ഓളമുണ്ടാക്കാൻ പാറ്റ മതി; മാറ്റമുണ്ടാക്കാൻ മനുഷ്യർ വേണം.

നെതന്യാഹുവിനെ വിശ്വസിക്കാമെങ്കിൽ ട്രംപിനെയും വിശ്വസിക്കാം

Update: 2026-06-02 08:35 GMT

ഇറാൻ യുദ്ധം എവിടെയോ നടക്കുന്ന എന്തോ സംഭവമല്ല. അത് നാം ഓരോരുത്തരെയും നേരിട്ട് ബാധിക്കുന്ന പ്രാദേശിക വാർത്ത കൂടിയാണ്. അതിനെപ്പറ്റി ഒരേ കാര്യം പല മാധ്യമങ്ങൾ പലതരത്തിൽ നമ്മോട് പറയും. യുദ്ധം വരുന്നു എന്ന് ചിലരുടെ തലക്കെട്ട്. യുദ്ധം തീരുന്നു എന്ന് വേറെ ചിലരുടെ തലക്കെട്ട്.

ഇങ്ങനെ ഒരേ കാര്യത്തെ പലതരത്തിൽ റിപ്പോർട്ട് ചെയ്യേണ്ടി വരുന്നതിന് ഒരു കാരണം ട്രംപ് ആണ്. ഒരു നിമിഷം ഒന്ന് പറയും; അടുത്ത നിമിഷം നേരെ എതിരും. തട്ടിപ്പും നുണകളും യോഗ്യതയാക്കിയ അദ്ദേഹം ലോകത്തെ ഏറ്റവും ശക്തനായ അധികാരി ആകുന്നത് രണ്ടാം തവണയാണ്. ആദ്യതവണ മുതലേ മാധ്യമങ്ങൾ ട്രംപിന്‍റെ നുണകൾ ശേഖരിച്ചു വന്നിട്ടുണ്ട്.

Advertising
Advertising

പ്രസിഡന്‍റിന്‍റെ സമൂഹമാധ്യമപോസ്റ്റുകൾ എന്നാൽ ഗൗരവപ്പെട്ട സന്ദേശങ്ങൾ എന്നാവും നമ്മൾ കരുതുക. പക്ഷേ ട്രംപ്, ഗൗരവപ്പെട്ടതും എ.ഐ നിർമ്മിത തമാശകളും ഒക്കെ ഒരേ പ്രാധാന്യത്തോടെ പോസ്റ്റ് ചെയ്യും. ഏത് സാരം, ഏത് നിസ്സാരം എന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല.

ഏറ്റവും വലിയ ആഗോള പ്രതിസന്ധി പോലും ട്രംപ് കൈകാര്യം ചെയ്യുന്നത് ഇങ്ങനെയാണ്: വ്യാജ വാർത്ത പരത്തി, നേരം നുണയും കലർത്തി, മാധ്യമങ്ങളെയും ലോകരാജ്യങ്ങളെയും തെറ്റിദ്ധരിപ്പിച്ചും വഴിതെറ്റിച്ചും.

വാക്കിന് വിലയില്ലാത്തവൻ എന്ന് സ്വയം തെളിയിച്ച ആളാണ് ട്രംപ്. യുദ്ധമെല്ലാം അവസാനിപ്പിക്കുകയാണ് താൻ ചെയ്യുക എന്ന് പല കുറിപ്പറഞ്ഞ് വോട്ട് വാങ്ങിയിട്ടുണ്ടദ്ദേഹം. അങ്ങനെ ജയിച്ച് അധികാരമേറ്റ ശേഷം യുദ്ധങ്ങൾ തുടരുകയും തുടങ്ങുകയും ചെയ്തു. ഇറാനുമായി യുദ്ധത്തിന് നെതന്യാഹു മുൻ യു.എസ്. പ്രസിഡന്‍റ് മാരെ മുഴുവൻ പ്രേരിപ്പിച്ചു നോക്കിയെങ്കിലും അതിലെ അപകടം തിരിച്ചറിഞ്ഞ് അവർ വിസമ്മതിച്ചു. ആ ചൂണ്ടയിൽ സന്തോഷപൂർവം കൊത്തിയത് ട്രംപാണ്.

