സോഷ്യല്‍മീഡിയ വഴി പരസ്യം, ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി പിടിയിൽ
'ടാലെന്റ് വിസ എച്ച്.ആര്‍ കണ്‍സല്‍ട്ടന്‍സി' എന്ന സ്ഥാപനത്തിന്റെ മറവിൽ പ്രതികള്‍ പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തെന്ന് പൊലീസ്
കൊല്ലം: ന്യൂസിലാൻഡിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘത്തിലെ യുവതി പിടിയിൽ. എറണാകുളത്ത് നിന്നാണ് പ്രതി ചിഞ്ചു അനീഷിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.പുനലൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. കേസില്‍ മറ്റ് രണ്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
പുനലൂർ കറവൂർ സ്വദേശി നിഷാദിൽ നിന്നാണ് ജോലി വാഗ്ദാനം നൽകി നാലംഗ സംഘം ലക്ഷങ്ങൾ തട്ടി എടുത്തത്. മാസം രണ്ട് ലക്ഷം ശമ്പളം ലഭിക്കുന്ന ജോലിയാണ് ഉറപ്പ് നൽകിയത്. പല തവണയായി 11.5 ലക്ഷം രൂപ പ്രതികൾ തട്ടിയെടുത്തു. ഒറിജിനലിലെ വെല്ലുന്ന വ്യാജ രേഖകൾ ചമച്ചായിരുന്നു നിഷാദിനെ വിശ്വസിപ്പിച്ചത്.
കേസിലെ നാലം പ്രതി കല്ലട സ്വദേശി ചിഞ്ചുവിനെ പാലാരിവട്ടത്തുനിന്നാണ് പിടികൂടിയത്. 'ടാലെന്റ് വിസ എച്ച്.ആര്‍ കണ്‍സല്‍ട്ടന്‍സി' എന്ന സ്ഥാപനത്തിന്റെ മറവിൽ പലരിൽ നിന്നായി കോടികൾ തട്ടിയെടുത്തു എന്നാണ് പൊലീസ് കണ്ടെത്തൽ. സോഷ്യൽ മീഡിയ വഴി പരസ്യം നൽകി ഇരകളെ കണ്ടെത്തുന്നതായിരുന്നു പ്രതികളുടെ രീതി. തട്ടിപ്പ് സംഘത്തിലെ ഒന്നാം പ്രതി ബിനിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടും, മൂന്ന് പ്രതികൾ ഒളിവിലാണ്.