Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: ഗസ്സയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകവ്യാപകമായി നടക്കുന്ന ഡിജിറ്റല്‍ പ്രതിഷേധത്തില്‍ പങ്കാളികളായി സിപിഎം. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബിയാണ് 'സൈലന്‍സ് ഫോര്‍ ഗസ്സ' പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചത്.
രാത്രി ഒന്‍പത് മുതല്‍ 9.30 വരെ ഒരാഴ്ച ഡിജിറ്റല്‍ നിശബ്ദത ആചരിക്കാനാണ് തീരുമാനം. ഫോണുകളും ലാപ്‌ടോപ്പുകളും മറ്റ് ഡിജിറ്റല്‍ സംവിധാനങ്ങളും ഓഫ് ചെയ്തുവെക്കണമെന്നും ഗസ്സയില്‍ നടക്കുന്ന മഹാപാതങ്ങളോട് ലോകത്ത് ധാരളം മനുഷ്യര്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെന്ന സന്ദേശം ഡിജിറ്റല്‍ കാലഘട്ടത്തിലെ സത്യഗ്രഹത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
' സൈലന്‍സ് ഫോര്‍ ഗസ്സ' എന്ന പ്രസ്ഥാനത്തിന്റെ ഏകോപിത ഡിജിറ്റല്‍ ക്യാമ്പയ്ന്‍ ആണിത്. ഇതൊരു പ്രതിരോധ പ്രവര്‍ത്തനമാണെന്നും ആഗോള ഡിജിറ്റല്‍ പ്രതിഷേധമാണെന്നും ക്യാമ്പയ്ന്‍ പ്രചാരകര്‍ വ്യക്തമാക്കുന്നു. ഇതുവരെയുള്ള ലോകത്തിന്റെ നിഷ്‌ക്രിയത്വം ഇന്ധനമാത്തികൊണ്ടുള്ള അനീതിക്കെതിരായ ഒരു പൗരന്റെ രോഷം ഉയര്‍ത്തികാണിക്കാന്‍ ലളിതവും ഫലപ്രദവുമായ മാര്‍ഗമാണിതെന്നും അവര്‍ പറയുന്നു.
ഈ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അല്‍ഗോരിതങ്ങള്‍ക്ക് ശക്തമായ ഒരു ഡീജിറ്റല്‍ സിഗ്നല്‍ അയക്കുകയും ഗസ്സയോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യും. ഹൈദരബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ടി.ടി ശ്രീകുമാര്‍ ഈ ക്യാമ്പയിനിന്റെ ഭാഗമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട്.