'യാസർ അറഫാത്ത് ജ്വലിക്കുന്ന ഓർമ'; ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് രമേശ് ചെന്നിത്തല
1985ൽ ചേരിചേരാ രാജ്യങ്ങളുടെ യൂത്ത് കോൺഫറൻസിൽ അറഫാത്ത് എത്തിയപ്പോഴുള്ള ഫോട്ടോയാണ് ചെന്നിത്തല പങ്കുവെച്ചത്.
തിരുവനന്തപുരം: ഫലസ്തീൻ വിമോചന പോരാളിയായിരുന്ന യാസർ അറഫാത്തിന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 1985ൽ യൂത്ത് കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച ചേരിചേരാ രാജ്യങ്ങളുടെ യൂത്ത് കോൺഫറൻസിൽ അറഫാത്ത് എത്തിയപ്പോഴുള്ള ഫോട്ടോയാണ് ചെന്നിത്തല പങ്കുവെച്ചത്.
യാസർ അറഫാത്ത് ജ്വലിക്കുന്ന ഒരോർമയാണ്. ഒരു ജനതയുടെ ആവേശമാണ്. വർഷങ്ങളുടെ സായുധ വിപ്ലവത്തിനൊടുവിൽ സമാധാനത്തിന്റെ പാത സ്വീകരിച്ച് ഫലസ്തീൻ എന്ന രാഷ്ട്രം യാഥാർഥ്യമാക്കിയ ധീര നേതൃത്വമാണ്. അദ്ദേഹവുമായി ഇടപഴകിയത് ഒരുകാലഘട്ടത്തിന്റെ ചരിത്രവുമായി സംവദിക്കുന്നതുപോലെയായിരുന്നു. 1985 ൽ ഡൽഹിയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചേരിചേരാ രാജ്യങ്ങളുടെ യൂത്ത് കോൺഫറൻസിന്റെ സെക്രട്ടറി ജനറൽ ആവാൻ രാജീവ് ഗാന്ധിയാണ് എനിക്ക് അവസരം നൽകിയത്. ലോകത്തെ പല രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രമുഖർ അതിൽ പങ്കെടുത്തു. അതിൽ പ്രധാനികളിൽ ഒരാളായിരുന്നു യാസർ അറഫാത്ത്. അദ്ദേഹത്തോടൊപ്പം അന്ന് ദീർഘനേരം സംവദിക്കാൻ കഴിഞ്ഞത് തന്നെ ഒരു സുകൃതമാണ്- ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.