വാക്കിന് ഒട്ടും സ്ഥിരതയില്ലാത്തയാൾ എന്ന "ഖ്യാതി"യാണ് ട്രംപ് ഇതിനകം നേടിയത്. ഒരു ദിവസം ഇറാന് അന്ത്യശാസനം നൽകും. ഇറാൻ അതവഗണിച്ചാൽ പിന്നെ രണ്ടാമത്തെ "അന്ത്യ"ശാസനം. അങ്ങനെ മൂന്നുനാലു തവണ ഭീഷണിയും പിന്മാറ്റവും. ചർച്ചകളിൽ ധാരണയായ കാര്യങ്ങൾ വരെ അടുത്ത മണിക്കൂറുകളിൽ മാറ്റിപ്പറയും. ഒരു ഉദാഹരണം: പാകിസ്താന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ ധാരണയായപ്പോൾ അതിൽ ലബനാനും ഉൾപ്പെടുമെന്ന് എടുത്തുപറഞ്ഞിരുന്നു. എന്നാൽ ധാരണ ഒപ്പുവെച്ച് മണിക്കൂറുകൾക്കുള്ളിൽ ട്രംപ് മാറ്റിപ്പറഞ്ഞു. ഇസ്രയേലിന്‍റെ സമ്മർദമായിരുന്നു കാരണം. ഒത്തുതീർപ്പു ചർച്ചകളിൽ അമേരിക്കയുടെ വാക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെന്ന് ഇറാൻ പറയുന്നിടം വരെ കാര്യങ്ങൾ എത്തിയിരിക്കുന്നു.

അർദ്ധസത്യവും അസത്യവും വളരെ നിസ്സാരമായി പറഞ്ഞുകൊണ്ടിരിക്കാൻ ട്രംപിന് ഒരു മടിയുമില്ല. യുദ്ധം തീരാറായി എന്ന് പലതവണ പറഞ്ഞിട്ടുണ്ട്; തൊട്ടുപിന്നാലെ ആക്രമണം നടത്തിയിട്ടുമുണ്ട്. ട്രംപിനും അമേരിക്കക്കും ഈ നുണകൾ ഒരു നിക്ഷേപമാണ്. അവ കേട്ട് ശത്രുക്കൾ ആശ്വസിക്കും. അവരുടെ ജാഗ്രത കുറയും.

ഈ കാപട്യം തിരിച്ചറിഞ്ഞതാണ് ഇറാന്‍റെ വിജയം. അതുകൊണ്ടുതന്നെ ഇറാൻ ട്രംപിന്‍റെ വാക്കുകൾ കാര്യമാക്കാറില്ല. യുദ്ധം ജയിച്ചു എന്നാണ് വെടിനിർത്തൽ സമയത്ത് ട്രംപ് പറഞ്ഞത്. പക്ഷേ യാഥാർത്ഥ്യം മറ്റൊന്നായിരുന്നു. ഇറാന്‍റെ സൈന്യത്തെ നശിപ്പിക്കുക,, അവരുടെ ആണവ ശേഷി തകർക്കുക, അവിടെ ഭരണമാറ്റം വഴി യുഎസ് പാവയെ പ്രതിഷ്ഠിക്കുക, എന്നിവയായിരുന്നു ലക്ഷ്യങ്ങൾ. ഒന്നുപോലും നടന്നില്ല.

ട്രംപിന്‍റെ കളികൾ വിചിത്രമാണെന്ന് തോന്നാം. പക്ഷേ മാധ്യമങ്ങൾ, അയാളെ കളിപ്പിക്കുന്നത് ആരെന്ന് തിരിച്ചറിയാൻ തുടങ്ങിയിട്ടുണ്ട്. ട്രംപിന്‍റെ കളികൾ വിചിത്രമാണെന്ന് ഇപ്പോൾ അവ കരുതുന്നില്ല. കാരണം കളിപ്പിക്കുന്നത് ഇസ്രായേൽ ആണ്; നെതന്യാഹു ആണ്.

