വയനാട്ടിൽ ടെന്റ് തകർന്ന് യുവതി മരിച്ച സംഭവം:റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ
രണ്ടുവർഷം മുമ്പ് റിസോർട്ടിന്റെ ലൈസൻസ് കാലാവധി അവസാനിച്ചെന്ന് പഞ്ചായത്ത് അധികൃതര്‍
വയനാട്: മേപ്പാടിയിലെ 900 കണ്ടിയിലെ റിസോർട്ടിൽ ടെന്‍റ് വീണ് യുവതി മരിച്ച കേസിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്റ്റിൽ.മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.ഇരുവരെയും ഈ മാസം 28 വരെ റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടെന്‍റ് തകര്‍ന്ന് വീണ് മലപ്പുറം സ്വദേശിയായ നിഷ്മയാണ് മരിച്ചത്. എമറാൾഡ് തൊള്ളായിരം വെഞ്ചേഴ്സ് റിസോർട്ടിൽ ആണ് അപകടം.റിസോർട്ടിന് അനുമതിയില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള പതിനാറംഗ വിനോദസഞ്ചാരികളുടെ സംഘത്തിലാണ് നിഷ്മ റിസോർട്ടിൽ എത്തിയത്. റിസോർട്ടിലെ ടെന്റുകെട്ടിയ ഷെഡ് തകർന്നു വീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
ടെന്റ് സ്ഥാപിക്കുന്ന ഷെഡിൻ്റെ തൂണുകൾ ദ്രവിച്ച നിലയിലായിരുന്നു. രണ്ടുവർഷം മുമ്പ് റിസോർട്ടിന്റെ ലൈസൻസ് കാലാവധി അവസാനിച്ചതാണെന്നും പ്രവർത്തന അനുമതി ഇല്ലെന്നുമാണ് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായി ജോലിചെയ്യുകയായിരുന്നു നിഷ്മ.