ഇതായിരുന്നു ആ അജണ്ട

ഒരജണ്ടയല്ല, ഒരുപാട് അജണ്ടകൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന വാർത്തകൾ ചെയ്യുക, സാധാരണ മനുഷ്യരുടെ ചിന്തയും വികാരവും സ്‌ക്രീനിൽ എത്തിക്കുക, സമൂഹത്തിൽ വർഗീയ വിദ്വേഷം പരത്തുന്ന ശക്തികളെ തുറന്നുകാട്ടുക, മൂന്നു മുന്നണികളും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം സമൂലമായി വിശകലനം ചെയ്ത് പ്രേക്ഷകർക്കു മുന്നിൽ വയ്ക്കുക ഇതെല്ലാം മീഡിയവണിന്റെ അജണ്ട ആയിരുന്നു

Update: 2026-05-15 11:09 GMT

ഇന്ന് 2026 മേയ് 15.

ഒരു വൃത്തം പൂർത്തിയാവുകയാണ്. വി.ഡി സതീശൻ മുഖ്യമന്ത്രിയായി കേരളത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വരാൻ ഇനി രണ്ടുദിവസം മാത്രം.

കഴിഞ്ഞ മാർച്ച് 15-നാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത്. കൃത്യം രണ്ടുമാസം മുമ്പ്. പക്ഷേ കേരളത്തെ സംബന്ധിച്ച് രണ്ടു രാഷ്ട്രീയ യുഗങ്ങൾക്കിടയിലെ പാലമായിരുന്നു ഈ 60 ദിവസങ്ങൾ. മാധ്യമപ്രവർത്തനം ഏറ്റവും സജീവമായ നാളുകൾ. വിമർശനങ്ങളും അനുമോദനങ്ങളും ഒരുപോലെ ഉണ്ടായി. പക്ഷേ മീഡിയവൺ ഒരജണ്ട വെച്ചാണ് പ്രവർത്തിച്ചതെന്ന് പലരും ആരോപണരൂപേണ പറഞ്ഞത് ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.

Advertising
Advertising

ആരോപണരൂപേണ പറഞ്ഞതാണെങ്കിലും അത് പാടേ നിഷേധിക്കുന്നില്ല. ഒരജണ്ടയല്ല, ഒരുപാട് അജണ്ടകൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന വാർത്തകൾ ചെയ്യുക, സാധാരണ മനുഷ്യരുടെ ചിന്തയും വികാരവും സ്‌ക്രീനിൽ എത്തിക്കുക, സമൂഹത്തിൽ വർഗീയ വിദ്വേഷം പരത്തുന്ന ശക്തികളെ തുറന്നുകാട്ടുക, മൂന്നു മുന്നണികളും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം സമൂലമായി വിശകലനം ചെയ്ത് പ്രേക്ഷകർക്കു മുന്നിൽ വയ്ക്കുക ഇതെല്ലാം മീഡിയവണിന്റെ അജണ്ട ആയിരുന്നു. മീഡിയവൺ നിശ്ചയിച്ച അജണ്ട ഫലിച്ചു എന്ന് പറയുന്നവർ ആരോപണമെന്ന പേരിൽ ഞങ്ങൾക്ക് അംഗീകാരമാണ് നൽകുന്നതെന്ന് പറയാതിരിക്കാൻ ആവില്ല. മീഡിയവൺ വാർത്തകൾ ഓരോന്നും തെരഞ്ഞെടുപ്പ് ചർച്ചകളിൽ ഇടംപിടിച്ചു. അവഗണിക്കാൻ കഴിയാത്ത ചോദ്യങ്ങളായി അവ പരിണമിച്ചു. നേതാവിനെ അസ്വസ്ഥപ്പെടുത്തും എന്ന് കരുതി പലരും ഉന്നയിക്കാൻ മടിച്ച ചോദ്യങ്ങൾ അക്ഷരംതെറ്റാതെ ഉന്നയിച്ചു. വോട്ടറെ അറിയാൻ നാട്ടിലിറങ്ങി നാലുപാടും നടന്നു. വോട്ടറിൽ നിന്ന് അറിഞ്ഞ സ്പന്ദനം വിലയിരുത്തി ഫലസൂചനകൾ നൽകി. ഈ തെരഞ്ഞെടുപ്പിനെ കമ്പോടുകമ്പ് സ്‌ക്രീനിൽ പകർത്തി. അജണ്ട ഫലിച്ചത് അങ്ങനെയാണ്. മനുഷ്യർക്കു വേണ്ടിയുള്ള ജേണലിസമാണ് ഫലിച്ചത്. ഈ തെരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിച്ചത് നമ്മളാണെന്ന് ഒരു പ്രോമോയിൽ പറഞ്ഞത് ആ അർഥത്തിലാണ്. തല ഉയർത്തിപ്പിടിച്ച് പറഞ്ഞ കാര്യം.

