാന തൊഴിലാളികളും ചെറിയ കോളനികളായി കുടുംബസമേതം താമസിക്കുന്നത് കാണാം. ഇവർ കാലക്രമേണ റേഷൻ കാർഡുകൾ ഉൾപ്പെടെയുള്ളവ സ്വന്തമാക്കി സംസ്ഥാനത്തെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമാകുന്നു. ഒരു തൊഴിലാളി ഒറ്റയ്ക്ക് വന്ന് ജോലി ചെയ്ത് നാട്ടിലേക്ക് പണമയക്കുന്നതിന് പകരം, കുടുംബത്തെക്കൂടി കൊണ്ടുവന്ന് ഒരു വാടകവീട്ടിലോ ചേരിയിലോ സ്ഥിരതാമസമാക്കുമ്പോൾ അവർ ആ സംസ്ഥാനത്തെ സ്ഥിര താമസക്കാരായി (Residents) മാറുന്നു. ഇതാണ് മഹാരാഷ്ട്രയിൽ വ്യാപകമായും, കർണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഭാഗികമായും സംഭവിച്ചത്.
കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലും ക്യാമ്പുകളിലോ ചെറിയ മുറികളിലോ ഒറ്റയ്ക്ക് താമസിക്കുന്നവരായതുകൊണ്ട് അവർ സെൻസസിൽ കൃത്യമായി ഉൾപ്പെടുന്നില്ല. അവിവാഹിതരായ പുരുഷ കുടിയേറ്റ തൊഴിലാളികൾക്ക് ഉയർന്ന വാടകയ്ക്ക് ഒരു ബങ്കർ ബെഡ് (bunker bed) മാത്രം ലഭിക്കുകയും, നിർമ്മാണത്തൊഴിലാളികൾ നിർമ്മാണത്തിലിരിക്കുന്ന നമ്പറില്ലാത്ത കെട്ടിടങ്ങളിൽ തിങ്ങിക്കൂടി കഴിയുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. സ്വാഭാവികമായും ജനസംഖ്യാ സെൻസസിൽ നിന്ന് ഈ വിഭാഗം ഒഴിവാക്കപ്പെടും.
കുടിയേറ്റക്കാരെ സെൻസസിൽ ഉൾപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയാണ് ചെയ്യേണ്ട കാര്യം. ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുംതങ്ങളുടെ അധികാരപരിധിയിലുള്ളതും സന്നദ്ധ സംഘടനകളും രാഷ്ട്രീയ സംഘടനകളും ഒഴിഞ്ഞുകിടക്കുന്ന താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ന്യായമായ വാടകയ്ക്ക് ഏറ്റെടുക്കുകയും താരതമ്യേന കുറഞ്ഞ വാടകയ്ക്ക് കുടിയേറ്റക്കാർക്ക് താമസസൗകര്യം ഒരുക്കുകയും ചെയ്യുക എന്നത് പരിഗണിക്കാവുന്ന ഒരു തന്ത്രമാണ്. വാടക കുറയുകയും സുരക്ഷിതത്വം അനുഭവിക്കുകയും അന്യതാബോധം ഇല്ലാതാവുകയും ചെയ്യുന്നതോടെ ഒറ്റയ്ക്ക് കഴിയുന്ന പുരുഷ തൊഴിലാളികളെ തങ്ങളുടെ കുടുംബങ്ങളെക്കൂടി കേരളത്തിലേക്ക് കൂട്ടാൻ പ്രേരിപ്പിക്കും. കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം, തിങ്ങിക്കൂടിയുള്ള താമസസ്ഥലങ്ങളുമായി ബന്ധപ്പെട്ട കുറഞ്ഞ പൊതുജനാരോഗ്യ നിലവാരം, കുടുംബത്തിന്റെ പിന്തുണയില്ലായ്മ, അമിതമായ വാടക തുടങ്ങി നിരവധി പ്രശ്നങ്ങളെ എളുപ്പത്തിൽ അതിജീവിക്കാനാവും. കുടിയേറ്റക്കാരെ സ്വീകരിക്കുന്ന സംസ്ഥാനങ്ങൾക്ക് ജനസംഖ്യാ വിഹിതം വർദ്ധിക്കും. കുടുംബങ്ങൾ എത്തുന്നതോടെ, സംസ്ഥാനത്തെ വിപണി കൂടുതൽ സജീവമാക്കും.
അടിസ്ഥാന ഭക്ഷണസാധനങ്ങൾക്കപ്പുറം ചരക്കുകൾക്കും സേവനങ്ങൾക്കുമായി പണം ചിലവഴിക്കുന്നത് വർദ്ധിക്കും. ഇത് കൂടുതൽ ജിഎസ്ടി (GST) വരുമാനം ഉണ്ടാക്കുകയും ചെയ്യും. കുട്ടികളുടെ വരവോടെ ക്രമേണ സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യും. കുടിയേറ്റക്കാരെ വോട്ടോഴ്സ് ലിസ്റ്റിൽ ചേർക്കാൻ സഹായിക്കുന്നവർക്ക് വോട്ടും കിട്ടും. പള്ളികളിലും അമ്പലങ്ങളിലും ഉൽസവങ്ങളിലും ബസിലും റോഡിലും അങ്ങാടിയിലും പാർട്ടിയിലുമെല്ലാം ആളു കൂടും. തിക്കും തിരക്കുമാവും. ജനസംഖ്യാവിഹിതം വർധിക്കുമ്പോൾ നിയമനിർമാണ സഭകളിലെ പ്രാതിനിധ്യം കൂടും. അവിടെയും തിക്കും തിരക്കുമാവും.