ലോകരാഷ്ട്രങ്ങളുടെ സമ്മർദ്ദത്തിൽ യുദ്ധം നിർത്താൻ തന്നെ തീരുമാനിച്ച ട്രംപിനെകൊണ്ട് ഇപ്പോൾ മറ്റൊരു കളി കളിപ്പിക്കുകയാണ് ഇസ്രായേൽ . ഗസ്സയും വെസ്റ്റ് ബാങ്കും ലബനാനും സിറിയയും എല്ലാം വിശാല ഇസ്രായേലിന്‍റെ ഭാഗമാകണമെന്ന് സയണിസ്റ്റുകൾ തീരുമാനിച്ചതാണ്. അതിലേക്ക് കരുനീക്കാൻ അവർ ഉപയോഗിക്കുന്നത് പണ്ടേ വിധേയത്വം തെളിയിച്ച ട്രംപിനെ. അമേരിക്കക്ക് ഈ യുദ്ധം ജയിക്കാനാകില്ലെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടതാണ്. ട്രംപിനോട് സ്വന്തം സൈനിക മേധാവികൾ പറഞ്ഞതുമാണത്.

ഒടുവിലത്തെ സംഭവങ്ങൾ നോക്കുക. ആഗോള സാമ്പത്തികത്തകർച്ച കാരണം യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ ഒഴിച്ചുള്ള രാജ്യങ്ങൾ അമേരിക്കക്കുമേൽ സമ്മർദം ചെലുത്തുന്നു; അമേരിക്കക്കുള്ളിലും സമ്മർദം ശക്തിപ്പെടുന്നു; നവംബറിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ട്രംപിന് നഷ്ടപ്പെട്ട ജനപിന്തുണ അല്പമെങ്കിലും തിരിച്ചു പിടിക്കാൻ യുദ്ധം തീർക്കണം. ഇത്രയേറെ സമ്മർദങ്ങൾ കാരണം യുദ്ധവിരാമത്തിന് അമേരിക്ക സമ്മതിക്കേണ്ടി വരുമെന്ന ഘട്ടത്തിൽ പെട്ടെന്ന് ഒരു ഉപാധി പൊട്ടിവീഴുന്നു: അറബ്-മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങൾ ഇസ്രയേലിനെ അംഗീകരിക്കുന്ന അബ്രഹാം ധാരണ ഒപ്പുവെക്കണം എന്ന്. അബ്രഹാം കരാറിനെ ഇതിൽ എടുത്തിട്ടത് അമേരിക്കയല്ല; അമേരിക്കക്ക് വേണ്ടിയുമല്ല. ഇസ്രായേലിന്‍റെ മാത്രം താല്പര്യമാണത്.

ഇറാനുമായി സമാധാന കരാർ പ്രഖ്യാപിക്കുമ്പോഴും, പിന്നീട് പിന്മാറ്റം പ്രഖ്യാപിക്കുമ്പോഴുമെല്ലാം ആയുധകമ്പനികളുടെ അടക്കം ഓഹരികൾക്ക് വില കൂടുകയും കുറയുകയും ഒക്കെ ചെയ്യും. ഈ ചാഞ്ചാട്ടങ്ങളിൽ നിന്നും ട്രംപിന്‍റെ കമ്പനികൾ വൻതോതിൽ അവിഹിത ലാഭം ഉണ്ടാക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നെതന്യാഹുവിന്, വിശാല ഇസ്രായേൽ പാതയിലെ തടസ്സങ്ങൾ നീക്കണം. ട്രംപിന് അധികാരവും പണവും നിലനിർത്തണം. ഇറാഖ് യുദ്ധകാലത്ത് നുണകൾക്ക് ഉച്ചഭാഷിണിയായിരുന്നു മാധ്യമങ്ങൾ. അതിൽനിന്ന് ഭിന്നമായി, അമേരിക്കയിലെ പല മാധ്യമങ്ങളും (ഫോക്സ് പോലുള്ള ചിലതൊഴികെ) ഇറാൻ യുദ്ധത്തെ അനുകൂലിക്കുന്നില്ല. ഏറ്റവും പ്രചാരമുള്ള ഫോക്സ് ന്യൂസും മറ്റും ട്രംപിന്‍റെയും ഇസ്രായേലിന്‍റെയും കള്ളങ്ങൾ ആവർത്തിക്കുന്നുണ്ട് താനും.