മറ്റൊന്ന്, കേരളം ഈ തെരഞ്ഞെടുപ്പിൽ കാണാനും കേൾക്കാനും ആഗ്രഹിച്ചത് മേൽപ്പറഞ്ഞ വിഷയങ്ങൾ ആയിരുന്നു എന്നതാണ്. നമ്മുടെ ചുറ്റുപാടും അവിശ്വസനീയമായ വിധം ഇതരമത വിദ്വേഷവും വെറുപ്പും വളരുമ്പോൾ ആരാണ് ഇതിനു പിന്നിൽ, അത് എങ്ങനെ ചെറുക്കാം എന്നെല്ലാം അവർ ഏറ്റവും കൂടുതൽ മനസ്സിരുത്തി ചിന്തിക്കുന്ന കാലം കൂടിയാണ് തെരഞ്ഞെടുപ്പ് വേള. മലപ്പുറം എന്ന നമ്മുടെ പ്രിയപ്പെട്ടൊരു പ്രദേശത്തെക്കുറിച്ച് ഭയവും സംശയവും വളർത്താൻ ശ്രമിക്കുന്നത് ആരാണെന്ന് അവർ ചിന്തിക്കും. രാജ്യത്തിന്റെ വടക്കും കിഴക്കും വടക്കു-കിഴക്കും ഒക്കെ നടക്കുന്ന ന്യൂനപക്ഷവേട്ട കേരളത്തിലേക്ക് കെട്ടിയിറക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞ് മാറ്റിനിർത്താൻ അവർ ആഗ്രഹിക്കും. പേരും വേഷവും കൊണ്ട് മനുഷ്യരെ കള്ളികളിലാക്കി ചാപ്പ കുത്തുന്നത് ശരിയല്ലല്ലോ എന്ന് മനസ്സിലാക്കും. മാർക്‌സിനെ പണ്ടേ ഉൾക്കൊണ്ടു കഴിഞ്ഞവർ പോലും ഗാന്ധിജിയെയും ശ്രീനാരായണ ഗുരുവിനെയും ഡോ.അംബേദ്കറേയും അയ്യങ്കാളിയെയും ഓർക്കും. മതമൈത്രിയുടെ ഊടുംപാവും പേറുന്ന ഈ നാടിനെ അപകടപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് എതിരെ ആ മഹൽവ്യക്തികളിൽ നിന്ന് ആർജിച്ചെടുത്ത നിലപാടോടെ വിരലുയർത്തി സംസാരിക്കുന്നത് ആരെന്നറിയാൻ കണ്ണ് കൂർപ്പിക്കും. വികാരവയ്‌പോടെ തങ്ങളെ തൊടുന്നത് ആരാണെന്ന് കാണാൻ ഒരുനിമിഷം നിൽക്കും.