അൽ ജസീറയുടെ റിച്ചഡ് ഗിസ്‌ബെർട്ടിന്‍റെ അഭിപ്രായത്തിൽ, ഇറാഖിന്‍റെ കാര്യത്തിലെന്നപോലെ ഇറാന്‍റെ കാര്യത്തിലും ഭരണകൂടത്തിന്‍റെ കള്ളവാദങ്ങളെ ശരിയായി ചോദ്യംചെയ്യാൻ ഇപ്പോഴും അമേരിക്കൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.

ആഗോള മാധ്യമങ്ങൾ ഇറാഖ് നുണ ഏറെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞതാണ്. ഇപ്പോൾ ഇറാനെപറ്റിയുള്ള നുണയും തിരിച്ചറിയുന്നു. പക്ഷേ വാർത്താ ലോകത്തെ അലിഖിതമായ വംശീയത ഇറാന്‍റെ പക്ഷം മനസ്സിലാക്കുന്നതിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും അവരെ തടയുന്നുണ്ട്. 

Full View

ഓളമുണ്ടാക്കാൻ പാറ്റ മതി; മാറ്റമുണ്ടാക്കാൻ മനുഷ്യർ വേണം.

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) എന്താണ്? അത് എന്തല്ല എന്ന് പറയാനാണ് എളുപ്പം. അതൊരു രാഷ്ട്രീയ പാർട്ടി അല്ല—ഇതുവരെയെങ്കിലും അല്ല. യുവരോഷം രാഷ്ട്രീയ ആക്ഷേപഹാസ്യം വഴി സമൂഹമാധ്യമങ്ങളിൽ ജ്വരമായി വളർന്ന ഒരു പ്രതിഭാസം എന്ന് അതിനെ വിളിക്കാം.

സിജെപി യുടെ ഉല്പത്തി വ്യക്തമാണ്. ചീഫ് ജസ്റ്റിസിന്‍റെ വാക്കുകൾ (തൊഴിലില്ലാത്ത ചെറുപ്പക്കാർ കൂറകളെപ്പോലെ എന്ന മട്ടിൽ നടത്തിയ നിരീക്ഷണം പിന്നീടദ്ദേഹം മാറ്റിപ്പറഞ്ഞെങ്കിലും) രാജ്യത്തെ വ്യാപകമായ അസംതൃപ്തിയുടെ വെടിമരുന്നിന്മേൽ ഇട്ട കനൽതരിയായി.

തൊഴിലില്ലാപ്പടയിൽ ഒരാളായ അഭിജിത്ത് ദിപ്കെ യുഎസിൽ ഇരുന്ന് എക്സിൽ ഒരു ചോദ്യം എറിയുന്നു: ഈ “കൂറ”കൾ— “കോക്രോച്ചു”കൾ, “പാറ്റ”കൾ—ഒന്ന് സംഘടിച്ചാലോ എന്ന്. അദ്ദേഹം അതിനായി വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും പ്രകടനപത്രികയും ഒക്കെ പിന്നീട് തയ്യാറാക്കുന്നു. യൂണിയൻ സർക്കാരിൽ പരിഭ്രാന്തി; ആഭ്യന്തരവകുപ്പിന് ആശങ്ക; അന്വേഷണം; അക്കൗണ്ട് മരവിപ്പിക്കൽ.

പക്ഷേ സമൂഹമാധ്യമങ്ങൾ വഴി "കോക്രോച്ച് പാർട്ടി"യുടെ അംഗബലം അതിവേഗം വർധിക്കുന്നു. ധാർഷ്ട്യം നിറഞ്ഞ ജുഡീഷ്യറിയും അഴിമതി വാഴുന്ന ഭരണവും വെറുപ്പ് പടർത്തുന്ന രാഷ്ട്രീയവും മതിയായി എന്ന് അവർ വിളിച്ചു പറയുന്നു. ജനങ്ങളെ കീടങ്ങൾ എന്ന് വിളിച്ച അധികാരകൊട്ടാരങ്ങൾ നിലം പതിച്ചതാണ് ചരിത്രം.

സാധാരണ ജീവി, അസാധാരണമായ അതിജീവനശേഷി—കൂറ പെട്ടെന്ന് തന്നെ ആവേശം പകരുന്ന അടയാളമായി. ഒപ്പം ധൈഷണികവും അക്കാദമികവുമായ ചർച്ചകൾക്കും വിഷയമായി. ഒരു ഡിഎൻഎ പഠനമനുസരിച്ച്, ഇന്ത്യൻ കൂറ വർഗ്ഗങ്ങൾ അതിപ്രാചീനമായ ഗോണ്ട്വന വൻകരയുടെ പാരമ്പര്യം വഹിക്കുന്നുണ്ടത്രേ.

ഇപ്പോഴത്തെ “കൂറശല്യം” സർക്കാരിനെയും ഗോദി മീഡിയയെയും അലോസരപ്പെടുത്തുന്നുണ്ട്. ഗോദി മീഡിയക്ക് താൻ അഭിമുഖം നൽകില്ലെന്ന് അഭിജിത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതായാലും ആഗോള മാധ്യമങ്ങൾ ഇതിനെ കൗതുകത്തോടെ വീക്ഷിക്കുന്നു.

നേപ്പാളും ബംഗ്ലാദേശും മറ്റും ഓൺലൈനിൽ തുടങ്ങിയ യുവജന പ്രക്ഷോഭങ്ങളിലൂടെ ഭരണമാറ്റം കണ്ടത് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം ഓൺലൈൻ ആക്ടിവിസം കൊണ്ട് മാത്രം ഒന്നും നേടാനാകില്ലെന്നും തെരുവിലും തെരഞ്ഞെടുപ്പിലും ശക്തി തെളിയിക്കുമ്പോഴേ മാറ്റമുണ്ടാകൂ എന്നും ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്. അവർ ബൊളീവിയയുടെ ഉദാഹരണവും എടുത്തു കാട്ടുന്നു.

ഓൺലൈൻ സംഘാടനം, സംഘാടനം മാത്രമാണ്. എന്നാൽ ജനങ്ങളെ ചിന്തിപ്പിക്കാനും ചലിപ്പിക്കാനും കഴിയുക പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമാണ്.

രാഷ്ട്രീയ ചാലക ശക്തിയാകാൻ കോക്രോച്ച് ജനതാ പാർട്ടിക്ക് ഇനിയുമേറെ പോകേണ്ടിവരും. ഓളമുണ്ടാക്കാൻ പാറ്റ മതി; മാറ്റമുണ്ടാക്കാൻ തെരുവിലെ മനുഷ്യൻ തന്നെ വേണം. കോക്രോച്ച് ഇന്നൊരു പ്രതീകം മാത്രമാണ് തിരസ്കൃതരുടെ ഐക്യദാർഢ്യത്തിന്‍റെ പ്രതീകം. അതിനെ രാഷ്ട്രീയ ശക്തിയാക്കി പരിവർത്തനം ചെയ്യണമെങ്കിൽ പ്രതിപക്ഷവും ജനപക്ഷ മാധ്യമങ്ങളും അധ്വാനിക്കേണ്ടി വരും. 

Full View

Tags:    

Writer - അനസ് അസീന്‍

Chief Web Journalist

Editor - അനസ് അസീന്‍

Chief Web Journalist

By - യാസീന്‍ അശ്‌റഫ്

Media Critic, Writer

Similar News