ജനങ്ങളുടെ ആ കാഴ്ചാദാഹത്തിനും കാതോർക്കലിനും ഉത്തരമായി മാറുക എന്നതായിരുന്നു മീഡിയവണിന്റെ അജണ്ട. അത് ഈ തെരഞ്ഞെടുപ്പിൽ പുതുതായി അവതരിപ്പിച്ച ഒരജണ്ട ആയിരുന്നുമില്ല. ഈ സ്ഥാപനം എന്ന് നിലവിൽ വന്നോ അന്ന് തൊട്ടേയുണ്ട്. അതിനെ നോക്കി വർഗീയതയെന്നും വിഷമെന്നും പറഞ്ഞുകൊണ്ട് ഇരുന്നവരെക്കൂടി ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തിരുത്താൻ ശ്രമിച്ചു. ആ ചുവരെഴുത്ത് വായിക്കാനുള്ള വിനയം കാണിക്കൂ എന്ന് അഭ്യർഥിക്കാനേ കഴിയൂ. ഒച്ചവെച്ചിട്ടോ തെറിക്ക് മറുതെറി പറഞ്ഞോ അവരെ നേരിടാൻ ഉദ്ദേശിക്കുന്നേയില്ല. ചുറ്റും വ്യാപിക്കുന്ന ഭീമാകാരമായ വർഗീയദുർഭൂതത്തെ വെറുതെവിട്ടാണ് വ്യാജമായി നിർമിക്കപ്പെടുന്ന 'മതസ്വത്വ' വ്യാഖ്യാനങ്ങളെ അവർ ഏറ്റുപിടിക്കുന്നത്. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളെ വസ്തുനിഷ്ഠതയോടെ വിശകലനം ചെയ്യുന്നതിനെ കുത്തിത്തിരിപ്പെന്ന് പറഞ്ഞ് ആക്ഷേപിക്കുകയാണ്.

മീഡിയവണിന്റെ അജണ്ടയിൽ ജനങ്ങളൊന്നാകെ വീണുപോയി എന്നാണവർ പറയുന്നത്. 'ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത'യുള്ളവരായിപ്പോയ ജനങ്ങളെക്കുറിച്ച് സഹതാപച്ചുവയോടെ പരാമർശിക്കുന്നവരായി നേതാക്കൾ മാറി. കടുപ്പം എന്നേ പറയാൻ കഴിയൂ. ജനങ്ങൾ കണ്ടത് കാണാനുള്ള സാമാന്യ രാഷ്ട്രീയദൃഷ്ടി ഇവർക്ക് ഭാവിയിലെങ്കിലും ഉണ്ടാകട്ടെ.

ഇനിയെന്താണ് പരിപാടി? ഞങ്ങൾ അതേ അജണ്ട തുടരും. ജനങ്ങൾക്ക് എതിരായ ഏത് അജണ്ടയും വെളിച്ചത്തു കൊണ്ടുവരാനുള്ള അജണ്ട. സർക്കാരുകൾ മാറും, വികസനം തുടരും എന്ന് പറയുമല്ലോ. അതേപോലെ, സർക്കാരുകൾ മാറും, മീഡിയവൺ ജാഗ്രത തുടരും. അപ്രതീക്ഷിത പാളിച്ചകൾ, പിഴവുകൾ സംഭവിക്കാം. തിരുത്താൻ എപ്പോഴും തയാർ.

പറഞ്ഞല്ലോ, രണ്ടു മാസത്തെ തെരഞ്ഞെടുപ്പ് കവറേജിന്റെ വൃത്തം പൂർത്തിയാക്കിയിരിക്കുന്നു. കോഴിക്കോട് നിന്ന് വന്ദേ ഭാരതിൽ കൊച്ചിക്ക് മടങ്ങുമ്പോഴാണ് ഈ കുറിപ്പ് എഴുതുന്നത്. ജൂണിന്റെ ജലകരങ്ങൾ കേരളത്തെ വാരിപ്പുണരും മുമ്പ് സുവർണ നിറമുള്ള മേയ് പകുതി ഇനിയുമുണ്ട്. ഇതിനിടയിൽ ഒരു പ്രഭാതത്തിൽ കുന്നംകുളം വഴി കടന്നുപോയപ്പോൾ പകർത്തിയ ഒരു മേയ്ഫ്ളവർ കാഴ്ചയാണ് കൂടെയുള്ള ചിത്രം. തിരിച്ചറിവിന്റെ പൂക്കൾക്ക് ഹൃദയത്തിന്റെ തുടുനിറമാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - പ്രമോദ് രാമൻ

contributor

Similar News